Wednesday, October 12, 2016

"വഴിയോരത്ത് ചിരിച്ച് നിൽക്കുന്നവർ"

"വഴിയോരത്ത് ചിരിച്ച് നിൽക്കുന്നവർ"

__________________________________________

"മാർക്സിസ്റ്റ് പാർട്ടിയുടെ കോട്ട കണ്ണൂരിൽ വീണു കഴിഞ്ഞാൽ മറ്റു പാർട്ടികളും നിസ്സാരമാണ്  എന്നൊരു ലോജിക് അതിനകത്തുണ്ട്. ഇങ്ങനെ വീഴ്ത്താനുള്ള തന്ത്രമാണ് ഫാസിസത്തിന്റേത് എന്ന് മനസ്സിലാക്കാതെയാണ് വഴിയോരത്ത് മറ്റ് പാർട്ടിക്കാർ ചിരിച്ചു നിൽക്കുന്നത്. നടപ്പാതയിലൂടെ നടക്കുന്നവരുടെ വിചാരം ബസ്സൊന്നും അവരുടെ ശരീരത്തിൽ കയറില്ല എന്നാണ്, ആദ്യം റോഡിൽക്കൂടി നടക്കുന്നവരുടെ മേൽ ബസ്സ് കയറ്റീട്ട് വഴിയോരത്തുകൂടെ നടക്കുന്നവരുടെ മേലും കയറ്റാം എന്നതാണ് ഫാസിസ്റ്റുകളുടെ യുദ്ധതന്ത്രം."
__________________________________________

ഇടത്പക്ഷ സർക്കാർ അധികാരത്തിൽ വന്നശേഷം എത്ര ഹർത്താലുകൾ!

ജനാധിപത്യത്തിൽ ഒരു സർക്കാരിനെ വിലയിരുത്തിയതിന് ശേഷമായിരിക്കും ആ സർക്കാരിനെതിരെ പ്രതിപക്ഷം പൊതുജനാഭിപ്രായ രൂപീകരണത്തിനും സമരത്തിനും തുനിയുക. ഈ സർക്കാർ തുടർന്നാൽ തങ്ങളുടെ മുൻകാല ചെയ്തികളുടെ ഫലമായി ജയിലറകളിൽ എത്തുമെന്ന് പ്രതിപക്ഷത്തെ പലരും ഭയപ്പെടുന്നു. ഇങ്ങോട്ട് അടി വീഴുന്നതിന് മുമ്പ് അങ്ങോട്ട് കയറി അടിച്ചാൽ രക്ഷപ്പെടാമെന്ന് അവർ കരുതുന്നു. സ്വശ്രയ സമരമെന്ന സമരാഭാസം പരമാവധി അക്രമാസക്തമാക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമം അതാണ് വ്യക്തമാക്കുന്നത്. ഹർത്താൽ വിരോധികൾ കേരളം കണ്ട ഏറ്റവും അക്രമാസക്തമായ ഹർത്താൽ സംഘടിപ്പിച്ചു.

ജനോപകാരപ്രദമായ ഭരണ നടപടികളുമായി ഇടത്പക്ഷ സർക്കാർ മുന്നോട്ട് പോയാൽ അവസാനത്തെ കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്നു ശ്രീ ഉമ്മൻ ചാണ്ടി എന്നത് യാഥാർത്ഥ്യമാകുമെന്ന് കോൺഗ്രസ് ഭയപ്പെടുന്നു.

ഹൈന്ദവ ഫാസിസ്റ്റുകളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള സഹായത്തോടെ തങ്ങൾക്ക് സംഭവിക്കുന്ന തകർച്ച ഒഴിവാക്കാനുള്ള വൃഥാ ശ്രമമാണ് UDF നടത്തുന്നത്. (തിരുവനന്തപുരം കോർപ്പറേഷനിൽ സംഭവിച്ചത് സമീപകാല  ഉദാഹരണം).

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ സംഭവിച്ചത് പോലെ കോൺഗ്രസ് ചീഞ്ഞാൽ തങ്ങൾക്ക് വളമാകുമെന്ന് സഘ്പരിവാർ സ്വപ്നം കാണുന്നു. മതപരമായ ധ്രുവീകരണം ലക്ഷ്യമാക്കിയുള്ള ഹിന്ദുത്വ ശക്തികളുടെ പ്രവർത്തനം "ആറ്റിങ്ങലിൽ കടൽ കണ്ടെത്തിയുള്ള" വിദ്വേഷപ്രചരണത്തിൽ എത്തി നില്ക്കുന്നു!!

കണ്ണൂർ സംഭവങ്ങളുടെ പേരിൽ ബി.ജെ.പിയുടെ സംസ്ഥാന വ്യാപകമായ ഹർത്താൽ ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെയുള്ള പ്രതിലോമരാഷ്ട്രീയ പ്രവർത്തനമാണെന്നതിൽ സംശയമില്ല. യാതൊരും കേസിലും ഉൾപ്പെടാത്ത, സൗമ്യനായ, ആദർശ ധീരനായ ലോക്കൽ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ കുഴിച്ചാലിൽ മോഹനന്റെ കൊലപാതകത്തിലെ പ്രതിഷേധം സംസ്ഥാന വ്യാപകമാക്കാതെ സംയമനം പാലിച്ചതിൽ സമാധാനം പുലരണമെന്ന സി.പി.എം-ന്റെ നിശ്ചയദാർഢ്യമാണ് പ്രതിഫലിപ്പിക്കുന്നത്.

നിഷ്പക്ഷത നടിക്കുന്നവരും ചില മാധ്യമങ്ങളും സംഘ്പരിവാറിന്റെ സി.പി.എം. ന്റെ നേരെയുള്ള ആക്രമണത്തേയും സി.പി.എം. പ്രവർത്തകൻ കൊല്ലപ്പെടുന്നതിനേയും ലഘുകരിച്ച് കാണുന്നത് അപലപനീയമാണ്.

മാർക്സിസ്റ്റ് വിരോധത്തിന്റെ പേരിൽ സംഘ്പരിവാറിന്റെ ആക്രമണത്തെ അപലപിക്കാതിരിക്കുന്ന കോൺഗ്രസ് സമീപനം ആത്മഹത്യാപരമാണ്. എം എൻ. വിജയന്റെ വാക്കുകൾ ഇന്നും പ്രസക്തം: "..... മാർക്സിസ്റ്റ് പാർട്ടിയെ തോല്പിച്ചിട്ട് കേരളം കോൺഗ്രസിന് പിടിച്ചടക്കാൻ കഴിയില്ല. അങ്ങനെ പിടിച്ചെടുക്കാനുള്ള തന്ത്രം കൊണ്ട് വന്നാൽ അത് ആത്മഹത്യാപരമാണ്. ഈയൊരു കാര്യം അവർ തിരിച്ചറിയേണ്ടതുണ്ട്. തിരിച്ചറിയുമ്പോൾ സംഭവങ്ങളോട് നിങ്ങൾക്കുള്ള പ്രതികരണരീതി മാറും. അത് മാറുന്നില്ല. പലരും, നേരത്തെ തയ്യാറാക്കി വച്ചിട്ടുള്ള ഇമേജുകൾ വച്ചിട്ടാണ് ചരിത്രത്തെ വിലയിരുത്തുന്നത്........"

എന്ത് കൊണ്ട് കണ്ണൂർ? പ്രൊ: എം.എൻ. വിജയൻ അഭിപ്രായപ്പെട്ടത് ഇങ്ങനെ:
"...... ഒന്നാമത്തെ കാരണം കണ്ണൂരിലെ സംഭവങ്ങൾ ആക്സിഡന്റലായി ഉണ്ടാവുന്നതല്ല എന്നതു തന്നെയാണ്. കേരളത്തിലെ ഏറ്റവും ജനകീയമായ കക്ഷി മാർക്സിസ്റ്റ് കക്ഷിയായതുകൊണ്ടും ഏറ്റവും ജനപ്രീതിയുള്ള, പിന്തുണയുള്ള കക്ഷി മാർക്സിസ്റ്റ്  കക്ഷി ആയതുകൊണ്ടും ആ പാർട്ടിയുടെ ഏറ്റവും വലിയ ശക്തികേന്ദ്രങ്ങളിലൊന്ന് കണ്ണൂർ ആയതു കൊണ്ടും ആക്രമിക്കുകയാണെങ്കിൽ കോട്ടയെയും രാജാവിനെയുമാണ് ആക്രമിക്കേണ്ടത് എന്ന തത്വമനുസരിച്ചാണ് കണ്ണൂരിനെ ആക്രമിക്കുന്നത്. അത് ഭയത്തിന്റെ വ്യാപനമുണ്ടാക്കുന്നുണ്ട്. മനുഷ്യനെ ആഘാതങ്ങളേൽപ്പിച്ച് ദുർബ്ബലനാക്കിയും ദുർബ്ബലനായ ആളെ ന്യൂട്രലൈസ് ചെയ്തും സ്വന്തം ഭാഗത്തേക്കു കൊണ്ടുവരുക എന്നതാണ് ഫാസിസ്റ്റുകളുടെ തന്ത്രം. രാജ്യത്തെ ഏറ്റവും കരുത്തുള്ള പാർട്ടിയെ അക്രമിക്കുക. ആ പാർട്ടിയുടെ ഏറ്റവും കരുത്തുള്ള പ്രദേശങ്ങൾ ആക്രമിക്കുക. ഇവ രണ്ടുമാണ് പദ്ധതികളിൽ പ്രധാനം. മാർക്സിസ്റ്റ് പാർട്ടിയുടെ കോട്ട കണ്ണൂരിൽ വീണു കഴിഞ്ഞാൽ മറ്റു പാർട്ടികളും നിസ്സാരമാണ്  എന്നൊരു ലോജിക് അതിനകത്തുണ്ട്. ഇങ്ങനെ വീഴ്ത്താനുള്ള തന്ത്രമാണ് ഫാസിസത്തിന്റേത് എന്ന് മനസ്സിലാക്കാതെയാണ് വഴിയോരത്ത് മറ്റ് പാർട്ടിക്കാർ ചിരിച്ചു നിൽക്കുന്നത്. നടപ്പാതയിലൂടെ നടക്കുന്നവരുടെ വിചാരം ബസ്സൊന്നും അവരുടെ ശരീരത്തിൽ കയറില്ല എന്നാണ്, ആദ്യം റോഡിൽക്കൂടി നടക്കുന്നവരുടെ മേൽ ബസ്സ് കയറ്റീട്ട് വഴിയോരത്തുകൂടെ നടക്കുന്നവരുടെ മേലും കയറ്റാം എന്നതാണ് ഫാസിസ്റ്റുകളുടെ യുദ്ധതന്ത്രം. അത് കൊണ്ട് ഫാസിസത്തിൽ ഫാസിസത്തിനകത്തല്ലാതെ പുറത്ത് നിങ്ങൾക്ക് ഒരു രക്ഷാകേന്ദ്രമില്ല. പുറത്തുള്ളവർക്ക് ഗ്യാസ് ചേംബറിൽ പോകാം. വടിവാളുകളുടെയും കുന്തങ്ങളുടെയും പരിചരണങ്ങളേൽക്കാം.  ഇത് അറിയാതെയോ, യുദ്ധം എന്താണെന്ന് തിരിച്ചറിയാതെയോ ഉള്ള പ്രതികരണങ്ങളാണ് മിക്കവാറും പത്രങ്ങളിൽ വരുന്നത്. അത് അവരുടെ അജ്ഞതകൊണ്ടല്ല. അവരുടെ ഉദാസീനത കൊണ്ടാണ്........"

കേന്ദ്ര ഭരണം കൈയ്യാളുന്ന കക്ഷിയുടെ സഹായത്തോടെയുള്ള ഫാസിസ്റ്റ് നീക്കമാണ് കണ്ണൂരിൽ നടക്കുന്നതെന്ന് എല്ലാ ജനാധിപത്യ വിശ്വാസികളും തിരിച്ചറിയേണ്ടതുണ്ട്.

No comments:

Post a Comment