'ഉപ്പ്' ഒരായുധമാകുന്നതെങ്ങനെ
എന്ന് ഗാന്ധിജിയോട് ചോദ്യമുന്നയിച്ചവരുടെ പിന്മുറക്കാരോട്……
ഒരു ആഹാര പദാർത്ഥം പുരോഗമന ആശയത്തിന്റെ
അടയാളമായി മാറുക. അത് കഴിക്കുന്നവരും
കഴിക്കാത്തവരും പ്രതിലോമചിന്താ ഗതിക്കെതിരായ പ്രതീകാത്മക പ്രതിരോധമായി ആ ആഹാര
പദാർത്ഥത്തെ കാണുക. ബീഫ് കൈവശം വച്ചുവെന്നും,
ആഹരിച്ചെന്നും ആരോപിച്ച് ദാദ്രിയിലെ വൃദ്ധനെ അടിച്ചുകൊന്ന
സംഭവത്തിന് ശേഷം നമ്മുടെ രാജ്യത്ത് സംഭവിക്കുന്നത് അതാണ്. ഗോവധ നിരോധനത്തിന്റെ
ന്യായാന്യായങ്ങൾ നിരത്തി ഇന്ത്യയുടെ
ബഹുസ്വരതയെയും, സഹിഷ്ണുതയെയും ആക്രമിക്കപ്പെടുന്നതിനെ ലഘുകരിച്ച്
കാണുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നു. ഇന്ത്യയുടെ 'നാനാത്വത്തിലെ
ഏകത്വം' ചോദ്യം
ചെയ്യപ്പെടുന്നു. നമ്മുടെ രാജ്യത്തെ ഒരു മതാധിഷ്ടിത രാജ്യമാക്കി മാറ്റാം എന്ന
വികലചിന്തയാണ് ഓരോ ഭാരതീയനും എതിര്‍ത്ത് തോല്പിക്കേണ്ടത്. മതധര്‍മത്തിന്റെ (?) പേരിൽ അധര്മികമായ സംഭവങ്ങളാണ് അനുദിനം നടക്കുന്നത്.
മതത്തിന്റെ പേരിലുള്ള അധാര്‍മിക പ്രവര്‍ത്തനമായിരുന്നു ഗാന്ധി വധം. വിഷലിപ്തമായ
ഒരു വിചാരധാരയുടെ പരിണിതഫലമായിരുന്നു 'ഭൂമിയിൽ രക്തവും
മാംസവുമുള്ള ഇങ്ങനെയൊരാൾ ജീവിച്ചിരുന്നതായി ഇനി വരുന്ന തലമുറ വിശ്വസിച്ചേക്കില്ല'
എന്ന് ആൽബർട്ട് ഐൻസ്റ്റീൻ വിശേഷിപ്പിച്ച ആ മഹാത്മാവിന്റെ മാറിൽ വെടിയുണ്ട
തറപ്പിച്ചത്. ഗാന്ധിവധത്തിലെത്തിച്ചപോലുള്ള മാനസികാവസ്ഥ സൃഷ്ടിക്കാനാണ് പ്രതിലോമ
രാഷ്ട്രീയത്തിന്റെ വ്യക്താക്കൾ ഇപ്പോഴും ശ്രമിക്കുന്നത്. ഗോവിന്ദ പൻസാരെ, നരേന്ദ്ര ധാബോൽക്കർ, ഡോ. എം.എം. കൽബുർഗി എന്നിവരുടെ
കൊലപാതകവും, ദളിതനെ ചുട്ടും
അടിച്ചും കൊല്ലുന്നതും, വെണ്ണീറാക്കിയ പിഞ്ചോമനകളെ
പട്ടികളോടുപമിക്കുന്നതും എല്ലാം നമ്മുടെ ആർജ്ജിത മൂല്യങ്ങളുടെ നിഷേധമാണ്.
വിവിധ സംസ്ക്കാരങ്ങളെ ഉൾകൊള്ളൂകയും സാംശീകരിക്കുകയും ചെയ്യുന്ന
പാരമ്പര്യമാണ് നമുക്കുള്ളത്. വ്യത്യസ്ത
ചിന്താധാരകൾ തമ്മിലുള്ള സൗഹൃദ സംവാദങ്ങൾ ജനാധിപത്യത്തിന്റെ നിലനില്‍പ്പിന്
ആവശ്യമാണ്. ആശയ സംവാദങ്ങൾ ഹിംസാത്മകമാകുമ്പോൽ, വിശ്വാസങ്ങളുടെ
അപ്രമാദിത്വം അടിച്ചേൽപ്പിക്കാൻ ശ്രമമുണ്ടാകുമ്പോൾ, പ്രധിരോധത്തിനു
നിയതമായ രീതി ഉണ്ടാകില്ല. അങ്ങനെ കാലാലയങ്ങളിലും
മറ്റും സംഘടിപ്പിക്കുന്ന 'ബീഫ് ഫെസ്റ്റുകൾ ' മൂല്യ സംരക്ഷണത്തിനുള്ള സമര രൂപമായി മാറുന്നു. ഒരു ഇടവേളയ്ക്ക് ശേഷം
ക്യാമ്പസുകളിൽ രാഷ്ട്രീയം, രാജ്യത്തിന്റെ മുന്നോട്ടുള്ള
പ്രയാണത്തിന് സഹായകമായ ആശയങ്ങൾ എന്ന
നിലയിൽ, മടങ്ങി വരുന്നു.
പ്രതീക്ഷയ്ക്ക് വകനല്കുന്ന കാര്യമാണത്. ഒരു 'വിചാരധാര'യുടെ അടിസ്ഥാനത്തിൽ നവോത്ഥാന മൂല്യങ്ങളും, ആ
മൂല്യങ്ങളുടെ തുടർപ്രവർത്തനങ്ങളിലൂടെ സാമാന്യ ജനങ്ങളിൽ വേരോടിയ മതനിരപേക്ഷ ജനാധിപത്യബോധത്തെ തകർക്കാനുള്ള
ശ്രമമാണ് രാജ്യം നേരിടുന്ന വിപത്ത്.
സ്വതന്ത്ര ചിന്തയും ചോദ്യങ്ങൾ ഉന്നയിക്കുന്നതും തടയപ്പെടുന്നു! വിയോജിക്കാനുള്ള
അവകാശം ഹനിക്കപ്പെടുന്നു! ആഹാരവും, ആചാരവും, ഭാഷയും, സംഗീതവും, കലയും
എല്ലാം നിര്‍ദ്ദേശിക്കപ്പെടുന്ന രീതിയിലാകണമെന്ന ആജ്ഞ! മസ്തിഷ്കമുള്ള മനുഷ്യനോട്
ക്രൂരതയും, മൃഗങ്ങളോട് അനുകമ്പയും ഫാസിസത്തിന്റെ
പൊതുസ്വഭാവമായി മാറുന്നു. ഇഷ്ടമുള്ള ആഹാരം കഴിക്കാനും, സംഗീതം
ആസ്വദിക്കാനും കഴിയാത്ത അവസ്ഥ!
2013 ആഗസ്ത് 20-ന് മതവിമർശത്തിന്റെ പേരിൽ മഹാരാഷ്ട്രയിൽ നരേന്ദ്ര ദബോൽക്കർ, 2015 ഫിബ്രവരി 20-ന് ഗോവിന്ദ് പൻസാരെ, 2015 ആഗസ്ത് 30-ന് പ്രൊഫ. എം.എം. കൽബുർഗി, 2015 സെപ്തംബര്‍ 28-ന് ദാദ്രിയിലെ വൃദ്ധന്, സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ
മുഖത്ത് കരിഓയിൽ !! അസഹിഷ്ണുതയയുടെ, വര്‍ഗീയതയുടെ
Mind-set! 'സനാതന ഹിന്ദു' ആയ
മഹാത്മജിയുടെ നേരെ നിറയൊഴിച്ചതും ഇതേ Mind-set!
ബീഫ് ഫെസ്റ്റുകൾ
സംഘടിപ്പിക്കുന്നതിലൂടെ യുവജനങ്ങളും, പുരസ്ക്കാരങ്ങൾ തിരിച്ചു നല്‍കുന്നതിലൂടെ സാഹിത്യ സമൂഹവും വര്ഗീയതയിലധിഷ്ടിതമായ
തീവ്രദേശീയതക്കെതിരായ ഒരേ സമരരീതിയാണ് ആവിഷ്കരിക്കുന്നത്. ഇഷ്ടാഹാരത്തിന്റെ സമൂഹ സദ്യയായി ബീഫ്
ഫെസ്റ്റിനെ ആക്ഷേപിക്കുന്നത് 'ബൂജീ'
നാട്യമാണ്. പ്രതിലോമ ചിന്തയുടെ മുഖം മൂടി! 'ഉപ്പ്' ഒരായുധമാകുന്നതെങ്ങനെ എന്ന് ഗാന്ധിജിയോട് ചോദ്യമുന്നയിച്ചവരുടെ പിന്മുറക്കാർ!
(കിളിപ്പാട്ട് നവംബര്‍, 2015 ലക്കം)