ചാന്ദ്രപ്രതിഭാസവും, ചമ്മലും!!
സൂപ്പർമൂൺ, ബ്ലൂമൂൺ, ബ്ലഡ്മൂൺ! 1866 മാർച്ച് 31-ന് ആയിരുന്നു ഈ മൂന്ന് ചാന്ദ്രപ്രതിഭാസം. അതായത് ഇന്ന് ജീവിച്ചിരിക്കുന്നവരാരും അത് കണ്ടിട്ടില്ല.
ഭാഗ്യം, കേരളത്തിലും കാണാൻ കഴിയുമെന്ന് പത്ര വാർത്ത.
കാണണം. അടുത്ത ഈ ചാന്ദ്രപ്രതിഭാസം കാണാനാകില്ലല്ലോ!
റബ്ബർ മരങ്ങൾക്കിടയിലൂടെ കാണാനാകുമോ? അങ്ങനെ ആലോചിച്ചിരിക്കുമ്പോഴാണ് ഇളയ മകൻ സന്തോഷ് ഒരു വാട്ട്സ്പ്പ് സന്ദേശം അയച്ച് തന്നത്.
"Experience the rare Celestial phenomenon at Jadayu Para with Abaradita Banerjee Gazal Night and non-alcoholic ethnic vegetarian dinner"
ഇതായിരുന്നു ജനുവരി 31ന് വൈകുന്നേരം 6 മണി മുതൽ 9 മണി വരെ ചടയമംഗലത്തെ ജഡായുപ്പാറയിലെ പരിപാടി.
എതായാലും ആഗ്രഹിച്ചിരുന്നതു പോലെ ഈ നൂറ്റാണ്ടിലെ അപൂർവ്വ ചാന്ദ്രപ്രതിഭാസം കാണാൻ ഭാഗ്യം ലഭിക്കുന്നു. അതും സംഗീതസാന്ദ്രമായ അന്തരീക്ഷത്തിൽ "നാടൻ" ഭക്ഷണവും കഴിച്ച്!
കൈലാസ മാനസസരസ്സ് യാത്ര നടത്തിയപ്പോൾ ഉണ്ടായിരുന്ന പോലുള്ള ആവേശത്തിലായിരുന്നു യാത്രാ തല്പരനായ ഞാൻ.
32 വർഷങ്ങൾക്ക് മുമ്പ് ജഡായുപ്പാറ സന്ദർശിച്ചിരുന്നു.
അന്ന് ചടയമംഗലത്ത് എന്റെ സ്നേഹിതൻ ബഷീറിന്റെ വിവാഹത്തിന് ഞങ്ങൾ സെക്രട്ടേറിയറ്റ് ജീവനക്കാരായ യുവകേസരികൾ പങ്കെടുക്കാൻ വന്നപ്പോഴായിരുന്നു ആ സാഹസം.
നിക്കാഹും ഭക്ഷണവും കഴിഞ്ഞ് ഉച്ചകഴിഞ്ഞ് ജഡായുപ്പാറ ഞങ്ങൾ വലിഞ്ഞ് കയറി. വിജനമായ പ്രദേശം. ഞങ്ങളല്ലാതെ വെറെയാരെയും കണ്ടില്ല. അങ്ങകലെ കാണുന്ന ഭൂപ്രദേശങ്ങളെ തിരിച്ചറിയാനുള്ള ശ്രമവുമായി, മനോഹരമായ ദൃശ്യ ഭംഗി ആസ്വദിച്ച് മണിക്കൂറുകളോളം ഞങ്ങൾ ജഡായുപ്പാറയുടെ മുകളിൽ കഴിഞ്ഞു.
തിരിച്ചിറങ്ങാൻ തുടങ്ങുമ്പോഴാണ് പറകൾക്കിടയിലെ ചെറിയൊരു ഗുഹ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്! ഞങ്ങളിൽ അന്ന് അവിവാഹിതനായ ചെറുപ്പക്കാരൻ മുന്നേ നടന്ന് ആ ഗുഹയ്ക്കുള്ളിലേയ്ക്ക് എത്തി നോക്കി.
പെട്ടെന്ന് എന്തോ കണ്ട് പേടിച്ച പോലെ അദ്ദേഹം പിന്മാറി. പിന്നാലെ വന്ന ഞങ്ങൾ കണ്ടത് തദ്ദേശ വാസികളായ ഒരു യുവാവും യുവതിയും ഗുഹയ്ക്കുള്ളിൽ നിന്ന് ഇറങ്ങി വരുന്നതാണ്.
ഖജുരാവോ മോഡൽ ജൈവ ശില്പഭംഗി എന്തോ കണ്ടതിനാലാകാം ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ ആദ്യമായി ആ ഗുഹയ്ക്കുള്ളിലേയ്ക്ക് എത്തി നോക്കിയ ഞങ്ങളുടെ സ്നേഹിതൻ വിവാഹം കഴിക്കാൻ തീരുമാനിക്കുകയും വിവാഹിതനാവുകയും ചെയ്തു.
ജഡായുപ്പാറയിലെ ആദ്യ സന്ദർശന വൃത്താന്തം ഇതൊക്കെയാണ്.
വിനോദ സഞ്ചാര സാധ്യതയെറെയുള്ള മനോഹരമായ പ്രദേശമാണ് ചടയമംഗലത്തെ ജഡായുപ്പാറ എന്ന് അന്നേ തോന്നിയിരുന്നു. ഞങ്ങൾ ഇത് പലരോടും പറയുകയും ഉണ്ടായി.
ആനമുടിയും, അഗസ്ത്യാർകൂടവും കയറിയിറങ്ങി, വന്യജീവി സങ്കേതങ്ങളിലൂടെ യാത്ര ചെയ്യുന്ന ഞങ്ങളുടെ അമിത സാഹസിക മനോഭാവമായി മാത്രമേ മറ്റുള്ളവർ ഞങ്ങളുടെ അഭിപ്രായത്തെ കണക്കാക്കിയുള്ളൂ!
ഇന്നിതാ, ആഗ്രഹിച്ച പോലെ സംരക്ഷിക്കപ്പെട്ട ജഡായൂപ്പാറയിലേയ്ക്ക് ഈ നൂറ്റാണ്ടിലെ ദൃശ്യവിസ്മയം കാണാൻ അവസരം ലഭിച്ചിരിക്കുന്നു.
ആനാട് - പുനവക്കുന്ന് റസിഡന്റ് അസോസിയേഷൻ (APRA) ഭാരവാഹികളേയും ഈ അസുലഭാവസരം കൈവന്നത് അറിയിച്ചു. ഞങ്ങൾ 5 പേർക്കായി 1250 രൂപ നിർദ്ദേശിച്ച ധനലക്ഷ്മി ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചു. 250 രൂപയാണ് ആളൊന്നിന് എന്ന ധാരണ എങ്ങനെയൊ വന്ന് പോയി. "ethnic vegetarian dinner" - നാടൻ സസ്യ ഭക്ഷണം അല്ലേ!
ഈ വിവരം ജഡായുപ്പാറയിലെ ബന്ധപ്പെട്ടവരെ വിളിച്ചറിയിച്ചപ്പോഴാണ് ചമ്മിയത്.
ആളൊന്നിന് "the rare Celestial phenomenon at Jadayu Para with Abaradita Banerjee Gazal Night and non-alcoholic ethnic vegetarian dinner" പങ്കെടുക്കാൻ 2000 രൂപയാണ് ചാർജ്. അതായത് 5 പേർക്ക് 10000 രൂപ.
1997-ൽ വായ്പയെടുത്ത് കൈലാസ - മാനസസരസ്സ് യാത്ര നടത്തിയതിന്റെ മുറുമുറുപ്പ് ഇതുവരെ തീർന്നിട്ടില്ല. അന്ന് "എന്തോരം സ്വർണം കിട്ടുമായിരുന്നു ആ ഒന്നര ലക്ഷം രൂപയ്ക്ക് "! 1999-ൽ തിരുവനന്തപുരത്ത് നിന്ന് കാട്ടിലൂടെ നടന്ന് കാസർഗോട്ടേയ്ക്ക് സഹസ്രാബ്ദ സാഹസിക യാത്ര നടത്തി 36 പ്രവർത്തി ദിവസങ്ങൾ നഷ്ടപ്പെടുത്തിയതിന്റെ പഴി വെറെ! അപ്പോഴാണ് 2000 രൂപയ്ക്ക് ഡിന്നർ, ഗസൽ! "അരെ വാഹ്, വാഹ്, വാഹ്!"
ഞങ്ങളുടെ ചമ്മൽ വിവരം മാളോരെ അറിയിക്കുന്നത് മറ്റൊന്നിനുമല്ല. കേരളത്തിൽ, നാട്ടിൻപുറങ്ങളിൽ പ്രകൃതി രമണീയമായ നിരവധി സ്ഥലങ്ങളുണ്ട്. മറ്റൊരു സംസ്ഥാനത്തും, രാജ്യത്തും ഇത്രയും ദൃശ്യഭംഗിയുള്ള, പച്ചപ്പുള്ള, പ്രകൃതിയുടെ പ്രതിഭാസങ്ങളെ അടുത്തറിയാൻ കഴിയുന്ന, സ്ഥലങ്ങൾ കാണില്ല. ആ സ്ഥലങ്ങളെല്ലാം കണ്ടെത്തി പരമാവധി സന്ദർശിക്കാൻ, വിശേഷിച്ച് യുവാക്കൾ, ശ്രമിക്കുക.
കാലം കടന്ന് പോകുമ്പോൾ വശ്യസുന്ദരമായ സ്ഥലങ്ങളൊക്കെ നമുക്ക്, സാധാരണക്കാർക്ക് അപ്രാപ്യമായി തീരും. നഗരത്തിന്റെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് ഉല്ലാസം ആഗ്രഹിക്കുന്ന സമ്പന്നർക്ക് മാത്രം സന്ദർശിക്കാൻ കഴിയുന്ന ഇടങ്ങളായി മാറും. "ഒളിഞ്ഞ് നോക്കിയ ഗുഹയും പരിസരവും " സാധാരണക്കാർക്ക് അന്യമാകും.
ജഡായുപ്പാറയിലെ പദ്ധതി പൂർത്തീകരിച്ചാൽ (അത് സ്വകാര്യ സംരഭമെന്നാണ് അറിയുന്നത്) 2000-ഉം 2500- ഉം ആയിരിക്കും ചാർജ് എന്നും കേൾക്കുന്നു. എം.സി.റോഡ് വഴി പോകുമ്പോൾ ജഡായുപ്പാറയെ നോക്കി നെടുവീർപ്പിടാം. പണ്ട് യാതൊരു നിയന്ത്രണവുമില്ലാതെ വലിഞ്ഞ് കയറി കണ്ട സുന്ദര കാഴ്ചകൾ !!
യുവാക്കളെ സ്ഥലങ്ങൾ കണ്ടെത്തൂ! യാത്ര തുടരൂ ! നാളെ നിങ്ങൾക്ക് നേരെ വാതിലുകൾ കൊട്ടിയടയ്ക്കാം! "ഈ സുന്ദരമായ ഭൂമി" കൺകുളിർക്കേ കാണാട്ടാ!
റബ്ബർ മരങ്ങൾക്കിടയിലൂടെ ആകാശത്തേയ്ക്ക് നോക്കി. അമ്പിളിമാമനെ കണ്ടില്ല. ആനാട് പഞ്ചായത്ത് സ്റ്റേഡിയത്തിലേയ്ക്ക്: കൊച്ചു മക്കൾ അമനും അനനും കൂട്ട്. നൂറ്റാണ്ടിലെ ചന്ദ്രനെ ഈ ചന്ദ്രനും (ചന്ദ്രകുമാർ) കൊച്ചുമക്കളും കണ്ടു. അനൻ ആകാശത്തേയ്ക്ക് വിരൽ ചൂണ്ടി!
ലാഭം രണ്ടായിരം രൂപ !! വാഹ്! വാഹ്!! വാഹ്!!!