(16)
കന്യാകുമാരി മുതൽ കൈലാസം വരെ!
(16)
"അന്ധകാരമതിൽനിന്നുമുണർന്നാൽ
കാരിരിമ്പുടലു കാഞ്ചനമായാൽ;
ഊഴിവിട്ടുപരി വിണ്ണിലണഞ്ഞാ-
ലെന്നപോലെയിവനേറ്റമുയർന്നേൻ "
======================================
1997 സെപ്തംബർ 11
തക്ലാകോട്ടിൽ ഇന്നലെ എത്തി ചേർന്നു.
17600 അടി ഉയരത്തിലുള്ള ലിപു ലേഖ് പാസ്സിൽ നിന്ന്. തക്ലാകോട്ട് 13500 അടി ഉയരത്തിലാണ്.
ഇമിഗ്രേഷൻ, കസ്റ്റംസ് പരിശോധന നടന്നു. അതിനുള്ള സംവിധാനം ഗസ്റ്റ് ഹൗസിൽ തന്നെ ഏർപ്പെടുത്തിയിരുന്നു.
കൈവശമുള്ള സാധനങ്ങളുടെ ലിസ്റ്റടങ്ങുന്ന ഫാറം പൂരിപ്പിച്ച് നൽകി. ഓരോരുത്തരായി ചൈനീസ് ഉദ്യോഗസ്ഥരുടെ മുന്നിലേക്ക് ബാഗുകൾ നീക്കിവച്ചു. തുറന്ന് കാണിക്കാൻ ശ്രമിക്കുമ്പോൾ തന്നെ ആഗ്യം കാണിച്ചു; വേണ്ടാ എന്ന്! എത്ര ലളിതം. എക്സ്പോസ്ഡ് ഫിലിം റോളുണ്ടെങ്കിൽ പിടിച്ച് വയ്ക്കുമെന്ന് ഭയപ്പെടുത്തിയതൊക്കെ വെറുതെ!
ഇന്ന് ഡോളർ എക്സേഞ്ച് ചെയ്യുന്ന ദിവസം. ഒരോരുത്തരും 500 ഡോളർ വീതം നൽകി. 150 ഡോളർ ചൈനീസ് കറൻസിയായ യുവാനായി മാറ്റിയെടുത്തു. ബാങ്കിംഗ് സംവിധാനം ഗസ്റ്റ്ഹൗസിന് എതിർവശത്ത് തന്നെ ലഭ്യമായിരുന്നു.
തിബറ്റിൽ ബുരാങ്ങ് എന്നറിയപ്പെടുന്ന തക്ലാകോട്ട്! മലനിരകളാൽ ചുറപ്പെട്ട സമതലങ്ങൾ ടിബറ്റിന്റെ പ്രത്യേകതയാണ്. കർണാലി നദിക്കരയിൽ സ്ഥിതി ചെയ്യുന്ന തക്ലാകോട്ട് നൂറ്റാണ്ടുകളായി വ്യാപര കേന്ദ്രം കൂടിയാണ്!
അടുത്തൊരു ടെലഫോൺ ബൂത്ത്. ഞങ്ങളെല്ലാം ക്യൂ പാലിച്ച് നിന്നു. വീട് വിട്ടതിന് ശേഷം ആദ്യമായി ലഭിക്കുന്ന കമ്മ്യൂണിക്കേഷൻ സംവിധാനം. 25 വയസ്സ് കാരനായ ഒരു ചൈനീസ് യുവാവ് ഫോണിൽ സംസാരിക്കുന്നു. 45 മിനിട്ട് കഴിഞ്ഞു. അവസാനിക്കുന്ന ലക്ഷണമില്ല. ക്യൂ നിൽക്കുന്നവർക്ക് പുല്ലുവില.
എന്താണ് സംസാരിക്കുന്നതെന്ന് അറിയില്ല. ഭാഷ വശമില്ലല്ലോ? " പ്രേമം, പ്രേമ നിരാസം, പ്രേമം ഉറപ്പിക്കലോ ആകാം " എന്റെ പിന്നിൽ നിന്നിരുന്ന ഡൽഹിക്കാരനായ U. S. ഗോസ്വാമിയോട് പറഞ്ഞു. "താങ്കൾക്കെങ്ങനെ മനസ്സിലായി " എന്ന അദ്ദേഹത്തിന്റെ ചോദ്യം മുഖചലനങ്ങളിൽ നിന്ന് വികാരങ്ങൾ മനസ്സിലാക്കാനുള്ള കഴിവിനുള്ള അംഗീകാരമായി ഞാനെടുത്തു. ഭാഗ്യം പ്രേമം ഉറച്ചോ, അതോ അലസിയോ? ഏതായാലും പയ്യൻ ഫോൺ വിളി അവസാനിപ്പിച്ചു.
ആദ്യ ഊഴം ദശരഥയുടേത് ! അദ്ദേഹവും വീടുകളുമായി ബന്ധപ്പെടാൻ നിൽക്കുന്നവരെ ഗൗനിച്ചില്ല! അദ്ദേഹവും എടുത്തു അര മണിക്കൂർ ! എന്റെ ഊഴമായി! വീട്ടിൽ അന്ന് ഫോണില്ല. അടുത്ത വീട്ടിലെ ദാമോദരൻ മാമാന് ഫോൺ ചെയ്ത് വിവരങ്ങൾ പറഞ്ഞു. പിന്നെ സംഘടനാ ഓഫീസിലും! എന്റെ യാത്രയുടെ സ്വഭാവത്തെക്കുറിച്ച് ധാരണപിശക് കൊണ്ടാകാം തണുത്ത പ്രതികരണം! ഏതായാലും ചൈനയിൽ നിന്ന് സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ഓഫീസിലേക്ക് ആദ്യമായി ഫോൺ വിളിച്ചത് ഞാനാണ്!
കർണാലി നദിക്ക് അക്കരെ ഇടിഞ്ഞ് വീഴാറായ കുന്നുകൾ! ഗതകാല പ്രൗഢിയുടെ അവശിഷ്ടങ്ങൾ !
അതെല്ലാം ബുദ്ധമത വിഹാരങ്ങളായിരുന്നു. കാലത്തെ അതിജീവിച്ചവയ്ക്ക് 1967 ലെ സാംസ്ക്കാരിക വിപ്ലവത്തെ പ്രതിരോധിക്കാനായില്ല. പ്രേത കുന്നുകളായി അവ അവശേഷിച്ചു. ദൂരെ Sibiling Monastery യുടെ അവശേഷിപ്പുകൾ!
തക്ലാകോട്ട് നഗരത്തിലൂടെ (?) ഒരു സഞ്ചാരം, ഏകനായി തന്നെ! ചെറിയ കടകൾ ! കുഴിഞ്ഞ വിസ്താരമുള്ള തകര പാത്രങ്ങളിൽ ബാർലി കുന്നുകൂട്ടി വച്ചിരിക്കുന്നു. ബാർലിയുടെ കൃഷിയിടങ്ങൾ സമീപത്തുണ്ടായിരിക്കാം, കാണാൻ കഴിഞ്ഞില്ല. ചില കടകൾക്ക് മുന്നിൽ പല്ല് കാട്ടി ചിരിക്കുന്ന ആട്ടിൻ തലകൾ! വെട്ടിയെടുത്ത ആട്ടിൽ തലകളുടെ പ്രദർശനം മാംസത്തിന്റെ ഗുണമേന്മയെ സൂചിപ്പിക്കുന്നതാണോ?
തിരിച്ച് വരുന്നപ്പോൾ വഴി തെറ്റി! കൈ പുസ്തകം കോട്ടിന്റെ പോക്കറ്റിലുണ്ട്. Where is the...? = ....kaba do? Guest house = dronkhang; Dronkhang kaba do?. പറഞ്ഞൊപ്പിച്ചു. ഒരു ടിബറ്റൻ യുവാവ് ആംഗ്യ ഭാഷയിൽ വഴി പറഞ്ഞു തന്നു.
രാത്രി ഭക്ഷണം ആവിയിൽ വേവിച്ച പച്ചക്കറികളും റൊട്ടിയും. രാത്രി ഒത്തുചേരലിൽ നവീഡാങിലെ "ഓം പർവ്വതം " ചർച്ചാ വിഷയമായി. സംസ്കൃതത്തിൽ ഓം എന്ന ആകുതിയിൽ മഞ്ഞ് വീണിരിക്കുന്ന "ആ അത്ഭുത പ്രതിഭാസത്തെക്കുറിച്ച് " ഗുജറാത്തിലെ ജാംനഗർ സ്വദേശിയായ രാമചന്ദ്ര ഹീരാദാസ് ഭയഭക്തി ബഹുമാനത്തോടെ അവതരപ്പിച്ചു. ഓം എന്നതിൽ ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നീ ത്രിമൂർത്തികൾ അടങ്ങിയിരിക്കുന്നു. പുരാണ കഥകളുടെ അകമ്പടിയോടെ നടന്ന ചർച്ച കേട്ടിരിക്കുന്നതിനിടയിൽ സുകുമാർ അഴിക്കോടിന്റെ 'തത്ത്വമസി'യിൽ നിന്നെടുത്ത കുറിപ്പ് ഞാൻ വായിക്കുകയായിരുന്നു.
".... മിത്തോളജി ഒരു ദേശത്തിന്റെ ആദ്ധ്യാത്മശാസ്ത്രം ആകുന്നത് ആ ദേശത്തിന് ഒരിക്കലും ഗുണകരമാവില്ല. മിത്തോളജി എപ്പോഴും സിംബലുകളുടെ, പ്രതിരൂപ സങ്കല്പങ്ങളുടെ, സൃഷ്ടിയാണ്. അത് സത്യത്തിന്റെ ചൈതന്യത്തെ പ്രത്യക്ഷത്തിൽ മുക്കി കളയുന്നു. ഈ ആവരണങ്ങളുടെ ആധിക്യവും സമ്മർദ്ദവും ഭാരതീയ ചിന്തയുടെ യഥാർത്ഥ പ്രാണനെ സ്തബ്ധവും നിശ്ചലവുമാക്കി തീർത്തു. ജനതയെ ആകമാനം ആസേതു ഹിമാലയം ഒരുമിപ്പിക്കുവാൻ ഇതുമൂലം സാധിച്ചു എന്ന ഒരു ഗുണം ഇവിടെ പറയാനുണ്ട്. അത് സത്യത്തിന്റെയും ചിന്തയുടേയും ഔന്നത്യത്തിൽ വച്ചുണ്ടായ ഐക്യമല്ല. താത്വികമായ ഉദാസീനതയുടെയും ആനുഭവികമായ അന്ധതയുടെയും വിശ്വാസപരമായ സൗകര്യത്തിന്റെയും നിലവാരത്തിൽ നിന്നുണ്ടായ ഐക്യമായിരുന്നു. ഭാരതീയ ജനതയുടെ ലോകോത്തരമായ ഏക ചൈതന്യ ദർശനത്തിന്റെ സംശുദ്ധിയിൽ നിന്ന് അത് താഴെപ്പതിച്ചു. ജനകീയമായ ബഹുലപ്രചാരം ലക്ഷ്യമാക്കുമ്പോൾ ഏത് പ്രസ്ഥാനത്തിനും ഈ അപായം നേരിടാം...... "
പുരാണ കഥകൾ ആസ്വദിച്ച ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ നിലപാടും ഇത് തന്നെ !
കൈലാസ-മാനസസരസ്സ് യാത്രയ്ക്കിടയിൽ ടിബറ്റിലെ ആ തണുത്ത രാത്രിയിൽ ആ വായന നൽകിയ അനുഭൂതി യാത്രാനുഭവത്തോളം ഔന്നത്യമുള്ളതാണ്!
എന്റെ സമീപത്തിരുന്ന ഡൽഹി നിവാസികളായ KN ശർമ, US ഗോസ്വാമി, മഹാരാഷ്ട്രക്കാരനായ ഡോ. പരാസിനിസ് എന്നിവരോട് ഞാൻ ഈ ആശയം പങ്കുവച്ചു.
ലയിസൺ ഓഫീസർ ഡോ. ധവാൻ അടുത്ത ദിവസത്തെ യാത്രയെക്കുറിച്ച് വിശദീകരിച്ചു. 30 പേർ അടങ്ങുന്ന യാത്രാ സംഘത്തെ 15 പേർ വീതം ഉൾക്കൊള്ളുന്ന രണ്ട് സംഘങ്ങളായി തിരിച്ചു. A യും Bയും! A ഗ്രൂപ്പിന്റെ ലയിസൺ ഓഫീസർ ഡോ: ധവാൻ തന്നെ. B ഗ്രൂപ്പിന്റെ ലയിസൺ ഓഫീസർ ഹൈദ്രാബാദ് സ്വദേശി കെ.കെ. കേശവൻ. രാവിലെ 7 മണിക്ക് തിരിക്കണം. പർഖാ എന്ന സ്ഥലത്ത് വച്ച് 2 ഗ്രൂപ്പുകളും വേർപിരിയും. A ഗ്രൂപ്പ് മാനസസരസ് പരിക്രമണത്തിന് ഹോറേ എന്ന സ്ഥലത്തേയ്ക്ക് പോകും. B ഗ്രൂപ്പ് കൈലാസ പരിക്രമണത്തിന് ദർച്ചൻ എന്ന സ്ഥലത്തിലേക്ക്. കൈലാസ പരിക്രമണം പൂർത്തിയാക്കി B ഗ്രൂപ്പ് മാനസസരസ് പരിക്രമണത്തിന് പോകുമ്പോൾ A ഗ്രൂപ്പ് മാനസസരസ് പരിക്രമണം പൂർത്തിയാക്കി കൈലാസ പരിക്രമണത്തിന് പോകും. താമസസൗകര്യത്തിന്റെ പരിമിതി മൂലമാണ് ഇങ്ങനെയൊരു ഗ്രൂപ്പ് തിരിക്കൽ വേണ്ടി വന്നത്. വലിയ ട്രക്കിലാണ് യാത്ര. ഹോറേയിലേക്ക് 105 കി.മീ. ദർച്ചനിലേക്ക് 42 കി.മീ. ഞാൻ B ഗ്രൂപ്പിലാണ്.
അതിർത്തി കടക്കുമ്പോൾ ലിപുലേഖ് പാസ്സിൽ വച്ച് കുതിരപ്പുറത്ത് നിന്ന് വീണ് പരിക്കുപറ്റിയ ഡോ. പരാസിനിസിനെ LO ഡോ. ധവാന്റെ ഗ്രൂപ്പിൽ ഉൾപ്പെടുത്തണമെന്ന് ഞാനാവശ്യപ്പെട്ടു. അത് അംഗീകരിച്ചില്ല. വിഷണ്ണനായി നിൽക്കുന്ന ഡോ. പരാസിനിസിനെ ഒറ്റപ്പെടുത്തുന്നതായി തോന്നി. B ഗ്രൂപ്പിൽ ഞാനുണ്ടല്ലോ എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു.
കൈലാസത്തിലേക്കുള്ള യാത്ര സാധ്യമായിരിക്കുന്നു. തെക്ക് സഹ്യപർവ്വതനിരകളിലെ അഗസ്ത്യകൂടത്തിന്റെ നെറുകയിൽ നിൽക്കുമ്പോൾ ആഗ്രഹിച്ചത്.
ഹിമവാൻ തന്നെ സപ്തർഷികളോട് പറഞ്ഞ പോലെ:
"അന്ധകാരമതിൽനിന്നുമുണർന്നാൽ
കാരിരിമ്പുടലു കാഞ്ചനമായാൽ;
ഊഴിവിട്ടുപരി വിണ്ണിലണഞ്ഞാ-
ലെന്നപോലെയിവനേറ്റമുയർന്നേൻ "
(കുമാരസംഭവം - വിവർത്തനം എ.ആർ.)
ഞാനും ഉയർന്നു, ഉറങ്ങി, ഉണർന്നു. ..... യാത്ര തുടരാൻ!
ഈദ് മുബാരക്.
(17) പുൽനാമ്പുകളും, പൂഴിമണ്ണും, ചരൽ കൂമ്പാരങ്ങളും ചാരുതയേറിയ കാഴ്ചകളായി മാറുന്നു!
കന്യാകുമാരി മുതൽ കൈലാസം വരെ!
(17)
1997, സെപ്തംബർ 12
രാവിലെ 7 മണിക്ക് തക്ലാകോട്ട് നിന്ന് യാത്ര തിരിച്ചു. A, B രണ്ട് ഗ്രൂപ്പുകളോടൊപ്പം അലി ഡിസ്ട്രിക്റ്റ് ട്യൂറിസ്റ്റ് ഏജൻസി ഏർപ്പെടുത്തിയ രണ്ട് ഗൈഡുകളും ഇനി ഇവിടെ നിന്നുള്ള യാത്രയിൽ ഞങ്ങളെ അനുഗമിക്കുന്നുണ്ട്. ഇന്ത്യയിൽ നിന്ന് ഞങ്ങൾ ഏർപ്പാടാക്കിയ പാചകക്കാരും ഒപ്പമുണ്ട്.
സന്ധി ബന്ധങ്ങളെല്ലാം ഇളകുന്ന യാത്ര! ആടിയും ഉലഞ്ഞും വഴിയില്ലാ വഴിയിലുടെ ട്രക്കുകളുടെ പ്രയാണം! ലഗേജുകൾ കയറ്റിയ രണ്ട് ട്രക്കുകൾ വഴികാട്ടിയായി മുന്നിലുണ്ട്.
4 കി.മി സഞ്ചരിച്ചപ്പോൾ പറക്കും പ്രാർത്ഥനകൾ, അടുക്കി വച്ച കല്ലുകളുടെ കൂമ്പാരം എന്നിവ ശ്രദ്ധയിൽപ്പെട്ടു. പ്രത്യേകതയുള്ള പ്രദേശമാണെന്ന് തോന്നി. "ഇതാണ് ടോയോ വില്ലേജ് " . ഗൈഡ് ഡേവിഡ് പറഞ്ഞു.
Battle of To-yo! 19-ാം നൂറ്റാണ്ടിൽ ഘോരയുദ്ധം നടന്ന പടനിലത്ത് കൂടിയാണ് യാത്ര ചെയ്യുന്നത്. സിഖ് സാമ്രാട്ടായിരുന്ന മഹാരാജാ രഞ്ജിത്ത് സിംങിന്റെ സാമന്തൻ ജമ്മു ഭരിച്ചിരുന്ന രാജാ ഗുലാബ് സിംങിന്റെ സൈന്യാധിപൻ സ്വരോവർ സിംങിന്റെ (Zorawar Singh Kahluria) നിണം വീണ് കുതിർന്ന മണ്ണ്. ലഡാക്കും, ബാൽട്ടിസ്ഥാനും പിടിച്ചെടുത്ത് തക്ലാകോട്ടിലേക്ക് സ്വരോവർ സിംങിന്റെ 6000 പേരടങ്ങുന്ന ഡോഗ്രാ സൈന്യത്തിന്റെ അതി സാഹസിക മുന്നേറ്റം! ടിബറ്റൻ ആർമി സ്വരോവർ സിംങിന്റെ പോരാട്ട വീര്യത്തിന് മുന്നിൽ പരാജയപ്പെട്ട് പിൻവാങ്ങി. തക്ലാകോട്ടിന്റേയും മറ്റ് സമീപപ്രദേശങ്ങളിലേയും ഭരണം സ്വരോവർ സിംങിന്റെ അധീനതയിലായി.
ആധിപത്യം ഉറപ്പിച്ച ശേഷം സ്വരോവർ സിംങും കുറച്ചനുയായികളും കൈലാസ്- മനസസരസ്സ് പരിക്രമണത്തിന് പോയി. ശൈത്യകാലം ആരംഭിച്ചു. ഹിമാലയ മലനിരകളെല്ലാം മഞ്ഞ് കൊണ്ട് മൂടി. തക്ലാകോട്ട് ക്യാമ്പ് ചെയ്തിരുന്ന ഡോഗ്രാസൈന്യം ആകെ വലഞ്ഞു. ഭക്ഷണ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിൽ കാലാവസ്ഥ വിഘാതമായി. അതിശൈത്യത്തിൽ ഭടന്മാരുടെ നഖങ്ങളും വിരലുകളും വിണ്ട് കീറി ആകെ മരവിച്ചു. ഇതിനിടയിൽ ചിതറിപ്പോയ ടിബറ്റൻ സൈന്യം സംഘടിച്ച് പ്രത്യാക്രമണത്തിന് തയ്യാറായി.
1841 ഡിസംബർ 12. കൈലാസ ദർശനം കഴിഞ്ഞ് തിരിച്ച് വന്ന സ്വരോവർ സിംങും അനുയായികളും ടോയോ ഗ്രാമത്തിൽ വച്ച് ടിബറ്റൻ സൈന്യവുമായി ഏറ്റുമുട്ടി. പൊരുതിനിന്ന സ്വരോവർ സിംങിന്റെ വലത് ചുമലിൽ വെടിയേറ്റ് കുതിരപ്പുറത്തു നിന്ന് താഴെ വീണു. ഇടത് കൈകളിലേന്തിയ വാളുമായി അദ്ദേഹം പോരാട്ടം തുടർന്നു ! ഒരു ടിബറ്റൻ ഭടൻ കുന്തമുന സ്വരോവർ സിംങിന്റെ നെഞ്ചിലേക്ക് കുത്തിയിറക്കി. ഒരു ധീരയോദ്ധാവിന്റെ അന്ത്യം!
ട്രക്കുകൾ നിന്നു. ജനറൽ സ്വരോവർ സിംങിന്റെ ശവകുടീരം വഴിവക്കത്ത്. കല്ലുകൾ ഉയരത്തിൽ അടുക്കി വച്ചിരിക്കുന്നു. വിവിധ വർണങ്ങളിലുള്ള കൊടികൾ കെട്ടിയിരിക്കുന്നു. പറക്കും പ്രാർത്ഥനകൾ! കാടും പടർപ്പും മൂടി കിടക്കുന്ന പ്രദേശമാണെങ്കിലും ഗ്രാമവാസികൾ ഇന്നും സ്വരോവർ സിംങിനെ ആദരിക്കുന്നു എന്നതിന് തെളിവ് !
ലഡാക്കും ബാൽട്ടിസ്ഥാനും കടന്ന് മധ്യേഷ്യയിലെ കാരക്കോരം വരെ നീണ്ട സ്വരോവർ സിംങിന്റെ പടയോട്ടം! സ്വരോവർ സിംങിന്റെ കാലഘട്ടം നെപ്പോളിയന് മുമ്പായിരുന്നെങ്കിൽ നെപ്പോളിയനെ ഫ്രാൻസിലെ സ്വരോവർ സിംങ് എന്നറിയപ്പെടുമായിരുന്നു എന്നൊരു അഭിപ്രായം ബ്രിട്ടീഷ് പാർലമെന്റിൽ ഉയർന്ന് കേട്ടതായി ചരിത്ര താളുകളിൽ വായിച്ചിട്ടുണ്ട്.
യാത്രയിൽ, കടന്ന് പോകുന്ന പ്രദേശത്തെ ചരിത്രമറിയാമെങ്കിൽ പുൽനാമ്പുകളും, പൂഴിമണ്ണും, ചരൽ കൂമ്പാരങ്ങളും ചാരുതയേറിയ കാഴ്ചകളായി മാറുന്നു!
ടോയോ വില്ലേജിൽ നിന്ന് ഒരു കയറ്റമാണ്. ഉരുളൻ കല്ലുകൾക്ക് മുകളിലൂടെ വളഞ്ഞ് കയറുന്ന ട്രക്കുകൾ! ആടിയും ഉലഞ്ഞും എത്തി ചേരുന്നത് ഗുർലാ പാസ്സിൽ! സെപ്തംബർ 12 ശൈത്യകാലം ആരംഭിച്ചിട്ടില്ല. നല്ല തണുപ്പനുഭവപ്പെടുന്നു. 1841 ഡിസംബർ 12-ന് ഗുർലാ പാസ്സിലൂടെ മാർച്ച് ചെയ്ത സ്വരോവർ സിങും പടയാളികളും അതിശൈത്യത്തെ എങ്ങനെ അതിജീവിച്ചിരിക്കും!
16200 അടി ഉയരത്തിലുള്ള ഗുർലാ പാസ്സിൽ നിന്ന് രാക്ഷസ തടാകക്കരയിലേക്ക്
രാക്ഷസ് തൽ (രാക്ഷസ തടാകം) എന്ന സ്ഥലത്ത് വച്ചാണ് ഞങ്ങളുടെ യാത്രയിൽ കൈലാസ ശൃംഗം ആദ്യമായി കാണുന്നത്. തങ്ങളുടെ ചിരകാലസ്വപ്നം യഥാര്ത്ഥ്യമായതിന്റെ ആഹ്ലാദം പ്രകടമായിരുന്നു. 'ശിവജിയെ കണ്ടേ' എന്ന് ആർത്ത് വിളിച്ച്കൊണ്ട് നൃത്തം ചെയ്തും മണ്ണിൽ കിടന്നുരുണ്ടും സഹയാത്രികർ പ്രകടിപ്പിച്ച ആഹ്ളാദം ആശ്ചര്യത്തോടെ നോക്കി നിന്നു. കലാവസ്ഥയെ പ്രതിരോധിച്ച്, സഞ്ചാരയോഗ്യമല്ലാത്ത ഭൂപ്രദേശങ്ങൾ താണ്ടി യാത്ര ചെയ്യാൻ ധൈര്യം നൽകുന്ന വിശ്വാസത്തിന്റെ ഉന്മാദ അവസ്ഥ! എനിക്ക് പ്രകൃതി നൽകുന്ന ഉന്മാദവും!
പലരും അവരുടെ ക്യാമറകൾ എന്നെ ഏല്പിച്ച് കൈലാസപർവ്വതത്തെ തൊഴുതു നിന്നു. ഫോട്ടോഗ്രാഫർ! അവരുടെ ക്യാമറകൾ കൈകാര്യം ചെയ്യുമ്പോഴുണ്ടാകുന്ന സംശയങ്ങൾ പോലും അവരോട് ചോദിക്കുന്നത് ശല്യപ്പെടുത്തുന്നതിന് തുല്യമായി തീർന്നു.
രാക്ഷസ തടാകക്കരയിൽ നിന്ന് ദൂരെ മാനസസരസ്സും ദൃശ്യമാണ്.
രാക്ഷസ തടാകത്തിലെ ജലം വിശ്വാസികൾ സ്പർശിക്കാറില്ല. ശിവഭക്തനായ രാവണൻ കൈലാസത്തെ പൊക്കിയെടുത്ത് ലങ്കയിലേക്ക് കൊണ്ടു പോകാൻ തപസ്സ് ചെയ്ത സ്ഥലമെന്ന് ഐതീഹ്യം!
കുബേരനെ തോല്പിച്ച് പുഷ്പകവിമാനത്തിൽ പോയ രാവണന് കൈലാസപർവ്വതം കടക്കാൻ കഴിഞ്ഞില്ല. ശിവപാർവ്വതിമാരുടെ ആവാസസ്ഥലമാണെന്ന് മനസ്സിലാക്കിയ രാവണൻ ശിവനെ പ്രീതിപ്പെടുത്തി വരം സമ്പാദിക്കാൻ തപസ്സു ചെയ്യുകയും കൈലാസത്തെ കെട്ടിവലിച്ച് ലങ്കയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ രാവണന്റെ വിയർപ്പ് വീണുണ്ടായ സ്ഥലമാണ് രാക്ഷസ തടാകമെന്ന് മറ്റൊരു ഐതീഹ്യം! അതാണ് രാക്ഷസ തടാകത്തിലെ ജലം കുടിക്കാനൊ കുളിക്കാനൊ ഉപയോഗിക്കാത്തതെന്ന് വിശ്വാസികൾ പറയുന്നു. ജലജീവികളോ, തടാകക്കരയിൽ സസ്യങ്ങളോ ഇല്ല. ഉത്ഭവസ്ഥാനമില്ലാത്തത് കൊണ്ടും ഒഴുക്കില്ലാത്തത് കാരണവും ലവണങ്ങൾ അലിഞ്ഞ് ചേർന്ന ജലമാണെന്ന ശാസ്ത്രീയ വിശദീകരണവുമുണ്ട്!
പർഖാ എന്ന സ്ഥലത്ത് വച്ച് ഡോ : ധവാന്റെ നേതൃത്വത്തിലുള്ള A ഗ്രൂപ്പ് മാനസസരസ് പരിക്രമണത്തിന് വേണ്ടി ഹോറെയ്ക്ക് പോയി.
മലനിരകളാൽ ചുറ്റപ്പെട്ട സമതലങ്ങളിലുടെ അരുവികൾ കടന്ന് ഞങ്ങളും കൈലാസപരിക്രമണത്തിനായി ദർച്ചനിലെത്തി. 1997-ലെ 13-ാം ബാച്ച് (ഞങ്ങളുടേത് ആ വർഷത്തെ അവസാന ബാച്ച് - 14) കൈലാസപരിക്രമണം കഴിഞ്ഞ് ദർച്ചനിൽ ഉണ്ടായിരുന്നു.
സാമാന്യം ഭേദപ്പെട്ട താമസ സൗകര്യം! പക്ഷേ മൂന്ന് പേർ പാചകത്തിന് വേണ്ടി നൽകിയ മുറിയിൽ കഴിയണം! ഞാനും ഞങ്ങളുടെ ഗ്രൂപ്പിന്റെ ലയിസൺ ഓഫീസർ കെ.കെ. കേശവനും, ഡോ പരാസിനിസും അടുക്കളയിൽ ! പക്ഷേ അടുക്കള നിറഞ്ഞു! പാചകം ചെയ്യുമ്പോഴുള്ള ചൂടു തേടി വന്നവർക്ക് അടുക്കള വിട്ട് പോകാൻ മടി!
ക്യാമ്പിന് മുന്നിൽ വിശാലമായ മൈതാനം ഗൗരി ഓഡർ. അകലെ ഗുർലാ മന്ധാത പർവ്വത നിരയും കൊടുമുടിയും! മേഘങ്ങൾ മറയ്ക്കാതിരിക്കുമ്പോൾ കൈലാസവും ദൃശ്യമാണ്!
വീശിയടിക്കുന്ന തണുത്ത കാറ്റ്! ക്യാമ്പിൽ നിന്നിറങ്ങി കുറച്ച് നടന്നു. അകലെ കൈലാസം തെളിഞ്ഞ് വരുന്നു. ക്യാമറയിൽ പകർത്തി! മനസ്സിൽ പകർത്തിയതിന്റെ ദൃശ്യഭംഗി ക്യാമറയിൽ പതിഞ്ഞ് കാണില്ല.
എന്തോ കാലിൽ സ്പർശിച്ചു. മണ്ണിലെ മാളങ്ങളിലേക്ക് ഓടി കയറുന്ന വാലില്ലാത്ത എലികൾ തന്നെ.
ഗൗരീ മൈതനാത്തിലൂടെ ഏകനായി മുന്നോട്ട് പോയി! വെളിച്ചവും നിഴലും ഒളിച്ച് കളി നടത്തുന്നു! പ്രേയസിക്ക് സന്ദേശവുമായി മേഘങ്ങൾ?
"ചേതനാ ചേതനകളെ തിരിച്ചറിയാൻ കഴിയാത്ത കാമാതുരനായ യക്ഷൻ '' !വൈശ്രവണ ശാപം മൂലം വേർപിരിഞ്ഞ് അളകാപുരിയിൽ കഴിയുന്ന പ്രേയസിക്ക് ദൂതുമായി പോകുന്ന മേഘങ്ങൾ! " ആ കളിക്കുന്നിൽ സർപകങ്കണം ഉപേക്ഷിച്ച് ശിവൻ നീട്ടിക്കൊടുത്ത കയ്യും പിടിച്ചു കൊണ്ട് പാർവ്വതി കാൽനടയായി സഞ്ചരിക്കുകയാണോ.. "? ആ മേഘങ്ങൾ "മുമ്പേ നടന്ന് കൊണ്ട് പാർവതിക്കു മണിതടങ്ങളിലേറുവാൻ പടവായി നിന്നു കൊടുക്കുകയാണോ"?
തിരിച്ച് നടന്നു! ക്യാമ്പിന് മുന്നിൽ കച്ചവടക്കാർ! തിബറ്റൻ കരകൗശല വസ്തുക്കൾ വിൽക്കുന്നവർ. ഔറംഗാബാദിൽ നിന്ന് വന്ന ദശരഥയും കുടുംബവും വിലപേശുന്നു. ഞാനും വാങ്ങി ടിബറ്റൻ കത്തി!
ദശരഥയും, ഭാര്യയും, മകൾ ശില്പയും കൈലാസം കാണാൻ കഴിഞ്ഞതിന്റെ ആഹ്ളാദത്തിലാണ്! ചില സന്ദർഭങ്ങളിൽ അവരുടെയും 'ഫോട്ടോഗ്രാഫർ ' ആയിരുന്നു ഞാൻ! 35 ദിവസത്തോളം നീണ്ട് നിൽക്കുന്ന യാത്ര. 30 വയസ്സിൽ താഴെ പ്രായമുള്ള മകളുമായി കൈലാസ - മാനസരസ്സ് യാത്ര! ഭക്തിയിൽ, ആരാധനയിൽ മാറ്റി നിറുത്തപെടേണ്ടവരായി ആരുമില്ല.
ഞങ്ങൾ നേരെ അടുക്കളയിലേക്ക് കയറി. അവിടെ പൊങ്കൽ പാചകം ചെയ്യുകയാണ്. തമിഴ്നാട് സ്വദേശിയായ രാജഗോപാലാണ് നിർദേശങ്ങൾ നൽകുന്നത്. ഞാൻ കരുതിയിരുന്ന അണ്ടിപരിപ്പും കുരുമുളകും ദശരഥയുടെ അഭിപ്രായമനുസരിച്ച് പൊങ്കലിലേക്ക് ഇട്ടു. പൊങ്കൽ കഴിക്കുമ്പോൾ മുഴുവൻ കുരുമുളക് കടിക്കുന്നത് രുചി വർദ്ധിപ്പിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം!
കൈലാസ പാർശ്വത്തിലെ അതിശൈത്യത്തിൽ കുരുമുളക് നല്ല ഫലം ചെയ്തു. യാത്രയിലുടനീളം നമ്മുടെ ഇഡ്ഡലി, ഉഴുന്നുവട, സാമ്പാർ, അവിയൽ, എന്നിവയുടെ ഗുണങ്ങളെക്കുറിച്ച് എന്റെ വക ക്ലാസ്സും, ഖമൺ, പൗവ്വ തുടങ്ങിയ ഗുജറാത്തി പലഹാരങ്ങളെക്കുറിച്ചുള്ള ദശരഥയുടെ ഭാര്യയുടെ പാചക ക്ലാസ്സും! ഉഴുന്നുവടയിൽ കുരുമുളക് ചേർത്താൽ കഴിക്കുമ്പോൾ കുരുമുളക് കടിക്കുമ്പോൾ നല്ല സ്വാദായിരിക്കുമെന്ന് ദശരഥയുടെ വക ടിപ്പും! അങ്ങനെ ആ കുടുംബവുമായി കൂടുതൽ സൗഹൃദത്തിലായി! ഭക്തി പോലെ തന്നെ ഭക്ഷണ തല്പരതയും മനുഷ്യർ തമ്മിൽ ഐക്യപ്പെടാൻ കാരണമാകുന്നു!
അടുത്ത ദിവസത്തെ കൈലാസ പരിക്രമണത്തിന് വേണ്ടി തയ്യാറെടുത്തു. നടക്കാൻ കഴിയാത്തവർ യാക്ക് ഇടപാട് ചെയ്തു. നന്ദികേശ്വരൻ തന്നെ ! ഞാൻ നടക്കാൻ തന്നെ തീരുമാനിച്ചു.
കൈലാസ-മാനസസരസ് യാത്രയിലെ ഏറ്റവും വിഷമകരമായ യാത്രയായിരിക്കുമെന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഉയരങ്ങളിൽ ഓക്സിജന്റെ ലഭ്യതക്കുറവ് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ, അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ, ചെറിയ, കൈയ്യിൽ കൊണ്ട് നടക്കാവുന്ന, ഓക്സിജൻ ക്യാനുകൾ ഡൽഹിയിൽ നിന്ന് വാങ്ങിയിരുന്നു.
52 കി.മി.ദൂരം, മൂന്ന് ദിവസം! ദർച്ചനിൽ നിന്ന് ആരംഭിച്ച് ഡോൽമാ പാസ്സ് വഴി (ഡോൽമാ- Salvation) ദർച്ചനിൽ തിരിച്ചെത്തുന്നു. ഈ 52 കി.മി. പരിക്രമണം 15 മണിക്കൂർ കൊണ്ട് ചെയ്യണമെന്നാണ് 'ശാസത്രവിധി'! പെട്ടെന്ന് ഉയരങ്ങളിൽ ഉണ്ടാകുന്ന മഞ്ഞ് വീഴ്ച, ശീതക്കാറ്റ്, ഓക്സിജന്റെ ലഭ്യതക്കുറവ് എന്നിവ 'ആചാര ലംഘനത്തിന് ' കാരണമായി! 3 ദിവസമെടുത്ത് കൈലാസപരിക്രമണം!
മൂടി പുതിച്ച് കിടന്നു. സുഖനിദ്രയായില്ല! അടുത്ത ദിവസത്തെ യാത്രയെക്കുറിച്ച് ആലോചിച്ച് മയങ്ങി!
(18) "യാത്രയെ പ്രണയിച്ചു പഠിച്ച മനുഷ്യരുടെ സ്വാഭാവിക പരിണാമം "
കന്യാകുമാരി മുതൽ കൈലാസം വരെ!
(18)
തലേ ദിവസം ഉറക്കമില്ലാത്ത രാത്രി! തണുപ്പിനെ പ്രതിരോധിക്കാൻ തലവഴി മൂടി കിടന്ന് ആലോചനയിലായിരുന്നു! കടന്ന് വന്ന വഴികളെക്കാൾ പ്രയാസമേറിയതായിരിക്കും ഇനിയുള്ള യാത്ര എന്ന മുന്നറിയിപ്പ്! യാത്രയുടെ ത്രില്ലിനെ അല്പം ലഘൂകരിക്കുന്ന ഭയം!
യാത്ര പുറപ്പെടുന്നതിന് മുമ്പ് തിബറ്റിനെക്കുറിച്ചും കൈലാസ-മാനസസരസ്സ് യാത്രയെക്കുറിച്ചും വളരെയധികം വായിച്ചിരുന്നു.
രാഹുൽ സാംകൃത്യായൻ! ഇന്ത്യൻ ട്രാവലോഗിന്റെ പിതാവ് ! അലഞ്ഞ് തിരിയുന്ന യാത്രയുടെ പ്രണേതാവ്! ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമനി, ജപ്പാൻ, കൊറിയ, മഞ്ചൂറിയ, ഇറാൻ, തിബറ്റ്, അഫ്ഗാനിസ്ഥാൻ, സോവിയറ്റ് യൂണിയൻ, ട്രാൻസ് സൈബീരിയൻ ട്രെയിനിൽ സൈബീരിയലേക്ക്! യാത്രയെ പ്രണയിച്ച്, സ്വയം പഠിച്ച ബഹുഭാഷാ പ്രവീണൻ!
1893- ഏപ്രിൽ 9-ന് ഉത്തരപ്രദേശത്തിലെ ഒരു കുഗ്രാമത്തിൽ ജനിച്ചു! മിഡിൽ സ്ക്കൂൾ വിദ്യാഭ്യാസത്തിന് ശേഷം നാടുവിട്ടു അലഞ്ഞു തിരിഞ്ഞുള്ള യാത്ര! സ്വയം പഠിച്ച് മുന്നേറിയ അദ്ദേഹം നിരവധി ഭാഷകൾ സ്വായത്തമാക്കിയിരുന്നു!
ഗുജറാത്തിലെ ഗോധ്രയിൽ ആദായനികുതി വകുപ്പിൽ ജോലി നോക്കായിരുന്നപ്പോൾ, രാഹുൽ സാംകൃത്യായൻ എഴുതിയ യത്രാവിവരണമായ "തിബറ്റ് മേം സവാവർഷ് " എന്ന കൃതിയിലൂടെ കടന്ന് പോയിട്ടുണ്ട്. ഗോധ്ര നഗരപാലിക ലൈബ്രറിയിൽ അന്നത് ലഭ്യമായിരുന്നു. ടിബറ്റിലെ ഭൂപ്രകൃതിയെക്കുറിച്ചും ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചും ധാരണ നൽകുന്നതായിരുന്നു ആ കൃതി.
രാഹുൽ സാംകൃത്യായൻ 22 പോണികളുടെ പുറത്ത് വച്ച് കെട്ടി 1930 കളിൽ തിബറ്റിൽ നിന്ന് കൊണ്ട് വന്ന തിബറ്റിന്റെ സംസ്ക്കാര മടങ്ങുന്ന പനയോലകളിലും, തടി ബ്ലോക്കുകളിൽ സ്വർണ- വെള്ളി ധൂളികൾ കൊണ്ടെഴുതിയ വിലമതിക്കാനാവാത്ത ആയിരക്കണക്കിന് രേഖകൾ ! 1959-ലെ ദലായ് ലാമയുടെ തിബറ്റിൽ നിന്നുള്ള പലായത്തോടെ നശിക്കുമായിരിന്ന ആ രേഖകൾ. ഇന്ന് ഗവേഷകർക്ക് പ്രാപ്യമാകുന്നു! 'അലഞ്ഞ് തിരിഞ്ഞ' ആ യാത്രക്കാരന് നന്ദി!
ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ ആകൃഷ്ടനായ അദ്ദേഹം കോൺഗ്രസ്സിലേക്കും, സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലേക്കും, പിന്നീട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്കും എത്തിചേർന്നത് ആകസ്മികതയല്ല. യാത്രയെ പ്രണയിച്ചു പഠിച്ച മനുഷ്യരുടെ സ്വാഭാവിക പരിണാമം അങ്ങനെയൊക്കെയല്ലേ?
ഉമ്മറപടിയിൽ നിന്ന് ഇഴഞ്ഞ് മുറ്റത്തിറങ്ങുന്ന കുട്ടിയേയും സഞ്ചാരിയായി കണക്കാക്കാം. പുതിയ പരിസരത്തിന്റെ ആശ്ചര്യത്തിലേയ്ക്കാണ് കുട്ടി ഇഴഞ്ഞ് നീങ്ങുന്നത്. നിഷ്കളങ്കമായ ജിജ്ഞാസ വിനോദത്തിനും വിജ്ഞാനത്തിനും വേണ്ടിയുള്ള തുടർന്നുള്ള മനുഷ്യന്റെ യാത്രകളിൽ, ചിന്തകൾക്ക് രൂപം നൽകുന്നതിൽ സ്വാധീനിക്കുന്നുണ്ട്.
മനോഹരമായ ഒരു കവിതയിലൂടെ വയലാർ രാമവർമ പ്രകൃതിയെ അറിയാൻ ശ്രമിക്കുന്ന കുട്ടിയുടെ വ്യക്തിത്വ വികാസം ചൂണ്ടി കാണിക്കുന്നുണ്ട്. ഉമ്മറപ്പടിയിൽ നിന്ന് ഇഴഞ്ഞ് നീങ്ങി പശ്ചിമാകാശത്തേക്ക് നോക്കുന്ന കുട്ടി അന്തി ചുമപ്പ് കണ്ട് ഞെട്ടുന്നു. കവിയുടെ ജീവിതത്തിലെ ആദ്യത്തെ ഞെട്ടൽ! അങ്ങാടിയിൽ കൂടി നടക്കുമ്പോൾ കശാപ്പ്ക്കടക്കാരന്റെ കടയിലെ മുന്നിൽ തൂക്കിയിട്ടിരിക്കുന്ന ആട്ടിൻ തലയിൽ നിന്ന് കനിയുന്ന രക്തത്തിന്റെ ചുമപ്പ് കണ്ട് രണ്ടാമത്തെ ഞെട്ടൽ! കുറച്ച് കൂടി വളർന്ന കവി ഞെട്ടുന്നത് പുന്നപ്ര വയലാർ സമരകാലത്ത് വെടിയേറ്റ് വീഴുന്ന രക്തസാക്ഷികളുടെ നെഞ്ചിൽ നിന്ന് ഒഴുകുന്ന രുധിരം ഉയർത്തുന്ന ഉദാത്ത ചിന്തയിലേക്കാണ്. പ്രകൃതി പ്രതിഭാസം എന്തെന്നറിയാനുള്ള കുട്ടിയുടെ ജിജ്ഞാസ എത്തി നിൽക്കുന്നത് ജീവജാലങ്ങളോടുള്ള ദയയിലൂടെ ഉദാത്തമായ മനുഷ്യസ്നേഹത്തിൽ! " ഒരു തുള്ളി രക്തം"!
രണ്ടാം ലോകമഹായുദ്ധകാലത്ത് സംഖ്യകക്ഷികളുടെ യുദ്ധ തടവുകാരനായിരുന്ന Heinrich Harrer. ഡറാഡൂണിൽ തടവുകാരനായിരിക്കുമ്പോൾ ഹിമാലയത്തിലേക്ക് രക്ഷപ്പെട്ട് തിബറ്റിലെത്തി ദലയ്ലാമയുടെ അധ്യാപകനും സ്നേഹിതനുമായി മാറിയ കഥ! "Seven Years in Tibet"* എന്ന ത്രസ്സിപ്പിക്കുന്ന യാത്രാ വിവരണം!
ദർച്ചനിൽ, ഉറക്കം നഷ്ടപ്പെട്ട് രാത്രിയുടെ അന്ത്യയാമങ്ങളിൽ ഒന്ന് മയങ്ങുന്നത് വരെയുള്ള ശിഥിലചിന്തകൾ തുടർയാത്രയ്ക്കുള്ള തയ്യാറെടുപ്പല്ലേ?
സെപ്തംബർ 13, 1997. രാവിലെ 6 മണിക്ക് തന്നെ ദർച്ചനിൽ നിന്ന് തിരിക്കാൻ കഴിഞ്ഞു. ലഗേജകൾ സൂക്ഷിക്കാൻ ഒരു മുറി മനേജർ അനുവദിച്ച് തന്നു. അവശ്യം വേണ്ടുന്ന സാധനങ്ങൾ മാത്രം എടുത്താൽ മതിയെന്ന നിർദ്ദേശമുണ്ടായിരുന്നു. ലിപുലേഘ് പാസ്സ് കടക്കുമ്പോഴുണ്ടായ അപകടം കാരണം ഡോ: അരവിന്ദ് പരാസിനിസ് കൈലാസപരിക്രമണത്തിന് വന്നില്ല. അദ്ദേഹം ഫലത്തിൽ ലഗേജ് സൂക്ഷിപ്പ് കാരനായി മാറി!
പ്രഭാത ഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനുമുള്ള പൊതികൾ പാചകക്കാരൻ പൊതിഞ്ഞ് നൽകി!
തെളഞ്ഞു വരുന്ന അന്തരീക്ഷം! ഗുർലാ മന്ധാത കൊടുമുടി ദൃശ്യമായി തുടങ്ങി. ഇന്ന് 28 കി.മി നടക്കണം. 8 മണിക്കൂറിലധികം എടുക്കുമെന്നാണ് ഗൈഡ് ഡേവിഡ് പറഞ്ഞത്. ഡിരബു (Direbu)-ലാണ് അടുത്ത ക്യാമ്പ്! ഗൗരി ഓഡറിലൂടെ (ഗൗരീ മൈതാനം)
നടന്ന് സരയും (Sarayum) സമതലത്തിലേക്ക്! രാവണൻ കൈലാസത്തെ പിഴുതെടുക്കാൻ ശ്രമിച്ചപ്പോൾ കൈലാസത്തെ രക്ഷിക്കാനായി ശ്രീ ബുദ്ധന്റെ തന്നെ നേതൃത്വത്തിൽ 500 ശിഷ്യഗണങ്ങൾ എത്തിച്ചേർന്ന പ്രദേശമാണ് സരയും എന്ന് ഐതീഹ്യം!
വസ്ത്രധാരണവും നടക്കുമ്പോഴുള്ള ശരീരചലനങ്ങളും അതിശൈത്യത്തെ പ്രതിരോധിക്കുന്നു. തമിഴ്നാട് സ്വദേശികളായ ലക്ഷമണൻ, രാജഗോപാൽ, ആർ. രാധ, LO കേശവൻ എന്നിവർ എന്നോടൊപ്പം നടക്കാനുണ്ട്. ദശരഥയും കുടുംബവും, ഗുൾബർഗ സ്വദേശികളായ ജയകൃഷ്ണൻ എച്ച്. ഗിൽഡയും ഭാര്യയും യാക്ക് എർപ്പാടാക്കിയിരുന്നു. പക്ഷേ പുൽനമ്പുകൾ കണ്ടെത്താൻ ശ്രമിച്ച് അലസഗമനം നടത്തി അങ്ങുമിങ്ങും അലയുന്ന യാക്കുകളുടെ സഞ്ചാരരീതി ഭയപ്പെടുത്തിയത് കാരണം അവരും നടക്കാൻ തന്നെ തീരുമാനിച്ചു.
സമതലം കടന്നെത്തുന്നത് ലാ ചൂ (Lah Chhu) താഴ്വാരത്തിൽ കൊടികളാൽ അലംങ്കരിക്കപ്പെട്ട പറക്കും കൊടിമരം ! കല്ലുകൾ അടുക്കി വച്ചിരിക്കുന്നു. തിബറ്റിലെ ആരാധനാരീതിയായ ഡാർപോച്ചേ (Darpoche). ബുദ്ധ പൗർണമി ദിവസം ഈ പ്രദേശത്ത് സമീപ പ്രദേശത്തുള്ള തിബറ്റൻ ബുദ്ധമതാനുയായികൾ പങ്കെടുക്കുന്ന ജ്ഞാനോദയ ഉത്സവം നടന്ന് വരുന്നു.
പ്രഭാത ഭക്ഷണം സമതലത്തിൽ തന്നെ. യാക്കുകളെ മേയാൻ വിട്ട് അവരുടേതായ സമയമെടുത്തു മാത്രമേ യാക്കുകളും ഉടമകളും വന്നെത്തുകയുള്ളൂ! നാടോടി സ്വഭാവമുള്ള അവർ യാത്രക്കാരെ പരിഗണിക്കാതെ വെടി പറഞ്ഞ് ഇരിക്കുന്ന സമയത്തിന് ക്ലിപ്തതയൊന്നുമില്ലായെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
ഹിന്ദു - ബുദ്ധ-ജൈനമത വിശ്വാസികളുടെ പുണ്യസ്ഥലമായ കൈലാസം അടുത്ത് നിന്ന് ദർശിക്കാൻ പോകുന്ന ഞങ്ങളുടെ വിശ്രമ സമയത്തെ ചർച്ചയും കൈലാസം തന്നെ !
കൈലാസത്തിന്റെ തിബറ്റൻ പേര് ഗാൻ-. റിൻ- പോ- ചി. ഗാൻ = മഞ്ഞിന്റെ കൊടുമുടി, റിൻ- പോ- ചി = അമൂല്യമായത്. മഞ്ഞിന്റെ അമൂല്യമായ രന്തം !
ബുദ്ധമത അനുയായികൾ കൈലാസത്തെ കാൻഗി-റിൻ- പോ- ചി എന്ന് വിളിക്കുന്നു. ചൈനീസ് പേര് ടീ-ടസ്. നദിയുടെ, ജലത്തിന്റെ കൊടുമുടി.
ജൈന ഗുരു ഋഷഭ ദേവൻ നിർവ്വാണം പ്രാപിച്ചതും കൈലാസപാർശ്വത്തിലെ അഷ്ടപദത്തിൽ! വിശ്വത്തിന്റെ തൂണ്, മധ്യഭാഗം എന്നും വിശ്വസിക്കപ്പെടുന്നു.
താന്ത്രിക ബുദ്ധമതാനുയായികൾ ചക്രസംവരയുടെ വാസസ്ഥലമായി കണക്കാക്കുന്നു! കൈലാസത്തെക്കുറിച്ച് അറിയുന്നതെല്ലാം യാത്രക്കാർ അവതരപ്പിച്ചു. സംവാദങ്ങളില്ലാതെ കാര്യങ്ങൾ അവതരപ്പിക്കുന്ന രീതിയിലാണ് ആ വിശ്രമസമയം ചെലവഴിച്ചത്.
താന്ത്രിക ബുദ്ധിസത്തിന്റെ പിതാവ് മിലരേപ. ബൊൺ മതത്തിന്റെ ഗുരു നറോ-ബോൺ - ചാങ്. ഇരുവരും തമ്മിലുള്ള സംവാദത്തിൽ ആർക്കും ജയിക്കാനായില്ല. കൈലാസപർവ്വതത്തിന്റെ മുകളിൽ ആദ്യം എത്തിചേരുക എന്ന മത്സരത്തിൽ മിലരേപ വിജയിച്ചു. അതിന് മുമ്പും ശേഷം മറ്റാർക്കും കൈലാസ പവ്വതത്തിന്റെ നെറുകയിൽ എത്താൻ കഴിഞ്ഞില്ല. ആ ഐതീഹ്യം വിശദീകരിച്ചു കൊണ്ട് ഗൈഡ് ഡേവിഡും ചർച്ചയിൽ പങ്കെടുത്തു. വിവിധ മതവിശ്വാസികൾ പുണ്യസ്ഥലമായി കാണുന്നത് കൊണ്ടാകാം ആരും തന്നെ കൈലാസത്തിന്റെ നെറുകയിൽ എത്താൻ ശ്രമിക്കാത്തതെന്ന അഭിപ്രായവും ചിലർ പ്രകടിപ്പിച്ചു
1954 മുതൽ 1978 വരെ ചൈന കൈലാസ-മാനസസരസ്സ് സന്ദർശനത്തിന് അനുമതി നിഷേധിച്ചിരുന്നു. അതിന് ശേഷം ഇന്ത്യൻ വിദേശകാര്യ വകുപ്പ് തിരഞ്ഞെടുക്കുന്ന നിശ്ചിത എണ്ണം യാത്രക്കാരെ ഒരോ വർഷവും അനുവദിക്കുന്നു. നമ്മുടേത് 1997-ലെ 14-ാം മത്തെ സംഘമാണ് ആതായത് 1997-ലെ അവസാന ബാച്ച്. ഞാനറിയുന്നത് ഞാനും പങ്കുവച്ചു.
ഒന്നര മണിക്കൂറിലധികം സമയം 'യാക്കുകൾ' അനുവദിച്ചു തന്നു! ലോകത്തിന്റെ മേൽക്കൂരയിലിരുന്ന് പ്രപഞ്ചത്തിന്റെ മേൽതട്ട് നോക്കി, അതോ അടി തട്ടോ, ചർച്ച സംഘടിപ്പിക്കാൻ!
ഇനിയും ഏറെ പോകാനുണ്ട്, അടുത്ത ക്യാമ്പായ ഡിരബുയിലെത്താൻ! വിശ്രമം അവസാനിപ്പിച്ച് മുന്നോട്ട്. പെട്ടെന്ന് തികഞ്ഞ നിശ്ശബ്ദത ! അതാ.... കൈലാസം മേഘമറ നീക്കി തെളിഞ്ഞ് വരുന്നു. മൂടൽമഞ്ഞില്ല, മേഘശകലങ്ങളുടെ മറയില്ല. മഞ്ഞിൽ തീർത്ത അമൂല്യ രന്തം തന്നെ ! പ്രകൃതിയുടെ മറ്റൊരു പ്രതിഭാസം!
യാത്രക്കാരുടെ കണ്ണുകൾ ഈറനണിയുന്നു. ചിലർ വാവിട്ട് കരയുന്നു. ജന്മസാഫല്യം! ധൈരവും സ്ഥൈര്യവും പകർന്ന് നൽകുന്ന വിശ്വാസത്തിന്റെ ദൃഢത ! ജനിമൃതി, പാപപുണ്യസങ്കല്പങ്ങളിലൂടെയുള്ള ജീവത യാത്രയിലെ അസുലഭ നിമിഷങ്ങളായിരുന്നു മിക്കവർക്കും! വിശ്വാസികളാണെങ്കിലും ഭക്തിയുടെ പ്രകടനപരതയില്ലാതെ ഡൽഹി സ്വദേശികളായ കെ.എൻ.ശർമയും, US ഗോസ്വാമിയും!
സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവർ !
"സ്വർഗത്തിലേക്കുള്ള വാതിലിനടുത്ത് " നിസ്സഹായരെന്ന തിരിച്ചറിവാണോ ആ നിഷ്കളങ്ക വിലാപത്തിന് കാരണം! വീട് വിട്ട് കാതങ്ങൾ അകലെ എന്ന ചിന്തയും എന്റെ കണ്ണുകളും ഈറനണിയുന്നതിന് കാരണമായി. അല്പം സ്വാർത്ഥതയായിരിക്കുമെല്ലോ "കൊക്കിലൊതുങ്ങാത്ത " ഈ യാത്രയ്ക്ക് ധൈര്യം നൽകിയത്!
സത് ലജ്, ബ്രഹ്മപുത്ര, കർണാലി നദികളുടെ ഉത്ഭവ സ്ഥലമാണ് കൈലാസ്-മാനസസരസ് പരിസരം! നടക്കും തോറും ദൂരം വർദ്ധിക്കുന്നുവോ? അരുവികൾക്ക് മേലെയുള്ള താല്ക്കാലിക പാലങ്ങൾ കടന്നുള്ള യാത്ര! ബ്രഹ്മപുതയുടെ കൈവഴിയാണോ? യാക്കുകളും അതിനെ തെളിക്കുന്നവരും അരുവികളുടെ ഒഴുക്കിലിറങ്ങി തന്നെ അക്കരെ കടക്കുന്നു. ചില സ്ഥലങ്ങളിൽ ഞങ്ങൾക്കും ഷൂസ് നനയാതിരിക്കാൻ അഴിച്ച് കൈകളിലേന്തി വളരെ ധൃതിയിൽ നീർച്ചാൽ കടക്കേണ്ടി വന്നു. പാദം മരവിപ്പിക്കുന്ന തണുപ്പ്! വേഗം കരയിലെത്തി ഷൂസ് ധരിച്ചു.
യാത്ര തിരിച്ചിട്ട് 10 മണിക്കൂറിലേറെയായി. നടക്കുക, നടക്കുക തന്നെ ! ലക്ഷ്യം കാണാനാകാത്ത യാത്രയോ? അകലെ ക്യാമ്പ് കാണുന്നു. ആശ്വാസമായി. ഡിരബുയിലെ സൗകര്യങ്ങൾ വളരെ മോശം! ജലം കനിഞ്ഞിറങ്ങുന്ന മേൽത്തട്ട്! വെളിച്ചമില്ല. മെഴുകുതിരികൾ പകലും കത്തിച്ച് വയ്ക്കണം മുറിയിലെ ഇരുട്ടകറ്റാൻ! OD തന്നെ ശരണം - Open defecation!
കൈലാസശൃംഗത്തിന്റെ ഉത്തര മുഖം ക്യാമ്പ് മുറ്റത്ത് നിന്ന് കാണാം. മേഘങ്ങൾ മറയ്ക്കുന്നു. വീണ്ടും തെളിയുന്നു. ആ ദൃശ്യഭംഗി ആസ്വദിക്കാൻ യാത്രക്കാരാരും വെളിയിലിറങ്ങിയില്ല. യാത്രാ ക്ഷീണം! അവർക്ക് ലഭിച്ച സ്ഥലങ്ങളിൽ വിശ്രമിക്കുന്നു! പാചകക്കാരൻ റൊട്ടിയും ദാലും തയ്യാറാക്കുന്നു. സമീപത്ത് നിലത്തിരുന്ന് മെഴുകുതിരി വെട്ടത്തിൽ അന്നത്തെ യാത്രാനുഭവങ്ങൾ ഡയറിയിൽ കുറിച്ചു.
പുറത്ത് നല്ല നിലാവ്! നല്ല തണുപ്പനുഭവപ്പെടുന്നു. നിലാവെളിച്ചത്തിൽ തിളങ്ങുന്ന കൈലാസശൃംഗത്തെ നോക്കി നിന്നു. പകർത്താനാവാത്ത ദൃശ്യം മനസ്സിൽ സൂക്ഷിച്ചു. കണ്ടതെല്ലാം അക്ഷരങ്ങളിലൂടെ ദൃശ്യവൽക്കരിക്കാൻ കഴിയാത്തതിൽ ഖേദിക്കുന്നു!
"ഇന്ദുരശ്മിയിതുയർന്ന ദിക്കിലെ-
ത്തുന്നു രാവിലിരുൾ താണ ദിക്കിലും
വന്നുചേരുമിഹ നന്മതിന്മകൾ -
ക്കെന്നുമേ ഗതിയതാതിനൊത്തുതാൻ."
(കുമാര സംഭവം - വിവർത്തനം എ.ആർ)
ക്യാമ്പിന് മുന്നിൽ യാക്ക് ഉടമകൾ ആഴികൂട്ടി അതിന് ചുറ്റുമിരുന്ന് വെടി പറയുന്നു. കാണാതായ എന്റെ വാട്ടർബോട്ടിൽ അവരുടെ സമീപത്ത്! ഞാനവരുടെ അടുത്ത് ചെന്ന് ആംഗ്യ ഭാഷയിൽ വാട്ടർ ബോട്ടിൽ ആവശ്യപ്പെട്ടു. അവർ കഴിക്കുന്ന നാടൻ മദ്യത്തിന്റെ പങ്ക് ആവശ്യപ്പെട്ടതായി അവർ കരുതിക്കാണും. ദേഷ്യത്തോടെ അവരെന്തോ പുലമ്പി. അവരെ പറഞ്ഞിട്ട് കാര്യമില്ല. വലത് കൈ വായിലേക്ക് കൊണ്ടുപോയി വെള്ളം കുടിക്കുന്നത് പോലെ ആഗ്യം കാണിച്ചായിരുന്നു വാട്ടർബോട്ടിൽ ആവശ്യപ്പെട്ടത്. കാര്യം പന്തിയല്ലെന്ന് കണ്ട് തിടുക്കത്തിൽ പിന്മാറിയപ്പോൾ അതാ അവർ വാട്ടർബോട്ടിൽ ഞാൻ പോകുന്ന ഭാഗത്തേക്ക് വലിച്ചെറിയുന്നു. അത് അങ്ങനെ തന്നെ ! എന്റെ 'വചനങ്ങൾ' ട്യൂബ് ലൈറ്റ് പോലെയാണ്. വളരെ സാവധാനമേ പ്രകാശിക്കു !
വാട്ടർബോട്ടിലുമായി വേഗം മുറിക്കുള്ളിലേക്ക് കയറി! പരിസരത്തെ നിശ്ശബ്ദയിൽ പുറത്ത് യാക്ക് ഉടമകളുടെ ലഹരി മൂത്ത അട്ടഹാസങ്ങൾ മാത്രം! ഇന്നും നിദ്രാഭംഗം തന്നെ ! പലതും മനസ്സിലേക്ക് കടന്ന് വന്നു.
"മാമലകൾക്കപ്പുറത്ത് മരതകപ്പട്ടുടുത്ത് മലയാളമെന്നൊരു നാടുണ്ട് "; അവിടെ ഇന്ന് ഉത്രാട പാച്ചിലാണ്! പ്രജാതല്പരനായ അസുര ചക്രവർത്തിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ മിത്ത്! ശിവഭക്തനായ മറ്റൊരു അസുരനെ വധിക്കാൻ "കുമാരസംഭവം" എന്ന മറ്റൊരു മിത്ത്. ശിവഭക്തനായ രാവണൻ കൈലാസം പൊക്കിയെടുത്ത് ലങ്കയിലേക്ക് കൊണ്ടു പോകുന്നത് തടയാൻ ബുദ്ധൻ തന്നെ എത്തിയെന്ന് മറ്റൊരു ഐതീഹ്യം! നല്ലവരായാലും ഭക്തനായാലും അസുരന്മാരെല്ലാം വധിക്കപ്പെടേണ്ടവരാണോ?
അടുത്ത ദിവസത്തെ യാത്ര സോങ്സെർബുയിലേക്ക് (Zongzerbu)........
(19) ജീവന്റെ സ്പന്ദനമുള്ള മരണ സങ്കല്പം!
കന്യാകുമാരി മുതൽ കൈലാസം വരെ!
(19)
സെപ്തംബർ 14, 1997. തിരുവോണ ദിവസമാണ്!
ശബ്ദകോലാഹലങ്ങൾ കേട്ടാണ് ഉണർന്നത്!. കൈലാസ യാത്രയ്ക്ക് വന്ന ഒരു ജർമ്മൻകാരൻ ഹൃദയസ്തഭനം മൂലം മരിച്ചു എന്ന വാർത്ത. ഞാനും പോയി നോക്കി. മൃതിയടഞ്ഞ ജർമൻകാരന്റെ മുഖം പ്രസന്നമായിരുന്നു. ജീവനില്ലാത്തതിന്റെ ലക്ഷണമൊന്നുമില്ല. അതിശൈത്യത്തിൽ മരണത്തിലായിരിക്കുമോ നാം സുസ്മേരവദനരാകുക!
യാത്ര തുടരേണ്ടിയിരിക്കുന്നു. സോങ് സെർബുവിലേക്ക്! 23 കി.മി. നടക്കണം! ആദ്യത്തെ 7 കി.മീ. ഡോൾമാ (Salvation - മുക്തി) പാസ്സിലേക്ക്. ഇന്നത്തെ യാത്ര ക്ലേശകരമായിരിക്കുമെന്ന് ഗുഞ്ചിയിൽ വച്ച് തന്നെ ലയിസൺ ഓഫീസർ ഡോ. ധവാനും, ITBP ഡോക്ടർ നവീനും മുന്നറിയിപ്പ് നൽകിയിരുന്നു! അതിസാഹസികത അരുതെന്ന ഉപദ്ദേശം.
പ്രാണവായുവിന്റെ കുറവ് ശ്വാസതടസ്സമുണ്ടാക്കിയേക്കാം. അത്യാവശ്യ ഘട്ടത്തിൽ കൈയ്യിൽ കരുതിയിരിക്കുന്ന ചെറിയ ഓക്സിജൻ സിലിണ്ടർ (ബോഡി സ്പ്രേയുടെ വലിപ്പത്തിലുള്ളത്) ഉപയോഗിക്കണം. സ്വയം ഉപയോഗിക്കാൻ കഴിയാതെ വന്നാൽ മറ്റൊരാളുടെ സഹായം തേടണം. മൗത്ത് -ടു- മൗത്ത് പ്രാണവായു നൽകേണ്ടി വന്നാൽ അങ്ങനെയും ജീവൻ രക്ഷിക്കണം. അത് കൊണ്ട് എല്ലാവരും ഒന്നിച്ച് തന്നെ യാത്ര ചെയ്യണം. കയറ്റം കയറുന്ന അതെ വേഗത്തിലെ ഇറക്കവും ഇറങ്ങാവു. വളരെ സാവധാനം, അടിവച്ചടിവച്ച്. അതെ "Don't be Gama in the land of Lama, otherwise you'll be Paijama"!
ഉപഭൂഖണ്ഡത്തിലെ തെക്കേ അറ്റത്തെ 'ഉത്രാടപ്പാച്ചിൽ' വിശേഷങ്ങളറിയാതെ ഉറങ്ങി എണിറ്റ മലയാളിയായ ഞാനും, വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന, വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വന്ന സഹയാത്രികരും, . യാക്കുകളുടെ പുറത്ത് ഞങ്ങളുടെ ലഗേജുമായി ആരോഗ്യദൃഢഗാത്രരായ ടിബറ്റൻ നാടോടികളും. യാത്രയാരംഭിച്ചു.
കൈലാസ പാർശ്വത്തിലെ പ്രഭാതം. അകലെ കൈലാസശൃംഗം തെളിഞ്ഞ് വരുന്നു. അന്തരീക്ഷം പ്രസന്നമാണ്. ഡോൾമാ പാസ്സ് കടക്കുന്നത് വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയില്ലെന്ന് ഗൈഡ് പറഞ്ഞു.യാക്കുകൾ മേയാൻ വേണ്ടി അങ്ങും ഇങ്ങും അലഞ്ഞായിരിക്കും കയറ്റം കയറുന്നത്! യാക്കുകളുടെ പുറത്ത് സഞ്ചരിക്കുന്നവർ ഭയക്കാതിരിക്കണം. ഭയന്ന് ചേഷ്ടകൾ കാണിച്ചാൾ താഴെ വീഴാനും, വീഴ്ത്താനും സാധ്യതയുണ്ട്. മുൻ അനുഭവങ്ങൾ വിശദീകരിച്ച് ഗൈഡ് മുന്നറിയിപ്പ് നൽകി.
വസ്ത്രങ്ങൾ ചിതറിക്കിടക്കുന്നത് ശ്രദ്ധയിൽ പെട്ടു. Hill of Death - മരണത്തിന്റെ കുന്ന് കടന്ന് വേണം പോകാൻ. തീർത്ഥാടകർ യമനുമായി മുഖാമുഖം കാണുന്ന സ്ഥലം. യമദ്വാർ ! ഇവിടെ വച്ച് മരിക്കുന്നവർ ഭാഗ്യവാന്മാർ എന്ന് വിശ്വാസികൾ കരുതുന്നു! മോക്ഷവും സ്വർഗപ്രാപ്തിയും ഉറപ്പാണ് എന്ന വിശ്വാസം ഹിമാലയ മലനിരകൾ കടന്ന് യാത്ര ചെയ്യാൻ പ്രായഭേദമില്ലാതെ തീർത്ഥാടകർക്ക് ധൈര്യം നൽകുന്നു! എന്റേത് പ്രകൃതിയിലേയ്ക്കുള്ള തീർത്ഥാടന ലഹരി! ഇവിടെ ധരിച്ചിരിക്കുന്ന വസ്തങ്ങളിൽ എന്തെങ്കിലും ഉപേക്ഷിക്കുന്നു. അവിടെ വച്ച് മരിക്കുന്നു എന്ന സങ്കല്പം! വീണ്ടും ജനിക്കാനായി മരിക്കുന്നു! ഉപേക്ഷിക്കേണ്ട വസ്തങ്ങൾ മേൽ വസ്തമായി യാത്രക്കാർ ധരിച്ചിട്ടുണ്ടാകും. അങ്ങനെ വലിച്ചെറിഞ്ഞ വസ്ത്രങ്ങളാണ് ചിതറിക്കിടക്കുന്നത്! ജീവന്റെ സ്പന്ദനമുള്ള മരണ സങ്കല്പം!
താഴ്വാരങ്ങളിൽ മരിക്കുന്നവരെ സംസ്ക്കരിക്കുന്ന (?) സ്ഥലമാണത്. Heinrich Harrer അദ്ദേഹത്തിന്റെ "Seven Years in Tibet" എന്ന പുസ്തകത്തിൽ തിബറ്റൻ ശവസംസ്ക്കാര രീതിയെക്കുറിച്ചും ഒരു ശവസംസ്ക്കാരം വീക്ഷിച്ചതിന്റേയും വിശദാംശങ്ങൾ വിവരിക്കുന്നുണ്ട്, ശവശരീരങ്ങൾ കഷണങ്ങളാക്കി മരണത്തിന്റെ കുന്നിൽ എത്തിക്കും, ഹിമാലയത്തിലെ പട്ടികൾക്കും, പക്ഷികൾക്കും അത് ഭക്ഷണമാകും! വൃക്ഷകളുടെ അഭാവം വിറകിന്റെ ലഭ്യത ഇല്ലാതാക്കുന്നു. അതിശൈത്യം മൃതദേഹം മണ്ണിൽ ചേരുന്നതിന് തടസ്സമാകുന്നു. ഓരോ പ്രദേശത്തേയും കാലവസ്ഥയും മറ്റും കണക്കിലെടുത്താണ് സ്വർഗയാത്ര (?) !
'മരണത്തിന്റെ കുന്ന്' കടക്കുമ്പോൾ ശവശരീരങ്ങൾ കൊണ്ട് വയ്ക്കുന്ന സ്ഥലം കാണാൻ താല്പര്യം തോന്നി. പോകുന്ന വഴിയിൽ നിന്ന് അല്പം വ്യതിചലിച്ച് നടന്നു. അങ്ങ് ദൂരെ രോമാവൃതമായ ശരീരത്തോട് കൂടിയ ഹിമാലയത്തിലെ പട്ടികൾ! മനുഷ്യമാംസം തിന്ന് വളരുന്ന അവറ്റകളുടെ നോട്ടം ഭയപ്പെടുത്തുന്നതായിരുന്നു. മുമ്പ് പല യാത്രക്കാരെയും ഈ നായ്ക്കൾ ആക്രമിച്ചിട്ടുണ്ട്. പതുക്കെ തിരിച്ച് നടന്നു. അവർ എന്തായാലും പിന്നാലെ വന്ന് ആക്രമിച്ചില്ല. നാട്ടിലെ പോലെ പിന്നിൽ നിന്നുള്ള ആക്രമണം ഉണ്ടായില്ല!
ഡോൾമാ പാസ്സിലേയ്ക്കുള്ള യാത്ര കഠിനമായിരുന്നു. ചുരുക്കം ചിലർ യാക്കിന്റെ പുറത്തായിരുന്നു യാത്ര. ആരും ആരെയും ശ്രദ്ധിക്കാതെ, തിരിഞ്ഞ് നോക്കാതെയുള്ള യാത്ര! തമിഴ്നാട്കാരനായ ശ്രീ രാധ തളർന്ന് വീണു. ഗൈഡ് ഡേവിഡ് ഓടിച്ചെന്ന് ഓക്സിജൻ നല്കി. ഇതെല്ലാം കാണുമ്പോഴും ആരും തന്നെ താഴോട്ട് ഇറങ്ങി വന്ന് രാധയുടെ കാര്യം തിരക്കാൻ തയ്യാറായില്ല. മഹാഭാരതത്തിൽ പാണ്ഡവർ സ്വർഗാരോഹണത്തിന് പോകുമ്പോൾ ആരും തിരിഞ്ഞ് നോക്കരുത് എന്ന് പറഞ്ഞതിന്റെ സാരം അപ്പോഴാണ് മനസ്സിലായത്!! ഓരോ അടിയും അഞ്ച് പ്രാവശ്യം ശ്വാസമെടുത്ത് കയറുമ്പോൾ താഴെ വീണുപോകുന്നവരുടെ അടുത്ത് എത്തുന്നത് ശ്രമകരം തന്നെ!
ഡോൾമാ പാസ്സിലെത്തി. തൊട്ടടുത്ത് കൈലാസം! എതിർവശത്ത് axe of Karma എന്ന മലനിരകൾ. വെള്ളിമേഘ ശകലങ്ങളോട് കൂടിയ നീലാകാശം തലയ്ക്ക് തൊട്ട് മുകളിൽ. ഋഗ്വേദ സൂക്തങ്ങൾ ഉരുവിട്ട് കൊണ്ടുള്ള ഹോമം! മറ്റ് പതിമൂന്ന് പേരുടെയും ക്യാമറകൾ എന്റെ കൈയ്യിലും കഴുത്തിലും. ദൃശ്യങ്ങൾ പകർത്തുന്നതിന്റെ തിരക്കിലായിരുന്നു. മറ്റുള്ളവർ ഭക്തിപുരസരം പൂജകളിൽ മുഴുകി.
പുരാണകഥകളിലൂടെ വായിച്ചറിഞ്ഞ ഹിമാലയത്തിലൂടെ, വിവിധ സംസ്ഥാനങ്ങളില് നിന്നുള്ള ഭക്തിപരവശരായ യാത്രാ സംഘത്തിനോടൊപ്പം, പ്രകൃതിയുടെ ഭാവങ്ങള് അനുഭവിച്ചറിഞ്ഞുകൊണ്ടുള്ള യാത്ര! കൈലാസപരിക്രമണത്തിലെ ഏറ്റവും ഉയന്ന സ്ഥലമായ (19500 അടി) ഡോൾമാ പാസ്സിൽ എത്തി നില്ക്കുന്നു! ഒരു പ്രകൃതി നിരീക്ഷകനെന്ന നിലയിൽ സഹയാത്രികരുടെ വിശ്വാസത്തെ മാനിച്ച് കൊണ്ട്, ഭക്തിപരവശരായ ഒരു കൂട്ടം ആൾക്കാരോടൊപ്പം "ആള്ക്കൂട്ടത്തില് തനിയെ" യുള്ള ഒരു യാത്ര!
ജവഹര്ലാല് നെഹ്രുവിനെ വീണ്ടും ഉദ്ധരിക്കട്ടേ:
"ജനങ്ങള് ഈ കഥകളിലെ (പുരാണ) വസ്തുതാസംബന്ധിയായ ഉള്ളടക്കം വിശ്വസിക്കുന്ന പക്ഷം, അതപ്പടി അസംബന്ധവും പരിഹാസ്യവുമായിതീരുന്നു. എന്നാല് നാം അവ വിശ്വസിക്കാതാവുന്നതോടുകൂടി ഒരു പുതിയ വെളിച്ചത്തില്, പുതിയൊരു സൗന്ദര്യത്തോടും, സമൃദ്ധവും സമ്പന്നവുമായ ഒരു ഭാവനയുടെ അത്ഭുതകരമായ വികസത്തോടുംകൂടി മനുഷ്യന് വേണ്ട പാഠങ്ങള് നിറഞ്ഞവയായി അവ പ്രത്യക്ഷപ്പെടുന്നു................നേരെമറിച്ച് അവയെ നാം വിശ്വസിക്കേണ്ടിയിരുന്നുവെങ്കില്, അതെന്തൊരു കനത്ത ഭാരമാകും. ആ ഭാരവും ഭേസി ഞെരുങ്ങുന്ന നമ്മള്, അവയുടെ സൗന്ദര്യം എത്രയേറെ കാണാതെ പോകുമായിരുന്നു......"
" ധനാധിപൻ കാത്തൊരു ദിക്കിനർക്കൻ
മര്യാദവിട്ടേച്ചു തിരിച്ച നേരം
സമീരണൻ ദക്ഷിണയായദിക്കിൽ
മുഖത്തുദിച്ചു നെടുവീർപ്പിനൊപ്പം "
(സമയം തെറ്റിച്ചു കൊണ്ടു സൂര്യൻ കുബേരന്റെ ദിക്കിലേയ്ക്കു നീങ്ങി തുടങ്ങിയപ്പോൾ ദക്ഷിണദിക്കിന്റെ മുഖത്ത് നിന്നു ദുഃഖ നിശ്വാസം പോലെ, വായു വീശി.)
19500 അടി ഉയരത്തിൽ നീലാകാശത്തിലെ വെള്ളി മേഘങ്ങളെ നോക്കി നിന്നപ്പോൾ, കാമദേവനും രതീദേവിയും വസന്തനോടൊപ്പം കൈലാസപാർശ്വത്തിൽ പ്രവേശിക്കുമ്പോഴുള്ള കാളിദാസ വർണന ഓർമ വന്നു!
1997 സെപ്തംബർ 14 തിരുവോണ ദിവസമായിരുന്നു. 19500 അടി ഉയരത്തിൽ, ഡോൾമാ പാസ്സിൽ ഓണാഘോഷം! ഒരു വശത്ത് കൈലാസ ശൃംഗം മറുവശത്ത് "Axe of Karma" എന്ന മലനിരകൾ. പൂജകൾ അവസാനിച്ചപ്പോഴാണ് എന്റെ ഓണാഘോഷം ആരംഭിച്ചത്. കൈലാസത്തിൽ ഓണം ആഘോഷിക്കാനുള്ള ഭാഗ്യം എന്തായാലും 'വാമനജയന്തി'ക്കാർക്ക് ലഭിച്ചിരിക്കാൻ ഇടയില്ല!
അച്ഛൻ തന്ന് വിട്ട ശർക്കരവരട്ടി, മലയാളികളുടെ ദേശീയ ഉത്സവമായ തിരുവോണ ദിവസം അന്നാണെന്ന് അറിയിക്കുകയും, "sweet-coated banana fry" എന്ന് പറഞ്ഞ് വിതരണം ചെയ്യുകയും, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന സഹയാത്രക്കാരിൽ നിന്ന് "Happy ONAM" ആശംസകൾ ഏറ്റ് വാങ്ങി, ഓണാഘോഷം വ്യത്യസ്ത അനുഭവമാക്കി!
ചിതറി കിടക്കുന്ന വസ്തങ്ങളിൽ നിന്ന് ചെറുകഷണമോ ചെറുകല്ലുകളോ യാത്രക്കാർ എടുക്കുന്നു. യമദ്വാരിൽ വച്ച് വസ്ത്രമുപേക്ഷിച്ചു മരണപെട്ടവരുടെ പുനർജന്മമെന്ന സങ്കല്പം! പാപങ്ങളിൽ നിന്നുള്ള മോചനം, മുക്തി, മോക്ഷപ്രാപ്തി ! ഞാനും എടുത്തു ചില കല്ലുകൾ!
ഡോൾമാ പാസ്സിൽ നിന്ന് ഗൗരികുണ്ഡിലേക്ക്. "Axe of Karma" എന്ന മലനിരകൾ അനുഗമിക്കുന്നോ? ഗൗരികുണ്ഡ്, 18400 അടി ഉയരത്തിലുള്ള തടാകം. അൾട്രാവൈലറ്റ് രശ്മികളേറ്റ് പച്ച കലർന്ന നീല നിറത്തിലുള്ള ജലം കോരിയെടുക്കുമ്പോൾ തെളിനീർ ! പാർവ്വതി നീരാട്ടിന് ഉപയോഗിക്കുന്ന തടാകം! ശിവപ്രീതിക്ക് വേണ്ടി ഉഗ്രതപസ്സനുഷ്ഠിച്ച പരിസരം! വിശ്വാസികൾ വലിയ കന്നാസുകളിൽ ജലം പകർന്നടുത്ത് കൊണ്ടു പോകുന്നു. ഞാനും എടുത്തു ചെറിയൊരു കന്നാസിൽ!
"തൊടുകുറികളിലാർന്ന ചന്ദനത്തോ-
ടിടറിന മുത്തണി വിട്ടു കൂസലെന്യേ
കുളിർമുലയിണ കൂന്തളച്ചഴിക്കും
മരവിരി മാറിലണച്ചു മംഗലാംഗി " (AR)
ദൃഢനിശ്ചയത്തോടെ മരവുരി മുലകച്ച കെട്ടി തപസ്സിന് തയ്യാറുകുന്ന പാർവ്വതി! മനോഹരമായ കാളിദാസ ഭാവന ഗൗരീകുണ്ഡിന് സമീപത്ത് നിന്നല്ലാതെ മറ്റേത് സന്ദർഭത്തിലാണ് ഓർക്കാനാവുക!
"കുലമത് നഹി; പിന്നയാൾ വിരൂപൻ;
ബത! പണമോ തികയാ തുണിക്ക് പോലും;
ശിവനവനിലെടോ! വരനു വേണ്ടും
ഗുണമതതുള്ളതിലൊന്നുപോലുമുണ്ടോ?" (എ.ആർ)
കുലമഹിമയില്ലാത്ത, വിരൂപനായ, ദരിദ്രനായ വരന് വേണ്ടിയുള്ള തപസ്സാണെന്ന് പറഞ്ഞ് പിന്തിരിപ്പിക്കാൻ നോക്കിയിട്ടും പാർവ്വതി പിന്മാറുന്നില്ല!
ഉദാത്ത പ്രണയത്തിന്റെ ഗാഥ! ഹിമാലയ പശ്ചാത്തലത്തിൽ കാളിദാസ ഭാവനയുടെ ഔന്നത്യം!
ഗൗരീകുണ്ഡിന് താഴെ അല്പസമയം വിശ്രമം! യാത്രികരുടെ മുഖത്ത് തികഞ്ഞ സംതൃപ്തി ! തുടർന്നുള്ള യാത്രയിൽ ചില സ്ഥലങ്ങളിൽ കൈലാസം ദൃശ്യമാകുന്നുണ്ട്, മല നിലകൾക്കിടയിലൂടെ! യാത്ര തുടർന്നു. സോങ്സെർബുവിലേക്ക്.
കാമ്പിലെ സൗകര്യങ്ങൾ പരിമിതം! ഏറ്റവും ക്ലേശകരമായ യാത്രയായിരുന്നു, അസ്വാദ്യകരവും! യാത്രാ ക്ഷീണം കാരണം എല്ലാവരും വിശ്രമത്തിലാണ്. മയക്കത്തിൽ നിന്നുണർന്നത് കുക്ക് ഭക്ഷണം തയ്യാറായെന്ന വിവരം അറിയിച്ചപ്പോഴാണ്! ഭക്ഷണം കഴിച്ചെന്ന് വരുത്തി! എല്ലാവരും വീണ്ടും അവരവരുടെ മുറികളിലേക്ക്! അത്രയ്ക്ക് തളർന്നിരുന്നു! പുനർജനിച്ചതല്ലേ?
നിലാവ് പരന്നൊഴുകുന്നു. പുറത്ത് ഇറങ്ങാതിരിക്കുന്നതെങ്ങനെ? പുറത്ത് പൂനിലാവിന്റെ പശ്ചാത്തലത്തിൽ കൈലാസ ശൃംഗത്തിന്റെ മനോഹരകാഴ്ച! മരംകോച്ചുന്ന - അതിന് മരം എവിടെ - അല്ല കോച്ചുന്ന തണുപ്പിൽ ഞാൻ ടിൻ ഷീറ്റ് കൊണ്ട് മറച്ച ക്യാമ്പ് ഷെഡ്ഡിൽ നിന്ന് പുറത്തിറങ്ങി! സഹയാത്രക്കാരെല്ലാം ഗാഢനിദ്രയിൽ. എവിടെ നിന്നോ സംഭരിച്ച വിറക് കൊള്ളികൾ കത്തുന്നു. ആളി കത്തുന്നില്ല. ചുറ്റും വളഞ്ഞിരുന്ന് വെടി പറയുന്ന നാടോടികളുടെ അടുത്തേയ്ക്ക് ഞാൻ നീങ്ങി. എന്നിലെ 'പ്രൊലറ്റേറിയൻ ചിന്ത' (?) അവരെക്കുറിച്ചറിയാനുള്ള കൗതുകം ഉണർത്തി! എവിടെ? അവരുടെ ഭാഷയുടെ ഒരക്ഷരം പോലും മനസ്സിലായില്ല. നാടൻ വാറ്റിന്റെ ലഹരിയിൽ അവരുടെ തുറിച്ച് നോട്ടം അത്ര പന്തിയല്ലെന്ന് കണ്ടപ്പോൾ, പൂനിലാവിൽ കുളിച്ച് നില്ക്കുന്ന കൈലാസത്തെ ഒന്ന് കൂടി നോക്കിയ ശേഷം, കൂടുതൽ ആസ്വദിക്കാൻ നിൽക്കാതെ ക്യാമ്പ് ഷെഡ്ഡിലേയ്ക്ക് വലിഞ്ഞു.
ഇനി ഒരു ദിവസത്തെ യാത്ര കൂടിയുണ്ട് കൈലാസ പരിക്രമണ വലയം പൂർത്തിയാക്കി ദർച്ചനിൽ വീണ്ടും എത്താൻ......
(20) ഉർവ്വശീ ശാപം ഉപകാരമായത് പോലെ!
കന്യാകുമാരി മുതൽ കൈലാസം വരെ!
(20)
15, സെപ്തംബർ 1997. എല്ലാവരും വൈകിയാണ് ഉണർന്നത്!
യമദ്വാരിലൂടെ കടന്ന് "ദേഹി ദേഹം ഉപേക്ഷിച്ച് " ഡോൾമാ പാസ്സിൽ മുക്തി നേടി, പുനർജനിച്ച് വരുന്ന സങ്കല്പം! പാപങ്ങളിൽ നിന്നുള്ള മോചനം, വ്യഥകൾക്ക് ആശ്വാസം! ചിരകാല അഭിലാഷമായ കൈലാസ പരിക്രമണം പൂർത്തീകരിക്കാൻ പോകുന്നതിന്റെ ആഹ്ളാദം ദൃശ്യമായിരുന്നു. ഡോൾമാ പാസ്സ് കയറുമ്പോൾ തളർന്ന് പോയ തമിഴ്നാട് സ്വദേശി ശ്രീ രാധ തന്റേത് അക്ഷരാർത്ഥത്തിൽ പുനർജന്മമാണെന്ന് വിശ്വസിക്കുന്നു. ഓടി വന്ന് ഓക്സിജൻ നൽകിയ ഗൈഡ് ഡേവിഡിനെ പ്രകീർത്തിക്കാൻ വാക്കുകൾ ലഭിക്കാതെ ഉഴലുന്നു. വിവരണാതീതമായ സംതൃപ്തി സഹയാത്രികരിൽ ദൃശ്യമായി.
ഡോൾമാ പാസ്സിൽ നിന്നും ഗൗരീകുണ്ഡിൽ നിന്നും ശേഖരിച്ച വസ്തുക്കൾ പരിശോധിക്കുകയും ഭദ്രമായി ബാഗുകളിൽ സൂക്ഷിക്കുന്ന തിരക്കിലായിരുന്നു സഹയാത്രികർ.
വിശ്വാസത്തിന്റെ സുഖാനുഭൂതി താല്ക്കാലികമാണ്. വ്യഥകൾക്ക് ശമനമാകുന്നില്ല. പെയിൻ കില്ലർ പോലെ പ്രവർത്തിക്കും. അത് അത്രത്തോളം നല്ലതുമാണ്. മാനസിക ആരോഗ്യത്തിന് ഉതകുന്ന വിശ്വാസങ്ങളെ മാനിച്ച് കൊണ്ട് ഞാനും ശേഖരിച്ച കല്ലുകൾ പരിശോധിച്ചു. അതിലൊന്ന് പാർവ്വതിയുടെ പാദം പോലെയുണ്ടെന്ന് കേശവൻ അഭിപ്രായപെട്ടു. മറ്റൊന്നിന് ശിവലിംഗാകൃതിയുണ്ടെന്ന് ദശരഥയും. അത് നൽകുമോ എന്ന ചോദ്യത്തിന് എന്റെ ഉത്തരം ഇല്ല എന്നു തന്നെയായിരുന്നു. നീൽ ആംസ്ട്രോങ് ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് കൊണ്ട് വന്ന പാറകൾ പോലെ അമൂല്യമാണ് ഈ ചന്ദ്രന് ആ കല്ലുകൾ!
" അദ്ദേവനെസ്സപദി പാർത്തു വിയർത്തുകൊണ്ടു,
നീങ്ങാനെടുത്തൊരടിയൂഴിയിലൂന്നിടാതെ
കുന്നിൽ തടഞ്ഞ പുഴപോലെ കുഴങ്ങി മധ്യേ
നിന്നില്ല കന്നൽ മിഴിയൊട്ടു നടന്നുമില്ല"
വേഷം മാറി വന്ന് പാർവ്വതിയെ പിന്തിരിപ്പിക്കുന്നതിൽ പരാജയപ്പെട്ട ശിവൻ പ്രത്യക്ഷനായപ്പോൾ "വിറകൊണ്ടു ശരീരമാകെ വിയർത്തു നനഞ്ഞ്, എടുത്ത് വെപ്പാൻ ഉയർത്തിയ കാൽ ആ നിലയിൽ തന്നെ പിടിച്ചു നിൽക്കുന്ന പർവ്വതരാജപുത്രി...." !
(കുമാര സംഭവം - എ.ആർ)
ഗൗരീകുണ്ഡിൽ നിന്ന് ഞാനെടുത്ത കല്ല് പാർവ്വതിയുടെ പാദം പോലെ തോന്നിക്കുന്നു എന്ന് പറഞ്ഞപ്പോൾ മനോഹരമായ കാളിദാസ ഭാവനയിലേക്ക് കടന്ന് പോകാതിരിക്കാനായില്ല. കാളിദാസൻ ഹിമാലയം കടന്ന് കൈലാസയാത്ര നടത്തിയിട്ടുണ്ടോ? നെഹ്റു അഭിപ്രായപ്പെട്ടത് പോലെ "വിചാരത്തിന്റെയും ഭാവനയുടെയും എന്തൊരു സ്വർണഖനിയിൽ നിന്നാവണം അവ കുഴിച്ചെടുത്തത് "
12 കി.മി. യാത്ര ചെയ്യണം. മിക്കവാറും സമതലങ്ങളിലൂടെയാണ് യാത്രയെന്ന് ഗൈഡ് പറഞ്ഞിരുന്നു. സൂര്യൻ ഉദിച്ചുയർന്നതിന് ശേഷമായിരുന്നു സോങ്സെർബുവിൽ നിന്ന് ദർച്ചനിലേക്കുള്ള യാത്ര ആരംഭിച്ചത്. തിബറ്റൻ പീഠഭൂമിയിലൂടെയുള്ള യാത്ര താരതമ്യേന ആയാസരഹിതമായിരുന്നു. മലനിരകൾക്കിടയിലെ വിശാലമായ മൈതാനം! ചില സന്ദർഭങ്ങളിൽ കൈലാസ ഗൃംഗവും ദൃശ്യമായിരുന്നു. കൈകൂപ്പി 'ശിവജിയോട് ' യാത്ര ചോദിക്കുന്ന യാത്രികരുടെ നിഷ്കളങ്ക ഭാവം!
എതിരെ കുറച്ച് പേർ നടന്ന് വരുന്നു. കുട്ടികളും, ചെറുപ്പക്കാരും, വളരെ പ്രായം തോന്നിക്കുന്നവരും ആ സംഘത്തിലുണ്ട്. ടിബറ്റുകാരായ ബുദ്ധമത വിശ്വാസികളാണ്. കൈലാസപരിക്രമണത്തിന് കുടുംബസമേതം എത്തിയതാണ്. എല്ലാവരുടെയും കൈകളിൽ വടികളുണ്ട്. ഏറ്റവും പ്രായം ചെന്ന വ്യക്തി കണ്ണട വച്ചിരിക്കുന്നു. ഗൈഡ് ഡേവിഡിന്റെ സഹായത്തോടെ ആശയ വിനിമയം നടത്തി. 6 വയസ്സ് മുതൽ നൂറ് വയസ്സുവരെയുള്ളവർ സംഘത്തിലുണ്ടെന്നാണ് പറഞ്ഞത്. എല്ലാ വർഷവും കൈലാസ പരിക്രമണം നടത്തുന്നവർ. അവരുടെ ചിത്രങ്ങളെടുക്കുന്നതിൽ അവർക്ക് സന്തോഷം. ശബരിമല യാത്ര പോലെ കൈലാസയാത്ര ചെയ്യുന്നവർ.
ഷൂസ് നനയാതെ നീർച്ചാലുകൾ ചാടി കടന്നും, ചില സ്ഥലങ്ങളിൽ വീതി കൂടിയ ചാലുകൾക്ക് കുറുകെയുള്ള താല്ക്കാലിക പാലത്തിലൂടെയും, യാത്ര തുടർന്നു. ചരിവുള്ള പ്രദേശങ്ങളിൾ പതഞ്ഞൊഴുകുന്ന അരുവികൾ ഷൂസഴിച്ച് കൈകളിലേന്തി നടന്ന് തന്നെ കടന്നു.
മുന്നിൽ വിശാലമായ മൈതാനം. ബർക്കാ സമതലം. മേഘങ്ങളുടെ പഞ്ഞി കെട്ടുകൾ തലയ്ക്ക് തൊട്ടു മുകളിൽ. അതിന് മേലെ നീലാകാശത്ത് കാറ്റ് വലിച്ചെടുത്തോടുന്ന വെള്ള തൂവാലകൾ!
കൈലാസ ശൃംഗത്തെ മേഘങ്ങൾ മറയ്ക്കുന്നു, മലനിരകളും. മഹാവിസ്ഫോടനത്തിന് ശേഷം ഭൂമി തണുത്തുറഞ്ഞ് ഈ നിലയിലാകാൻ എത്ര കോടി വർഷമെടുത്തു കാണും. " സുന്ദരമായ ഈ ഭൂമിയിലെ " "മനുഷ്യൻ എത്ര സുന്ദരമായ പദം "!
ചെറിയൊരു കുന്നിലേക്ക് വഴി നീളുന്നു! അവിടെ അല്പം വിശ്രമം. കരുതിയിരുന്ന പൂരിയും സബ്ജിയം അവിടെ വച്ച് കഴിച്ചു. സമീപത്ത് കൂടെ ഒഴുകുന്ന അരുവിയിലെ ജലം പാനയോഗ്യമാണെന്നും ഔഷധഗുണമുണ്ടെന്നും ഗൈഡിന്റെ ഭാഷ്യം. വിശ്വസിച്ചു കുടിച്ചു.
സൂര്യന്റെ രശ്മികൾക്ക് തീഷ്ണതയേറുന്നു. ടിന്റഡ് സൺഗ്ലാസ്സ് പൗച്ചിൽ നിന്നെടുത്ത് ധരിച്ചു. മൈതാനത്ത് വീശന്ന കാറ്റിൽ പൊടിപടലങ്ങൾ! ബാലക്ലാവ എടുത്ത് മുഖവും ചെവികളും മറച്ച് ധരിച്ചു. കൈലാസത്തിന്റെ മറ്റൊരു ദൃശ്യം! ഗൈഡിന് ക്യാമറ നൽകി കൈലാസശൃംഗത്തിന് മുന്നിൽ നിന്നൊരു 'ഫോട്ടോം പിടിച്ചു'.
സോങ്സെർബുവിൽ നിന്ന് തിരിച്ച് നാല് മണിക്കൂർ കഴിഞ്ഞപ്പോൾ ദർച്ചനിലെത്തി. അങ്ങനെ 52 കി.മി. ചുറ്റി കൈലാസ പരിക്രമണം പൂർത്തിയാക്കി. ഒരു മിത്തിന്റെ പ്രഭവസ്ഥാനത്തേയ്ക്കുള്ള യാത്ര. മിത്തും യാഥാർത്ഥവും തിരിച്ചറിയാനുള്ള ശ്രമം!
രാത്രിയിലെ ഒത്തു ചേരൽ! യാത്രാനുഭവങ്ങളുടെ വിശദമായ ചർച്ച. അമരനാഥ യാത്രയും, ചുതുർധാം യാത്രയും, സിന്ധുദർശനും! ആ യാത്രകളിൽ പങ്കെടുക്കാൻ കഴിഞ്ഞവർ അനുഭവങ്ങൾ പങ്കുവച്ചു. ജൈനമത വിശ്വാസിയായ ദശരഥ ഋഷഭദേവന്റെ കഥ പറഞ്ഞു. ജൈനമതത്തിലെ ആദ്യ തീർത്ഥങ്കരനായ ഋഷഭദേവൻ കൈലാസപാർശ്വത്തിലുള്ള അഷ്ടപദ് എന്ന സ്ഥലത്താണ് സമാധിയായത്.
അയോധ്യയിൽ ജനിച്ച ഋഷഭനാഥൻ. അദ്ദേഹത്തിന് രണ്ട് ഭാര്യമാർ സുനന്ദയും സുമംഗലയും. 100 പുത്രന്മാരും 2 പുത്രിമാരും. സുന്ദരിയും ബ്രാഹ്മിയും. ഭരത ചക്രവർത്തിയും ബാഹുബലിയും ഋഷഭനാഥന്റെ പുത്രന്മാരാണ്. ബാഹുബലിയുടെയും സുന്ദരിയുടെയും അമ്മ സുനന്ദ. ഭരത ചക്രവർത്തിയുടെയും ബ്രാഹ്മിയുടെയും മാതാവ് സുമംഗല.
ഋഷഭനാഥന്റെ ഡർബാറിൽ ദേവേന്ദ്രൻ സംഘടിപ്പിച്ച നൃത്തത്തിൽ ദേവനർത്തകയായ നിലജ്ഞന കഠിനമായ നൃത്തചുവടുകൾ കാരണം മരിക്കുന്നു. ജീവതത്തിന്റെ നശ്വരതയിൽ ദുഃഖാർത്തനായി ഋഷഭനാഥൻ രാജ്യ ഭരണം ഉപേക്ഷിക്കുന്നു. അയോധ്യയിലെ അശോകമരചുവട്ടിൽ 13- മാസം ജലപാനമില്ലാതെ ഋഷഭനാഥൻ ധ്യാനത്തിലിരുന്നു. നിരാഹാരം അവസാനിപ്പിക്കുന്ന സന്യാസിമാർക്ക് ആദ്യമായി നൽകേണ്ട പാനീയമെന്താണെന്ന് അന്ന് ആർക്കും അറിയില്ലായിരുന്നു. വൈശാഖ മാസത്തിലെ വെളുത്ത വാവ് കഴിഞ്ഞ് മൂന്നാം ദിവസം ഋഷഭനാഥന്റെ പൗത്രൻ ശ്രേയസേനൻ അദ്ദേഹത്തിന് കരിമ്പിൻ നീര് നൽകി നിരഹാരം അവസാനിപ്പിക്കുന്നു. ആദ്യ ആഹാരം നൽകിയ ദിവസം അക്ഷയത്രിദീയയായി കണക്കാക്കുന്നു. അന്ന് അന്നദാനത്തിനുള്ള ദിവസമാണ്. മാഘമാസത്തിലെ പതിനാലാമത്തെ ദിവസം കൈലാസപാർശ്വത്തിലെ അഷ്ടപദ് എന്ന സ്ഥലത്ത് വച്ച് ഋഷഭദേവൻ സമാധിയടഞ്ഞു. ദശരഥ വിശദമായി പറഞ്ഞ കൈലാസത്തെ സംബന്ധിച്ച മറ്റൊരു മിത്തിന്റെ ചുരുക്കം ഇങ്ങനെയാണ്.
ദശരഥ ഗൈഡിനോട് ചോദിച്ച് ആ സമാധി സ്ഥലം എവിടെയാണെന്ന് മനസ്സിലാക്കിയിരുന്നു. പോകാനുള്ള ശ്രമവും നടത്തി. പക്ഷേ സന്ധ്യയ്ക്ക് മുമ്പ് തിരിച്ച് വരാനുള്ള സമയമില്ലാത്തത് കൊണ്ട് നടന്നില്ല.
കഥ പറച്ചിൽ പലരേയും ഉറക്കത്തിലേക്ക് നയിച്ചു. കൈലാസപരിക്രമണ ദിവസം അങ്ങനെ അവസാനിച്ചു.
സെപ്തംബർ 16, 1997. രാവിലെ 11.30 യ്ക്ക് ഡോ: ധവാന്റെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘം മാനസസരസ്സ് പരിക്രമണം പൂർത്തിയാക്കി ദർച്ചനിലെത്തി. അടുത്ത ദിവസം അവർ കൈലാസപരിക്രമണത്തിന് പോകും, ഞങ്ങൾ പോയി വന്ന വഴികളിലൂടെ. ഞങ്ങൾ അവർ വന്ന ട്രക്കിൽ തന്നെ മാനസസരസ്സ് പരിക്രമണത്തിനായി ഹോറെക്ക് പോകേണ്ടതായിരുന്നു. പക്ഷേ ട്രക്ക് തകരാറിലായി. ഇനി തക്ലാകോട്ട് പോയി മറ്റൊരു ട്രക്കുമായി വരണം. ഹോറെക്ക് പോകുന്നത് അടുത്ത ദിവസം. ഒരു ദിവസം കൂടി ദർച്ചനിൽ തങ്ങേണ്ടി വന്നു.
എല്ലാവരുടെയും മുഖത്ത് സംതൃപ്തിയുടെ പുഞ്ചിരി. യാത്രാനുഭവങ്ങൾ പരസ്പരം പങ്കുവച്ചു. മനസസരസ്സ് കാഴ്ചയുടെ വിവരണങ്ങൾ ഞങ്ങളെ വല്ലാതെ ഹരം കൊള്ളിച്ചു. ഞങ്ങൾ നൽകിയ വിവരങ്ങൾ അവരെയും ആകാംക്ഷാഭരിതരാക്കി.
15 പേർ തങ്ങുന്നിടത്ത് മുപ്പത് പേർ. അസൗകര്യം അനുഭവപ്പെട്ടില്ല. പരസ്പരം അനുഭവങ്ങൾ പങ്കുവച്ച് യാത്രയുടെ ആസ്വാദ്യത വർദ്ധിപ്പിക്കുന്നവർക്ക് സ്ഥലപരിമിതി ഒരു വിഷയമേ ആയില്ല. സംഘം ചേർന്നുള്ള യാത്രകളുടെ വിജയവും അത് തന്നെ. സ്വാർത്ഥ താല്പര്യമുള്ള ഒരു വ്യക്തിയെങ്കിലും ഉണ്ടായാൽ ആ യാത്ര അലങ്കോലമായത് തന്നെ! ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വന്ന ഞങ്ങൾ 'കൊണ്ടും കൊടുത്തും', വാസയോഗ്യമല്ലാത്ത, സഞ്ചാരയോഗ്യമല്ലാത്ത പ്രദേശങ്ങളിലൂടെ സഞ്ചരിച്ച്, യാത്രയ്ക്ക് യോജിച്ച പരസ്പരസഹായസംഘമായി മാറി കഴിഞ്ഞിരുന്നു.
ദർച്ചനിൽ ഒരു ദിവസം കൂടി ലഭിച്ച സ്ഥിതിക്ക് അഷ്ടപദയാത്രയുടെ സാധ്യതയെക്കുറിച്ച് ഗൈഡിനോട് സംസാരിച്ചു. കൊണ്ടുപോകാൻ തയ്യാറാണ് പക്ഷേ കൈലാസ-മാനസസരസ്സ് യാത്രയിൽ ഉൾപ്പെടാത്ത സ്ഥലമായതിനാൽ ക്യാമറകൾ എടുക്കാൻ പാടില്ല.
ദശരഥയും ഭാര്യയും, മകളും. ഞാനും അഷ്ടപദിൽ പോകാൻ തയ്യാറായി. മൈതാനത്ത് കൂടെ, ചെറിയ നീർച്ചാലുകൾ താണ്ടി, ചെറിയ ചെറിയ മലമടക്കുകൾ കയറിയും ഇറങ്ങിയും ഒരുയർന്ന പ്രദേശത്ത് എത്തി.
മുന്നിൽ പ്രകൃതിയുടെ കലാവൈഭവം! കൈലാസത്തിന്റെയും, മാനസസരസ്സിന്റെയും, രാക്ഷസ്തൽ, ഗുർലാമന്ധാത കെടുമുടി. മഞ്ഞണിഞ്ഞ മലനിരകൾ എന്നിവയുടെ ഒന്നിച്ചുള്ള കാഴ്ച! തടാകങ്ങളിൽ മഞ്ഞണിഞ്ഞ മലനിരകളുടെ പ്രതിബിംബം. സൂര്യകിരണങ്ങളുടെയും മേഘശകലങ്ങളുടേയും ഒളിച്ച്കളി മലനിരകളിൽ നിഴലും വെളിച്ചവും മാറി മാറി സൃഷ്ടിക്കുന്നു! പ്രകൃതിയുടെ വിശാലമായ രംഗപടം, കലാസംവിധാനം! അനുപമം അവർണനീയം! ട്രക്ക് തകരാറിലായത് ഒരനുഗ്രഹമായി. പുരാണ ശൈലിയിൽ തന്നെ പറയാം. ഉർവ്വശീ ശാപം ഉപകാരമായത് പോലെ!
ഋഷഭദേവന്റെ സമാധിസ്ഥലത്ത് ദശരഥയും കുടുംബവും പൂജകൾ നടത്തി! കല്ലുകൾ കൂട്ടി വച്ചതിന്റെ പുറത്ത് വീണ്ടും കല്ലുകൾ വച്ചു. നൂറ്റാണ്ടുകളായി വന്ന് പോകുന്നവർ വയ്ക്കുന്ന കല്ലുകളുടെ കൂമ്പാരങ്ങൾ തിബറ്റിലുടനീളം കാണാം. ഒരു പ്രാർത്ഥനാ രീതി!
3 മണിക്കൂർ എടുത്തു അഷ്ടപദ് യാത്രയ്ക്ക്. കണ്ട ദൃശ്യങ്ങൾ സഹയാത്രികരെ പറഞ്ഞ് കേൾപ്പിച്ചു. സഹയാത്രികരിൽ നഷ്ടബോധം ഉളവാക്കുന്നതിൽ ഞാനും ദശരഥയും വിജയിച്ചു.
അടുത്ത ദിവസം മാനസസരസ്സ് പരിക്രമണത്തിന് വേണ്ടി ഹോറെയ്ക്ക് തിരിക്കണം! മാനസസരസ്സ് പരിക്രമണം കഴിഞ്ഞ് വന്നവർ കൈലാസപരിക്രമണത്തിനും ! ഡോ. ധവാൻ വിശദീകരിച്ചു. എല്ലാവർക്കും സുഖനിദ്ര ആശംസിച്ചു.
(21) സ്വപ്നമായിരുന്നെന്ന് തിരിച്ചറിഞ്ഞപ്പോൾ ലഭിച്ച യാഥാർത്ഥ്യബോധത്തിന്റെ മധുരം
കന്യാകുമാരി മുതൽ കൈലാസം വരെ!
(21)
സെപ്തംബർ 17, 1997. അതിരാവിലെ ഉണർന്നപ്പോൾ ഡോ: ധവാന്റെ അമ്പരപ്പിക്കുന്ന ചോദ്യം. "You want cremation"? തലേ ദിവസം ഉറക്കത്തിൽ 'I want cremation' എന്ന് ഇടയ്ക്കിടയ്ക്ക് ഞാൻ വിളിച്ച് പറയുന്നുണ്ടായിരുന്നു എന്നാണ് സഹയാത്രക്കാർ പറഞ്ഞത്.
തലേ ദിവസം രാത്രി ഡയറിയിൽ അനുഭവങ്ങൾ കുറിക്കുന്നതിനിടയിൽ Heinrich Harrer എഴുതിയ " Seven Years in Tibet" എന്ന പുസ്തകത്തിൽ തിബറ്റൻ ശവസംസ്ക്കാര രീതി വിവരിച്ചത് വായിച്ചിരുന്നു. (പുസ്തകത്തിൽ നിന്നുള്ള പ്രസക്തഭാഗങ്ങൾ അടങ്ങിയ ഡയറി സൂക്ഷിച്ചിരുന്നു.)
മരിച്ച വ്യക്തിയുടെ വീടിന് മുകളിൽ അലങ്കരിച്ച് നാട്ടിയിരുന്ന പൈൻ മരത്തിന്റെ ചില്ല എടുത്തു മാറ്റുന്നു. അടുത്ത ദിവസം ശവകച്ചകൊണ്ട് പൊതിഞ്ഞ് കെട്ടിയ ശവശരീരം ശവമഞ്ചലിൽ മലമുകളിലെ ചുടലക്കാട്ടിൽ എത്തിക്കുന്നു. മൂന്ന് പരികർമികൾ മാത്രം. കഴുകന്മാരും നായ്ക്കളും കാത്ത് നിൽക്കുന്ന സ്ഥലം. ഒരാൾ മൃതദേഹത്തെ ഛേദിക്കുന്നു.. മറ്റൊരാൾ മന്ത്രങ്ങൾ ഉരുവിട്ട്കൊണ്ട് ചെറിയൊരു ഡ്രം കൊട്ടുന്നു. മൂന്നാമൻ ആർത്തിയോടെ പറന്നടുക്കുന്ന കഴുകന്മാരെയും നായ്കളേയും ആട്ടി ഓടിക്കുകയും മറ്റ് രണ്ട് പേർക്ക് ഇടയ്ക്കിടയ്ക്ക് മദ്യം പകർന്ന് നൽകുന്നു. ചെറു പക്ഷികൾക്ക് ഭക്ഷിക്കാൻ കഴിയുന്ന രൂപത്തിൽ എല്ലുകളേയും നുറുക്കുന്നു.
1930 കളുടെ അവസാനവും 40 കളുടെ ആദ്യവുമാണ് ആസ്ത്രിയൻ പർവ്വരോഹകനായ Heinrich Harrer തിബറ്റ് സന്ദർശിക്കുന്നത്. അന്ന് നിലവിലുള്ള ഈ ശവസംസ്ക്കാര രീതി ഇന്നും തുടരുന്നുണ്ടോയെന്ന് തീർച്ചയില്ല. ലാമാന്മാരുടെ ശവസംസ്ക്കാര രീതി ദഹിപ്പിക്കൽ തന്നെ. ഇടത്തരക്കാരുടെ ചെലവേറിയ ശവസംസ്ക്കാര രീതിയാണ് മുകളിൽ വിശദീകരിച്ചത്! ദരിദ്രർ മൃതദേഹങ്ങൾ നദികളിലെറിയുന്നു. "ആത്മാവ് നഷ്ടപ്പെട്ട" ശരീരത്തിന്റെ ഒരു ഭാഗവും ഭൂമിയിൽ അവശേഷിക്കരുതെന്ന മതവിശ്വാസമാണ് ഈ പൈശാചിക പ്രവർത്തിക്ക് നിദാനമെന്ന് Heinrich Harrer പറയുന്നു. വിറകിന്റെ ലഭ്യത കുറവ് ദഹിപ്പിക്കുന്നത് ചെലവേറിയതാക്കുന്നതും, അതിശൈത്യത്തിൽ മൃതദേഹം മണ്ണിനോട് ചേരുന്നതിന് തടസ്സമാകുന്നതും "സ്വർഗയാത്ര" ഈ രീതിയിലായതിന് കാരണമാകാം!
ജർമൻകാരന്റെ മരണവും "യമദ്വാരിലൂടെ" കടന്ന് പോയതും എന്റെ ഉപബോധമനസ്സിൽ ഉറച്ച് പോയ 'സ്വർഗയാത്ര'(?)യ്ക്ക് വിഘാതമാകുമോ എന്ന ഭയമാകാം ഞാൻ 'cremation' ആവശ്യപ്പെട്ടത് !! ഹിമാലയസാനുക്കളിൽ എവിടെയോ ഒറ്റപ്പെട്ടുപോയ ഞാൻ ഉറ്റവരെ ഇനി കാണാൻ കഴിയില്ലെല്ലോ എന്ന് വിലപിച്ചത് ഓർക്കുന്നു. ഞെട്ടിയുണർന്ന് സ്വപ്നമായിരുന്നെന്ന് തിരിച്ചറിഞ്ഞപ്പോൾ ലഭിച്ച യാഥാർത്ഥ്യബോധത്തിന്റെ മധുരം ഒന്ന് വേറെ തന്നെയാണ്.
ഡോ: ധവാൻ നേതൃത്വം നൽകുന്ന 15 പേരടങ്ങുന്ന സംഘം കൈലാസപരിക്രമണത്തിന് തയ്യാറെടുത്തു. ശുഭയാത്ര നേർന്നുകൊണ്ട് അവരെ യാത്രയാക്കി. മാനസസരസ്സ് പരിക്രമണത്തിന് വേണ്ടി ഹോറെക്ക് പോകാൻ ഞങ്ങളും റെഡി.
അത്യാവശ്യം വേണ്ട സാധനങ്ങൾ എടുത്തിട്ട് മറ്റു ലഗേജുകൾ ഒരു ട്രക്കിൽ കയറ്റി. ഇത് ഞങ്ങൾ മാനസസരസ്സ് പരിക്രമണം പൂർത്തിയാക്കി സെയ്ദിയിൽ (Zaidi) എത്തുപ്പോൾ അവിടെ എത്തിക്കും. ഞങ്ങൾ മറ്റൊരു ട്രക്കിലും.
ദർച്ചനിൽ നിന്ന് ഹോറേയിലേക്ക് 40 കി.മീ ദൂരം. ദുർഘടം പിടിച്ച വഴി. 3 മണിക്കൂർ സമയമെടുക്കുമെന്ന് ഗൈഡ് പറഞ്ഞു. ഉരുളൻ കല്ലുകൾക്ക് മുകളിലൂടെ ആടിയുലഞ്ഞുള്ള യാത്ര. അരുവികളിൽ പുതഞ്ഞ് പോകാതെ അക്കരെ എത്തിക്കുന്ന ഡ്രൈവിംങ് വൈദഗ്ധ്യം! എന്റെ തൊട്ടടുത്ത് രണ്ട് വിദേശികൾ. ആസ്ട്രിയക്കാരി മോണിക്ക - Monika Thullner, സ്വിറ്റ്സർലൻഡ് സ്വദേശി അൻഡ്രിയാസ് എന്നിവർ. മോണിക്ക വിദ്യാർത്ഥിനിയാണ്. ജോഗ്രഫിയും ഇംഗ്ലീഷും വിഷയങ്ങൾ. വിവിധ രാജ്യങ്ങൾ സന്ദർശിച്ച് തിബറ്റിലെത്തി. ആഡ്രിയാസ് ആർക്കിടെക്കാണ്! തിബറ്റിൽ, തക്ലാകോട്ട് ഒരു ആശുപത്രി കെട്ടിടം പണിയാൻ വേണ്ടി വന്നതാണ്. ലാസയ്ക്ക് പോകുന്നു. ഹോറെയിൽ നിന്ന് ലാസയ്ക്ക് റോഡ് മാർഗമുണ്ട്. പ്രഭാത ഭക്ഷണം ഞങ്ങൾ നൽകി. പൂരിയും സബ്ജിയും കേസരിയും. അവർ രുചിയോടെ അത് കഴിച്ചു. പൊതികളും നൽകി. സന്തോഷത്തോടെ അവരതും സ്വീകരിച്ചു.
മനോഹരമായ ഒരു പുൽത്തകിടിയിലൂടെ വാഹനം കടന്ന് പോകുന്നു. ഡ്രൈവറുടെ പ്രകൃതി നിരീക്ഷണ ബോധത്തിന് നന്ദി. ട്രക്ക് നിർത്തി. വിശാലമായ പുൽത്തകിടിക്ക് ഹിമാലയത്തിലെ തരുനിരകളിലെ പോലെ പച്ച നിറമല്ല. ചുറ്റും മഞ്ഞണിഞ്ഞതും അല്ലാത്തതുമായ മലനിരകൾ. നീലാകാശത്ത് തൂവെള്ള മേഘകെട്ടുകൾ. അവിടെ ചടഞ്ഞിരുന്ന് യാത്രക്കാരിൽ ചിലർ വിശ്രമിക്കുന്നു. ഞാനും മറ്റു ചിലരും ഒരു ദിശയിലേക്ക് നടന്നു. ദശരഥയും കുടുംബവും എതിർദിശയിലേക്കും! ഇവിടെയുമുണ്ട് ഓടി കളിക്കുന്ന വാലില്ലാ എലികൾ. മലനിരകളുടെ മനോഹാരിത വീക്ഷിച്ച് കൊണ്ട് മൂത്രശങ്കയ്ക്ക് പരിഹാരവുമായി.
നിലാകാശത്ത് മേഘങ്ങളുടെ ഭാവം മാറുന്നു. മേലങ്ങൾക്ക് ശ്യാമ ശോഭ! കാർമേഘശകലങ്ങൾ ഒഴുകി വരുന്നു. പ്രിയതമയ്ക്കുള്ള സന്ദേശവുമായി വിരഹാർത്തനായ യക്ഷന്റെ രാമഗിരിയിലെ ആശ്രമത്തിൽ നിന്ന് അളകാപുരിയിലേക്ക് പോകുന്ന മേഘങ്ങളാണോ?
"മാരിക്കാർ കണ്ടു കുന്നിൻ ചെരിവിലുരുമദം
കൊമ്പുകുത്തികളിക്കും -
ഹാരിത്വം പൂണ്ടൊരാനത്തലവനൊടു സമാ-
നാഭമാടിപ്പിറപ്പിൽ "
"തിണ്ടുകുത്തി കളിക്കുന്ന ആനയുടെ ഭംഗിയുള്ള കാർമേഘം "!
"പൊന്നാരക്കൂൺ മുളപ്പിച്ച ബഹുളഫലോ-
പേതമാക്കാൻ സമർത്ഥം
നിൻനാദം ശ്രോത്രപേയം ചെവിയിലണകയാൽ
മാനസോൽക്കങ്ങളായി
തിന്നാൻ മാർഗ്ഗത്തിൽ വേണ്ടും ബിസമുളകളൊടേ
രാജഹംസങ്ങൾ കൂട്ടായ്
വന്നാക്കൈലാസശൈലംവരെയുമനുഗമി-
ച്ചീടുമേ നിന്നെ വാനിൽ."
(മേഘദൂതം - വിവർത്തനം മഹാകവി ജി. ശങ്കരക്കുറുപ്പ്)
"കൂണുകൾ മുളപ്പിച്ച് ഭൂമിയെ സമ്പന്നയാക്കാൻ പോന്നതും ചെവികൾക്കിമ്പം നൽകുന്നതുമായ അങ്ങയുടെ ഗർജ്ജനംകേട്ടു മാനസസരസ്സിലെത്താൻ വെമ്പി ഇളംതാമരവളയങ്ങളെ പാഥേയമാക്കിയെടുത്ത രാജഹംസങ്ങൾ ആകാശത്തു കൈലാസപർവ്വതംവരെ താങ്കൾക്കു കൂട്ടുകാരായി വരികയും ചെയ്യും."
(വിവർത്തനം - ഡോ: സുധാംശു ചുതുർവേദി)
ഇടിയും മഴയും ജീവജാലങ്ങളിലുണ്ടാക്കുന്ന മാറ്റവും ഭൂമിയിൽ കൂണുകൾ മുളയ്ക്കുന്നത് എല്ലാം കൈലാസ മാനസസരസ്സ് പശ്ചാത്തലത്തിലുള്ള ഭാവന! നിശ്ചയമായും മഹാകവി കാളിദാസൻ നൂറ്റാണ്ടുകൾക്ക് മുമ്പ് ഞങ്ങൾ പോകുന്ന വഴിയിലൂടെ സഞ്ചരിച്ചിരിക്കും!
ആകാശത്തേക്ക് നോക്കിയിരുന്നു. മാനസസരസ്സിലെ ഇളംതാമരവള്ളികൾ പാഥേയമാക്കിയ രാജഹംസങ്ങളുണ്ടോ? പൊതിഞ്ഞു കൊണ്ടുവന്ന പുരിയും സബ്ജിയും ഞങ്ങളുടെ പാഥേയം!
ട്രക്കിന്റെ ഹോൺ മുഴങ്ങി! വീണ്ടും ആടിയും ഉലഞ്ഞുമുള്ള ട്രക്ക് യാത്ര! ഇടയ്ക്ക് യാത്രാരേഖകൾ പരിശോധിക്കാൻ ചൈനീസ് ഉദ്യോഗസ്ഥർ വാഹനം തടഞ്ഞു നിർത്തി. മോണിക്കയും ആൻഡ്രിയാസും പതുങ്ങുന്നുണ്ടായിരുന്നു. ലാസായിലേക്ക് പോകാൻ മതിയായ യാത്രാരേഖകളില്ലെന്ന് മനസ്സിലായി. കൈലാസ്-മാനസസരസ്സ് യാത്രക്കാരാണെന്നറിഞ്ഞപ്പോൾ കൂടുതൽ പരിശോധനയുണ്ടായില്ല. മോണിക്കയുടെ മുഖത്തൊരു മോണാലിസ പുഞ്ചിരി!
ഉച്ചയോടെ ഹോറെയിലെത്തി. അത്ര വലിയ സൗകര്യങ്ങളൊന്നുമില്ലാത്ത ക്യാമ്പ്. OD, Open defecation - ന് വിശാലമായ സൗകര്യം! ചെറിയൊരു ഗ്രാമം. യാത്രാ രേഖകൾ പരിശോധിക്കാനുള്ള സംവിധാനം ഇവിടെയും ഏർപ്പെടുത്തിയിട്ടുണ്ട്. ലാസയിലേക്ക് പോകാനുള്ള റോഡുമാർഗ്ഗവും ഇവിടെ നിന്നുണ്ട്. ദലൈലാമയുടെ ആസ്ഥാനമായിരുന്ന പൊട്ടാല പാലസ് സ്ഥിതി ചെയ്യുന്നത് ലാസയിലാണ്.
മാനസരസ്സ് പരിക്രമണത്തിനുള്ള കുതിര ആവശ്യമുള്ളവർ ഇവിടെ നിന്ന് ഏർപ്പാടാക്കണം. കുതിരക്കാരുടെ വില പേശൽ ബഹളം. ശ്രീ കേശവനും ഗൈഡും ചേർന്ന് ആവശ്യമുള്ളവർക്ക് കുതിരകളെ ഏർപ്പാടാക്കി. ഓരോ കുതിരക്കും 170 യുവാൻ വാടക. 75 കി.മീ ആണ് പരിക്രമണ വളയം. 2 ദിവസം എടുത്ത് പൂർത്തിയാക്കണം. ഞാനും മറ്റു ചില സഹയാത്രികരും നടക്കാൻ തന്നെ തീരുമാനിച്ചു.
ഉച്ചയ്ക്ക് കടിയും (ചെറുപരിപ്പും പച്ചരിയും ചേർത്തുള്ളൊരു വിഭവം) ദാലും പ്രരിപ്പ് കറി) കഴിച്ച് നടക്കാനിറങ്ങി. വേലി കെട്ടിതിരിച്ച ഒരു പ്രദേശം, മധ്യത്തിലൊരു ഷെഡ്. അതിന് മുന്നിൽ നാട്ടിയിരിക്കുന്ന നക്ഷത്രാംങ്കിത രക്തപതാക! തിബറ്റിന് നൽകിയ സ്വയംഭരണത്തിലെ ചൈനീസ് നിയന്ത്രണമാകാം!
കുറച്ച് കൂടി മുന്നോട്ട് നടന്നു. ചെറിയൊരു അരുവി. കാൽമുട്ടുവരെ മാത്രമേ വെള്ളമുള്ളൂ! ഏതായാലും ഇരുന്നുമുങ്ങിയൊരു കുളി. നല്ല തണുപ്പ് 'പൈജാമ' ആകണ്ടന്ന് കരുതി വേഗം പൈജാമധരിച്ചു, മറ്റ് വസ്ത്രങ്ങളും! ധൃതിയിൽ ക്യാമ്പിലെത്തി ഭക്ഷണം പാകം ചെയ്യുന്ന അടുക്കളയിലേക്ക് നടന്നു. പാചകത്തിൽ സഹായിക്കാൻ. തണുപ്പകറ്റാനാണെന്ന് ആരും മനസ്സിലാക്കിയില്ല!
ഭക്ഷണത്തിന് ശേഷം പതിവ് ഒത്തുകൂടൽ, നല്ല കാലാവസ്ഥയിൽ കൈലാസപരിക്രമണം പൂർത്തിയാക്കാൻ കഴിഞ്ഞതിൽ എല്ലാവർക്കും സന്തോഷം. ശില്പയുടെ ഗാനാലാപനം. ശ്രുതിമധുരമായി പാടുന്നത് കൊണ്ട് വീണ്ടും വീണ്ടും പാടുവാൻ നിർബന്ധിക്കുന്നു! നല്ല തണുപ്പനുഭവപ്പെടുന്നു! മാനസ സരോവരം! കാണാനിരിക്കുന്നത് " ബ്രഹ്മാവിന്റെ മനസ്സിൽ രൂപം കൊണ്ട തടാകം"! അതിലെ ഓളങ്ങൾ ഞങ്ങളുടെ മനസ്സിലും ......!
(22) സ്വർണകമലവും സർണവർണ അരയന്നവും?
കന്യാകുമാരി മുതൽ കൈലാസം വരെ!
(22)
18, സെപ്തംബർ 1997. മാനസസരോവർ പരിക്രമണം ആരംഭിക്കുകയാണ്. ലോകത്തിന്റെ മുകൾ തട്ടിലുള്ള ആ തടാകത്തിന്റെ സവിശേഷതകളെപ്പറ്റി വളരെയധികം വായിച്ചിരുന്നു. പുരാണങ്ങളിലെ ചമൽക്കാര സുന്ദരമായ കഥകൾ ! മേഘദൂതത്തിലെ കാളിദാസന്റെ ഭാവന. ഹിമലയത്തിലെ ദുർഘടമായ വിവിധ മലയിടുക്കുകളിലൂടെ തിബറ്റിലേക്കും കൈലാസ-മാനസസരോവരിലേക്കും യാത്ര ചെയ്തവരുടെ അനുഭവസാക്ഷ്യങ്ങൾ. ഇതെല്ലാം കാണാനിരിക്കുന്ന മാനസസരോവരിനെക്കുറിച്ച് ഒരു ധാരണ മനസ്സിലുറച്ചിരുന്നു.
23 കൈലാസപരിക്രമണങ്ങൾ! 25 പ്രാവശ്യം മാനസസരസ്സ് ചുറ്റിവരിക! എല്ലാ കാലവസ്ഥയിലും, തുടർച്ചയായി 18 മാസം മാനസരരോവർ തീരത്ത് താമസിച്ച്, മാനസസരരോവരിലൂടെ ബോട്ട് യാത്ര ചെയ്ത, രാക്ഷസ തടാക (രാക്ഷസതൽ) ത്തിലെ രണ്ട് ചെറു ദ്വീപുകളിൽ ആദ്യമായി കാലു കുത്തിയ ഇന്ത്യാക്കാരൻ! സ്വാമി പ്രണവാനന്ദ എന്നാണ് അദ്ദേഹത്തിന്റെ പേര്.
ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിലെ ഒരു ഗ്രാമത്തിൽ 1896-ലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ പൂർവ്വാശ്രമത്തിലെ പേര് കനകനന്ദി വെങ്കിട സോമയാജുലു. ലാഹോറിലെ DAV കോളേജിൽ നിന്ന് 1919-ൽ ബിരുദം നേടി റെയിൽവേയിൽ ലാഹോറിൽ തന്നെ ജോലി നോക്കി വരുമ്പോൾ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനായി ജോലി രാജിവച്ച് ഈസ്റ്റ് ഗോദാവരി ജില്ലയിലെ മുഴുവൻ സമയ കോൺഗ്രസ്സ് പ്രവർത്തകനായി മാറി.
അദ്ദേഹത്തിന്റെ ഗുരു "സ്വാമി-ശാസ്ത്രജ്ഞനായ" ഡോ: ജനനാനന്ദജിയുടെ നിർദ്ദേശ പ്രകാരം കർമ്മമണ്ഡലം ഹിമാലയ സാനുക്കളിലായി. കർമരാഹിത്യത്തിന്റെ ആത്മീയതയായിരുന്നില്ല അദ്ദേഹത്തിന്റേത്. ആത്മീയതയെക്കാളുപരി പര്യവേക്ഷണത്തിന്റെ സ്വഭാവമായിരുന്നു അദ്ദേഹത്തിന്റെ കൈലാസ-മാനസസരോവർ യാത്രകൾക്ക്.
സ്വാമി പ്രണവാനന്ദ ആദ്യമായി കൈലാസവും മാനസസരോവറും സന്ദർശിക്കുന്നത് 1928-ലാണ്. കാശ്മീരിലെ ശ്രീനഗറിൽ നിന്ന് ലഡാക്ക് വഴി ഗർടോക്കിലെത്തിയായിരുന്നു ആ യാത്ര. പിന്നിട് വിവിധങ്ങളായ വഴികളിലൂടെ വ്യത്യസ്തമായ ഋതുക്കളിൽ, വസന്തത്തിലും ഗ്രീഷ്മത്തിലും, ശരത്കാലത്തും , ശിശിരത്തിലും, സ്വാമിജി കൈലാസ്-മാനസസരോവർ യാത്ര നടത്തിയിട്ടുണ്ട്. ഇന്ത്യൻ യുവാക്കളിൽ സാഹസികബോധവും യാത്രാതാല്പര്യവും ജനിപ്പിക്കുന്നതിൽ സ്വാമി പ്രണവാനന്ദയുടെ പങ്ക് നിസ്തുലമാണ്. ലണ്ടനിലെ The Daily Telegraph സ്വാമി പ്രണവാനന്ദയെ വിശേഷിപ്പിച്ചത് "the distinguished Indian Sanyasi-Explorer and Scientist" എന്നാണ്.
തിബറ്റിനെക്കുറിച്ചും കൈലാസ- മാനസസരസ്സ് സ്ഥിതി ചെയ്യുന്ന ഭൂവിഭാഗങ്ങളെക്കുറിച്ചും വളരെ വിശദമായ പഠനങ്ങൾ വളരെ ശാസ്ത്രീയമായി നടത്തിയ വ്യക്തിയായിരുന്നു സ്വാമി പ്രണവാനന്ദ. അദ്ദേഹം എഴുതിയ "കൈലാസ്-മാനസരോവർ " പുസ്തകത്തിന്റെ അവതാരികയിൽ 1949 ഏപ്രിൽ 17-ന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ആഗ്ലേയ കവി Walter de la Mare വരികൾ കുറിച്ചിട്ടു കൊണ്ട് സ്വാമി പ്രണവാനന്ദയുടെ ഉദ്യമത്തെ ശ്ലാഘിക്കുന്നു. ഹിമാലയ സാനുക്കളിലൂടെ സഞ്ചരിച്ച് കൈലാസ്-മാനസസരോവർ സന്ദർശിക്കാൻ കഴിയാത്ത നഷ്ടബോധവും ശാസ്ത്രബോധത്തിന് പ്രാധാന്യം നൽകുന്ന പണ്ഡിറ്റ് നെഹ്റു ആ അവതാരികയിലൂടെ പങ്കു വയ്ക്കുന്നു:-
"Yes, in my mind these mountains rise,
Their perils dyed with evening's rose:
And still my ghost sits at my eyes
And thirsts for their untroubled snow."
'മനസ്സിൽ രൂപം കൊണ്ട ആ സരോവരം'! മനസ്സിൽ സൂക്ഷിച്ച ചിരകാല അഭിലാഷം! പൂർത്തീകരിക്കാൻ പോകുകയാണ്. നേരം വെളുക്കുന്നതിന് മുമ്പേ യാത്ര ആരംഭിക്കണമെന്നായിരുന്നു ധാരണ. കുതിരകളും, കുതിരക്കാരും, യാത്രക്കാരും തയ്യാർ. മനസസരോവര തീരത്തിലെ സൂര്യോദയം കാണാനുള്ള അസുലഭവസരം! പക്ഷേ ആകാശം മേഘാവൃതമാണ്. ശീതകാറ്റും വീശിയടിക്കുന്നു. കനത്ത മഞ്ഞുവീഴ്ച - snow fall. കടലാസ്സ് ചീളുകൾ പോലെ പാറി പറന്ന് വീഴുന്നു. പുൽനാമ്പുകളിലും കുറ്റിചെടികളിലും പാലഭിഷേകം. ഒരു മണിക്കൂർ തുടർന്നു പ്രകൃതിയുടെ ഈ ഭയപ്പെടുത്തൽ. മുറികളിൽ അടച്ചിരുന്നു. പുറത്ത് കുതിരകളുടെ അസ്വസ്ഥത പ്രകടമാക്കുന്ന കുളമ്പടി ശബ്ദം.
ചൈനീസ് സമയം രാവിലെ 8 മണി. ഇരുട്ടിനെ വകഞ്ഞ് മാറ്റി സൂര്യരശ്മികൾ തിബറ്റൻ പീഠഭൂമിയിൽ എത്തി നോക്കുന്നു. ലോകത്തിന്റെ മുകൾ തട്ടിലെ സൂര്യോദയം! മഞ്ഞ് വീഴ്ച കഴിഞ്ഞ് മലനിരകൾ അവിടവിടെ തെളിഞ്ഞ് വരുന്നു. 'തറവെളുത്തു' വരുന്നു. അപ്പോഴും ഇരുണ്ട ആകാശത്ത് നക്ഷത്രക്കൂട്ടങ്ങൾ. മൂടൽമഞ്ഞും മാറി. സുപ്രഭാതം തന്നെ. മനോഹരം. സമതലങ്ങളിലും മഞ്ഞണിഞ്ഞ മലനിരകളിലെയും വെളിച്ച വ്യന്യാസം അപാരം! ചുറ്റും കുതിരകളും സഹയാത്രികരും ഉണ്ടെങ്കിലും ഏകാന്തത അനുഭവപ്പെട്ടു. "ഏകാന്തതയുടെ അപാര തീരം"!
രണ്ട് മണിക്കൂർ വൈകി ഹോറെയിൽ നിന്ന് യാത്ര തിരിച്ചു. 40 കി.മീ. അകലെയുള്ള ചുഗ്ഗു (Chuggu ) ലക്ഷ്യമാക്കി. തെളിഞ്ഞ അന്തരീക്ഷം മാറുന്നു! അന്തരീക്ഷത്തിൽ പുകപടലം പോലെ മൂടൽമഞ്ഞ്. അരമണിക്കൂർ കഴിഞ്ഞ് വീണ്ടും പരിസരം തെളിയുന്നു. "ബാലിപ്പെണ്ണിന്റെ സ്വഭാവം" തന്നെ, ഹിമാലയത്തിന്. മഞ്ഞണിഞ്ഞ കൈലാസശൃംഗത്തിലും, മന്ധാതപർവ്വതശിഖരത്തിലെ ഹിമനിരകളിലും സൂര്യന്റെ സ്വർണരശ്മി പതിക്കുന്ന മനോഹര കാഴ്ച.
ഒരു മണിക്കൂർ നടന്ന് സാമാന്യം വീതിയേറിയ നദി കരയിലെത്തി. സീയൂൺ (Siun). കുത്തിയൊഴുകുന്ന ജലം. കുതിരപ്പുറത്ത് നദി കടക്കുകയേ നിവർത്തിയുള്ളൂ. കുതിരക്കാരന്റെ നെഞ്ചളവ് വരെ വെള്ളം. മണൽപ്പരപ്പുകളിലൂടെയും ചതുപ്പു സ്ഥലങ്ങളിലൂടെയും വീണ്ടും ഒരു മണിക്കൂർ യാത്ര! സമതലമാണെങ്കിലും നടക്കുന്നത് വേഗത്തിലാകരുതെന്ന് നിർദേശമുണ്ടായിരുന്നു. സമുദ്രനിരപ്പിൽ നിന്ന് 15060 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന, ചരിത്രാതീതകാലത്ത് രൂപം കൊണ്ട മാനസസരസ്സാണ് ലക്ഷ്യം. വീണ്ടും ഒരു മണിക്കൂർ കഴിഞ്ഞു. മാനസസരസ്സിന്റെ പൂർവ്വ കവാടമായ സെരാലുങ് (Seralung plain) സമതലത്തിലേക്ക് പ്രവേശിക്കുന്നു. സമതലങ്ങളിലൂടെ നടന്ന് വീണ്ടും ഒരു നദി കുതിരപ്പുറത്ത് തന്നെ കടക്കേണ്ടി വന്നു. ഷൂ, വസ്ത്രങ്ങൾ എന്നിവ നനയാതിരിക്കാൻ അതേ കരണീയമായിട്ടുള്ളൂ!
അതാ, മുന്നിൽ മാനസസരോവരം, മാനസസരസ്സ്. സ്വാൻ റിംപേച്ചേ, മാപാം എന്നെല്ലാം തിബറ്റുകാർ വിളിക്കുന്ന, ഒരു സൗരയൂഥ ഗ്രഹത്തിന്റെ മുകൾതട്ടിലെ തടാകം! നീലജലാശയത്തിൽ പ്രതിഫലിക്കുന്ന ഗുർലാ മന്ധാത പർവ്വതനിരകൾ. നീലാകാശത്ത് വെള്ളിമേഘങ്ങളുടെ അരികുകളിൽ സൂര്യന്റെ പ്രകാശ വരകൾ ! പർവ്വതശിഖരത്തിൽ തട്ടി പ്രതിഫലിക്കുന്ന സൂര്യരശ്മി തടാകത്തിൽ പതിക്കുമ്പോൾ തടാകഭാഗത്ത് സംഭവിക്കുന്ന നിറവ്യത്യാസം. കാർമേഘങ്ങൾ കടന്ന്പോകുമ്പോൾ തടാകത്തിന്റെ ഒരു ഭാഗം ഇരുണ്ടതാകും. തടാകത്തിലെ തെളിനീര് കൈകുമ്പിളിൽ കോരി സഹയാത്രികർ കുടിക്കുന്നു. ഞാനും കുടിച്ചു. നല്ല തണുത്ത ജലം!
കുതിരക്കാർ വിശ്രമിക്കാൻ കോപ്പുകൂട്ടുന്നു. അവർ ഭക്ഷണം കഴിച്ച് യാത്ര തുടരാൻ ഒരു മണിക്കുർ എടുക്കുമെന്ന് സൂചിപ്പിച്ചിരുന്നു. അതാണവരുടെ രീതി. യാത്രികരും മാനസസരസ്സിൽ സ്നാനത്തിന് തയ്യാറെടുത്തു. അതിശൈത്യമുള്ള ജലത്തിൽ നല്ല സൂര്യപ്രകാശമുള്ളപ്പോൾ മാത്രം ഒന്നോരണ്ടോ തവണ മുങ്ങി കുളിക്കാവൂ എന്ന മുന്നറിയിപ്പ് നൽകിയിരുന്നു. ഉടനെ വസ്ത്രങ്ങളെടുത്ത് ധരിക്കണമെന്നും നിർദ്ദേശിച്ചിരുന്നു.
സഹയാത്രികർ മാനസസരസ്സിൽ നീരാടുന്നതിന്റെ ചിത്രമെടുക്കുന്നതിന്റെ ചുമതല എനിക്ക്. പാപങ്ങളെല്ലാം കഴുകി കളഞ്ഞ സംതൃപ്തിയുമായി അവർ കരയ്ക്ക് കയറിയപ്പോൾ ഞാനിറങ്ങി നീരാട്ടിന്! ഫോട്ടോ എടുക്കാൻ ഗൈഡിനെ ഏല്പിച്ചു. അസഹ്യമായ തണുപ്പ്. മുങ്ങി കയറി വസ്ത്രം ധരിച്ചു. ചില ശിലകളും മാനസസരോവരിൽ നിന്ന് മുങ്ങിയെടുത്തു. ഞാനെടുത്ത ശിലയ്ക്ക് ശിവലിംഗാ കൃതിയുണ്ടെന്ന് സഹയാത്രികർ. ചരിത്രാതീതകാലത്ത് രൂപം കൊണ്ട അത്രയ്ക്ക് മനുഷ്യ സ്പർശമേൽക്കാത്ത ലോകത്തിന്റെ മുകൾതട്ടിലുള്ള മാനസസരോവരിൽ നീരാടിയ സംതൃപ്തി !
കുതിരക്കാർ ഭക്ഷണം കഴിച്ചെണിറ്റു. യാത്ര തുടർന്നു. മാനസസരസ്സിന്റെ തീരത്ത് കൂടെ. ഓളങ്ങൾ തീരത്തെ ചുംബിച്ച് പിന്മാറുന്നു. വീണ്ടും തീരത്തെ ആശ്ലേഷിക്കാൻ വരുന്ന ഓളങ്ങൾക്ക് ഔന്നത്യമേറുന്നു. പവനന്റെ കൈയ്യിലേറി വരുന്ന ഓളങ്ങൾ! ശക്തിയായി ശീതകാറ്റടിക്കുമ്പോൾ തീരത്ത് സ്പർശിക്കുന്ന ഓളങ്ങൾക്ക് ഉയരവും വേഗതയും വർദ്ധിക്കുന്നു.
സ്വർണ താമരകളെവിടെ? താമരവള്ളികളെവിടെ! സ്വർണവർണ അരയന്നങ്ങളെ കാണാൻ കൊതിച്ചു. കണ്ടില്ല. അതൊ ഞങ്ങളുടേത് കാലം തെറ്റിയുള്ള യാത്രയാണോ? വാത്തുകൾ പോലുള്ള ചില പക്ഷികൾ സരോവരത്തിൽ നീന്തി നടക്കുന്നു. മറ്റ് ചില പക്ഷികൾ തടാകത്തിലെ ജലത്തെ സ്പർശിച്ച് ഉയർന്ന് പൊങ്ങുന്നു. മീൻപിടിയന്മാരാകാം.
കവിഭാവനയിലെ സ്വർണകമലവും സർണവർണ അരയന്നവുമെവിടെ?
കരയിൽ ചില ബുദ്ധമത വിഹാരങ്ങളുടെ അവശിഷ്ടങ്ങൾ ! മനസസരോവരത്തിന് ചുറ്റാകെ നിരവധി ഗോമ്പേകൾ ( ബുദ്ധമത മഠങ്ങൾ ) ഉണ്ടായിരുന്നതായി സ്വാമി പ്രണവാനന്ദ പറയുന്നുണ്ട്. ഇപ്പോൾ ചിലത് മാത്രം അവശേഷിക്കുന്നു. സാംസ്ക്കാരിക വിപ്ലവകാലത്ത് തകർക്കപ്പെട്ടെതാകാം എന്ന് സ. കെ.വി. സുരേന്ദ്രനാഥ് പറഞ്ഞതോർത്തു. അകലെ തീരത്തെ കുന്നിൻപുറങ്ങളിൽ കാണുന്ന ഗുഹകളിൽ അതിശൈത്യത്തിലും വിവസ്ത്രരായി തപസ്സ് ചെയ്യുന്ന ആയിരം വയസ്സ് പ്രായമുള്ള യോഗിവര്യന്മാരുണ്ടോ?
അതിശയോക്തി കലർന്ന നിരവധി യാത്രാ വിവരണങ്ങൾ വായിച്ചിട്ടുണ്ട്! അതിലൊക്കെ അടങ്ങിയിട്ടുള്ള വസ്തുനിഷ്ട യാഥാർത്ഥ്യമില്ലായ്മ നേരിട്ട് ബോധ്യപ്പെട്ട അവസരം. ഈ അവസരത്തിൽ സ്വാമി പ്രണവാനന്ദസാമിജി സത്യസന്ധമായി അദ്ദേഹത്തിന്റെ "കൈലാസ് മാനസസരോവർ " എന്ന ഗ്രന്ഥത്തിൽ പറഞ്ഞത് ഓർത്തു.
".....The auther has often been asked about the existence of Golden lotuses, pearls, and the traditional Rajahansas or Royal Swans in Manasarover, and about the Mahatmas and Tibetan mystics round Kailas- and Manasarover. In this connection it may be said without any fear of contradiction that the first two are totally mythological; but if some one wants to console himself by saying that they might have once existed millions of years back, there is no dispute with them....."
സ്വർണ താമരയും രാജഹംസവും ഇല്ലായെന്ന് സംശയലേശമില്ലാതെ അദ്ദേഹം പറയുന്നു! സഹസ്രാബ്ദങ്ങൾ പ്രായമുള്ള യോഗിവര്യന്മാർ സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്നു എന്ന് വിശ്വസിച്ച് സായൂജ്യമടയുന്നതിനോട് തർക്കിക്കാനില്ല
മിത്തുകളുടെ ചമൽക്കാരഭംഗി ആസ്വദിക്കുന്നു. ആസ്വദിക്കാനാകണം!
"സന്യാസിമാരേയും, തീർത്ഥാടകരേയും, പ്രകൃതിനിരീക്ഷകരേയും, ഭൂഗർഭശാസ്ത്രജ്ഞരേയും, ഭൗതികവിജ്ഞാനികളേയും, ചരിത്രകാരന്മാരേയും, വിനോദ സഞ്ചാരികളേയും ഒരു പോലെ ആകർഷിക്കുന്ന ഭൂവിഭാഗമാണ് കൈലാസ്-മാനസസരോവർ പ്രദേശം "!
ചുഗ്ഗു ഗോംമ്പേ അകലെ ദൃശ്യമാകുന്നു. സൂര്യൻ അസ്തമിക്കാൻ തുടങ്ങുന്നു. മാനസസരോവരം വർണാഭമാകുന്നു. ഒരു കോണിൽ നീല നിറം, തെട്ടടുത്ത് പച്ച കലർന്ന നീല, മറുവശത്ത് ഇരുണ്ട ജല പരപ്പ്; മറ്റൊരു പ്രതലത്തിൽ തീക്കനൽ പോലെ തിളങ്ങുന്ന ജലാശയം! വീശിയടിക്കുന്ന കാറ്റിന്റെ ശീൽക്കാര ശബ്ദം! മഞ്ഞ് മലകളിൽ തട്ടി സൂര്യരശ്മി പ്രതിഫലിക്കുന്നതും, മേഘങ്ങളുടെ വരവും പോക്കും തടാകാത്തിൽ സൃഷ്ടിക്കുന്ന വർണകാഴ്ച! സാഗരതീരത്തൊ, മറ്റ് മലനിരകളിലോ കാണാൻ കഴിയാത്ത പ്രകൃതിയുടെ ലൈറ്റ് ആൻറ് സൗണ്ട് ഷോ!
മനോഹരമായ സ്ഥലത്താണ് ചുഗ്ഗു ബുദ്ധമതമഠം. അവിടെയാണ് തങ്ങുന്നത്. ജന്നലിലൂടെ മാനസസരോവരം കാണാം. കഠിനമായ യാത്രാ ക്ഷീണം. രാത്രിഭക്ഷണം 'കടിയും' സൂപ്പും. സൂപ്പ് മാത്രം കഴിച്ചു. രാത്രി ഏകനായി പുറത്തിറങ്ങി നോക്കി. തികഞ്ഞ നിശ്ശബ്ദത ! കാറ്റിന്റെ ചൂളം വിളി തുടങ്ങുന്നു, കാറ്റിന്റെ വേഗത വർദ്ധിക്കുന്നതിനോടൊപ്പം തണുപ്പും അധികരിക്കുന്നു. വേഗം മുറിയിലേക്ക് കയറി.
അടുത്ത ദിവസവും പരിക്രമണം തുടരും. സെയ്ദി (Zaidi) യിലേക്ക്.....!
(23) അയവിറക്കുമ്പോൾ ആസ്വാദ്യത വർദ്ധിക്കുന്ന യാത്രാനുഭവങ്ങൾ
കന്യാകുമാരി മുതൽ കൈലാസം വരെ!
(23)
സെപ്തംബർ 19, 1997. രാവിലെ ആറ് മണിക്ക് തന്നെ പരിക്രമണം ആരംഭിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. മാനസസരോവര തീരത്ത് കൂടെ 35 കി.മീ. യാത്ര ചെയ്യണം. മനസസരോവർ പരിക്രമണം അവസാനിക്കുന്ന ദിവസം.
6 മണിക്കും കട്ടപിടിച്ച ഇരുട്ട് തന്നെ! ആകാശത്ത് നക്ഷത്രങ്ങൾ മിഴിമിന്നി നിൽക്കുന്നു. വീശിയടിക്കുന്ന കാറ്റിനോടൊപ്പം തണുപ്പും വർദ്ധിക്കുന്നു. കുതിരകളെ നിരനിരയായി അണിനിരത്തി. കുതിരപ്പുറത്ത് കയറാൻ ദശരഥയുടെ കുടുംബത്തേയും മറ്റ് ചില സഹയാത്രികരേയും കുതിരക്കാർ സഹായിക്കുന്നു. നടക്കാൻ തയ്യാറായവർ വടിയുംകുത്തി മുന്നിൽ! ടോർച്ചുകൾ തലങ്ങും വിലങ്ങും മിന്നുന്നു. പടയോട്ടത്തിന് പോകുന്ന പ്രതീതി.
മാനസസരോവർ തീരത്ത് കൂടെയാണ് യാത്ര. ചെറു ഓളങ്ങൾ തീരമണഞ്ഞ് പോകുന്നു. കുതിരകളും കുതിരക്കാരും യാത്രക്കാരും മാർച്ച് ചെയ്യുന്നു. മാനസസരോവരിലും മാനത്തും നക്ഷത്രക്കൂട്ടം! ടോർച്ച് ലൈറ്റുകളിൽ നിന്നുള്ള വെളിച്ചം തടാകത്തിൽ തട്ടി പ്രതിഫലിക്കുമ്പോൾ സമാന്തരമായി മറ്റൊരു സംഘം തടകത്തിലുടെ സഞ്ചരിക്കുന്നു എന്ന് തോന്നുന്നു.
നേരം പരപരാ വെളുക്കുന്നു. മലനിരകളുടെ നെറുകയിൽ വെളിച്ച വ്യന്യാസം ദിക്ക് തിരിച്ചറിയാൻ സഹായിക്കുന്നു. ദൂരെ ഉയർന്ന് നിൽക്കുന്ന മഞ്ഞണിഞ്ഞ കൊടുമുടി മന്ധാതയാണെന്ന് ഗൈഡ് വിശദീകരിച്ചു.
മനസസരോവർ ഇപ്പോൾ നിശ്ചലമാണ്. കാറ്റിന്റെ ചൂളം വിളിയും ഇല്ല. മലകളും ജലാശയവും എന്തോ ചിന്തയിലാണ്ടപോലെ! യാത്രാസംഘവും ചലിക്കുന്നില്ല. മാനസസരോവർ തീരത്തെ സൂര്യോദയം വീക്ഷിക്കാനുള്ള തയ്യാറെടുപ്പ്. അർക്കന്റെ ആദ്യകിരണങ്ങൾക്ക് അകമ്പടിയായി കാറ്റ് മൂളുന്നു! മലനിരകളെ മേഘങ്ങൾ മറയ്ക്കുന്നു! തടാകത്തിന്റെ ഉപരിതലത്തിലും മൂടൽമഞ്ഞ് നിറഞ്ഞു. എല്ലാം ഒരു പുകമറയ്ക്കുള്ളിലായത് പോലെ. കടന്ന് പോകുന്ന നിമിഷങ്ങളിലെ കാഴ്ചകൾ പ്രകൃതി ഞങ്ങളിൽ നിന്ന് മറയ്ക്കുന്നുവോ .....? മുന്നോട്ട് പോകാനാകാതെ ഗൈഡിന്റെ നിർദേശപ്രകാരം തീരം കാണാനാകാതെ തീരത്ത് തന്നെ നിന്നു.
മറച്ചത് അണിയറയിൽ രംഗപടം ഒരുക്കാനുള്ള തിരശ്ശീലയായിരുന്നോ? കാഴ്ചയുടെ വിസ്മയം ചുറ്റും തെളിയുന്നു. മഞ്ഞണിഞ്ഞ മലനിരകൾ സൂര്യകിരണമേറ്റ് തിളങ്ങുന്നു. മാനസസരോവരിന്റെ വശങ്ങളിൽ വെള്ളിതിളക്കം. അകലെ പഞ്ഞികെട്ട് മേഘങ്ങൾ മാനത്ത്നിന്ന് ഇറങ്ങിവന്ന് തടാകത്തെ സ്പർശിക്കുന്നുവോ? തടാകമധ്യത്തിന്ന് നീലനിറം! തലയ്ക്ക് മുകളിലെ ആകാശത്ത് നിന്ന് നക്ഷത്രക്കൂട്ടങ്ങൾ മാഞ്ഞു. പ്രകൃതിയൊരുക്കിയ വിശാലമായ സ്റ്റേജ് ചുറ്റും. മനോഹാരിത വിവരിക്കാൻ വാക്കുകൾക്ക് പഞ്ഞം, ഒപ്പിയെടുക്കാൻ ക്യാമറ കണ്ണുകൾ അപര്യാപ്തം!
മേഘക്കുട്ടങ്ങളില്ല. മൂടൽ മഞ്ഞില്ല. തെളിഞ്ഞ അന്തരീക്ഷം. ഇളം വെയിലേൽക്കുമ്പോൾ ശൈത്യത്തിന് തെല്ലൊരു ശമനം. സരോവര തീരത്ത് നിന്ന് കുറച്ച് മാറി മണൽപരപ്പിൽ പ്രഭാത ഭക്ഷണത്തിന് ചടഞ്ഞിരുന്നു. പൊതിഞ്ഞെടുത്ത പൂരിയും ഉരുളകിഴങ്ങ് കറിയും. തൊട്ടുമുമ്പ് കണ്ട മേഘങ്ങളെവിടെ? മേഘദൂതത്തിലെ യക്ഷന്റെ നിർദ്ദേശമനുസരിച്ചാണോ മേഘങ്ങളുടെ സഞ്ചാരം!
"വാരന്നം സഞ്ചരിക്കും ഭൃഗുതിലയശോ-
മൂലമാം ക്രൗഞ്ചശൈല-
ദ്വാരത്തൂടേ വടക്കോട്ടടിമലയിലെഴും
കാഴ്ചയെല്ലാം കഴിഞ്ഞാൽ
സ്വൈരം പൊയ്ക്കൊൾക പിന്നെ, ബ്ബലിയുടെ തല താ-
ഴ്ത്തുന്ന കാർവർണ്ണർതൻ കാൽ-
ത്താരഞ്ചും കാന്തിയേന്താമതുപൊഴുതു തിര-
ശ്ചീനമായ് നീണ്ടെഴും നീ."
(മേഘദൂതം - വിവർത്തനം ജി. ശങ്കരക്കുറുപ്പ്
ഹിമാലയ താഴ്വാരങ്ങളിലെ വിശേഷങ്ങൾ കടന്ന്, ഭാർഗ്ഗവരാമന്റെ കീർത്തിയുടേയും, അരയന്നങ്ങൾ പ്രവേശിക്കുന്ന ക്രൗഞ്ച ശൈലത്തിലെത്തി, മഹാബലിയെ താഴ്ത്താൽ ഉപയോഗിച്ച വിഷ്ണുവിന്റെ കാൽ പോലെ നീല നിറത്തിൽ വടക്കോട്ട് പോകുക.
യക്ഷന്റെ നിർദ്ദേശം പാലിക്കപ്പെട്ടാണോ മേഘങ്ങളുടെ സഞ്ചാരം. കാളിദാസ ഭാവനയിൽ നമ്മുടെ ഓണാഘോഷ ഐതീഹ്യത്തിന്റെ പരാമർശമാണെന്ന് അടുത്തിരുന്ന ഡോ: പരാസിനിസിനോട് എന്റെ വിശദീകരണം. പക്ഷേ 'വിഷ്ണുവിന്റെ അവതാരമായ വാമന'നല്ല അസുര ചക്രവർത്തിയായ മഹാബലിക്കാണ് പ്രാധാന്യം എന്ന എന്റെ ഊന്നൽ. ദശരഥയയ് ' കുടുംബത്തിനും ഓണത്തെക്കുറിച്ച് കൂടുതൽ അറിയാൻ മോഹം. സമത്വസുന്ദരമായ ആ മിത്ത് വിവരിച്ച ശേഷം മാനസസരോവർ തീരത്തെ മണൽതട്ടിലിരുന്ന് ഞാൻ നീട്ടി പാടി :
"മാവേലി നാടുവാണിടും കാലം
മാനുഷരെല്ലാരും ഒന്നുപോലെ........."
1997-ലെ ഓണക്കാലത്ത് മാനസസരോവർ തീർത്തിരുന്ന് പാടിപതിഞ്ഞ ആ വരികൾ ആലപിക്കാൻ ഗാനഭൂഷണം പാസ്സാകേണ്ട കാര്യമില്ലല്ലോ?
വീണ്ടും മേഘങ്ങളെവിടെ എന്ന ചിന്ത ; "മേല്പോട്ട് ചെന്ന്, രാവണന്റെ കൈകൾ താഴ്വരകളുടെ സന്ധികളെല്ലാം ഇളക്കിയതും സ്വർലോകവനിതമാർക്കു കണ്ണാടിയായിട്ടുള്ളതുമായ കൈലാസത്തിന്റെ അതിഥിയായി " പോയതാണോ!
(മേഘദൂതം - വിവർത്തനം സുധാംശു ചുതുർവേദി)
വടക്ക്ദേശത്തിരുന്ന് തെക്ക്ദേശത്തെ ഐതീഹ്യങ്ങളെക്കുറിച്ചുള്ള ചിന്തകൾക്കൊരു അതിപ്രവൃദ്ധ സുഖം!
മാനസസരോവർ തീരത്ത്കൂടെ യാത്ര തുടർന്നു. മണൽപ്പരപ്പുകൾ വഴി മാറുന്നു. തീരത്ത് അടിഞ്ഞ് കുടിയ ഉരുളൻകല്ലുകൾക്കു പുറത്ത് കൂടെ ബാലൻസ് ചെയ്ത് നടന്നു. ചെറിയൊരു കുന്നിന് മുകളിലേയ്ക്ക്. അവിടെ ഉപേക്ഷിക്കപ്പെട്ട ഒരു ഗുഹ. ഇത്തരം നിരവധി ഗുഹകൾ മാനസസരോവറിന്റെ ചുറ്റുമുള്ള ഉയർന്ന കുന്നുകളിൽ ഉണ്ടായിരുന്നെന്ന് സ്വാമി പ്രണവാനന്ദ അദ്ദേഹത്തിന്റെ "കൈലാസ് മാനസസരോവർ " എന്ന പുസ്തകത്തിൽ പറയുന്നു.
ഹിമാലയത്തിലെ ഉഷ്ണകാലത്താണ് കൈലാസ്-മനോസരവർ യാത്ര! അതായത് ജൂൺ മുതൽ സെപ്തംബർ വരെ. അപ്പോഴും ചില സന്ദർഭങ്ങളിൽ അതിശൈത്യം അനുഭവപ്പെടുന്നു. ഒക്ടോബർ ആരംഭിക്കുമ്പോൾ ശൈത്യകാലത്തിന്റെ തുടക്കമായി. മലനിരകളാകെ മഞ്ഞ് മൂടുന്ന അവസ്ഥ. എല്ലാ ഋതുക്കളിലും മാനസസരോവർ തീരത്തുള്ള ബുദ്ധമത മഠത്തിൽ കഴിഞ്ഞ സ്വാമി പ്രണവാനന്ദ മാനസസരോവരിന്റെ ഭാവമാറ്റത്തെക്കുറിച്ച് വിശദീകരിക്കുന്ന അത്ഭുതത്തോടെ മാത്രമേ വായിക്കാനാകൂ!
നീല ജലാശയത്തിന്റെ ദൃശ്യഭംഗി ചുറ്റുമുള്ള മഞ്ഞണിഞ്ഞ മലനിരകളിൽ തട്ടി പ്രതിഫലിക്കുന്ന സൂര്യകിരണങ്ങൾ വർണരാജി തീർത്ത് വർദ്ധിപ്പിക്കുന്നു. ഉച്ചയോടെ ഗോട്സുൽ ഗോപയിൽ എത്തി. ഉച്ചഭക്ഷണം അവിടെയാണ്. മുന്നിൽ മാനസസരോവരം. 18 മാസം മാനസസരോവര തീരത്ത് താമസിച്ച സ്വാമി പ്രണവാനന്ദജിയുടെ വിവരണങ്ങൾ വായിച്ചിരുന്നു. ശൈത്യകാലത്ത് മഞ്ഞ് വീഴ്ചയെ തുടർന്ന് ഉറഞ്ഞ് മഞ്ഞ്കട്ടയാകുന്ന തടാകം. അപ്പോഴും തടാകത്തിന്റെ മധ്യഭാഗത്ത് നീലജലാശയമാണെന്ന് പറയുന്നു. ഉഷ്ണകാലത്ത് മഞ്ഞുരുകാൻ തുടങ്ങുമ്പോൾ ഇടിവെട്ടുന്ന പോലുള്ള ശബ്ദമായിരുക്കുമെന്ന്. വിള്ളലുകൾ പ്രത്യക്ഷപ്പെടുന്ന തടാകം കലങ്ങിമറിയും! ഓളങ്ങൾ ഉയർന്ന് പൊങ്ങും!
ശൈത്യകാലത്ത് മഞ്ഞുറഞ്ഞ തടാകത്തിന്റെ സുതാര്യതയിൽ നീന്തുന്ന രീതിയിൽ ചത്തിരിക്കുന്ന മത്സ്യങ്ങൾ! തീരത്ത് മരവിച്ച് കിടക്കുന്ന ചെമ്മരിയാടിന്റെ കുടുംബം ! ഇതെല്ലാം സ്വാമിജി കണ്ടിട്ടുണ്ടെന്ന് പറയുന്നു.
ഭൂഗോളത്തിന്റെ ഈ ഭാഗം പ്രത്യേകതയുള്ള സ്ഥലം തന്നെ! ഏകാന്തതയിൽ ചിന്തകൾക്ക് കടിഞ്ഞാണിടാതെ അല്പനേരം! ചുറ്റും മഞ്ഞണിഞ്ഞ മലനിരകൾ, മുന്നിൽ മാനസസരോവരം. ആദിമ മനുഷ്യൻ 'പൊറുക്കി തിന്ന് ' നടന്ന പ്രദേശമാണോ? ശിലായുഗ മനുഷ്യർ ജീവിതം തുടങ്ങിയത് ഇവിടെയാണോ? ചരിത്രാതീത കാലത്ത് നിന്ന് ചരിത്രത്തിലേക്ക് നടന്ന homosapians - ന്റെ കാലടി പാടുകൾ ഇവിടെയുണ്ടോ? യാത്ര തുടരാൻ സമയമായി. ചിന്തകൾക്ക് വിരാമമിട്ടു. അയവിറക്കുമ്പോൾ ആസ്വാദ്യത വർദ്ധിക്കുന്ന യാത്രാനുഭവങ്ങൾ!
മാനസസരോവര തീരത്ത് കൂടെ കൈലാസപർവ്വതം ദർശിച്ച് കൊണ്ട് യാത്ര തുടർന്നു. കാർമേഘശകലങ്ങൾ സരോവരത്തിന്റെ ഒരു ഭാഗം ഇരുണ്ടതാക്കുന്നു. കൈലാസം ദൃഷ്ടിയിൽ നിന്ന് മറയുന്നു. വീണ്ടും ഒരു മണിക്കൂർ യാത്ര. സെയ്ദി(Zaidi) ലെ ക്യാമ്പ് ഷെഡ്ഡിൽ എത്തിചേർന്നു. വരണ്ട പ്രദേശം. പുൽനാമ്പുകൾക്ക് പോലും പച്ച നിറമില്ല. ക്യാമ്പിന് മുന്നിൽ മാനസസരോവര തീരത്ത് പറക്കും പ്രാർത്ഥനാ കൊടിമരം, സൗകര്യങ്ങൾ പരിമിതം. OD തന്നെ ! Open defecation!
അങ്ങനെ ചിരകാല അഭിലാഷമായ ഒരു യാത്രയുടെ അവസാനത്തിലേക്ക് അടുക്കുകയാണ്. സാക്ഷാൽ കൈലാസവും മാനസസരോവറും കണ്ട് കഴിഞ്ഞു. കൈലാസ പരിക്രമണം 52 കി.മീ 3 ദിവസമെടുത്ത് -. മാനസസരോവർ പരിക്രമണം 75 കി.മീ. രണ്ട് ദിവസമെടുത്ത്. അടുത്ത ദിവസം കൈലാസ പരിക്രമണത്തിന് പോയവർ തിരിച്ചെത്തുമ്പോൾ തക്ലാകോട്ടിലേക്ക് തിരിക്കും. ശ്രീരാമലക്ഷ്മണ സീതാദേവി പ്രതിഷ്ഠകളുള്ള ഖോജാർനാഥ് ബുദ്ധമത വിഹാര സന്ദർശനവും യാത്രാ പരിപാടിയിലുണ്ട്.
(24) പ്രകൃതിക്ക് പ്രണയ സുഗന്ധം! *താമരയുടെ സുഗന്ധം!
കന്യാകുമാരി മുതൽ കൈലാസം വരെ!
(24)
സെപ്തംബർ 20, 1997
അതിരാവിലെ തന്നെ ഉണർന്നു. കൈലാസ-മാനസസരോവർ പരിക്രമണങ്ങൾ പൂർത്തീകരിച്ച സംതൃപ്തി എല്ലാവരിലും ദൃശ്യമായിരുന്നു. കൈലാസപരിക്രമണം കഴിഞ്ഞ് ഞങ്ങളുടെ സഹയാത്രികർ തിരിച്ചെത്തണം. ലയിസൺ ഓഫീസർ ഡോ. ധവാന്റെ നേതൃത്വത്തിലുള്ള യാത്രാ സംഘം ഉച്ചയോടെ എത്തുമെന്ന് പറഞ്ഞിരുന്നു. അവർക്കും കൂടിയുള്ള ഭക്ഷണം തയ്യാറാക്കുന്നു.
ക്യാമ്പ് ഷെഡ്ഡിന് മുന്നിൽ അവിടവിടെ ചെറു ഗ്രൂപ്പുകളായി കൂടിനിന്ന് അത് വരെയുള യാത്രാനുഭവങ്ങൾ ഓർത്തെടുക്കുന്നു.
വിശാലമായ മൈതാനങ്ങളും മഞ്ഞണിഞ്ഞ മലനിരകളും, ഹിമവാഹിനിയിൽ നിന്നൊഴുകുന്ന നദികളും! പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച ദീർഘായുസ്സ് നേടിയ ജനത! ഹിന്ദുക്കുഷ് പർവ്വതനിരകൾ, കണ്ഡഹാർ മുതൽ കാശ്മീർ വരെയും, തുടർന്ന് അസം അതിര് വരെയും നീണ്ട് 700 കി.മീ. വീതിയിൽ സ്ഥിതി ചെയ്യുന്ന ഹിമാലയം! ഇന്ത്യയിൽ ഉത്ഭവിച്ച ബുദ്ധമതത്തിന്റെ സ്വധീനത്തിലും സാംസ്ക്കാരിക തനിമ സൂക്ഷിക്കുന്ന തിബറ്റൻ പീഠഭൂമി. തിബറ്റൻ പീഠഭൂമിയുടെ അരിക് കണ്ട് മടങ്ങുന്ന വികാരം. ലാസയിലേക്കോ തിബറ്റിന്റെ മറ്റ് ഭാഗങ്ങളിലേക്കോ പോകാൻ കഴിയാത്തതിലുള്ള നൈരാശ്യം! "കണ്ടത് സ്വർണ"മാണെന്നതിൽ സംശയമില്ല!
ദൂരെക്ക് നോക്കി നിന്നു. ശിലായുഗ മനുഷ്യരെക്കുറിച്ചുള്ള ദൃശ്യചിത്രീകരണത്തിൽ കണ്ടിട്ടുള്ളത് പോലുള്ള ഭൂപ്രദേശം! കൈലാസ-മാനസസരോവര പ്രദേശം കണ്ടിട്ടായിരിക്കുമോ അത്തരം രംഗകലകൾ പുസ്തക താളുകളിലും, ചലച്ചിത്രങ്ങളിലും നിറഞ്ഞത്.
എന്തിനേറെ "പുറത്ത് ദാസനെന്ന് " പറഞ്ഞ മഹാകവി ഉജ്ജയിനിൽ നിന്ന് ഹിമാലയ ചുരങ്ങൾ കടന്ന് ഹിമാദ്രി നടുവിലുള്ള കൈലാസത്തിലേക്ക് കാൽനടയായി സഞ്ചരിച്ചിരിക്കുമോ? "പ്രണയ സൗന്ദര്യവും പ്രകൃതി സൗന്ദര്യവും ഒന്നിച്ച് കോർത്ത " കാളിദാസ പ്രതിഭ ! വിന്ധ്യന്റെ തെക്ക് നിന്ന് കൈലാസ പാർശ്വത്തിലുള്ള വൈശ്രവണന്റെ അളകാപുരിയിലേക്ക് വർഷാരംഭത്തിലെ പുതുമേഘത്തിന് വഴിപറഞ്ഞ് കൊടുക്കുന്ന വിരഹാർത്തനായ യക്ഷൻ!
നർമദ, യമുന, വേത്രവദി, ഗംഗ, സരസ്വതി, ബ്രഹ്മപുത്ര എന്നീ നദികൾ കടന്ന്, ഹിമാലയ കൊടുമുടികളുടെ ഉയരങ്ങളെ തഴുകി പ്രേയസിക്ക് ദൂതുമായി പോകുന്ന ആഷാഢമേഘം! പ്രകൃതിയെ പ്രണയം മണക്കുന്നു! മാനസസരോവരിലെ തീരത്ത് ദൂരെ കണ്ണും നട്ട് നിൽക്കുമ്പോൾ ചുറ്റുമുള്ള പ്രകൃതിക്ക് പ്രണയ സുഗന്ധം! *താമരയുടെ സുഗന്ധം! മനസ്സിൽ വിരഹ ഛവി!
മേഘം സഞ്ചരിച്ച വഴികളിലൂടെ വിന്ധ്യന്റെ തെക്ക് നിന്നല്ലേ ഞാനും മാനസസരോവര തീരത്ത് എത്തിചേർന്നത്! ട്രെയിനിലും ബസ്സിലും, ട്രക്കിലും, കാൽനടയായും എന്ന് മാത്രം! ഹാമാലയം കടന്ന് ......! ശിപ്രാ നദിക്കരയിലെ മഹാകാള ക്ഷേത്രത്തിലും മുമ്പെരിക്കൽ പോയിരുന്നതും ഓർത്തു!
ഉച്ചയ്ക്ക് 12 മണിക്ക് തന്നെ ഡോ. ധവാന്റെ നേതൃത്വത്തിലുള്ള സംഘം കൈലാസപരിക്രമണം കഴിഞ്ഞെത്തിചേർന്നു. പരസ്പരം യാത്രാനുഭവങ്ങൾ പങ്കുവയ്ക്കുന്നതിലായി പിന്നീടുള്ള സമയം. കൈലാസപരിക്രമണ സമയത്ത് ഞങ്ങൾക്ക് ലഭിച്ച അനുകൂല അന്തരീക്ഷം അവർക്ക് ലഭിച്ചില്ലെന്ന് അവരുടെ സംസാരത്തിൽ നിന്ന് വ്യക്തമായി! കൈലാസം ആകെ മഞ്ഞുമൂടി കിടക്കുന്ന രീതിയിലായിരുന്നു. കൈലാസത്തിന്റെ വിവിധ ദിശകളിൽ നിന്നുള്ള ദൃശ്യങ്ങൾ അവർക്ക് ലഭ്യമായില്ലെന്ന് സാരം!
ഉച്ചഭക്ഷണം കുശാൽ! ചപ്പാത്തി, പരിപ്പ്, ചോറ്, സബ്ജി എന്നിവ ഇഷ്ടാനുസരണം. മൂന്ന് തരം കറികൾ! ഘീർ (പായസം). ധർച്ചൂളയിൽ നിന്ന് കൊണ്ട് വന്നതെല്ലാം തീർക്കണം. അവസാനത്തെ പാചകം. അത്താഴവും തുടർന്നുള്ള ദിവസങ്ങളിലെ ഭക്ഷണവും തക്ലാക്കോട്ട് ചൈനാക്കാരുടെ വക! ലിപുലേഖ് പാസ്സ് വഴി അതിർത്തി കടന്നുള്ള മടക്കയാത്രയിൽ KMVN (Kumaon Mandal Vikas Nigam) ഭക്ഷണം നൽകും!
രണ്ട് ട്രക്കുകളിലായി വീണ്ടും തക്ലാകോട്ടിലേക്ക് .... നട്ടും ബോൾട്ടും ഇളകുന്ന യാത്ര തന്നെ! ഇടയ്ക്ക് രാക്ഷസതടാകക്കരയിൽ (രാക്ഷസ്തൽ) അല്പം വിശ്രമം. കൈലാസം അവസാനമായി കണ്ട് സഹയാത്രികർ കൈകൂപ്പുന്നു. അങ്ങോട്ട് പോയപ്പോൾ രാക്ഷസ തടാകക്കരയിൽ വച്ചാണ് ആദ്യമായി കൈലാസദർശനം. അപ്പോഴുള്ള ഉന്മാദവസ്ഥ ഇപ്പോഴില്ല.
കൈലാസനെറുകയിലേക്ക് നോക്കി നിന്നു. പ്രകൃതിയിൽ എത്രയെത്ര മനോഹര കാഴ്ചകൾ! ഒരു പുരുഷായുസ്സുകൊണ്ടു കണ്ട് തീർക്കാൻ കഴിയാത്തവ. എന്നിട്ടും എല്ലാം കണ്ടെന്ന് വീമ്പിളക്കുന്ന മനുഷ്യർ! നാം എല്ലാം കണ്ടിട്ടുമില്ല; എല്ലാം അറിഞ്ഞിട്ടുമില്ല! ഇത്തരം വിജനമായ പ്രദേശങ്ങളിൽ നിൽക്കുമ്പോഴാണ് പ്രപഞ്ചത്തെക്കുറിച്ചുള്ള ശാസ്ത്രചിന്തകൾ മനസ്സിലേക്ക് ഓടി എത്തുന്നത്.
"അനന്തം അജ്ഞാതം അവര്ണ്ണനീയം
ഈ ഭൂലോകഗോളം തിരിയുന്നമാര്ഗം
അതിങ്കെലങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്ന മര്ത്യന് കഥയെന്തു കണ്ടു !"
നാലപ്പാട് നാരായണമേനോൻ കുറിച്ചിട്ട വരികൾ! ഉത്തരം തേടിയുള്ള ശാസ്ത്രത്തിന്റെ പ്രയാണം തുടരുകയാണ്! അന്വേഷണങ്ങളിലൂടെയാണല്ലോ മാനവരാശി മുന്നേറിയത്.
അല്പനേരം രാക്ഷസതടാകത്തിൽ നോക്കി നിന്നു. രാവണൻ കൈലാസത്തെ ലങ്കയിലേക്ക് കൊണ്ട് പോകാൻ തപസ്സ് ചെയ്ത സ്ഥലമെന്ന ഐതീഹ്യം! മാനസസരോവരത്തെ പോലെ തന്നെ മനോഹരം! പക്ഷേ വെറുക്കപ്പെടുന്ന തടാകം!
"രാമ സായകമേറ്റു തളർന്ന ലങ്കേശ്വരന്റെ " ദ്രാവിഡ ചിന്തകൾ!
" നാദരൂപാത്മകൻ പിന്നീടൊരിയ്ക്കൽ
ആ നാരദൻ പുത്രിയെ പറ്റി പറഞ്ഞ നാൾ
തന്നുള്ളിൽ ഒന്നാമതുണ്ടായ മോഹമാണ്
ഒന്നു മകളെ ഒരു നോക്കു കാണുവാൻ
കണ്ടൊന്ന് മാപ്പു ചോദിയ്ക്കുവാൻ
ആ മണി ചുണ്ടിൽ ഒരച്ഛന്റെ മുത്തം കൊടുക്കുവാൻ... "
രാമായണത്തിന്റെ മറ്റൊരു പാഠഭേദം!
മുമ്പൊരിക്കൽ ധനുഷ്കോടി മുനമ്പിൽ ശ്രീലങ്കയെ നോക്കി "രാവണപുത്രി " എന്ന കവിത സഹയാത്രികരിലൊരാൾ ചൊല്ലിയതും ഓർമയിലേക്കോടിയെത്തി! ദ്രാവിഡ ദേശത്ത് നിന്ന്, കേരളത്തിൽ നിന്നു വന്നത് കൊണ്ടാകാം പുരാണങ്ങളുടെ ആസ്വാദനം സാഹിത്യാസ്വാദനമായി മാറുന്നതും വഴിവിട്ട് മാറാത്തതും! പുരാണങ്ങളിലെ ആര്യ-ദ്രാവിഡ വൈവിധ്യം! കേരളീയ മനസ്സുകളിൽ അവരറിയാതെ സന്നിവേശിപ്പിക്കുന്ന സത്ചിന്ത! ഭക്തിയും വിശ്വാസവും കലാപത്തിന് കാരണമാകാത്ത കേരളപെരുമ!
രാക്ഷസ തടാകവും കൈലാസവും മഞ്ഞണിഞ്ഞ മലനിരകളും. ഇനിയൊരു യാത്ര ഭൂമിയുടെ ഈ ഭാഗത്തേക്ക്? വിട്ട് പോരാൻ മനസ്സ് വരുന്നില്ല. ശാന്തമായി, ഒരു ദൗത്യം നിർവ്വഹിച്ച സംതൃപ്തിയോടെ, ട്രക്കുകളിലേക്ക് മടങ്ങി! മലമുകളിലേക്ക് വലിഞ്ഞ് കയറുന്ന ട്രക്കിന് ആശ്വാസമായി കുത്തിറക്കങ്ങൾ! പക്ഷേ രണ്ടും ട്രക്കിനുള്ളിലെ യാത്രകാർക്ക് ഭയമുളവാക്കുന്നത്.
ഇടയ്ക്ക് സ്വരോവർസിംങിന്റെ ശവകുടീരത്തിൽ അല്പനേരം. രണഭേരി മുഴങ്ങിയിരുന്ന പ്രദേശം! തിബറ്റൻ ഗ്രാമങ്ങളിൽ മനുഷ്യരും പറവകളും കൂടണയുന്നു! ചെമ്മരിയാടിൻ പറ്റത്തെ തെളിച്ച് അട്ടിടയന്മാർ! സൂര്യന്റെ പ്രഭയ്ക്ക് മങ്ങലേറ്റിട്ടില്ല. 7.30 കഴിയും സായംസന്ധ്യയാകാൻ. വീണ്ടും തക്ലാകോട്ട് ഗസ്റ്റ് ഹൗസിൽ എത്തിചേർന്നു.
ഉടനെ തന്നെ എല്ലാവരും എതിർവശത്തുള്ള പോസ്റ്റാഫീസിലേക്ക്. കൈലാസ-മാനസസരോവർ പൂർത്തിയാക്കിയ വിവരം ഉറ്റവരേയും, സ്നേഹിതരെയും അറിയിക്കാൻ ഫോൺ ബൂത്തിനു മുമ്പിൽ നീണ്ട ക്യൂ, 30 പേരുടെ! ഞാനും അടുത്ത വീട്ടിൽ വിളിച്ച് വിവരം പറഞ്ഞു. അന്ന് വീട്ടിൽ ഫോണില്ല. അര മണിക്കൂർ കഴിഞ്ഞ് വീണ്ടുവിളിച്ച് ഭാര്യയുടെ സ്വരം വളരെ നാളുകൾക്ക് ശേഷം കേട്ടു !
രാത്രി സൗഹൃദസദസ്സിൽ വിഷയ ദാരിദ്ര്യം അനുഭവപ്പെട്ടില്ല. വർത്തമാനകാല ദേശീയ രാഷ്ട്രീയം, സാർവ്വദേശീയ രംഗത്തെ മാറ്റങ്ങൾ, ചരിത്രം, ചരിത്രത്തെക്കുറിച്ചുള്ള ആത്മനിഷ്ഠ വ്യാഖ്യാനങ്ങൾ. മതങ്ങളുടെ താരതമ്യം, ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലെ വിവിധധാരകൾ, യാത്രാനുഭവങ്ങൾ, എല്ലാം ചർച്ചയ്ക്ക് വിഷയമായി. തൊഴിൽ സമരങ്ങളും തൊഴിലാളി പ്രസ്ഥാനങ്ങളുടെ വളർച്ചയും സ്വതന്ത്ര്യസമര ചരിത്രത്തെക്കുറിച്ചുള്ള ചർച്ചയിലേക്ക് കൊണ്ടുവരാനുള്ള എന്റെ ശ്രമവും വിജയിച്ചു. അപ്പർ മിഡിൽ ക്ലാസ്സും അതിലുപരിയിലുമുള്ള സാമ്പത്തിക ശ്രേണിയിൽപ്പെട്ട സഹയാത്രികർക്ക് അത്തരം വിഷയങ്ങളിലുള്ള താല്പര്യക്കുറവും ശ്രദ്ധിച്ചു. തൊഴിലവകാശങ്ങൾ വികസനത്തിന് തടസ്സമാണെന്ന അഭിപ്രായത്തിനാണ് മുൻതൂക്കമെന്നത് ഇത്തരം ഒരു യാത്രാ സംഘത്തിൽ സ്വാഭാവികം. ഗാന്ധിജിയുടെ പിന്തുണയോടെ നടന്ന അഹമ്മദാബാദ് തുണിമിൽ തൊഴിലാളികളുടെ സമരം ഏടുത്ത് കാട്ടിയുള്ള എന്റെ പ്രതിരോധത്തിന് ഡോ.പരാസിനിസ്, KN ശർമ്മ, US ഗോസ്വാമി എന്നിവരുടെ പിന്തുണയും ലഭിച്ചു. രാത്രി വളരെ വൈകിയും സൗഹൃദ സംഭാഷണം തുടർന്നു.
അടുത്ത ദിവസം ഉച്ചവരെ കസ്റ്റംസ് ഇമിഗ്രേഷൻ പരിശോധനയ്ക്കും, കറൻസി കൈമാറ്റത്തിനും വേണ്ടിയുള്ള അവസരം! ഉച്ചഭക്ഷണത്തിന് ശേഷം ഖോജാർനാഥ് ബുദ്ധമതവിഹാര സന്ദർശനം! ലയിസൺ ഓഫീസറുടെ വിശദീകരണത്തോടെ സൗഹൃദസദസ്സ് അവസാനിച്ചു.
ഞാനൊന്നു പുറത്തിറങ്ങി. വഴിവിളക്കുകൾ മിന്നുന്ന തക്ലാകോട്ട് വീഥിയിലൂടെ നടന്നു. വിജനമായ പാത. കടകളെല്ലാം അടച്ച് കഴിഞ്ഞു. കുറച്ച് ദൂരം മുന്നോട്ട് അലസഗമനം! കർണാലി നദിയുടെ കളകളാരവം കേട്ടു തുടങ്ങി! നദിക്ക് കുറുകെയുള്ള പാലത്തിന്റെ കവാടത്തിൽ സൈനികവേഷധാരികളായ രണ്ട് പേർ! അവരെന്തോ എന്നോട് ചോദിച്ചു! കൈലാസ്-മാനസസരോവർ യാത്രാ സംഘത്തിൽ ഇന്ത്യയിൽ നിന്ന് വന്നതാണെന്നും ഗസ്റ്റ്ഹൗസിലാണ് താമസമെന്നും ഹിന്ദിയിലും ഇംഗ്ലീഷിലുമായി ഞാനും പറഞ്ഞു. അവർ പറഞ്ഞത് എനിക്കും, ഞാൻ പറഞ്ഞത് അവർക്കും മനസ്സിലായില്ല. പിന്നീട് അവർ പറഞ്ഞ പരുഷമായ വാക്കുകൾക്ക് gawn-da (I am sorry) പറഞ്ഞ് തിബറ്റൻ പീഠഭൂമിയിലെ ആകാശം നോക്കി ശരവേേഗത്തിൽ ഗസ്റ്റ്ഹൗസിലേക്ക്..... നക്ഷത്രങ്ങൾ എന്റെ ചമ്മൽ കണ്ട് കണ്ണ് ചിമ്മുന്നുണ്ടായിരുന്നു!
JP
==========
*ഭാര്യയുടെ പേര് സരോജം.