ഈ വാക്യത്തിൽ പൊരുത്തക്കേടുണ്ടോ ? ഇല്ലെന്നാണ് എന്റെ പക്ഷം !
'The Crooked Timber of New India...' പരകാല പ്രഭാകർ എഴുതിയ ലേഖന സമാഹാരം!
സുഹൃത്ത് TA രാജശേഖരൻ അത് 'ആരൂഢം വളഞ്ഞ നവ ഇന്ത്യ' എന്ന ഏറ്റവും യോജിച്ച പേര് നൽകി പരിഭാഷപ്പെടുത്തി. 'കേരളീയം' വേദിയിലാണ് പുസ്തക പ്രകാശനം.
ആരാണ് പരകാല പ്രഭാകർ? ഇദ്ദേഹം ആന്ധ്രാപ്രദേശിലെ ബി.ജെ.പി വ്യക്താവായിരുന്നു! Economist, സാമൂഹ്യ നിരീക്ഷകൻ, എഴുത്തുകാരൻ, JNU Product!
തെലുങ്കു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ഇദ്ദേഹത്തിന്റെ പിതാവും ആന്ധ്രപ്രദേശിൽ ദീർഘകാലം മന്ത്രിയായിരുന്നു.
കേന്ദ്ര 'വിത്തമന്ത്രി'യുടെ (ധനമന്ത്രി) ഭർത്താവാണിദ്ദേഹം! അതെ, വിത്തെടുത്ത് കുത്തുന്ന മന്ത്രി എന്ന് വായിച്ചെടുക്കാം.😂 എല്ലാം വിറ്റ് തുലയ്ക്കുകയാണല്ലോ ?
2023 മെയ് 25 ന് പുറത്തിറക്കിയ ആ പുസ്തകത്തിലൂടെ കടന്നുപോയിരുന്നു. ഇന്ത്യൻ റിപ്പബ്ലിക്കിനെക്കുറിച്ചുള്ള ആകുലതകൾ പങ്കുവയ്ക്കുന്ന സ്ഥിതിവിവരകണക്കുകളടങ്ങിയ നല്ല ഉൾകാഴ്ചയുള്ള ലേഖനങ്ങൾ !
അത് ആശയങ്ങൾ ചോരാതെ TA രാജശേഖരൻ പരിഭാഷപ്പെടുത്തി എന്ന് "ആരൂഢം വളഞ്ഞ നവ ഇന്ത്യ" എന്ന തലവാക്യത്തിൽ നിന്നു തന്നെ വ്യക്തമാണ്.
വിഭജനത്തെ തുടർന്നുണ്ടായ പ്രക്ഷുബ്ധമായ അന്തരീക്ഷത്തിലും ദേശീയ സ്വാതന്ത്ര്യസമരത്തിലെ വിവിധ ധാരകൾ നൽകിയ ഉൾക്കരുത്താണ് ഇന്ത്യയിലെ മതനിരപേക്ഷ ബോധം ഊട്ടിയുറപ്പിച്ചത്.
തീവ്രഹിന്ദുത്വ ആശയങ്ങൾക്ക് വേരുന്നാൻ കഴിഞ്ഞില്ല എന്നത് ഇന്ത്യക്കാരുടെ അഭിമാനമാണ്. ആ അഭിമാനത്തിന് ഏറ്റ ആദ്യ വലിയക്ഷതമായിരുന്നു ഗാന്ധിവധം. അവരുടെ ആശയങ്ങൾക്ക് ഇന്ത്യയിൽ നിലയുറപ്പിക്കാൻ കഴിയാത്തതിന്റെ തീവ്ര നൈരാശ്യമാകാം ഗാന്ധിയെ വധിച്ച ആ തീവ്രവാദപ്രവർത്തനത്തിന്റെ കാരണം!
തീവ്രഹിന്ദുത്വ ആശയങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിലയുറപ്പിച്ചത് എങ്ങനെയെന്ന് പരകാല പ്രഭാകർ പരിശോധിക്കുന്നുണ്ട്. അദ്ദേഹം എഴുതുന്നു.
"1980 കളുടെ മദ്ധ്യം വരെ ഇന്ത്യയുടെ പൊതു രാഷ്ട്രീയ നിലപാട്തറയെന്നാൽ, കോൺഗ്രസ് അനുകൂല വിഭാഗം എന്നും ഈ 'വന്ദ്യ'വയോധിക പാർട്ടിയെ എതിർക്കുന്നവരുടെ വിഭാഗം എന്നും രണ്ടായി മാത്രം തരംതിരിക്കപ്പെട്ടിരുന്നു ........
....പണ്ട് കോൺഗ്രസിന് ഉണ്ടായിരുന്ന നിർണായക രാഷ്ട്രീയ പദവി ഇന്നനുഭവിക്കുന്നത് ബിജെപിയാണ് ....."
ബി ജെ പി യുടെ ഹിന്ദുത്വ ആശയങ്ങൾ ഇന്ത്യൻ മണ്ണിൽ വേരോടാൻ തുടങ്ങിയത് എങ്ങനെയെന്നും അദ്ദേഹം പരിശോധിക്കുന്നു :
"ബിജെപിയുടെ അധികാര ആരോഹണത്തെ പിന്തുടർന്ന് ഇന്ത്യൻ രാഷ്ട്രീയം വ്യാഖ്യാനപരവും സംവാദാത്മകവുമായ ആഴത്തിലുള്ള പരിവർത്തനത്തിന് വിധേയമായി കഴിഞ്ഞു. ബിജെപിയുടെ ഭൂരിപക്ഷവാദാധിഷ്ഠിത കാര്യപരിപാടിയും സംഘപരിവാർ ശക്തികളും തമ്മിലുള്ള പരസ്യബാന്ധവം ആകസ്മികമായി സംഭവിച്ചതല്ല...........
......ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളെ സംഘടിപ്പിച്ച് തങ്ങൾക്കൊപ്പം അണിനിരത്താനുള്ള ശ്രമത്തിന്റെ ആദ്യപടിയായിരുന്നു അത്. ന്യൂനപക്ഷ പ്രീണത്തിന്റെ നിസ്സഹായരായ ഇരകളാണ് ഇന്ത്യൻ ഹിന്ദുക്കൾ എന്ന് ആദ്യം ചിത്രീകരിച്ചു......
.......രാമ ക്ഷേത്രത്തിനു വേണ്ടിയുള്ള ബിജെപിയുടെ പടയൊരുക്കം മറ്റു രാഷ്ട്രീയ പാർട്ടികളെ സമ്മർദ്ദത്തിലാക്കി.....
...... രാജീവ് ഗാന്ധി തന്റെ 1989 ലെ തെരഞ്ഞെടുപ്പ് ക്യാമ്പയിൻ ആരംഭിച്ചത് അയോധ്യയിൽ നിന്നായിരുന്നു. 'ഹിന്ദു സ്വത്വ'ത്തെ ഇനിമേൽ അവഗണിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു......
........1990 ബിജെപി പ്രസിഡൻറ് ലാൽ കൃഷ്ണ അദ്വാനിയുടെ രഥ യാത്ര കാര്യങ്ങളെയാകെ മാറ്റിമറിച്ചു. വർഗ്ഗ വർണ്ണ വ്യത്യാസങ്ങളെ അതിലംഘിച്ചുകൊണ്ട് നടന്ന രഥയാത്ര ഹിന്ദു ഏകീകരണത്തിൽ കലാശിച്ചു. ഒപ്പം ഒരു പൊതു ശത്രുവിനെയും കണ്ടെത്തി.ഇന്ത്യയിലെ മുസ്ലീങ്ങൾ. ഇത് ബിജെപിയെ നന്നായി രാഷ്ട്രീയ കൊയ്ത്ത് നടത്താൻ സഹായിച്ചു...... "
എത്ര വ്യക്തമായ നിഗമനം! ഹിന്ദുത്വ ആശയങ്ങൾക്ക് കോൺഗ്രസ് കൂട്ടുനിന്നതിന്റെ നിരവധി ഉദാഹരണങ്ങൾ പരകാല പ്രഭാകർ അദ്ദേഹത്തിന്റെ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. അതൊക്കെ കോൺഗ്രസിന്റെ നിഷ്ക്രിയമായ മൃദു ഹിന്ദുത്വ സമീപനമായി ചരിത്രത്തിൽ രേഖപ്പെടുത്തി കഴിഞ്ഞു.
സക്രിയമായ ഹിന്ദുത്വ ആശയങ്ങളിലേക്ക് കോൺഗ്രസ് മാറുന്നു എന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്.
ബാബരി മസ്ജിദിന്റെ പൂട്ടുപൊളിച്ച് ഹിന്ദുക്കൾക്ക് ആരാധനക്കായി തുറന്നുകൊടുത്ത് രാമക്ഷേത്ര നിർമാണത്തിന്
ആദ്യമായി വഴിയൊരുക്കിയത് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും കോൺഗ്രസ് സർക്കാറുമാണെന്ന് മധ്യപ്രദേശിൽ മുഖ്യമന്ത്രിയാകാൻ ശ്രമിക്കുന്ന കമൽ നാഥ് ഏറ്റ് പറയുന്നു.
ഹമാസ് 2023 ഒക്ടോബർ 7-ന് സ്വയംഭൂവായതെന്ന തീസിസുമായി പലസ്തീൻ ഐക്യദാർഢ്യറാലിയിൽ ശശി തരൂർ!
പലസ്തീൻ ഐക്യദാർഢ്യറാലി നടത്തിയവർക്കെതിരെ 'അച്ചടക്കനടപടി' എടുക്കുമെന്ന് KPCC!
CPIM നടത്തുന്ന പലസ്തീൻ ഐക്യദാർഢ്യറാലിയിൽ പങ്കെടുക്കണമെന്നാഗ്രഹിച്ച മുസ്ലീംലീഗിനെ സമ്മർദ്ദത്തിലാക്കിയ കോൺഗ്രസ് നേതൃത്വം!
ഹിന്ദുത്വ ആശയങ്ങൾക്കെതിരായി സജീവമായ രാഷ്ട്രീയ നിലപാടുകൾക്കുപകരം യാഥാർത്ഥ്യബോധം ഉൾക്കൊള്ളാതെയുള്ള തെരഞ്ഞെടുപ്പ് സഖ്യങ്ങൾ ബിജെപിക്ക് സഹായകമാകും!
മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന ഇസ്രയേലിന്റെ കൊടും ക്രൂരതകൾക്കെതിരായി ലോക മനസാക്ഷി ഉണരുമ്പോൾ പലസ്തീൻ പ്രശ്നത്തിൽ വ്യക്തമായ നിലപാട് സ്വീകരിക്കാതെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭയപ്പാടിലോ ഊഷ്മളതയിലോ അഭയം പ്രാപിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.
നമ്മുടെ റിപ്പബ്ലിക് ഒരു Crisis -ൽ ആണ് . പരകാല പ്രഭാകർ എഴുതുന്നു:
" .....ബിജെപിയെ രാഷ്ട്രീയമായി എതിർക്കുന്ന പാർട്ടികൾ മനസ്സിലാക്കേണ്ട ഒരു കാര്യം തെരഞ്ഞെടുപ്പ് ക്യാമ്പയിനിൽ ബിജെപിയെ എതിർക്കുന്നതുപോലെ അത്ര നിസ്സാരമല്ല അവരുടെ ഹിന്ദുത്വ പദ്ധതിയെ എതിർക്കുന്നത് ......
...രാജ്യത്തിൻ്റെ രാഷ്ട്രീയ ശരീരത്തെ ബാധിച്ചിരിക്കുന്ന മലീമസമായ വർഗീയതയുടെ വളർച്ചയെ തടയാൻ ഈ പാർട്ടികൾ നിരന്തരമായി നിസ്തന്ദ്രമായി, അടുക്കുംചിട്ടയോടുമുള്ള രാഷ്ട്രീയ പ്രവർത്തനം നടത്തണം. അത്തരത്തിലുള്ള ശക്തമായ ആശയപ്രചാരണം നടത്താതെ ബിജെപിയെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കുക എന്നത് അസംഭ്യമാണ്.....
....... ഇനി ഏതെങ്കിലും സാഹചര്യത്തിൽ തിരഞ്ഞെടുപ്പിൽ അവരെ തോൽപ്പിച്ചാൽ തന്നെ സ്ഥായിയായി അത് നിലനിർത്താൻ കഴിയില്ല. വർഗീയതയും ഹിന്ദുഭൂരിപക്ഷതാവാദവും സമൂഹത്തിൽ അസ്വസ്ഥത സൃഷ്ടിച്ചുകൊണ്ട് നിരന്തരം ഭീഷണിയായി നിലനിൽക്കും. ബിജെപി ഇതര രാഷ്ട്രീയപാർട്ടികളുടെ ഈ പരാജയമാണ് നമ്മുടെ രാജ്യം ഇന്ന് ആരൂഢം വളഞ്ഞ മന്ദിരം പോലെയായതിന്റെ മുഖ്യ കാരണം ..."
2024-ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇടതുപക്ഷ പാർട്ടികൾക്കും, കോൺഗ്രസ്സിതര ദേശീയപാർട്ടികൾക്കും, പ്രദേശീയ പാർട്ടികൾക്കും ലോകസഭയിൽ നല്ല സ്വാധീനം ഉണ്ടാകണം!
എംപിമാരെയും എംഎൽഎമാരെയും വിലക്കെടുക്കുന്ന രീതിക്ക് തടയിടണം.
കോൺഗ്രസുകാരെ വിലയ്ക്ക് എടുക്കാൻ കഴിയുന്നതാണെന്നതിന് നിരവധി ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്. Electoral Bond - ലൂടെ ഏറ്റവും കൂടുതൽ തുക സംഭരിക്കാനായത് ബിജെ പി ക്കാണ് എന്നതും ഓർക്കുക.
ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ജനാധിപത്യ-ഫെഡറൽ സ്വഭാവവും, മതനിരപേക്ഷതയും സംരക്ഷിക്കാനുള്ള സചേതനവും, സജീവുമായ രാഷ്ട്രീയ പ്രവർത്തനമാണ് കാലഘട്ടം ആവശ്യപ്പെടുന്നത്! വരുംതലമുറ പ്രതീക്ഷിക്കുന്നതും അതാണ്. അവർ നമ്മെ കുറ്റക്കാർ എന്ന് വിധിക്കാതിരിക്കട്ടെ!
ഗതിവിഗതികൾ സ്വാഭാവികം!
പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ലോകമനസാക്ഷിയോടൊപ്പം ചേരുക എന്നത് സക്രിയമായ വർത്തമാനകാല രാഷ്ട്രീയപ്രവർത്തനമാണ്.
'സാമൂഹികമോ മതപരമോ സാംസ്കാരികമോ ആയ ഏതെങ്കിലും തരത്തിലുള്ള വ്യത്യാസങ്ങൾ ഭൂരിപക്ഷത്തിന്റെ ഉച്ചത്തിലുള്ള ശബ്ദത്തിന് കീഴിൽ വരുന്നില്ലെങ്കിൽ മാത്രമേ മതനിരപേക്ഷതയ്ക്ക് അർത്ഥമുണ്ടാകൂ.'
**********************
പരകാല പ്രഭാകർ, TA രാജശേഖരൻ, പ്രസാധകരായ Chintha Publishers എന്നിവർക്ക് അഭിനന്ദനങ്ങൾ!
Chandrakumar Jp