Wednesday, February 21, 2018

KSRTC Pension

കെ.എസ്.ആർ.റ്റി.സി. പെൻഷൻ

"കെ.എസ്.ആർ.റ്റി.സി വെള്ളാനയെന്നും, ജീവനക്കാരുടെ ചുമതലാബോധമില്ലായ്മയുമാണ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ദുരവസ്ഥയ്ക്ക് കാരണമെന്ന് വ്യാഖ്യാനിക്കുന്ന 'മധ്യവർഗ ചിന്തകർ' ഇപ്പോൾ ഉത്ഘാടനം നടത്തി പെൻഷൻ വിതരണം ചെയ്യുന്നതിനെ ആക്ഷേപിക്കുന്നതിന് മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഇരിക്കുന്ന കൊമ്പു മുറിക്കുന്ന നയസമീപനമാണ്  ഇത്തരക്കാരുടേത്. പറമ്പിൽ പണിക്ക് നിറുത്തിരിക്കുന്ന ജോലിക്കാരൻ നാല് മണിക്ക് മുമ്പേ പോകുമോ എന്ന് അന്വേഷിക്കാൻ ഓഫീസിൽ നിന്ന് മുങ്ങി ബസ്സ് കാത്ത് നില്ക്കുമ്പോൾ ബസ്സ് വരാൻ അല്പമൊന്ന് വൈകിയാൽ ട്രാൻസ്പോർട്ട് ജീവനക്കാരനെ കുറ്റം പറയുന്ന വർഗ ഐക്യത്തെ തകർക്കുന്ന  അവനവനിസമാണിത്."

=============================

ഇന്നലെ കെ.എസ്.ആർ.റ്റി.സി. പെൻഷൻകാർക്ക് പെൻഷൻ കുടിശ്ശിക അടക്കം വിതരണോത്ഘാടനം നടന്നു.

1984-ൽ ട്രാൻസ്പോർട്ട് തൊഴിലാളികൾ നേടിയടുത്തതാണ് പെൻഷൻ ആനുകൂല്യം. 1990-കളിലെ ഉദാരവൽക്കരണത്തിലൂന്നിയ പുത്തൻ സാമ്പത്തിക നയം നടപ്പിലാക്കുന്നതിന് മുമ്പ് രാജ്യത്ത് സ്വാതന്ത്ര്യനന്തരം ഉയർന്ന് വന്ന മെച്ചെപ്പെട്ട വേതന ഘടനയ്ക്കും, സാമൂഹ്യ സുരക്ഷിതത്വത്തിനു വേണ്ടിയുള്ള നിരവധിസമരങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ട്രാൻസ്പോർട്ട് ജീവനക്കാർക്കും, സംസ്ഥാന സർവ്വീസ് പെൻഷൻകാരെ പോലെ പെൻഷൻ അനുഭവേദ്യമായത്.

സ്വാതന്ത്ര്യാനന്തരം ഒരു ക്ഷേമരാഷ്ട്രം കെട്ടിപ്പെടുക്കുന്നതിന്റെ ഭാഗമായി ചേർന്ന ത്രികക്ഷി ലേബർ കോൺഫറൻസ്സുകളിലെല്ലാം തന്നെ ഇന്ത്യയിൽ പണിയെടുക്കുന്നവർക്ക് ആവശ്യാതിഷ്ടിത മിനിമം ലഭ്യമാക്കുമെന്നും, പടിപടിയായി ഫെയർ വേജസ്സിൽ എത്തിക്കുമെന്നും അന്നത്തെ കോൺഗ്രസ്സ് സർക്കാരും പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവും വാഗ്ദാനം നൽകിയിരുന്നു. അത്തരത്തിൽ ഒരു വേതന ക്രമം നേടിയെടുക്കുന്നതിനുള്ള തൊഴിൽ സമരങ്ങളും നിരവധി മേഖലകളിൽ ഉയന്ന് വന്നു. അത്തരം സാഹചര്യത്തിലാണ് പെൻഷനും ബോണസ്സും എല്ലാം മാറ്റിവയ്ക്കപ്പെട്ട വേതനം (deffered wages) എന്ന രീതിയിൽ വിവക്ഷിക്കാനും നാമമാത്രമായ രീതിയിലെങ്കിലും നേടിയെടുക്കാനും സാധിച്ചത്.

പുത്തൻ സാമ്പത്തിക നയം നടപ്പിലാക്കുന്നതിന് മുമ്പ് പണിയെടുക്കുന്നവരുടെ സംഘശക്തിയെ ഭരണകർത്താക്കൾക്ക് ഭയമായിരുന്നു. തൊഴിലാളികൾ നേടിയെടുത്ത ആനുകൂല്യങ്ങളിൽ കൈവച്ചാൽ ഉണ്ടാകാവുന്ന തൊഴിലാളികളുടെ പ്രതിഷേധവും അതിന് ലഭിക്കുന്ന ജനകീയ പിന്തുണയും അസൂയാവഹവും, ഐക്യ ബോധത്തിലൂന്നിയ ജനമുന്നേറ്റത്തിനുള്ള സാധ്യതയും ഭരണാധികാരികൾ തിരിച്ചറിഞ്ഞു. കോടതികൾ പോലും സാമൂഹ്യക്ഷേമപരമായ, സാധാരണ ജനങ്ങളുടെ താല്പര്യങ്ങൾക്ക് അനുസൃതമായ വിധിന്യായങ്ങളാണ് പുറപ്പെടുവിച്ചിരുന്നത്.  മഹാ ഭൂരിപക്ഷം വരുന്ന സാധാരണ. ജനവിഭാഗങ്ങളുടെ തല്പര്യങ്ങൾ സംരക്ഷിക്കുന്ന ഒരു ഭരണം ഇന്ത്യാ മഹാരാജ്യത്ത് ഏറെക്കുറെ സാധ്യമാകുന്ന ജനകീയ മുന്നേറ്റം രൂപ പ്രാപിച്ചു വരുന്നുണ്ടായിരുന്നു എന്നത് ഗതകാല യാഥാർത്ഥ്യം.

1990-കളോടെ പുത്തൻ സാമ്പത്തിക നയം നടപ്പിലാക്കി തുടങ്ങിയതോടെ കാര്യങ്ങളാകെ കീഴ്മേൽ മറിയുന്ന പ്രവണത ദൃശ്യമാകാൻ തുടങ്ങി. ക്ഷേമരാഷ്ട്രമെന്ന സങ്കല്പം ഭരണകൂടം പാടെ ഉപേക്ഷിക്കാൻ ആരംഭിച്ചു. ശിഥിലീകരണ  പ്രവണതകളിലൂടെ വർഗ്ഗീയ ധ്രുവീകരണം ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ (?) പ്രവർത്തനങ്ങളും തൊണ്ണൂറുകളിലെ പ്രത്യേകതയായിരുന്നു. തേരോട്ടവും ബാബറി മസ്ജിത് പൊളിക്കലും തൊഴിലാളികളുടെ സംഘശക്തിയിൽ വിള്ളലേൽപ്പിച്ചു എന്നതും യാഥാർത്ഥ്യമാണ്.

നിയമന നിരോധനങ്ങൾ ഏർപ്പെടുത്തിയും, കരാർജോലി സംവിധാനം കൊണ്ടുവന്നും വിവിധ മേഖലകളിലെ സുരക്ഷിത തൊഴിൽ ലഭ്യതയിൽ കുറവ് വരുത്താൻ ശ്രമമാരംഭിച്ചു. ജോലി സുരക്ഷിതത്വത്തിനും സാമൂഹ്യ സുരക്ഷയ്ക്കു വേണ്ടിയുള്ള പ്രതിഷേധ സമരങ്ങളും ഉയർന്ന് വന്നു!

ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളിൽ കൈവയ്ക്കില്ല എന്ന ധാരണ ശരിയല്ലെന്ന് പണിയെടുക്കുന്നവർക്ക് ബോധ്യപ്പെടാൻ തുടങ്ങി. വർഗ്ഗീയ ധ്രുവീകരണത്തിലധിഷ്ഠിതമായ രാഷ്ട്രീയത്തിന് മേൽകൈ ലഭിച്ചുകൊണ്ടിരിക്കുന്നത് പുത്തൻ ആഗോളികരണ സാമ്പത്തിക നയങ്ങൾ അടിച്ചേല്പ്പിക്കുന്നതിന് ഭരണാധികരികൾക്ക് സഹായകമായി. ഇതിനെതിരെയുള്ള ചെറുത്ത് നില്പും ഉയർന്ന് വന്നു.

എന്തും ലാഭത്തെ മാത്രം അടിസ്ഥാനമാക്കി കണക്കാക്കുന്ന മുതലാളിത്വരീതിക്ക് മേൽകൈവന്നത് കരണവും, ക്ഷേമരാഷ്ട്ര സങ്കല്പം ഉപേക്ഷിക്കുന്നതിന്റെ ഭാഗമായും സാമൂഹ്യ സേവനപരമായ അവശ്യ സർവ്വീസുകളെ പോലും അവഗണിക്കാനും സ്വകാര്യവൽക്കരിക്കാനുമുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഈ പശ്ചാത്തലത്തിലാണ് ട്രാൻസ്പോർട്ട് പെൻഷൻ മുടങ്ങിയതിനെ വിലയിരുത്തേണ്ടത്. ട്രാൻസ്പോർട്ട് ജീവനക്കാർ 1984-ൽ നേടിയെടുത്ത statutory pension ലാഭനഷ്ടങ്ങളുടെ കണക്ക് പറഞ്ഞ് ഇതര മേഖലകളിലും മുടങ്ങികൂടന്നില്ല.

കെ.എസ്.ആർ.റ്റി.സി വെള്ളാനയെന്നും, ജീവനക്കാരുടെ ചുമതലാബോധമില്ലായ്മയുമാണ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ദുരവസ്ഥയ്ക്ക് കാരണമെന്ന് വ്യാഖ്യാനിക്കുന്ന 'മധ്യവർഗ ചിന്തകർ' ഇപ്പോൾ ഉത്ഘാടനം നടത്തി പെൻഷൻ വിതരണം ചെയ്യുന്നതിനെ ആക്ഷേപിക്കുന്നതിന് മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഇരിക്കുന്ന കൊമ്പു മുറിക്കുന്ന നയസമീപനമാണ്  ഇത്തരക്കാരുടേത്. പറമ്പിൽ പണിക്ക് നിറുത്തിരിക്കുന്ന ജോലിക്കാരൻ നാല് മണിക്ക് മുമ്പേ പോകുമോ എന്ന് അന്വേഷിക്കാൻ ഓഫീസിൽ നിന്ന് മുങ്ങി ബസ്സ് കാത്ത് നില്ക്കുമ്പോൾ ബസ്സ് വരാൻ അല്പമൊന്ന് വൈകിയാൽ ട്രാൻസ്പോർട്ട് ജീവനക്കാരനെ കുറ്റം പറയുന്ന വർഗ ഐക്യത്തെ തകർക്കുന്ന  അവനവനിസമാണിത്.

ക്ഷേമരാഷ്ട്ര സങ്കല്പത്തിൽ നിന്നകന്ന് പോകുന്ന രാഷ്ട്രീയ പാർട്ടികൾക്കും, സർക്കാരുകൾക്കും ബദലായി ഒരു ബദൽ രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്നതിന്റെ ഭാഗമായി വേണം ട്രാൻസ്പോർട്ട് പെൻഷൻകാർക്ക് സഹകരണ ബാങ്കുകളുടെ സഹായത്തോടെ പെൻഷൻ കുടിശ്ശിക സഹിതം വിതരണം ചെയ്ത നടപടിയെ വിലയിരുത്താൻ. കലങ്ങിമറിഞ്ഞ ഇന്ത്യൻ രാഷ്ട്രീയത്തിൽ ദിശാബോധമില്ലാത്ത രാഷ്ട്രീയ കക്ഷികൾ നിലാവിലിറങ്ങിയ കോഴിയെ പോലെ കറങ്ങി നടക്കുമ്പോൾ ഒരു ബദൽ നയത്തിന്റെ ഉത്ഘാടനം സമുചിതമായി നടത്തിയതിന് ഇടത് പക്ഷ സർക്കാരിനെ അഭിനന്ദിക്കുകയാണ് വേണ്ടത്.

രാജ്യത്ത് വേതനത്തിലും, പെൻഷനിലും ജീവത നിലവാരത്തിലും വലിയ തോതിലുള്ള അസമത്വങ്ങൾ നിലനില്ക്കുമ്പോൾ വിവിധ തൊഴിൽ മേഖലകളിലെ നിലനില്പ് സമരങ്ങൾക്ക് ഐക്യദാഢ്യം പ്രകടിപ്പിച്ച് കൊണ്ട് ഒത്തൊരുമിച്ച് നീങ്ങിയാൽ മാത്രമേ പണിയെടുക്കുന്നവർ നേടിയെടുത്ത ആനുകൂല്യങ്ങൾ നിലനിറുത്താനാകൂ.

തുലോം തുച്ഛമായ ക്ഷേമ പെൻഷനുകളും ലക്ഷങ്ങൾ പെൻഷൻ ലഭിക്കുന്ന statutory pension കാരും സമൂഹത്തിൽ ഉണ്ട് എന്നത് വസ്തുതയാണ്.  വ്യക്തഗത മികവിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്നതാണ് പെൻഷൻ എന്ന വാദം ആഗോളികരണത്തിന്റേയും ഉദാരവൽക്കരണത്തിന്റെയും ഫലമായി ക്ഷേമരാഷ്ട്ര സങ്കല്പത്തിൽ നിന്ന് മാറി കുത്തക താല്പര്യ സംരക്ഷണത്തിന്റെ ഭാഗമായി പാർശ്വവൽക്കരിക്കപ്പെട്ട മഹാ ഭൂരിപക്ഷത്തിന് ബോധ്യമാകില്ല.

സഹകരണ സംഘങ്ങളേയും കെ.എസ്.ആർ.റ്റി.സി.യെ യും ഒരു പോലെ തകർക്കുന്നതാണ് സർക്കാരിന്റെ സമീപനം എന്ന് ആക്ഷേപിക്കുന്നവരും ഉണ്ട്. സ്ഥാപനത്തിന്റെ ശോച്യാവസ്ഥയ്ക്ക് കാരണങ്ങൾ കണ്ടെത്തി കെ.എസ്.ആർ.റ്റി.സിയെ മാതൃകാ സ്ഥാപനമായി മാറ്റുക എന്ന ലക്ഷ്യവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.  പൊതുമേഖലാ സ്ഥാപനങ്ങളാകെ സ്വകാര്യവൽക്കരിക്കുന്ന നയവുമായി മുന്നോട്ട് പോകുന്ന കേന്ദ്ര സർക്കാരിന്റെ നയത്തിനെതിരായി, വിഭവ സമാഹരണത്തിന്റെ പരിമിതികൾക്കുള്ളിൽ നിന്ന്, ഒരു സംസ്ഥാനത്തിന് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധിയാണ്  കേരള സർക്കാരിന്റെ നടപടി. ഇത് ശ്ലാഘനീയമാണ്. ബദൽ സാമ്പത്തിക നയമാണ്.

തൊഴിലാളികളും, ഇടത്തരം ജീവനക്കാരും, കർഷക തൊഴിലാളികളും, കർഷകരും അടങ്ങിയ ജനകീയ മുന്നേറ്റത്തിലൂടെ അധികാരത്തിൽ വരുന്ന സർക്കാരുകൾക്ക് മാത്രമേ ഒരു ബദൽ രഷ്ട്രീയത്തിലൂന്നിയ കർമപരിപാടികൾ നടപ്പിലാക്കാൻ കഴിയൂ.

Sunday, February 18, 2018

ഉറക്കം നടിക്കുന്നവർ......

"ഗാന്ധിയൻ ആദർശങ്ങളുടെ ഭൂലോക പ്രയോക്താവായ താങ്കൾ തന്നെയാണല്ലോ ഇത്തരം കൊലപാതകസംസ്കാരത്തെ  മുട്ടാപ്പോക്ക് ന്യായം പറഞ്ഞു സമീകരിക്കുന്നത് എന്നതാണ് ഏറെ വിരോധാഭാസം......."

എന്റെ FB സ്നേഹിതൻ ശ്രീ V.R Pradeep എന്റെ ഒരു പോസ്റ്റിന് പ്രകടിപ്പിച്ച അഭിപ്രായം ആണ് മുകളിൽ. എല്ലാത്തരം രാഷ്ട്രീയ കൊലപാതങ്ങളെയും അപലപിക്കുന്നതൊടൊപ്പം "വിലാപം ഏകപക്ഷീയമാകരുത് " എന്ന എന്റെ അഭിപ്രായമാണ് അദ്ദേഹത്തെ പ്രകോപിച്ചത്. ഇടത്പക്ഷ bite-ൽ ആനന്ദം കണ്ടെത്താറുള്ള അദ്ദേഹത്തിന് ഞാൻ  നൽകിയ വിശദീകരണശ്രമം താഴെ:
=========================
"വിലാപം ഏകപക്ഷീയമാകരുത് " എന്ന് അഭിപ്രായപ്പെട്ടതിന് ശ്രീ V.R. Pradeep ഇങ്ങനെ പ്രകോപിതനാകുന്നത് എന്തിന്?

ഒരു കൊലപാതകങ്ങളോടും, രാഷ്ട്രീയ കൊലപാതകങ്ങളോട് മാത്രമല്ല, യോജിപ്പില്ല. അവസാനിക്കേണ്ടതും, അവസാനിപ്പിക്കേണ്ടതും ആണ് അത്തരം മൃഗീയത. അത്തരം ആശയങ്ങളോട്, മാനവികതയോട്, ആഭിമുഖ്യം ഉള്ളത് കൊണ്ടാണ് കമ്മ്യൂണിസ്റ്റ് ആകാൻ ശ്രമിക്കുന്നതും, ഗാന്ധിജിയെ, ഗാന്ധിസത്തെ അതിന്റെ സമഗ്രതയിൽ വിലയിരുത്താൻ പരിശ്രമിക്കുന്നതും.

ഗാന്ധിജി നാം ഇന്നറിയപ്പെടുന്ന രീതിയിൽ മഹാത്മാവായി ജനിച്ചതല്ല, ഒരു വിഗ്രഹവുമല്ല. ബാല്യം മുതൽ അനുഭവങ്ങളിലൂടെ, പരീക്ഷണങ്ങളിലൂടെ വികാസം പ്രാപിച്ച വ്യക്തിത്വമാണ് ഗാന്ധിജിയുടേത്.  അതാണ് "മജ്ജയും മാംസവുമായി ഇത്തരത്തിലുള്ള ഒരു മനുഷ്യൻ ഭൂമുഖത്ത് ജീവിച്ചിരുന്നു എന്ന് വരും തലമുറ അത്ഭുതപ്പെടും" എന്ന് ഐസ്റ്റൈൻ അഭിപ്രായപ്പെട്ടത്.

താൻ തന്നെ വളർത്തി വലുതാക്കിയ കോൺഗ്രസ്സ് സ്വാതന്ത്ര്യാനന്തരം പിരിച്ച് വിടണമെന്ന് നിർദ്ദേശിച്ചത് ആ പ്രസ്ഥാനത്തിന്റെ അപചയം മുൻകൂട്ടി കണ്ടത് കൊണ്ടാണ്. മാത്രമല്ല വിഭജനത്തോടനുബന്ധിച്ച് രാജ്യത്ത് നടമാടിയ വർഗ്ഗീയ സംഘർഷങ്ങളിൽ ഖിന്നനായി അദ്ദേഹത്തിന്റെ കൂടെ ശ്രമഫലമായി ആർജിച്ച സ്വാതന്ത്ര്യത്തിന്റെ ആഘോഷങ്ങളിലൊന്നും അദ്ദേഹം പങ്കെടുത്തില്ല. സന്ദേശത്തിന് വേണ്ടി സമീപിച്ച പത്രക്കാരോട് "എനിക്കൊരു സന്ദേശവും തരാനില്ല, എന്റെ മനസ്സാകെ വരണ്ടിരിക്കുന്നു" എന്നാണ് അദ്ദേഹം പറഞ്ഞത്!

വർഗ്ഗീയ സംഘർഷങ്ങളിൽ ആക്രമിക്കപ്പെടുന്ന സ്ത്രീകൾ അദ്ദേഹത്തോട് പരാതി പറഞ്ഞപ്പോൾ "പല്ലും നഖവും ഉപയോഗിച്ച് എതിർക്കാനാണ് " അഹിംസയുടെ അപ്പോസ്തലനായ മഹാത്മാവ് ഉപദേശിച്ചത്.

ചുറ്റുമുള്ള സംഭവങ്ങളെ സൂക്ഷ്മമായി നീരീക്ഷിച്ച് സാമൂഹ്യ അനീതികൾക്കും കഷ്ടതകൾക്കും തന്റെ ആദർശമായ അഹിംസയിലൂടെ കോൺഗ്രസ്സിലൂടെ പരിഹാരം എന്നത് പ്രായോഗികമല്ല എന്ന് ഗാന്ധിജി അവസാന നാളുകളിൽ മനസ്സിലാക്കുന്നു. സനാതന ഹിന്ദുവായ അദ്ദേഹത്തെ വകവരുത്തിയത് ഹൈന്ദവതയുടെ പേരിലുള്ള വിദ്വേഷ പ്രചാരണത്തിലൂടെയാണ് എന്നതും ഒരു വിരോധാഭാസമായ മൃഗീയതയായി ചരിത്രത്തിൽ അവശേഷിക്കുന്നു.

വർത്തമാനകാല യാഥാർത്ഥ്യം എന്താണ്? ഗോഡ്സേയെ മഹത്വവൽക്കരിക്കാനുള്ള ശ്രമങ്ങൾ! അദ്ദേഹം ഭയപ്പെട്ടിരുന്നത് പോലെ സ്വാതന്ത്ര്യാനന്തരം  അധികാരത്തിലേറിയ കോൺഗ്രസ്സ് നേതാക്കൾ അഴിമതിയും സ്വജനപക്ഷപാതവും നടത്തി ആ പ്രസ്ഥാനത്തെ തകർത്ത കാഴ്ച! ബഹുസ്വരതയിൽ അധിഷ്ഠിതമായ രാജ്യത്തെ തന്നെ അസ്ഥിരപ്പെടുത്തുന്ന വർഗ്ഗീയ ധ്രുവീകരണ ശ്രമങ്ങൾ!

ചരിത്രത്തെ വിലയിരുത്തുന്നത് അതിന്റെ സമഗ്രതയിലാകണം! വിദ്വേഷപ്രചാരണത്തിനുള്ള ഉപാധിയെന്ന നിലയിൽ ചരിത്ര സന്ദർഭങ്ങളെ സമീപിക്കുന്നത് ദുഷ്ടലക്ഷ്യമാണ്.

അരുവിപ്പുറം പ്രതിഷ്ഠ നടക്കുമ്പോൾ ജനിച്ചിട്ട് പോലുമില്ലാത്ത ഇ.എം.എസ്. എന്ത് കൊണ്ട് അരുവിപ്പുറത്ത് പ്രതിഷ്ഠ നടക്കുമ്പോൾ പോയില്ല എന്ന് ചാനൽ ചർച്ചകളിൽ ചോദിച്ച പമ്പര മഠയന്മാർ ഇന്നും അത്തരം ചർച്ചകളിൽ തെളിഞ്ഞിരുന്ന് "ബുദ്ധിവൈഭവം" പ്രകടിപ്പിക്കുന്നത് കാണുമ്പോൾ ഗീബൽസൻ തന്ത്രങ്ങൾക്ക് സ്വീകാര്യതയേറുന്ന ഭയാനകമായ അവസ്ഥയും വർത്തമാനകാല യാഥാർത്ഥ്യമാണ്!
അതെ post truth കാലഘട്ടം!

മാനവികതയുടെ മിന്നലാട്ടങ്ങൾ കാണുന്നുണ്ടെന്നത് ആശ്വാസം തോന്നുന്നു. നീതിക്ക് വേണ്ടി പോരാടുന്നവരെ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങളും ലോകമെമ്പാടും മുതലാളിത്വ താല്പര്യ സംരക്ഷകരുടെ ഭാഗത്ത് നിന്നുണ്ടാകുന്നു.  ഇവിടെ ഹിംസാഹിംസകളുടെ വ്യാഖ്യാനങ്ങൾ മാനവരാശിയുടെ മുന്നോട്ടുള്ള പോക്കുമായി ബന്ധപ്പെട്ടിരിക്കുന്നു ശ്രീ V.R. Pradeep.

"സുന്ദരമായ ഈ ഭൂമിയിൽ; മനുഷ്യൻ എത്ര സുന്ദരമായ പദം "

===========================
ഉറക്കം നടിക്കുന്ന അദ്ദേഹത്തെ വിളിച്ചുണർത്താൻ എന്ത് ചെയ്യണം? എതായാലും ഇത് പൊതുഭിത്തിയിൽ പോസ്റ്റ് ചെയ്യുന്നു.