"ഗാന്ധിയൻ ആദർശങ്ങളുടെ ഭൂലോക പ്രയോക്താവായ താങ്കൾ തന്നെയാണല്ലോ ഇത്തരം കൊലപാതകസംസ്കാരത്തെ മുട്ടാപ്പോക്ക് ന്യായം പറഞ്ഞു സമീകരിക്കുന്നത് എന്നതാണ് ഏറെ വിരോധാഭാസം......."
എന്റെ FB സ്നേഹിതൻ ശ്രീ V.R Pradeep എന്റെ ഒരു പോസ്റ്റിന് പ്രകടിപ്പിച്ച അഭിപ്രായം ആണ് മുകളിൽ. എല്ലാത്തരം രാഷ്ട്രീയ കൊലപാതങ്ങളെയും അപലപിക്കുന്നതൊടൊപ്പം "വിലാപം ഏകപക്ഷീയമാകരുത് " എന്ന എന്റെ അഭിപ്രായമാണ് അദ്ദേഹത്തെ പ്രകോപിച്ചത്. ഇടത്പക്ഷ bite-ൽ ആനന്ദം കണ്ടെത്താറുള്ള അദ്ദേഹത്തിന് ഞാൻ നൽകിയ വിശദീകരണശ്രമം താഴെ:
=========================
"വിലാപം ഏകപക്ഷീയമാകരുത് " എന്ന് അഭിപ്രായപ്പെട്ടതിന് ശ്രീ V.R. Pradeep ഇങ്ങനെ പ്രകോപിതനാകുന്നത് എന്തിന്?
ഒരു കൊലപാതകങ്ങളോടും, രാഷ്ട്രീയ കൊലപാതകങ്ങളോട് മാത്രമല്ല, യോജിപ്പില്ല. അവസാനിക്കേണ്ടതും, അവസാനിപ്പിക്കേണ്ടതും ആണ് അത്തരം മൃഗീയത. അത്തരം ആശയങ്ങളോട്, മാനവികതയോട്, ആഭിമുഖ്യം ഉള്ളത് കൊണ്ടാണ് കമ്മ്യൂണിസ്റ്റ് ആകാൻ ശ്രമിക്കുന്നതും, ഗാന്ധിജിയെ, ഗാന്ധിസത്തെ അതിന്റെ സമഗ്രതയിൽ വിലയിരുത്താൻ പരിശ്രമിക്കുന്നതും.
ഗാന്ധിജി നാം ഇന്നറിയപ്പെടുന്ന രീതിയിൽ മഹാത്മാവായി ജനിച്ചതല്ല, ഒരു വിഗ്രഹവുമല്ല. ബാല്യം മുതൽ അനുഭവങ്ങളിലൂടെ, പരീക്ഷണങ്ങളിലൂടെ വികാസം പ്രാപിച്ച വ്യക്തിത്വമാണ് ഗാന്ധിജിയുടേത്. അതാണ് "മജ്ജയും മാംസവുമായി ഇത്തരത്തിലുള്ള ഒരു മനുഷ്യൻ ഭൂമുഖത്ത് ജീവിച്ചിരുന്നു എന്ന് വരും തലമുറ അത്ഭുതപ്പെടും" എന്ന് ഐസ്റ്റൈൻ അഭിപ്രായപ്പെട്ടത്.
താൻ തന്നെ വളർത്തി വലുതാക്കിയ കോൺഗ്രസ്സ് സ്വാതന്ത്ര്യാനന്തരം പിരിച്ച് വിടണമെന്ന് നിർദ്ദേശിച്ചത് ആ പ്രസ്ഥാനത്തിന്റെ അപചയം മുൻകൂട്ടി കണ്ടത് കൊണ്ടാണ്. മാത്രമല്ല വിഭജനത്തോടനുബന്ധിച്ച് രാജ്യത്ത് നടമാടിയ വർഗ്ഗീയ സംഘർഷങ്ങളിൽ ഖിന്നനായി അദ്ദേഹത്തിന്റെ കൂടെ ശ്രമഫലമായി ആർജിച്ച സ്വാതന്ത്ര്യത്തിന്റെ ആഘോഷങ്ങളിലൊന്നും അദ്ദേഹം പങ്കെടുത്തില്ല. സന്ദേശത്തിന് വേണ്ടി സമീപിച്ച പത്രക്കാരോട് "എനിക്കൊരു സന്ദേശവും തരാനില്ല, എന്റെ മനസ്സാകെ വരണ്ടിരിക്കുന്നു" എന്നാണ് അദ്ദേഹം പറഞ്ഞത്!
വർഗ്ഗീയ സംഘർഷങ്ങളിൽ ആക്രമിക്കപ്പെടുന്ന സ്ത്രീകൾ അദ്ദേഹത്തോട് പരാതി പറഞ്ഞപ്പോൾ "പല്ലും നഖവും ഉപയോഗിച്ച് എതിർക്കാനാണ് " അഹിംസയുടെ അപ്പോസ്തലനായ മഹാത്മാവ് ഉപദേശിച്ചത്.
ചുറ്റുമുള്ള സംഭവങ്ങളെ സൂക്ഷ്മമായി നീരീക്ഷിച്ച് സാമൂഹ്യ അനീതികൾക്കും കഷ്ടതകൾക്കും തന്റെ ആദർശമായ അഹിംസയിലൂടെ കോൺഗ്രസ്സിലൂടെ പരിഹാരം എന്നത് പ്രായോഗികമല്ല എന്ന് ഗാന്ധിജി അവസാന നാളുകളിൽ മനസ്സിലാക്കുന്നു. സനാതന ഹിന്ദുവായ അദ്ദേഹത്തെ വകവരുത്തിയത് ഹൈന്ദവതയുടെ പേരിലുള്ള വിദ്വേഷ പ്രചാരണത്തിലൂടെയാണ് എന്നതും ഒരു വിരോധാഭാസമായ മൃഗീയതയായി ചരിത്രത്തിൽ അവശേഷിക്കുന്നു.
വർത്തമാനകാല യാഥാർത്ഥ്യം എന്താണ്? ഗോഡ്സേയെ മഹത്വവൽക്കരിക്കാനുള്ള ശ്രമങ്ങൾ! അദ്ദേഹം ഭയപ്പെട്ടിരുന്നത് പോലെ സ്വാതന്ത്ര്യാനന്തരം അധികാരത്തിലേറിയ കോൺഗ്രസ്സ് നേതാക്കൾ അഴിമതിയും സ്വജനപക്ഷപാതവും നടത്തി ആ പ്രസ്ഥാനത്തെ തകർത്ത കാഴ്ച! ബഹുസ്വരതയിൽ അധിഷ്ഠിതമായ രാജ്യത്തെ തന്നെ അസ്ഥിരപ്പെടുത്തുന്ന വർഗ്ഗീയ ധ്രുവീകരണ ശ്രമങ്ങൾ!
ചരിത്രത്തെ വിലയിരുത്തുന്നത് അതിന്റെ സമഗ്രതയിലാകണം! വിദ്വേഷപ്രചാരണത്തിനുള്ള ഉപാധിയെന്ന നിലയിൽ ചരിത്ര സന്ദർഭങ്ങളെ സമീപിക്കുന്നത് ദുഷ്ടലക്ഷ്യമാണ്.
അരുവിപ്പുറം പ്രതിഷ്ഠ നടക്കുമ്പോൾ ജനിച്ചിട്ട് പോലുമില്ലാത്ത ഇ.എം.എസ്. എന്ത് കൊണ്ട് അരുവിപ്പുറത്ത് പ്രതിഷ്ഠ നടക്കുമ്പോൾ പോയില്ല എന്ന് ചാനൽ ചർച്ചകളിൽ ചോദിച്ച പമ്പര മഠയന്മാർ ഇന്നും അത്തരം ചർച്ചകളിൽ തെളിഞ്ഞിരുന്ന് "ബുദ്ധിവൈഭവം" പ്രകടിപ്പിക്കുന്നത് കാണുമ്പോൾ ഗീബൽസൻ തന്ത്രങ്ങൾക്ക് സ്വീകാര്യതയേറുന്ന ഭയാനകമായ അവസ്ഥയും വർത്തമാനകാല യാഥാർത്ഥ്യമാണ്!
അതെ post truth കാലഘട്ടം!
മാനവികതയുടെ മിന്നലാട്ടങ്ങൾ കാണുന്നുണ്ടെന്നത് ആശ്വാസം തോന്നുന്നു. നീതിക്ക് വേണ്ടി പോരാടുന്നവരെ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങളും ലോകമെമ്പാടും മുതലാളിത്വ താല്പര്യ സംരക്ഷകരുടെ ഭാഗത്ത് നിന്നുണ്ടാകുന്നു. ഇവിടെ ഹിംസാഹിംസകളുടെ വ്യാഖ്യാനങ്ങൾ മാനവരാശിയുടെ മുന്നോട്ടുള്ള പോക്കുമായി ബന്ധപ്പെട്ടിരിക്കുന്നു ശ്രീ V.R. Pradeep.
"സുന്ദരമായ ഈ ഭൂമിയിൽ; മനുഷ്യൻ എത്ര സുന്ദരമായ പദം "
===========================
ഉറക്കം നടിക്കുന്ന അദ്ദേഹത്തെ വിളിച്ചുണർത്താൻ എന്ത് ചെയ്യണം? എതായാലും ഇത് പൊതുഭിത്തിയിൽ പോസ്റ്റ് ചെയ്യുന്നു.
No comments:
Post a Comment