Monday, July 25, 2016

ഗുജറാത്ത് - ചില ഓർമകൾ

ഗുജറാത്ത് - ചില ഓർമകൾ

        1978 ഒക്ടോബർ 2-ന് ഗാന്ധിജയന്തി ദിവസം ഗാന്ധിജിയുടെ നാട്ടിൽ വീണ്ടും എത്തുന്നു. ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലാ ആസ്ഥാനമായ ഗോദധ്രയിൽ (തീവണ്ടി കത്തിച്ച സ്ഥലം തന്നെ) ആദായ നികുതി വകുപ്പിൽ പിറ്റേ ദിവസം ഒക്ടോബർ 3-ന് ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു.

         വർഗീയലഹളകൾക്ക് കുപ്രസിദ്ധി നേടിയ ഗോധ്രയെ അടുത്തറിയാൻ കഴിഞ്ഞിട്ടുണ്ട്. വിഭജനത്തിന്റെ ശേഷിപ്പുകളായി ഗോധ്രയിൽ എങ്ങും ഭാർഗവീനിലയങ്ങൾ പോലെ നിലകൊള്ളുന്ന ബംഗ്ലാവുകൾ. Evacuated properties ആണ് അത്. പാക്കിസ്താനിലേയ്ക്ക് കുടിയേറിയ പണക്കാരുടെ ബംഗ്ലാവുകൾ ആണ് അവയൊക്കെ. ആ ആസ്തികൾക്ക് സമാനമായ ആസ്തി പാക്കിസ്താനിൽ നല്കണമെന്നാണ് - അത് പോലെ ഇന്ത്യയിൽ എത്തുന്നവർക്കും - വിഭജനകാരാറിലെ വ്യവസ്ഥ എന്നാണ് പറഞ്ഞ് കേട്ടത്.

          അവധി ദിവസങ്ങളിലെ എന്റെ സർക്കീട്ട് പഞ്ച്മഹൽ ജില്ലയിലും സമീപപ്രദേശങ്ങളിലും ഉള്ള ഉൾഗ്രാമങ്ങളിലായിരുന്നു. 330 Kv ഹൈടെൻഷൻ വൈദ്യുതി ലൈനിന്റെ സർവ്വേ നടത്തുന്ന മാവേലിക്കരക്കാരനായ സുഹൃത്ത് കെ.കെ.കുട്ടിയുമൊത്ത് ഗുജറാത്ത് മധ്യപ്രദേശ് അതിർത്തി ഗ്രമങ്ങളിൽ സഞ്ചരിക്കാനും. വിശാലമായ ചോളവയലുകളുടെ നടുവിൽ ആകാശത്തെ നക്ഷത്രങ്ങനോക്കി “ഖൊയാ ഖൊയാ ചാന്ത് ഖുലാ ആസ്മാൻ” എന്ന ഗാനം ട്രാൻസിസ്റ്റർ റേഡിയോയിലൂടെ കേട്ട് കിടന്നിട്ടുണ്ട്! വയൽ വരമ്പിന്റെ അങ്ങേ തലയ്ക്കൽ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ, ദളിത് കുടുംബങ്ങളുടെ ജീവിതതാളങ്ങൾ! നിലാവുള്ള രാത്രികളിൽ ‘ദുനിയാ കെ രക് വാലേ സുൻ ദർദ് ഭരേ മേര നാലേ' എന്ന മുഹമ്മദ് റാഫിയുടെ ആ ഗാനം ഞങ്ങളുടെ ട്രാൻസിസ്റ്ററിൽ നിന്ന് കേൾക്കുമ്പോൾ അവർ അറച്ചറച്ച് അടുത്ത് കൂടുമായിരുന്നു! പകലന്തിയോളം ഭൂഉടമകളുടെ പണിയിടങ്ങളിൽ അടിമപ്പണി ചെയ്യുന്ന അവരുടെ കഷ്ടപ്പാടുകൾ അടുത്തറിയാൻ കഴിഞ്ഞിട്ടുണ്ട്. ഇന്നും ഗുജറാത്തിലെ ദളിത് സമൂഹങ്ങളുടെ സ്ഥിതിയിൽ മാറ്റമില്ലെന്നാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത്!

ഗോധ്ര നഗരത്തിലെ വീടുകളിലെ കക്കൂസ് സംവിധാമാണ് ബഹുവിശേഷം.! വീടുകളിൽ നിന്ന് ക്ലോസെറ്റുകളുടെ കണക്ഷൻ അവസാനിക്കുന്നത് വീടിനോട് ചേർന്ന് പൊതുനിരത്തിൽ വച്ചിരിക്കുന്ന ഇടത്തരം മലമൂത്ര ശേഖരണികളിലാണ്! ദിവസവും രാവിലെ ‘ഭങ്കികൾ’ മനുഷവിസർജ്യം തലച്ചുമടായി നീക്കം ചെയ്യുന്നത് കാണാമായിരുന്നു! പിന്നിട് അവർക്ക് ഭരണപരിഷ്ക്കാരത്തിന്റ(?) ഭാഗമായി ട്രോളികൾ വിതരണം ചെയ്തത് ഓർക്കുന്നു. വർഗീയ കലാപങ്ങളെ തുടർന്ന് കർഫ്യൂ പ്രഖ്യാപിക്കുന്ന അവസരങ്ങളിൽ ശുചീകരണം നടക്കാതെ വരുമ്പോൾ പിറ്റേ ദിവസം ഗോധ്ര പട്ടണത്തിലുടെ മൂക്ക് പൊത്തിയല്ലാതെ നടക്കാൻ കഴിയുമായിരുന്നില്ല. സുചിത്വ ഭാരതം!

         കനക് പട്ടേൽ, ഗുജറാത്ത് പൊതുമരാത്ത് വകുപ്പിലെ ക്ലാർക്ക്. മെഹ്സാണ ജില്ലയിലെ ഒരുൾഗ്രാമത്തിൽ നിന്നാണ് അദ്ദേഹം വരുന്നത്. ഗോധ്രയിൽ എന്റെ അയൽവാസിയായിരുന്നു. എല്ലാ ആഴ്ചയിലും കനക് പട്ടേൽ ഗ്രാമത്തിൽ പോയിവന്നാൽ ഗ്രാമവിശേഷങ്ങൾ പങ്കു വയ്ക്കുമായിരുന്നു. ഒരിക്കൽ അദ്ദേഹം പറഞ്ഞു “ ഇന്നലെ ഗ്രാമത്തിൽ ചോളവയലിൽ വച്ച് ഗ്രാമവാസികൾ ഒന്നിനെ തട്ടിയെന്ന് പറയുന്നു. ഒറ്റ ഏറ്! മലർന്നടിച്ച് വീണ് അപ്പോൾ തീർന്നു!”. വിള നശിപ്പിക്കാൻ വന്ന പന്നിയെമറ്റോ എറിഞ്ഞു വീഴ്ത്തിയതാണ് “ഒന്നിനെതട്ടി” എന്ന പ്രയോഗത്തിലൂടെ അർത്ഥമാക്കിയതെന്നാണ് ഞാൻ കരുതിയത്. അതല്ല പശിയടക്കാൻ ചോളനാമ്പുകൾ പറിക്കാൻ വന്ന കീഴാളനെ വകവരുത്തിയ സംഭവമാണ് തികഞ്ഞ ലാഘവത്തോടെ അദ്ദേഹം വിശദീകരിച്ചത്!!

      ആത്മീയതയുടെ (?) അതിപ്രസരമുള്ള ഒരു ജനതയെ പ്രതിലോമ രാഷ്ട്രീയക്കാർക്ക് അധികാര പ്രാപ്തിക്ക് വേണ്ടി അനായാസം ഉപയോഗിക്കാൻ കഴിയും എന്നതിന്റെ വലിയ ഉദാഹരണമാണ് ഗുജറാത്ത്. ഗാന്ധിജിയുടെ ജന്മനാടായ ഗുജറാത്തിൽ അർത്ഥവത്തായ നവോത്ഥാന പ്രസ്ഥാനങ്ങളുടെ അഭാവം ഒരു ജനതയെ മധ്യകാലത്തിലെ സാമൂഹ്യ ചുറ്റുപാടുകളിൽ തളച്ചിട്ടിരിക്കുന്നു. കീഴാള ചൂഷണത്തിന് സ്വീകാര്യത ലഭിച്ചിരുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. അവിടെയും ചെറുത്ത് നില്പ് ശക്തിപ്പെടുന്നു. ചത്ത പശുവിന്റെ തോൽ കൈവശം വച്ചതിന് ദളിത് യുവാക്കളെ ക്രൂരമായി മർദ്ദിച്ചതിനെതിരായ പ്രക്ഷോഭം ശക്തിയാർജിക്കുന്നത് അതാണ് സൂചിപ്പിക്കുന്നത്.

      1980-ലെ പാർലമെന്റ് തെരഞ്ഞെടുപ്പ്. അടിയന്തരാവയെ തുടർന്ന് 1977-ൽ അധികാരത്തിൽ വന്ന മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാപാർട്ടി സർക്കാരിന്റെ തകർച്ചയെ തുടർന്നുള്ള തെരഞ്ഞെടുപ്പ്. ഗോധ്രയിലെ പ്രചാരണശൈലി ഓർമയിൽ വരുന്നു. നാട്ട് രാജാവായിരുന്ന ജയദ്ദീപ് സിംങ് ബാരിയ ആയിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥി. ജനതാ പാർട്ടി സ്ഥാനാർത്ഥി പ്രശസ്ത പാർലമെന്റേറിയൻ പിലുമോഡി. പിലുമോഡിയുടെ പ്രചരണാർത്ഥം വീടുകൾ സന്ദർശിക്കുന്ന ഇലക്ഷൻ സ്ക്വാഡ് ഒരു കോൺഗ്രസ് അനുഭാവിയുടെ വീട് സന്ദർശിക്കുന്നു. ഗൃഹനാഥൻ പൂജാമുറിയിലാണ്. കുറച്ച് കഴിഞ്ഞ് ഗൃഹനാഥൻ പൂജാമുറിയിൽ നിന്ന് പുറത്ത് വരുന്നു. പിലുമോഡിയുടെ പ്രചാരകർ രാഷ്ട്രീയകാരണങ്ങൾ എല്ലാം നിരത്തി വോട്ടഭ്യർത്ഥിക്കുന്നു. എല്ലാം സശ്രദ്ധം കേട്ട ശേഷം ഗൃഹനാഥൻ അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കുന്നു. “നോക്കൂ! ഇലക്ഷൻ ദിവസം പൂജയെല്ലാം കഴിഞ്ഞതിന് ശേഷം ഒരു നാണയമെടുത്ത് ടോസ് ചെയ്യും. തല (head) വരുകയാണെങ്കിൽ കോൺഗ്രസ്സിന് വോട്ട് ചെയ്യും! വാൽ (tail) വന്നാൽ ജനതാ പാർട്ടിക്ക് വോട്ട് ചെയ്യും” ഈ രാഷ്ട്രീയ (?) നിലപാട് എന്നെ തെല്ലൊന്ന് അമ്പരപ്പിക്കാതിരുന്നില്ല. പക്ഷേ പ്രചരണത്തിന് വന്ന ജനതാ പാർട്ടി പ്രവർത്തകരുടെ നിലപാടാണ് എന്നെ ഏറെ ആശ്ചര്യപ്പെടുത്തിയത്! അവർ പറഞ്ഞു; “യേവു കർവാനൂ (അങ്ങനെ ചെയ്യണം) ഞങ്ങളും അങ്ങനെ തന്നെ ചെയ്യും”!! ഇതാണ് ഗുജറാത്ത്!! നിരന്തരമുള്ള രാഷ്ട്രീയ വിദ്യാഭ്യാസം അനിവാര്യം !!