ഗിമിക്കുകളിലൂടെയുള്ള രാഷ്ട്രീയ പ്രവർത്തനം ജനം തിരച്ചറിയുന്നുണ്ട്.
"അമ്പതുദിവസം രാജ്യം എന്റെ കൂടെ നിന്നാൽ മതി. ചെയ്തത് തെറ്റാണെന്ന് തോന്നുണ്ടെങ്കിൽ ജനത്തിന് എന്നെ പരസ്യമായി കഴുവിലേറ്റാം" - ശ്രീ നരേന്ദ്ര മോദി
നമ്മുടെ പ്രധാനമന്ത്രിക്ക് ഇതെന്ത് പറ്റി! ജനാധിപത്യത്തിൽ ജനവിരുദ്ധ നടപടികൾ സ്വീകരിക്കുന്ന ഭരണാധികാരികളെ ജനാധിപത്യ പ്രക്രിയയിലൂടെ അധികാര സ്ഥാനത്ത് നിന്ന് മാറ്റുകയാണ് പതിവ്. ഭരണാധികാരികളെ കഴുവിലേറ്റുന്നത് പട്ടാള ഭരണക്രമങ്ങളും ഫാസിസ്റ്റ് വാഴ്ചയും നിലവിലുള്ള രാജ്യങ്ങളിലാണ് സംഭവിക്കുന്നത്. ഫാസിസ്റ്റ് ആശയം മനസ്സിലുള്ളവർക്ക് മാത്രമേ "കഴുവിലേറ്റുന്ന"തിനെക്കുറിച്ച് ചിന്തിക്കാനാകൂ! ഇന്ത്യൻ ജനാധിപത്യത്തിൽ അരാചകത്വം സ്വപ്നം കാണുകയാണോ!!
ഇന്ന് പത്രങ്ങളിലാകെ മുൻപേജ് കരയുന്ന പ്രധാനമന്ത്രിയുടെയും പുഞ്ചിരിക്കുന്ന മുൻ പ്രധാനമന്ത്രിയുടെയും ചിത്രങ്ങൾ വന്നത് യാദൃശ്ചികം മാത്രമല്ല! ശാസ്ത്ര ബോധമുള്ള ഭരണാധികാരികളിൽ നിന്ന് വ്യത്യസ്തമായി വൈകാരിക പ്രകടത്തിലൂടെ ആളെ കൂട്ടാൻ ശ്രമിക്കുന്ന 'നടനവൈഭവം" ആണ് ഒരു ഭരണാധികാരിക്ക് വേണ്ടതെന്ന ആശയം പ്രചരിപ്പിക്കുന്ന ആപത്തിനെയാണ് സൂചിപ്പിക്കുന്നത്!
"അമ്പത് ദിവസം രാജ്യം എന്റെ കൂടെ നിന്നാൽ" "എന്റെ കൂടെ" എന്നത് നോട്ട് പിൻവലിക്കൽ തീരുമാനം വ്യക്തിനിഷ്ടമായിരുന്നെന്നും, റിസർവ് ബാങ്ക് പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കിയുള്ള നടപടിയായിരുന്നു എന്നും സൂചിപ്പിക്കുന്നു. റിപ്പോ നിരക്കും റിവേഴ്സ് റിപ്പോ നിരക്കും കാലാകാലങ്ങളിൽ പരിഷ്ക്കരിക്കുന്നത് റിസർവ് ബാങ്ക് ഉദ്യോഗസ്ഥർ പത്രസമ്മേളനം വിളിച്ച് ചേർത്താണ് പ്രഖാപിക്കാറ്. ഇവിടെ 'legal tender' തന്നെ അസാധുവാക്കുന്നത് അർദ്ധരാത്രിക്കു മുമ്പുള്ള മണിക്കൂറുകളിൽ ഇരുട്ടടി പോലെ!! വേണ്ടപ്പെട്ടവരെ മുൻകൂട്ടി അറിയിച്ചു എന്നതിനുള്ള തെളിവുകൾ അനുദിനം പുറത്തു വരുന്നു!!
"I am the State" എന്ന് പണ്ട് ലൂയി പതിനാലാമനും, "ഇന്ത്യയെന്നാൽ ഇന്ദിരയെന്നും, ഇന്ദിരയെന്നാൽ ഇന്ത്യയെന്നും" ഉളള അക്രോശങ്ങളുമായി സമാനത തോന്നുന്നു "എന്റെ കൂടെ നിൽക്കണം" എന്ന പ്രയോഗത്തിന്. വിദ്വേഷ പ്രചരണത്തിലൂടെ അധികാരത്തിൽ എത്തിയ കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ കക്ഷിയായ ബി.ജെ.പി.യിൽ ഒരു വ്യക്തിയുടെ അമിതാധികാര പ്രവണതയെ ചെറുക്കാൻ കഴിയുന്ന ജനാധിപത്യ മൂല്യങ്ങൾ തുലോം ശുഷ്ക്കമാണെന്നത് ഇന്ത്യൻ ജനാധിപത്യം നേരിടുന്ന അപകടത്തേയാണ് സൂചിപ്പിക്കുന്നത്!
ജപ്പാനിൽ ആയിരുന്നപ്പോൾ ഇന്ത്യയിൽ ബാങ്കുകൾക്ക് മുമ്പിൽ ക്യൂ നിന്ന ജനങ്ങളെ കളിയാക്കിയ പ്രധാനമന്ത്രി ഇന്ത്യയിലെത്തി യാഥാർത്ഥ്യം അഭിമുഖീകരിച്ചപ്പോൾ ഇന്ത്യൻ ജനത നേരിടുന്ന പ്രയാസങ്ങളെ 'നടനവൈഭവം' കൊണ്ട് ലഘുകരിക്കാമെന്ന് കരുതുന്നു!!!
സർക്കാരിന്റെ തെറ്റായ തീരുമാനങ്ങളെ എതിർക്കുന്നവരെല്ലാം 'രാജ്യദ്രോഹികൾ' ആണെന്ന ആശയത്തിന്റെ വക്താക്കൾ ഹിറ്റ്ലറും മുസോളിനിയും ആയിരുന്നു! 'ദേശസ്നേഹികളുടെ' (?) അശ്ലീലഭാഷണ വിരുത് ഇന്ത്യൻ ജനാധിപത്യം ആപത്തിനെ നേരിടുന്നു എന്നതിന്റെ സൂചനയാണ്!
അശാസ്ത്രീയമായ, യാതൊരു മുന്നൊരുക്കങ്ങളും കൂടാതെ എടുത്ത നടപടിയെ എതിർക്കുന്നവരെല്ലാം കള്ളപ്പണക്കാരെന്ന പ്രചരണം വെടക്കാക്കി തനിക്കാക്കുക എന്ന അടവിന്റെ ഭാഗമാണ്!! ചുരുങ്ങിയ കാലയളവ് കൊണ്ട് അദാനിമാരും അമ്പാനിമാരും തടിച്ച് കൊഴുക്കുന്നു! അണ്ണാ ഹസാരയുടെ സത്യാഗ്രഹ പന്തലിൽ നിന്ന് സ്ത്രീ വേഷത്തിൽ ചാടിഓടിയ 'യോഗാഗുരു'(?) ഇന്ന് ശതകോടീശ്വരൻ! കേന്ദ്ര സർക്കാരിനെ നിലനിറുത്തുന്ന വർഗബന്ധുകൾക്കെതിരെ ഒരു നടപടിയും ഉണ്ടാകില്ല എന്ന് മനസ്സിലാക്കാൻ സാമാന്യ ബുദ്ധി
മതി.
ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കാതെ, ഗിമിക്കുകളിലൂടെയുള്ള രാഷ്ട്രീയ പ്രവർത്തനം ജനം തിരച്ചറിയുന്നുണ്ട്.