Thursday, June 3, 2021

Kailas- Manasasaras Yathra I


കന്യാകുമാരി മുതൽ കൈലാസം വരെ!

                           (1)

യാത്രാനുഭവങ്ങളുടെ തലവാചകം അങ്ങനെ തന്നെയാകട്ടേ!

പ്രകൃതിയുടെ ഒരു ഭാവത്തിൽ നിന്ന് മറ്റൊരു ഭാവത്തിലേയ്ക്ക്! 

മാനവരാശിയുടെ ചരിത്രത്തിലെ വളരെ നിർണായകമായ കാലഘട്ടത്തിലാണോ നാം ജീവിക്കുന്നത്? 

ലോകമാകെ ഒരു തരം അടച്ചിരിപ്പിലാണ്! മഹാമാരിയുടെ ആക്രമണം പണ്ഡിതനേയും പാമരനേയും, ഉള്ളവനേയും ഇല്ലാത്തവനേയും ഒരു പോലെ ബാധിക്കുന്നു!

മാനവരാശി പൊരുതി മുന്നേറുമ്പോൾ വീണുപോകുന്നവരുടെ എണ്ണം കൂടുന്നു! സന്തോഷത്തിന്റെ അന്തരീക്ഷം സന്താപമായി മാറുന്ന നിരവധി കുടുംബങ്ങൾ!

"ജീവിതം തന്നെ ഒരു യാത്രയല്ലേ " എന്ന പറഞ്ഞ് പതിഞ്ഞത് തന്നെ പറഞ്ഞു കൊണ്ട് ഓർമകളിലൂടെ ഒന്ന് സഞ്ചരിക്കാം!

എത്രയെത്ര യാത്രകൾ! പരിമിതമായ സാധ്യതകൾ ഉപയോഗപ്പെടുത്തി പരമാവധി യാത്രകൾ! വിശാലമായ ലോകത്തിന്റെ കോണുകളിലെത്തിചേരണമെന്ന ത്വര എന്നുമുണ്ട്, ഇന്നുമുണ്ട്! ഇനി..........?'

പിറന്ന് വീഴുന്ന കുഞ്ഞിന്റെ കരച്ചിൽ പുതിയൊരു കാഴ്ച കാണുന്ന അത്ഭുതാഹ്ളാദത്തോടെയുള്ള നിലവിളിയാകാം! യാത്ര അവിടെ തുടങ്ങുകയല്ലേ?

പ്രകൃതിയെ പരിമിതമായ വൃത്തത്തിനകത്തു നിന്നുള്ള നിരീക്ഷണം കുഞ്ഞുമനസ്സുകളിൽ സ്വാഭാവരൂപീകരണം നടക്കുന്നു! പുതിയ പുതിയ കാഴ്ചകൾ കാണാനുള്ള ജിജ്ഞാസയും വർദ്ധിക്കുന്നു!

യാത്രകളുടെ തുടക്കം അങ്ങനെയൊക്കെയാകാം! 

ബാല്യകാല ചങ്ങാതിമാരുമായി പാച്ചല്ലൂരിലെ "കീവറുത്ത പള്ളാപ്പിലെ" മാനത്ത് കണ്ണികളെ തേടിയുള്ള  അന്നത്തെ 'സാഹസിക യാത്ര'! (കീവറം = വീടിന് പിന്നിലെ തൊടി, പുരയിടം  പള്ളാപ്പ് = വെള്ളച്ചാല്). 

ഭൂമിയുടെ അവസാനം കാണാൻ "ചൊക്കൻക്കാവ് " വലിഞ്ഞ് കയറിയത്! 

നിലാവുള്ള രാത്രികളിൽ പാച്ചല്ലൂർ മൂടിപ്പുരയിൽ (ഭദ്രകാളി ക്ഷേത്രം) ഉത്സവം കാണാൻ വീടിന് പുറക് വശത്തെ വിശാലമായ വയലുകളുടെ വരമ്പുത്തു കൂടെ 'നേർവഴിവിട്ടുള്ള വളഞ്ഞ സഞ്ചാരം'! 

അച്ഛന്റെ അടി പേടിച്ചാണെങ്കിലും 'സർപ്പക്കാവിനുള്ളിൽ, കരിയിലകൾക്കടിയിലെ ഒളിവ് ജീവതം'!

ഇതൊക്കെയാകാം എന്റെ യാത്രകൾക്കൊരു സാഹസിക സ്വഭാവം കൈവന്നത്!

 "പ്രകൃതിയും പ്രണയവും മണക്കുന്ന മിത്തിനാധാരമായ ഹിമവാന്റെ തരു-ഹിമ നിരകളിലൂടെയുള്ള  30 ദിവസം നീണ്ടു നിന്ന കൈലാസ-മാനസരസ്സ് കാൽനടയാത്ര! 

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ പശ്ചിമഘട്ട മലനിരകളിലെ സഹ്യസാനുക്കളിലൂടെയുള്ള 30 ദിവസം കൊണ്ട് നടന്നെത്തിയത്! ചെറുതും വലുതുമായ സഞ്ചാരങ്ങൾ!

ഈ മഹാമാരിക്കാലം ഓർമകൾ അയവിറക്കാനുള്ള അവസരമാക്കി മാറ്റാം! ഓർമകളുടെ പച്ചത്തുരുത്തിൽ നിന്ന് ചിലതൊക്കെ മാന്തിയെടുത്ത് വിയർക്കാം!

ആ വിയർപ്പിന്റെ മണം ഞാനാസ്വദിക്കും!  നിന്നു കൊണ്ടുള്ളൊരു നടത്തം! Treadmill പോലെ! കാരണം അതൊക്കെയാണ് എന്റെ ജീവിതം! 

തെല്ലൊരു സ്വാർത്ഥതയോടെ യാത്രാനുഭവങ്ങൾ എഴുതാൻ ശ്രമിക്കട്ടേ! 
.............


കന്യാകുമാരി മുതൽ കൈലാസം വരെ!

                                     (2)

അതൊരു ഉറച്ച തീരമാനമായിരുന്നോ? എടുത്ത തീരുമാനത്തിൽ ഉറച്ച് നിന്നതോ? കൈലാസ-മാനസസരസ്സ് യാത്രയെക്കുറിച്ച് തന്നെ !

അന്ന് അത്തരം ഒരു യാത്രയെക്കുറിച്ച് ചിന്തിക്കാൻ തോന്നിയത് തന്നെ ഇന്ന് തിരിഞ്ഞ് നോക്കുമ്പോൾ അത്ഭുതമായി തോന്നുന്നു! ഏറെ ചെലവ് വരുന്ന യാത്ര!

ആ തീരുമാനം എവിടെ വച്ചായിരുന്നു? ഒരു അഗസത്യകൂട യാത്രയ്ക്കിടയിൽ പൊങ്കാലപ്പാറയിലെ നെയ്യാറിന്റെ ഉത്ഭവസ്ഥാനത്ത് വച്ചോ ? അതോ തൂക്കായ പാറയിറങ്ങി വരുന്ന കരമനയാറ്റിൻ തീരത്തെ ചെറിയ വെള്ളച്ചാട്ടത്തിൽ കുളി കഴിഞ്ഞ്  വെടി പറഞ്ഞിരുന്ന സമയത്തോ? 

ആരൊക്കെയായിരുന്നു കൂടെ? പപ്പൻ, ശ്രീവത്സൻ, ഗോപൻ, രാധാകുമാർ, വിജയൻ, ജനാർദ്ദനൻ പിള്ള, മാത്യു ജോസ്, രാമരാജൻ, ശ്രീകുമാർ , മുകുന്ദൻ മേനോൻ , ബി.കെ. അജിത്ത്, TK നാരായണൻ, സാബുരാജ്,  ഷാജികുമാർ,  എ.പി.വിശ്വനാഥൻ, പി.കെ.തോമസ്,   രാധാകൃഷ്ണൻ ശാസ്താംകോട്ട, ചെറുവല്ലി രാധാകൃഷ്ണൻ, ആറ്റിങ്ങൽ ശശി, എ.ജി.ശശിധരൻ നായർ,  ജോൺ തോമസ്,  ജയകുമാർ, ശ്രീകണ്ഠൻ, വേലായുധൻ നായർ, രാമകൃഷ്ണൻ നായർ,  സെൻ ജോർജ്, ഗോപൻ, രാജൻ പോറ്റി,(ആനാട് )........... പട്ടിക നീളും!  വിട്ട് പോയ പേരുകൾ inhospitable terrain- ൽ ഒന്നിച്ച് കഴിഞ്ഞവർ ഓർക്കുന്നെങ്കിൽ പറയട്ടേ! ഇവരിൽ ആരൊക്കെയായിരുന്നു ആ തീരുമാനത്തിന് സാക്ഷിയായത്?

80-കളിലെ സെക്രട്ടേറിയറ്റിലെ അന്തരീക്ഷം!സമരങ്ങളും, സസ്പെന്‍ഷനുകളും തുടര്‍കഥയായി മാറിയ കാലം.  ഇതിനിടയിലും ഞങ്ങളില്‍ ചിലര്‍ ചില യാത്രകൾ നടത്തിയിരുന്നു! അവധികൾ ചേർന്ന് വരുന്ന  ദിവസങ്ങളിലായിരുന്നു യാത്രകളധികവും! അതൊക്കെ അല്പം സാഹസികത നിറഞ്ഞതായിരുന്നു. 

തുടര്‍ച്ചയായി എല്ലാ വര്‍ഷവും അഗസ്ത്യകൂട യാത്രകള്‍ ഞങ്ങള്‍ നടത്തി. ആനമുടി യാത്രകൾ !  പക്ഷിപാതാളം, മുല്ലക്കുടി, താന്നിക്കുടി, ചൊക്കം പെട്ടി....!  സഹ്യപർവ്വതത്തിലെ ഉൾവനങ്ങളിലുള്ള സാഹസിക വാസം!   കുടുംബസമേതം വിനോദയാത്ര എന്നതിനും സെക്രട്ടേറിയേറ്റിൽ തുടക്കം കുറിക്കുന്നതിനും ഞങ്ങളുടെ പങ്ക് ചെറുതല്ല ! പ്രകൃതിയെ പ്രണയിച്ച നടന്ന നല്ല കാലം!  

ഞങ്ങളില്‍ ചിലര്‍ എല്ലാ യാത്രകളിലും പങ്കെടുക്കുമെങ്കിലും ഓരോ യാത്രയിലും സെക്രട്ടേറിയേറ്റില്‍നിന്നും, ആനാടുനിന്നും പുതുതായി യാത്രാസംഘത്തില്‍ അംഗമാകുന്നവരും ഉണ്ടായിരുന്നു.  ഓരോ യാത്രയ്ക്ക് ശേഷവും തൂണിന്റെ മൂട്ടിലും, സംഘടനാ ആഫീസിലും വാമൊഴിയിലൂടെ (അന്ന് വാട്ട്സ്പ്പും, FB-യും ഇല്ലായിരുന്നല്ലോ?) ഞങ്ങള്‍ നല്‍കുന്ന പ്രചരണം നിരവധിപേരെ യാത്രാ തല്പരരാക്കി. യാത്രാസംഘത്തില്‍ ഉള്‍ക്കൊള്ളിക്കാത്തതിന് ചിലര്‍ പരിഭവവും പ്രകടിപ്പിച്ചു.  അങ്ങനെ സെക്രട്ടേറിയേറ്റില്‍ പുതിയൊരു യാത്രാ സംസ്ക്കാരം വളര്‍ത്തിയെടുക്കുന്നതില്‍ ചെറുതല്ലാത്ത പങ്കു വഹിച്ചിട്ടുണ്ട്‌. 

1997-ൽ നടത്തിയ കൈലാസ-മാനസസരസ്സ് യാത്രയെ ഓർത്തെടുക്കുമ്പോൾ അതിന് വേണ്ടി അറിഞ്ഞും അറിയാതെയും നടത്തിയ മുന്നൊരുക്കങ്ങളെ പരമാർശിച്ചത് അസ്ഥാനത്താകില്ല!

പലപ്പോഴായി നടന്ന അഗസ്ത്യകൂട യാത്രകളിലെ വിശേഷങ്ങൾ മറ്റൊരിക്കൽ വിശദമായി ഓർത്തെടുക്കാം! ഇപ്പോൾ കന്യാകുമാരിയിൽ നിന്ന് കൈലാസത്തിലെത്തേണ്ടതുണ്ട്! "Miles to go....."! 

ഇന്നത്തെ 'പ്രമുഖരുടെ '  അന്നത്തെ ദൃശ്യങ്ങൾ പകർത്താൻ പപ്പന്റെ ചെറിയ ക്യാമറ സഹായമായി! അത് സോഫ്റ്റ് കോപ്പി ആക്കുന്നതിന് സെക്രട്ടേറിയേറ്റിൽ കമ്പ്യുട്ടർവൽക്കരണത്തിന്റെ ആരംഭത്തിൽ നിലനിന്ന കമ്പ്യുട്ടർ നിരക്ഷരതയും സഹായിച്ചു! (അന്ന് ഞാൻ ആ രംഗത്തൊരു മുറിമൂക്കനായിരുന്നു!)
കന്യാകുമാരി മുതൽ കൈലാസം വരെ!

                                   (3)

സാക്ഷാൽ കൈലാസം ടിബറ്റിലാണ്, ചൈനയിലാണ്! അന്ന്, 1997-ൽ വിദേശകാര്യ വകുപ്പ് തിരഞ്ഞെടുക്കുന്നവരെ മാത്രമേ കൈലാസ മാനസസരസ്സ് യാത്രയ്ക്ക് അനുവദിക്കുകയുള്ളൂ! അതും ഓരോ വർഷവും നിശ്ചിത യാത്രക്കാർ! 
(ഇന്ന് വിനോദയാത്രകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ ട്രാവൽ ഏജൻസികൾക്കും കൈലാസ- മാനസസരസ്സ് യാത്രയ്ക്ക് ചൈന അനുവാദം നൽകുന്നുണ്ട്! )

ആത്മീയതയുടെ അതിപ്രസരമുള്ള സമ്പന്നരാകും മിക്കവാറും യാത്രാനുമതി കരസ്ഥമാക്കുന്നത്! 

ഏതായാലും അപേക്ഷിക്കാൻ തന്നെ തീരുമാനിച്ചു! കേരളാ ഹൗസിൽ ജോലി ചെയ്തിരുന്ന സ്നേഹിതൻ സിംജി ജോസഫിന് യഥാവിഥി പൂരിപ്പിച്ച അപേക്ഷ അയച്ച് കൊടുത്തു! അപേക്ഷകന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച മെഡിക്കൽ സർട്ടിഫിക്കറ്റുകൾ അപേക്ഷയോടൊപ്പം ആവശ്യമായിരുന്നു.

തിരുവനന്തപുരത്തെ കോസ്മോ ആശുപത്രിയിലാണ് ഇത് സംബന്ധിച്ച പരിശോധനകളെല്ലാം നടത്തിയത്! രക്തം, കഫം, മലം, treadmill test എല്ലാം എല്ലാം! ഭാഗ്യം ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ല! പതിനായിരം രൂപ ചെലവായി! എന്തിനാണെന്ന ചോദ്യത്തിന് കൈലാസ-മാനസസരസ്സ് യാത്രയ്ക്കാണെന്ന എന്റെ ഉത്തരം ഡോക്ടറെ തെല്ലൊന്നതിശയിപ്പിച്ചു!

അയച്ച അപേക്ഷയുടെ സ്ഥിതി എന്തായി എന്ന് ട്രങ്ക് കാൾ വിളിച്ച് (അന്ന് മൊബൈലൊന്നും പ്രചുരപ്രചാരമായിരിന്നില്ല) അന്വേഷിക്കുമായിരുന്നു! ഭാഗ്യമോ, വീട്ടുകാരുടെ നിർഭാഗ്യമോ, സിംജി ജോസഫ് Ministry of External Affairs -ൽ നേരിട്ടേല്പിച്ച അപേക്ഷ ഫലം കണ്ടു. ഞാൻ തിരഞ്ഞെടുക്കപ്പെട്ടു! അന്ന് ദില്ലിയിലെ കേരളാ ഹൗസിൽ Resident Commissioner ആയിരുന്ന  ശ്രീ അനന്ദ്കുമാർ IAS ന്റെ സഹായം ഉണ്ടായിരുന്നതായി പിന്നിട് കൈലാസ-മാനസസരസ്സ് യാത്രയ്ക്ക് തയ്യാറെടുത്ത് കേരള ഹൗസിലെത്തി സിംജിയുമായി ശ്രീ ആനന്ദ് കുമാർ IAS - നെ കണ്ടപ്പോൾ അറിയാൻ കഴിഞ്ഞു!

യാത്രയ്ക്ക് വേണ്ട ഒരുക്കങ്ങൾ തുടങ്ങി! അതിശൈത്യത്തെ നേരിടാനുതകുന്ന വസ്ത്രങ്ങളുടേയും, മറ്റ് സമഗ്രഹികളുടേയും ലിസ്റ്റും നിർദ്ദേശങ്ങളും അടങ്ങുന്ന പുസ്തകം വിദേശകാര്യ വകുപ്പിൽ നിന്ന് ലഭിച്ചിരുന്നു! പലതരം കമ്പിളി മേൽ വസ്ത്രങ്ങൾ,അടിവസ്ത്രങ്ങൾ, 
മഫ്ളർ, സൺഗ്ലാസ്സ്
മലകയറ്റത്തിന് സഹായകമായ നല്ല ഗ്രിപ്പുള്ള ഷൂ, ,  മഡ് ഷൂ, ഇവയെല്ലാം സംഘടിപ്പിക്കുന്നതിന് നല്ല തൂകവേണം!

അക്കാലത്ത് അണ്ണൻ എന്റെ ജേഷ്ഠ സഹോദരൻ ( ഭാര്യയുടെ സഹോദരൻ ) ശ്രീ. J രാമചന്ദ്രൻ മദ്രാസ് റെജിമെന്റിൽ Commissioned Officer ആയിരുന്നു! അതിശൈത്യത്തിലുപയോഗിക്കാൻ കഴിയുന്ന ഒരു കോട്ടും മറ്റ് warm clothes-ഉം സംഘടിപ്പിക്കാമെന്ന് അണ്ണൻ ഉറപ്പ് തന്നു. അതിനായി ഊട്ടിയിലേയ്ക്കൊരു യാത്ര! അന്ന് അദ്ദേഹം ഊട്ടിയിലായിരുന്നു! ഊട്ടിയിലെ മുക്കും മൂലയും  സന്ദർശിക്കാൻ ആ യാത്രയിൽ കഴിഞ്ഞു!

ഹിമാലയത്തിലൂടെ നടന്ന് അതിർത്തി കടന്ന് ടിബറ്റിലേക്കാണ് യാത്ര! ഹിമാലയ യാത്രയെ സംബന്ധിച്ച് ലഭിക്കാവുന്ന പുസ്തകങ്ങളെല്ലാം തേടിപ്പിടിച്ച് വായിച്ചു! Heinrich Harrer എഴുതിയ Seven years inTibet  എന്ന പുസ്തകം വളരെയധികം സഹായിച്ചു. 1897, അതായത് എന്റെ യാത്രയ്ക്ക് 100 കൊല്ലം മുമ്പ്, അതേ വഴിയിലൂടെ Heinrich Harrer - ഉം സംഘവും ചെയ്ത യാത്ര! (പിന്നീട് യാത്രയിലാണ് മനസ്സിലായത് അദ്ദേഹം വിവരിച്ച ഭൂപ്രകൃതിക്ക് വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന്!)

ശാരീരിക ക്ഷമത വർദ്ധിപ്പിക്കാനും ശ്രമമാരംഭിച്ചു. വീടിന് വടക്ക് വശത്തെ ഇടവഴി നല്ല കയറ്റമാണ്! അതിരാവിലെ അത് കൂറഞ്ഞത് 10 തവണയെങ്കിലും കയറിയിറങ്ങി! അയൽവാസി അബൂബേക്കറിന്റെ വാപ്പ ഇത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു! രാവിലെ പള്ളിയിൽ പോകാനായി അദ്ദേഹം ഇടവഴിക്കടുത്ത് എത്തുപ്പോഴായിരിക്കും ഞാൻ ഇടവഴിയുടെ താഴെ നിന്ന് മുകളിലോട്ട് കയറുന്നത്!

ഒരു ദിവസം അബൂബേക്കറിന്റെ വയോധികനായ വാപ്പ എന്നെ കാത്ത് നിന്ന് പരിഭവം പറഞ്ഞു. "സാറെന്തിനാ എന്നും എന്നെ ഒഴിവാക്കി മുകളിലോട്ട് കയറുന്നത്; എന്റെ ശകുനം നല്ലെതല്ലെങ്കിൽ പറഞ്ഞാൽ പോരെ "! അദ്ദേഹം വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുന്നു! ശകുനപ്പിഴ കണ്ട് രാവിലെ എവിടെയോ പോകാനൊരുങ്ങിയ ഞാൻ വീണ്ടും വീട്ടിലേക്ക് കയറിപ്പോകുന്നു എന്നാണ് അദ്ദേഹം മനസ്സിലാക്കിയത്! ഹിമാലയ യാത്രയ്ക്ക് തയ്യാറെടുക്കുന്ന ഞാൻ നടത്തുന്ന കായിക ക്ഷമതാ പരിശീലനമാണ് എന്നും രാവിലെ കാണുന്നതെന്ന് അദ്ദേഹത്തെ പറഞ്ഞ് ബോധ്യപ്പെടുത്താൻ ഏറെ പണിപ്പെടേണ്ടി വന്നു!

8600 രൂപ വിദേശകാരു വകുപ്പിൽ അടയ്ക്കണം! 500 ഡോളർ ടിബറ്റിൽ ചെല്ലുമ്പോൾ അവിടെ നൽകണം! ചിലവുകൾക്കായി 160 ഡോളർ ചൈനീസ് നാണയം യുവാൻ ആയി മാറ്റാൻ കരുതണം! സാധന സാമഗ്രികൾ വാങ്ങാൻ പണം വേറെ വേണം!

പറയത്തക്ക കാർഷികാദായമോ, വേതനമോ ഇല്ലാതിരുന്ന അക്കാലത്ത് ഭാര്യയും മൂന്ന് കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ഭദ്രത പോലും കണക്കാക്കാതെയുള്ള സ്വാർത്ഥ ചിന്തയായിരുന്നോ എന്റെ കൈലാസ-മാനസസരസ്സ് യാത്രാ തീരുമാനം? 

ആനാട് കാർഷിക സഹകരണ ബാങ്കിൽ നിന്ന് വായ്പ സംഘടിപ്പിക്കുമ്പോൾ "എന്തോരം സ്വർണം വാങ്ങി വയ്ക്കാമായിരുന്നു " എന്ന് അഭിപ്രായപ്പെട്ടവരോട് ഒന്നും പറയാനുണ്ടായിരുന്നില്ല. 

ആ യാത്ര എന്നെ സംബന്ധിച്ചിടത്തോളം ആത്മീയതയുടെ പരിവേഷമില്ലാത്ത തീർത്ഥാടനമായിരുന്നു! പ്രകൃതിയിലേയ്ക്കുള്ള തീർത്ഥാടനം! മിത്തിന്റേയും യാഥാർത്ഥ്യത്തിന്റേയും അതിർവരമ്പുകൾ തിരിച്ചറിഞ്ഞുള്ള യാത്ര!

"......That the applicant or his/her legal representative will not claim from the Government of India any damages in the event of any loss or damage to his/her person or property including death...."

അതെ, ആ ഉറപ്പും ഇന്ത്യാ ഗവണ്മെന്റിന് നൽകുന്ന Indemnity Bond-ൽ ഒപ്പ് ചാർത്തി സാക്ഷി ളോടൊപ്പം Notery Public സാക്ഷ്യപ്പെടുത്തി വിദേശകാര്യ വകുപ്പിനയച്ച് കാത്തിരുന്നു കൈലാസ്-മാനസസരസ്സ് യാത്രയ്ക്ക്, ഹിമാലയത്തിലൂടെയുള്ള കാൽനടയാത്രയ്ക്ക് മനസ്സും ശരീരവും പാകപ്പെടുത്തി!

കന്യാകുമാരിയിൽ നിന്ന് കൈലാസത്തിലേക്ക്! മൂന്ന് സമുദ്രങ്ങൾ സംഗമിക്കുന്ന പ്രകൃതിയുടെ ഒരു ഭാവത്തിൽ നിന്ന് മറ്റൊരു ഭാവമായ മഞ്ഞണിഞ്ഞ ഹിമവാനിലേക്ക്! എന്റെ സഹപ്രവർത്തകരായ പപ്പൻ, വത്സൻ, വിജയൻ എന്നിവർ ആ കന്യാകുമാരി യാത്ര ഏർപ്പാടാക്കി! യാത്രയയപ്പ് ആയിരുന്നോ യാത്രതുടരുന്നവന്റെ മനസ്സ് വായിക്കാനോ.......?

(4)

കന്യാകുമാരി മുതൽ കൈലാസം വരെ!

                        (4)

1997 ആഗസ്റ്റ് 3 - കന്യാകുമാരി സാഗരസംഗമത്തിന്റെ അഗാധ നീലിമ കൺമുമ്പിൽ! നീല വിഹായസ്സിനെ ചൂഴ്ന്നു നിൽക്കുന്ന ഹിമാവരണമണിഞ്ഞ കൊടുമുടി അകതാരിൽ. കന്യാകുമാരിയിലെ സംഗമസ്ഥാനത്ത് നിന്ന്, ഹിമാലയത്തിന്റെ നെറുകയിലേക്ക്, മിത്തുകളുടെ പ്രഭവസ്ഥാനത്തേക്ക്.

ഒരുക്കങ്ങൾ, അല്ല തയ്യാറെടുപ്പ്, പൂർത്തിയായി! ഭാരിച്ച തുക ചെലവ് ചെയ്ത് മല കയറാൻ പോകുന്ന 'മണ്ടൻ പ്രവൃത്തി ' യെക്കുറിച്ചുള്ള വർത്തമാനമായിരുന്നു ഏറെയും മുഴങ്ങിയത്! ആ തുകയ്ക്ക് ലഭ്യമാകുന്ന സ്വർണാഭരണങ്ങളുടെയും, Consumer durables -ന്റെ ലിസ്റ്റും ചിലർ ഓർമിപ്പിച്ചു!

കുട്ടിക്കാലം മുതൽ പ്രകൃതി പ്രതിഭാസങ്ങൾ നമ്മുടെയെല്ലാം മനസ്സിൽ പല വികാരങ്ങൾ ഉളവാക്കിയിട്ടുണ്ട്. തകർത്ത് പെയ്യുന്ന മഴയത്തിറങ്ങി  ചെളിവെള്ളത്തിൽ ആർത്തുല്ലസിച്ച് കളിച്ചിട്ടുണ്ട്! അന്തിച്ചുവപ്പ് നോക്കി വിഷാദിച്ചിട്ടുണ്ട്! ഇടിയും മിന്നലും മനസ്സിൽ ഭയമുണർത്തിയിട്ടുണ്ട്! നറുനിലാവും ഇളം വെയിലും പരിമുറുക്കങ്ങൾക്ക് അയവ് വരുത്തിയിട്ടുണ്ട്! പ്രകൃതി പ്രതിഭാസങ്ങൾ സ്വഭാവരൂപീകരണത്തിൽ വരുത്തുന്ന പങ്ക് തിരിച്ചറിയുന്നവർ പ്രോത്സാഹിപ്പിച്ചു!

പരമശിവന്റേയും പാർവ്വതിയുടേയും ആസ്ഥാനത്ത് പോകാനുള്ള ആഗ്രഹം നല്ലത് തന്നെ. എല്ലാവർക്കും തോന്നുന്നതല്ല. ഏതോ പൂർവ്വജന്മ സുകൃതത്തിന്റെ ഫലമാകാം. ഭക്തിയുടെ പരമ്യത്തിൽ ഞാനെടുത്ത തീരുമാനമെന്ന് ധരിച്ചവർ ആശീർവദിച്ചു!

1997 ആഗസ്റ്റ് 27-ന് കേന്ദ്ര സെക്രട്ടേറിയറ്റിലെ സൗത്ത് ബ്ലോക്കിലെ വിദേശകാര്യ വകുപ്പിൽ ഹാജരാകാനായിരുന്നു നിർദ്ദേശം! ആഗസ്റ്റ് 23-ന് തന്നെ KK Express -ൽ ഡൽഹിക്ക് തിരിച്ചു!

പപ്പന്റെ ചെറിയ ക്യാമറ, രാജശേഖരൻ തന്ന woollen shawl, എ.ജി.ശശിധരൻ നായർ  തന്ന Sun Glasses, ഊട്ടിയിൽ നിന്ന് അണ്ണൻ സംഘടിപ്പിച്ച് തന്ന Wind-proof jacket with parka, Balaclava (Monkey cap), woollen gloves, ഇതെല്ലാം ജംഗമവസ്തുക്കൾ!

ദൽഹിയിൽ ചെന്നാൽ പുറപ്പെടുന്നതിന് മുമ്പായി  വീണ്ടും മെഡിക്കൽ ടെസ്റ്റിന് ഹാജരാകണം. ട്രെയിനിന്റെ ജാലകത്തിലൂടെ ആന്ധ്രയിലെ വിശാലമായ സമതലങ്ങളിലേക്ക് നോക്കിയിരുന്നപ്പോൾ പരിഭ്രമമായിരുന്നു. യാത്ര നടക്കാതെ വന്നാലോ ....? (നോക്കെത്താ ദൂരത്ത് പരന്ന് കിടക്കുന്ന സമതലങ്ങളും എന്നെ ഹരം പിടിപ്പിക്കുന്ന കാഴ്ചയാണ്!)

ഡൽഹിയിലെത്തിയ അടുത്ത ദിവസം തന്നെ സിംജി കേന്ദ്ര സെക്രട്ടേറിയേറ്റിലെ വിദേശകാര്യ മന്ത്രാലയത്തിൽ കൊണ്ടുപോയി. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വന്ന സഹയാത്രികർ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് മെഡിക്കൽ പരിശോധനയ്ക്ക് ന്യൂഡൽഹിയിലെ ITBP (Indo-Tibetan Boarder Police) ആശുപത്രിയിലേക്ക് വിട്ടു! 

ഫിറ്റ്നസ് സർട്ടിഫിക്കറ്റുമായി മടങ്ങി വന്നവരെ അശോക് യാത്രിനിവാസിലേക്കയച്ചു.  കടമ്പകൾ കടന്നവർക്ക് അവിടെയാണ് താമസ സൗകര്യം ഏർപ്പാടാക്കിയിരുന്നത്! പക്ഷേ ഞാൻ കേരളാ ഹൗസിലേക്കും!ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തവരെ തിരിച്ചയച്ചു!

അടുത്ത ദിവസം വൈകുന്നേരം കരോൾബാഗിലേക്ക്! യാത്രയ്ക്കാവശ്യമായ ചില സാധനങ്ങൾ കൂടി വാങ്ങണം! കേരളാ ഹൗസിലെ ലെയിസൺ ഓഫീസർ സുധീറും, വിക്രമൻ പിള്ളയും കൂടെ വന്ന് സഹായിച്ചു. Shoulder bag, T.shirts, Trekking shoes, Jeans, Pants, water bottle, Torch light, raincoat, Belt pouch for camera/money, plate, mug, spoon, candles, multipurpose knife, sun screen lotion (for protection from sunburn), toilet paper, എന്നിങ്ങനെ നിരവധി സാമഗ്രഹികൾ! 

ഡൽഹിയിലെ വിലപേശലിന്റെ തന്ത്രങ്ങൾ എന്റെ സുഹൃത്തുക്കളിൽ നിന്ന് വളരെ സുക്ഷമമായി പഠിക്കുന്നതിനും  ആ അവസരം പ്രയോജനപ്പെടുത്തി! സാധനങ്ങൾ വാങ്ങുന്നതിനുള്ള വിലപേശലാണേ; അല്ലാതെ 'ഡൽഹിയിലെ വിലപേശലുകൾ' നിരീക്ഷിക്കാൻ കഴിയില്ല; അത് എന്നും എപ്പോഴും പ്രത്യക്ഷമല്ല!

1997 ആഗസ്റ്റ് 29-ന് വൈകുന്നേരം അശോക് യാത്രിനിവാസിൽ യാത്രക്കാരെല്ലാം ഒത്തുചേർന്നു. വിദേശകാര്യ വകുപ്പിലെ ഉദ്യോഗസ്ഥർ  നിർദേശങ്ങൾ നൽകുന്ന ദിവസം.  സഹയാത്രികർ പരസ്പരം പരിചയപ്പെടുന്നതിനും.

1997 ആഗസ്റ്റ് 30. അന്നാണ് അശോക് യാത്രിനിവാസിൽ നിന്ന് യാത്ര തിരിച്ചത്! സെക്രട്ടേറിയേറ്റിലെ സഹപ്രവർത്തകരായ സിംജി, സുധീർ, ഷൈൻ, ഔദ്യോഗിക ആവശ്യത്തിനായി കേരള ഹൗസിലെത്തിയിരുന്ന ശ്രീകുമാർ ,ബഷീർ, രാധാകൃഷ്ണൻ എന്നിവർ യാത്ര അയക്കാൻ എത്തിയിരുന്നു! 

സഹയാത്രികരുടെ ബന്ധുക്കളുടെ വലിയൊരു കൂട്ടം! കണ്ണ് നിറഞ്ഞ് ടാറ്റാ പറയുന്ന കുട്ടികളും സ്ത്രീകളും! കൃത്യം രാത്രി 10 മണിക്ക് തന്നെ ഞങ്ങളുടെ ബസ്സ് Old Delhi Railway Station -നിലേക്ക് തിരിച്ചു. 

അവിടെ നിന്ന് റെണിഗഡ് എക്സ്പ്രസ്സിൽ കുമോൺ ഹിമാലയത്തിലെ ഹിൽസ്റ്റേഷനായ കാത്ത്ഗോദാമിലേക്ക്.....!

"....സപ്ത മാമുനികൾ നടത് പാടെ
സാന്ദ്രശോഭമഥ പാർത്തതുനേരം
സ്വർഗ്ഗസിദ്ധിഫലമാം വിധിയെല്ലാം
സാധുവഞ്ചനകളെന്ന് നിനച്ചാർ..."
(കുമാരസംഭവം വിവർത്തനം - എ ആർ )

"ആ ദേവർഷികൾ ഹിമപ്രദേശം കണ്ടിട്ട് സ്വർഗ്ഗം ലഭിക്കാൻ വേണ്ടിയുള്ള സൽക്കർമ്മം കേവലം ചതിയാണോ എന്ന് പോലും വിചാരിച്ചു പോയി "

അങ്ങനെയാണോ .....?

JP

(5)

കന്യാകുമാരി മുതൽ കൈലാസം വരെ!

                        (5)

Kumaon Mandal Vikas Nigam (KMVN) -നാണ് ഡൽഹിയിൽ നിന്ന് ചൈനീസ് അതിർത്തി വരെ ഗതാഗതം, താമസം, ഭക്ഷണം എന്നീ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള ചുമതല  അതിനായി ഓരോ യാത്രികനും 8250 രൂപ വീതം അവർക്ക് നൽകണം!

II ക്ലാസ്സ് എ സി യിലെ യാത്ര സുഖകരമായിരുന്നെങ്കിലും ഉറങ്ങാൻ കഴിഞ്ഞില്ല! ഹിമാലയ യാത്രയുടെ ത്രില്ലിലായിരുന്നു!

സഖാവ് KV സുരേന്ദ്രനാഥ്. ദീർഘകാലം നെടുമങ്ങാട് നിയമസഭാംഗമായിരുന്നു. 1997-ൽ തിരുവനന്തപുരത്ത് നിന്ന് ലോകസഭാംഗവും. നിസ്വാർത്ഥനായ കമ്മ്യൂണിസ്റ്റ്! നിയോജക മണ്ഡലത്തിലുടനീളം ബസ്സിൽ യാത്ര ചെയ്തെത്തുന്ന എം.എൽ.എ.! ഒരവസരത്തിൽ സെക്രട്ടേറിയേറ്റിൽ നിന്ന് സി.പി.ഐ.ഓഫീസ് വരെ എന്റെ ചേതക് സ്ക്കൂട്ടറിന്റെ പിന്നിലിരുന്നും യാത്ര ചെയ്തിട്ടുണ്ട്. പ്രകൃതി സ്നേഹിയായ അദ്ദേഹം നടത്തിയ കൈലാസ- മനസസരസ്സ് യാത്ര! "ലോകത്തിന്റെ മുകൾതട്ടിലൂടെ ... " എന്ന അദ്ദേഹത്തിന്റെ യാത്രനുഭവങ്ങൾ മിത്തുകളുടെ അതിപ്രസരമില്ലാത്ത യാഥാർത്ഥ്യബോധത്തോടെയുള്ളതായിരുന്നു! ആ വ്യത്യസ്ത അനുഭവ കഥനം എന്റെ കൈലാസ യാത്രയ്ക്കും പ്രചോദനമായി!

ഡൽഹിയിൽ നിന്ന് യാത്ര പുറപ്പെടുന്നതിന്റെ തലേ ദിവസം സിംജി എന്നെ VP ഹൗസിലേക്ക് കൂട്ടികൊണ്ട് പോയി. തിരുവനന്തപുരത്തെ എം.പി.യായ സഖാവ് KV സുരേന്ദ്രനാഥ് അവിടെയുണ്ടായിരുന്നു! വളരെ വിലപ്പെട്ട നിർദ്ദേശങ്ങളാണ്  ഒന്നര മണിക്കുറോളമെടുത്ത് അദ്ദേഹവുമായി നടത്തിയ സംഭാഷണത്തിൽ നിന്ന് ലഭിച്ചത്! കാണാനിരിക്കുന്ന ഹിമാലയത്തിന്റെ സൗന്ദര്യ രുദ്രഭാവങ്ങൾ വളരെ ലളിതമായി വിശദീകരിച്ച് തന്നു! യാത്രയിൽ സ്വീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അദ്ദേഹം നൽകിയ ഉപദ്ദേശങ്ങൾ ഓർത്തെടുത്തുകൊണ്ട് നിദ്രാവിഹീനമായി ആ രാത്രി കടന്ന് പോയി!

കാത്ത്ഗോദാം, ഉത്തരഖണ്ഡിലെ (അന്ന് ഉത്തരപ്രദേശ്) നൈനിറ്റാൽ ജില്ലയിലാണ്. കുമോൺ ഹിമാലയ മേഖലയിൽ നിന്നുള്ള വനവിഭവങ്ങളുടെ വ്യാപാര കേന്ദ്രമാണ്. Timber Depot എന്നാണ് കാത്ത്ഗുദാം എന്ന വാക്കിനർത്ഥം. രാവിലെ 6 മണിക്ക് തന്നെ കുമോൺ ഹിമാലയത്തിലെ ഈ അവസാന റെയിൽവേ സ്‌റ്റേഷനിൽ എത്തിചേർന്നു!

റെയിൽവേ സ്‌റ്റേഷനിൽ നിന്നുള്ള പ്രകൃതി ദൃശ്യം അതിമനോഹരം! പച്ചപ്പണിഞ്ഞ മലനിരകൾക്ക് പിന്നിൽ ദൂരെ ഹിമനിരകൾ ! നീലാകാശത്ത് വെള്ളിമേഘങ്ങളുടെ അലസ സഞ്ചാരം! പക്ഷികളുടെ പക്കമേളം!

കൈലാസ-മാനസസരസ്സ് യാത്ര എന്ന ബാനർ കെട്ടിയ ബസ്സ് റെഡി! സമീപത്തെ ഹോട്ടലിൽ പ്രാഥമിക കാര്യങ്ങൾ നിർവ്വഹിച്ച് പ്രഭാത ഭക്ഷണവും കഴിച്ച് (പൂരി മസാല, കേസരി, പൗവ്വ ) ഹിമാലയ താഴ്വാരത്തിലെ നേരിയ തണുപ്പ് ആസ്വദിച്ച് കൊണ്ട് അൽമോറയിലേക്ക്!

ഇന്ന്, 31-8-1997, അൽമോറയിലെ KMVN ഗസ്റ്റ് ഹൗസിലാണ് തങ്ങുന്നത്. രാവിലെ 11.30 തന്നെ അൽമോറയിലെത്തി. ഉച്ചഭക്ഷണത്തിന് ശേഷം അൽമോറ മാർക്കറ്റിലേക്ക്! ഫിലിം റോളുകളും ബാറ്ററികളും വാങ്ങി. തിരക്കില്ലാത്ത മാർക്കറ്റ്. കൈലാസ-മാനസസരസ്സ് യാത്രികരെന്നെറിഞ്ഞപ്പോൾ കടയുടമകൾക്കെല്ലാം തികഞ്ഞ സന്തോഷം! ഹിമാലയത്തിന്റെ താഴ്വാവാരത്തിലെ മനുഷ്യർക്കും കൈലാസ-മാനസസരോവർ യാത്രയ്ക്ക് അവസരം ലഭിച്ച ഞങ്ങൾ ഭാഗ്യവന്മാർ എന്നഭിപ്രായം!

ഒരു കിലോ മിഠായിയും High calorie ചോക്ലേറ്റും വാങ്ങി!  ഹിമാലയത്തിലെ തരുനിരകളിലെ ഗ്രാമങ്ങളിലൂടെ കടന്ന് പോകുമ്പോൾ കുട്ടികൾ "ഓം നമ:ശിവായ"പറഞ്ഞ് അഭിവാദ്യം ചെയ്യും! അവർക്ക് മിഠായി നൽകുന്നത് സന്തോഷകരമാണ്! High Altitude -ൽ ഭക്ഷണത്തിന് രുചിയില്ലായ്മ അനുഭവപ്പെടുമ്പോൾ instant energy - ക്ക്   High calorie ചോക്ലേറ്റും ഉപയോഗപ്പെടും! സ. കെ.വി. സുരേന്ദ്രനാഥ് എം.പി. അദ്ദേഹത്തിന്റെ യാത്രാനുഭവം പങ്കുവയ്ക്കുമ്പോൾ ഇതൊക്കെ സൂചിപ്പിച്ചിരുന്നു! 

രാത്രി ഭക്ഷണത്തിന് ശേഷം ഗസ്റ്റ് ഹൗസിലെ കോൺഫറൻസ് ഹാളിൽ 32 യാത്രക്കാരും ഒത്തുചേർന്നു. ഡോ: ധവാൻ (1TBP -യിലെ കമാണ്ടിങ് ഓഫീസറായ അദ്ദേഹമാണ് ഈ യാത്രയിലെ വിദേശകാര്യ വകുപ്പ് നിയമിച്ച  ഞങ്ങളുടെ ലെയിസൺ ഓഫീസർ) യാത്രയിൽ സ്വീകരിക്കേണ്ടതും അരുതാത്തതുമായ കാര്യങ്ങൾ വിശദീകരിച്ചു! കൈലാസ-മാനസസരസ്സ് യാത്രയുടെ ബേസ് ക്യാമ്പായ ധർച്ചുള്ളയ്ക്കാണ് അടുത്ത ദിവസത്തെ യാത്ര! രാവിലെ 6 മണിക്ക് തിരിക്കണം!

സഹയാത്രികരുമായി കൂടതൽ അടുക്കാൻ കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ. മലയാളിയായി ഞാൻ മാത്രം. 

സംസ്ഥാനടിസ്ഥാനത്തിൽ ഗ്രൂപ്പുകൾ രൂപപ്പെട്ടുവോ....? ഏതായാലും അത്തരത്തിൽ ഗ്രൂപ്പുണ്ടാക്കാൻ ആളില്ലാത്തതിനാൽ സഹയാത്രികരെ സസൂക്ഷ്മം നിരീക്ഷിക്കുന്നതിനുള്ള അവസരങ്ങൾ യാത്രയിലുടനീളം ഞാൻ പ്രയോജനപ്പെടുത്തി! " കൂട്ടത്തിൽ തനിയെ " എന്ന നിമിഷങ്ങൾക്കും ചാരുതയുണ്ടായിരുന്നു!



(6)

കന്യാകുമാരി മുതൽ കൈലാസം വരെ!

                        (6)

അന്ന് ( 1-9-1997) രാവിടെ 4.30-ന് അൽമോറയിൽ നിന്ന് തിരിച്ചു.   ഭാഗേശ്വരിലായിരുന്നു പ്രാതൽ. സരയു - ഗോമതി നദികളുടെ സംഗമസ്ഥാനമായ ഭാഗേശ്വരിൽ നിരവധി ശിവക്ഷേത്രങ്ങളുണ്ട്. ഭാഗ്നാഥ് ക്ഷേത്രമാണ് അതിലൊന്ന്. അതൊരു ക്ഷേത്ര സമുച്ചയമാണ്! 

മല കയറി പോകുന്ന ഞങ്ങളുടെ വാഹനത്തിന് നേരെ മലയിറങ്ങി വരുന്ന ജീപ്പ്! ജീപ്പിന് പോകാൻ വഴിയൊരുക്കി വളവിൽ ഞങ്ങളുടെ ബസ്സ് നിർത്തിയിട്ടു. ആ ജീപ്പിന് മുകളിൽ പട്ടിൽ പൊതിഞ്ഞൊരു ശവശരീരം! ജീപ്പിനുള്ളിൽ തിക്കിതിരക്കി ആൾക്കാരുണ്ട്! നേരീയ മഴ! ജീപ്പിന് മുകളിൽ ഒരു യുവാവും! മൃതദേഹത്തിന്റെ മുഖവും നെഞ്ചും നനയാതെ കുട പിടിച്ച് സ്വയം നനഞ്ഞിരിക്കുന്ന ആ യുവാവിന്റെ മുഖത്ത് ദൈന്യഭാവം! സരയൂ - ഗോമതി സംഗമസ്ഥാനമായ ഭാഗേശ്വരിൽ സംസ്ക്കരിക്കാൻ അകലെ ഹിമാലയത്തിലെ ചെറു ഗ്രാമത്തിൽ നിന്ന് കൊണ്ടുവരുന്ന ഉറ്റവരുടെ ഭൗതിക ശരീരം! പരിമിതമായ വാഹനസൗകര്യം ഉപയോഗപ്പെടുത്തുന്ന പാപപുണ്യസങ്കല്പം! ജനിമൃതികളോടുള്ള മനുഷ്യരുടെ ആദരവ്!

Didihat - ലെ ഗസ്റ്റ് ഹൗസിലായിരുന്നു ഉച്ചഭക്ഷണം! വടക്കേന്ത്യൻ ശൈലിയിലുള്ള സ്വാദിഷ്ടമായ ഭക്ഷണം! ഗസറ്റ് ഹൗസിന്റെ പരിസരം മനോഹരം! ദൂരെ മലനിരകൾ വെയിലേറ്റ് തിളങ്ങുന്നു! ഗസ്റ്റ്ഹൗസിന്റെ മുറ്റത്ത് തന്നെ മേശയും കസേരയും അണിനിരത്തി തുറസ്സായ സ്ഥലത്താണ് ഭക്ഷണം വിളമ്പിയത്! മലനിരകളുടെ സൗന്ദര്യം ആസ്വദിച്ച് കൊണ്ട് വിവിധ സംസ്ഥാനങ്ങളിലെ ഭക്ഷണ ശൈലിയെക്കുറിച്ചുള്ള ചർച്ചയിലേർപ്പെട്ടു കൊണ്ട് ഭക്ഷണം കഴിച്ചത് വത്യസ്തമായ ഒരനുഭവമായിരുന്നു!   നമ്മുടെ സമ്പാറിന്റെയും അവിയലിന്റേയും ഗുണങ്ങൾ വിവരിച്ച് കൊണ്ട് ഞാനും സജീവമായി ഇടപെട്ടു. ഞാനാരാ മോൻ?

കൈലാസ്-മാനസസരസ്സ് യാത്രയുടെ ബേസ് ക്യാമ്പായ ധർചൂള കാളി നദിയുടെ വലത് കരയിലാണ്. നേപ്പാൾ ധർചൂള നദിയുടെ ഇടത് കരയിലും! ഒരു സ്ഥിരം പാലം ഇരുകരകളേയും വേർതിരിക്കുന്നു. രാവിലെ 6 മണി മുതൽ രാത്രി 9 മണി വരെ പാലം കടന്ന് നേപ്പാളിൽ പ്രവേശിക്കാം! അത് പോലെ ഇന്ത്യൻ വശത്തേക്കും! 

നേപ്പാൾ ധർചൂളയിലെ മാർക്കറ്റിൽ ഒന്നു ചുറ്റിയടിച്ചു! കുറേയധികം ബാറ്ററികളും ഫിലിം റോളുകളും വീണ്ടും വാങ്ങി ! ഒരു മണിക്കൂർ മറ്റൊരു രാജ്യത്ത്!  രാത്രി ഏഴു മണിക്ക് തന്നെ കാളിനദിക്ക് കുറുകെയുള്ള പാലത്തിലെ ഗേറ്റ് അടയ്ക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യയിൽ തിരിച്ചെത്തി! 

യാത്രക്കാരുടെ ലഗേജ് കൊണ്ട് പോകാനുള്ള പോണികൾ (കുതിരയും കഴുതയും തമ്മിലുള്ള സങ്കരവർഗ്ഗം), പോർട്ടർമാർ എല്ലാം ഇവിടെ നിന്ന് ഉറപ്പാക്കണം. ഒരു യാത്രക്കാരന് 25 കിലോ ലഗേജ് മാത്രമേ അനുവദനീയമായുള്ളു ! ലഗേജ് മഞ്ഞ് വീഴ്ചയിലോ, മഴയത്തോ നനയാതിരിക്കാൻ പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ട് നല്ലവണ്ണം പാക്ക് ചെയ്ത് ഉറപ്പുള്ള നൂൽ കയറ് കൊണ്ട് കെട്ടി പോണിവാലകളെ ഏല്പിക്കണം! ലയിസൺ ഓഫീസർ യാത്രാ സംഘത്തിന് വേണ്ട പോണികളെയും പോർട്ടർമാരെയും ഒന്നിച്ച് വിലപേശി ഏർപ്പാടാക്കി! 

ഹിമാലയം നടന്ന് കയറാൻ താല്പര്യമില്ലാത്തവർക്ക് സഞ്ചരിക്കാൻ പ്രത്യേകം പോണികളെയും!  ഈ പോണിവാലകളും പോർട്ടർമാരും ഇന്ത്യാ-ചൈന അതിർത്തിയായ ലിപുലേഖ് പാസ്സ് വരെ യാത്രാ സംഘത്തോടൊപ്പം ഉണ്ടാകും!

ഞാൻ നടക്കാൻ തന്നെ തീരുമാനിച്ചു. ലഗേജ് കൊണ്ട് പോകാനുള്ള പോണി മാത്രമേ ഏർപ്പാടാക്കിയുള്ളൂ! ഹിമാലയ ട്രെക്കിംങിന് റെഡി!

രാത്രി ഭക്ഷണം ശേഷം ഡോ: ധവാനും ITBP
ഓഫീസേഴ്സും യാത്രയ്ക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി. ചുമൽ ബാഗിൽ മിനിമം സാധനങ്ങൾ മാത്രമേ ആകാവൂ! ബൽറ്റിലെ പൗച്ചിൽ ക്യാമറയും രൂപയും സൂക്ഷിക്കാം! മണ്ണിടിച്ചിലുണ്ടാകുന്ന മേഖലയിലൂടെയാണ് കടന്ന് പോകുന്നത്. ഒറ്റതിരിഞ്ഞുള്ള യാത്ര അരുത് !  യാത്രയിൽ തികഞ്ഞ നിശ്ശബ്ദതയും അച്ചടക്കവും പാലിക്കണം! ലയിസൺ ഓഫീസർ എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും. 

മല കയറാൻ വടിയുടെ സഹായം ആവശ്യമുണ്ടെങ്കിൽ അത് ധർചൂളയിൽ നിന്ന് വാങ്ങി വയ്ക്കാൻ നിർദ്ദേശമുണ്ടായിരുന്നു. ഹിമാലയം നടന്ന് കയറാൻ തീരുമാനിച്ച ഞാൻ നല്ലൊരു ബലമുള്ള വാക്കിംങ്ങ്സ്റ്റിക്ക് വാങ്ങി വച്ചു!

അടുത്ത ദിവസം രാവിലെ ആറ് മണിക്ക് തന്നെ ധർചൂളയിൽ നിന്ന് തിരിച്ചു! 13 കിലോമീറ്റർ ദൂരത്തുള്ള തവാഘട്ടിലേക്ക്! 6 പേർ വീതം 6 ജീപ്പുകളിൽ; ലഗേജ് കൊണ്ട് പോകാൻ മറ്റ് ജീപ്പുകളും. കാളീ നദിയുടെ കരയിലൂടെ വീതി കുറഞ്ഞ മൺപ്പാതയിലൂടെയുള്ള യാത്ര ഭയപ്പെടുത്തുന്നതായിരുന്നു! തലേ ദിവസം രാത്രി പെയ്ത മഴയുടെ ശേഷിപ്പുകൾ ദൃശ്യമായിരുന്നു. കൂറ്റൻ കല്ലുകൾ നിരങ്ങി നീങ്ങി റോഡ് സൈഡിൽ അടിഞ്ഞ് കൂടിയിട്ടുണ്ടായിരുന്നു! ഇടിഞ്ഞിറങ്ങിയ മണ്ണ് മാറ്റിയ ലക്ഷണങ്ങൾ! ഏത്  സമയവും നിരങ്ങി നീങ്ങാൻ തയ്യാറായി നിൽക്കുന്ന കൂറ്റൻ പാറകൾ മലമുകളിൽ!

തലേ ദിവസം ഏർപ്പാടാക്കിയ പോണി വാലകളും, പോർട്ടർമാരും തവാഘട്ടിൽ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. എന്റെ പോർട്ടർ ബൽദേവും തയ്യാർ. ലഗേജുകളെല്ലാം പോർട്ടർമാരെ ഏല്പിച്ചു. അവരത് പോണികളുടെ പുറത്ത് വച്ച് കെട്ടി! ലയിസൺ ഓഫീസർ KMVN ഏർപ്പാടാക്കിയ ഡോക്ടറേയും ഉത്തരപ്രദേശ് പോലീസിന്റെ വയർലസ് കൈകാര്യം ചെയ്യുന്ന രണ്ട് പോലീസ്കാരേയും പരിചയപ്പെടുത്തി. Head - ഉം Tail - ഉം!

 പ്രകൃതിയും പ്രണയവും മണക്കുന്ന പ്രദേശം!

"പ്രണയത്തിനും തപസ്സിനും ഒരുപോലെ ഉചിതമായ സ്ഥലരാശിയായ ഹിമവത്പ്രദേശം"  ഹിമാലയത്തിലെ തരുനിരകളിലൂടെ, "മഞ്ഞില്‍ കുഴച്ച മനയോലമഷിക്കുഴമ്പാല്‍", സ്വര്‍ഗ്ഗ നാരിമാര്‍ കാമലേഖനമെഴുതുന്ന" ഹിമ നിരകളിലൂടെ കാൽനടയായുള്ള യാത്രയുടെ ആരംഭം!

"സ്വർഗ്ഗത്തിലേക്കുള്ള വഴിയിലെ അവസാന സ്റ്റോപ്പായ" കൈലാസത്തിലേയ്ക്കുള്ള യാത്രയുടെ തുടക്കം!

ഇനിയുള്ള എന്റെ യാത്രയെല്ലാം കാൽനടയായി.......!




(7) മുറ്റത്തെ മുല്ലയ്ക്കും മണമുണ്ട്

കന്യാകുമാരി മുതൽ കൈലാസം വരെ!

                           (7)

ലെയിസൺ ഓഫീസർ പോണി -പോർട്ടർ കരാറുകാരോട് സംസാരിച്ച് ലഗേജകളെല്ലാം പോണിയുടെ പുറത്ത് വച്ച് കെട്ടി. പറഞ്ഞുറപ്പിച്ചിരുന്ന തുകയും നൽകി.

ഹിമാലയ ട്രെക്കിംങ് ആരംഭിക്കുകയായി. കാളി (കാലി ഗംഗ), ധൗളി ഗംഗ നദികളുടെ സംഗമസ്ഥാനത്താണ് തവാഘട്ട്. ഇവിടെ നിന്നുള്ള ട്രെക്കിംങ് കഠിനമായിരിക്കുമെന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നു! ശരീരം കാലാവസ്ഥയുമായി പെരുത്തപ്പെടണം; acclimatisation- ന് വിധേയമാകണം. നടക്കാൻ താല്പര്യമില്ലാത്തവർ പോണി പുറത്ത് കയറി. ലെയിസൺ ഓഫീസർ പുറപ്പെടാനുള്ള നിർദ്ദേശം നൽകി.
'
"അസ്ത്യുത്തരസ്യാം ദിശി ദേവതാത്മാ
ഹിമാലയോ നാമ നഗാധിരാജഃ
പൂര്‍വ്വാപരൗ വാരിധീ വഗാഹ്യ
സ്ഥിതഃ പൃഥിവ്യാ ഇവ മാനദണ്ഡഃ "

"ദേവാനുഭാവധരനുത്തരദിക്കിലുണ്ടു
മേവുന്നു മാമല ഹിമാലയനാമധേയന്‍
ആഴിക്കു രണ്ടിനുമിടയ്ക്കു കിടക്കയാലീ-
യൂഴിക്കരയ്ക്കളവു ചങ്ങലയെന്നപോലെ"
(കുമാരസംഭവം, വിവർത്തനം എ.ആർ. രാജരാജവർമ )

" വടക്കേ ദിക്കിൽ ദേവതാത്മാവായി ഹിമാലയം എന്ന നാമധേയത്തോടു കൂടി ഒരു പർവ്വതരാജൻ ഉണ്ട്. അത് പൂർവ്വ പശ്ചിമ സാഗരങ്ങളിൽ ചെന്നിറങ്ങി ഭൂമിയുടെ മാനദണ്ഡമാണോ എന്നു തോന്നുമാറു സ്ഥിതി ചെയ്തിരുന്നു" (ഗദ്യ വിവർത്തനം - ഡോ: സുധാംശു ചതുർവേദി)

ഭൂമിക്ക് അളവ്കോലായ ഹിമാലയം! ഇന്ത്യൻ ഭൂഖണ്ഡത്തെ കുറിച്ചുള്ള മനോഹരമായ കവിഭാവന! കന്യാകുമാരിയിലെ സാഗരസംഗമ സ്ഥലത്ത് ആഴിയുടെ അഗാധതയിലേക്ക് നോക്കി നിന്നത് മനസ്സിലേക്ക് കടന്നു വന്നു.

തുടക്കം തന്നെ നല്ല കയറ്റമാണ്. പോണികളും വളരെ ആയാസപ്പെട്ടാണ് മല കയറുന്നത്. താനേദാർ ചഠായി (Thanedhar climb) വരെ ഏകദേശം 'കിഴക്കാം തൂക്കായ' കയറ്റം! ഭയന്നിട്ടാകാം,  Mr. NR Daboria പോണി പുറത്ത് നിന്നിറങ്ങി നടക്കാൻ തീരുമാനിച്ചു. (ഗുജറാത്ത് ഹോർട്ടികൾച്ചർ ഡിപ്പാർട്ട്മെന്റിൽ അസിസ്റ്റന്റ് ഡയറക്ടറാണദ്ദേഹം ).

തിരിഞ്ഞ് നോക്കുമ്പോൾ അങ്ങ് താഴെ കാളി നദി വളഞ്ഞ് പുളഞ്ഞ് ഒഴുകുന്ന മനോഹര ദൃശ്യം. ഹരിതാഭയ്ക്കിടയിലൂടെ ഒഴുകുന്ന നദിയുടെ വിഹഗവീക്ഷണം! നദിക്കപ്പുറം നേപ്പാളും.

ഇങ്ങനെ കാണുമ്പോൾ എല്ലാ രാജ്യങ്ങളും ഒന്നു തന്നെ. വൈവിധ്യങ്ങൾ ദൃശ്യമാകുന്നത് കൂടുതൽ അടുക്കുമ്പോഴാണോ? സാംസ്ക്കാരിക വിശകലനങ്ങൾ വിദ്വേഷത്തിന് കാരണമാകുന്നത് അപ്പോഴാണല്ലോ? "ലോകാ സമസ്താ സുഖിനോ ഭവന്തു " എന്ന് ഉരുവിട്ട് കൊണ്ട് അന്യമതനിന്ദയെന്ന കാപട്യവും നാം കാണുന്നു.

താനേദാർ എത്തുന്നതിന് മുമ്പ് ലാലും എന്ന സ്ഥലത്തെ മരത്തണലിൽ വിശ്രമം. ചിന്തകൾക്ക് വിരാമമിട്ടു കൊണ്ട് സഹയാത്രികരെ ശ്രദ്ധിച്ചു. മിക്കവരും വല്ലാതെ തളർന്നിരിക്കുന്നു. ആനമുടിയും, അഗസ്ത്യകൂടവും, പക്ഷിപാതാളവും കയറിയിറങ്ങി നടന്ന എനിക്കത്ര ക്ഷീണം തോന്നിയില്ല. കയറ്റം കയറുമ്പോൾ ചെറിയ സ്റ്റെപ്പുകൾ വച്ച് കയറണമെന്ന് എന്റെ വക ക്ലാസ്സ്! ലയിസൺ ഓഫീസർ അതിനോട് യോജിച്ചു. വിശ്രമിക്കാൻ ഇരുന്ന ഉടനെ വെള്ളം കുടിക്കാൻ ശ്രമിച്ച ഡോക്ടറെ   (ഈ യാത്രയിൽ ഞങ്ങളെ സഹായിക്കാൻ നിയോഗിച്ചത് ഈ ഡോക്ടറെയാണ്) ലയിസൺ ഓഫീസർ ഡോ: ധവാൻ തടഞ്ഞു. കുറച്ച് കഴിഞ്ഞ് ശ്വാസഗതിയൊക്കെ സാധാരണഗതിയിലായതിന് ശേഷമാണ് വെള്ളം കുടിക്കേണ്ടതെന്ന് നിർദ്ദേശിച്ചു. 

രണ്ടര മണിക്കൂർ നടന്ന് താനേദാറിൽ എത്തിചേർന്നു. ചെറിയൊരു ധാബ, തട്ട്കട പോലെ ഒരു ചായക്കട. ചൂട് ചായയും ആലുമട്ടറും ! ചായ ഗ്ലാസ്സിൽ തന്നെ; ആലു മട്ടർ പ്രത്യേകതരം ഇലകൊണ്ടുണ്ടാക്കിയ 'കിണ്ണം'; തടികൊണ്ടുള്ള സ്ഫൂണും! എന്ത് രുചി ! വീണ്ടും ആ കയറ്റം കയറി ചായയും ആലു മട്ടറും കഴിക്കണമെന്ന് തോന്നുന്നു. 20 രൂപ നൽകിയപ്പോൾ 10 രൂപ തിരിച്ച് തന്നു. നേപ്പാൾ രൂപ!  ഇനിയങ്ങോട്ട് നേപ്പാൾ കറൻസിയും ഉപയോഗിക്കാം!

മലനിരകളുടെ വശ്യഭംഗി ആസ്വദിച്ച് യാത്ര തുടർന്നു. കാഴ്ചകളുടെ സൗകുമാര്യതയാകാം എല്ലാവരും നിശ്ശബ്ദരായിരുന്നു; പോണികളുടെ കുളമ്പടി ശബ്ദം മാത്രം! 

ഉച്ചയ്ക്ക് 12.30ന് പാൻഗു (Pangu) - ൽ എത്തിചേർന്നു. കൈലാസ്-മാനസസരസ്സ് യാത്രയ്ക്ക് വേണ്ടി KMVN തയ്യാറാക്കിയ ഗസ്റ്റ് ഹൗസിലായിരുന്നു അന്നത്തെ ക്യാമ്പ്. മലനിരകൾക്ക് മധ്യേയുള്ള ചെറു ഗ്രാമം. ഗസ്റ്റ്ഹൗസിന് സമീപത്തായി താഴെ ഒരു പ്രാഥമിക വിദ്യാലയം !  ഒക്ടോബറിൽ മഞ്ഞ് വീഴ്ചയുണ്ടാകുന്നത് വരെ ഗ്രാമം സജീവമായിരിക്കും!

ഉച്ചഭക്ഷണം കഴിഞ്ഞ്  യാത്രികരെല്ലാം ചെറു ഗ്രൂപ്പുകളായി തിരിഞ്ഞ് ഗസ്റ്റ് ഹൗസ് വരാന്തയിൽ സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുന്നു. അടുത്തും അകലേയും മനോഹരമായ പ്രകൃതി ദൃശ്യം തന്നെ !

മതപരമായ കാര്യങ്ങളാണ് ചർച്ചാ വിഷയം. താൻ ധനവാനായതിന് കാരണം കർമഫലമാണെന്ന്  CP Desarada ഗീതാ ശ്ലോകം ഉരുവിട്ട്  തെല്ലൊരു അഹങ്കാരത്തോടെ പറയുന്നു.  ( അദ്ദേഹം ഔറംഗാബാദിലെ ഒരു ഫാക്ടറി ഉടമയാണ്. അദ്ദേഹത്തിന്റെ ഭാര്യയും  പുത്രി Shilpa Amit Dugar എന്നിവർ യാത്രാ സംഘത്തിലുണ്ട്) "ധനവന്മാർ മാത്രമേ മതചിഹ്നങ്ങളുപയോഗിച്ച് സാരോപദേശങ്ങൾ നൽകാറുള്ളൂ; പാവങ്ങൾക്കതിന് സമയമില്ല" ചെറുപ്പക്കാരനായ അനിൽ ദുബേ (Anil Dubey) പ്രതികരിച്ചു. വാരണാസിയിൽ നിന്ന് വന്ന  Software Engineer. തർക്കങ്ങൾ കേട്ടിരിക്കാൻ രസം തോന്നി, ഒന്നിലും ഇടപെട്ടില്ല.

കൂട്ടത്തിൽ കൂടാതെ അല്പം പാണ്ഡിത്യ ഗർവ്വോടെ ഒരാൾ! Prof. Aravind Parasinis. ഞാനങ്ങോട്ട് ചെന്ന് പരിചയപ്പെട്ടു. ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ ഇദ്ദേഹം കാൺപൂർ IIT -ൽ നിന്ന് വിരമിച്ച വ്യക്തിയാണ്.
വിശ്വാസികളെക്കുറിച്ച് അദ്ദേഹത്തിന് അത്ര മതിപ്പില്ല. എല്ലാം അന്ധവിശ്വാസമാണെന്ന് നിർവ്വചിക്കുന്നു. ചില യുക്തിവാദികളെ പോലെ പ്രത്യയശാസ്ത്ര പിൻബലമില്ലാത്ത ചിന്തകളാണെന്നെനിക്ക് തോന്നി. മതത്തെക്കുറിച്ച്  മാർക്സ് പറഞ്ഞത് ഉദ്ധരിച്ച് കൊണ്ട് ശ്രീ പരാസിനിസുമായി സംവാദത്തിലേർപ്പെടാനും ഞാൻ ശ്രമിക്കാതിരുന്നില്ല! An  Atheist's Kailas Mansarover Yathra' എന്ന യാത്രാവിവരണം അദ്ദേഹം എഴുതുമെന്ന് പറയുന്നു. ശ്രീ ലാൽ കൃഷ്ണ അദ്വാനിയുടെ ഭാര്യവഴിക്കുള്ള ബന്ധുവാണദ്ദേഹം!

യാത്രയെന്നത് കടന്ന് പോകുന്ന ഭൂവിഭാഗങ്ങളെ നിരീക്ഷിക്കുകയെന്നത് മാത്രമല്ലല്ലോ? കൂടെയുള്ളവരെയും കണ്ട് മുട്ടുന്നവരേയും യാത്രാനുഭവങ്ങളാക്കുന്നതിലൂടെയും യാത്രയുടെ പൂർണതയിലേക്ക് നാം കൂടുതൽ അടുക്കും!

****.      *******.           *******
1999-ൽ തിരുവനന്തപുരത്തെ ടെക്നോപാർക്കിലുള്ള   Indian Institute Of Information Technology and Management  (IIITMK) എന്ന സ്ഥാപനത്തിൽ അദ്ദേഹം വന്നിരിന്നു. ടെക്നോപാർക്കിലെ ഗസ്റ്റ് ഹൗസിൽ താമസിച്ചിരുന്ന Shri Aravind Parasinis - നെ സന്ദർശിക്കുകയും വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. ക്ഷണം സ്വീകരിച്ച് ആനാട് വന്ന അദ്ദേഹവുമായി പൊന്മുടിയിലേയ്ക്കും ഒരു യാത്ര!
ഹിമാലയം കണ്ട അദ്ദേഹത്തിനും നമ്മുടെ  പൊന്മുടിയുടെ വശ്യചാരുത ഏറെ ഇഷ്ടപ്പെട്ടു!

എന്റെ മുറ്റത്തെ മുല്ലയ്ക്കും മണമുണ്ട്!

(8) സ്വയംപര്യാപ്തതയുടെ സംതൃപ്തി !

കന്യാകുമാരി മുതൽ കൈലാസം വരെ!

                                       (8)

7260 അടി  ഉയരത്തിലാണ് പാൻഗു. രാവിലെ 6 മണിക്ക് തന്നെ തിരിച്ചു.സിർകായിലേയ്ക്ക്. എന്റെ ഹിമാലയത്തിലെ സ്നേഹിതൻ - പോർട്ടർ ബൽവന്ത് സാഹി - ലഗേജ്  പോണി പുറത്ത് വച്ച് കെട്ടി! ഏപ്പോഴും സുസ്മേരവദനനായി കാണപ്പെടുന്ന ബൽവന്ത് രണ്ട് ദിവസം കൊണ്ട് തന്നെ ചിരപരിചിതനെ പോലെ ആയി. 

പാൻഗു എന്നാൽ പാദം, സിർക്ക എന്നാൽ സിർ തല! ബൽവന്തിന്റെ വിവർത്തനം!  സാഗർമാഥാ; എവറസ്റ്റിന് അങ്ങനെയും പേരുണ്ടെന്നു  ബൽവന്തിനൊരു പുത്തനറിവ് ഞാനും നൽകി !

ഞങ്ങൾ പോകുന്ന വഴിയിലെ  ഗാലാ ഗ്രാമത്തിലെ ജിപ്തിയിലാണ്  വീട്. ഗാലായിൽ ക്യാമ്പ് ചെയ്യുന്ന സമയത്ത് വീട്ടിലേക്ക് വരണമെന്ന് ബൽവന്തിന്റെ ക്ഷണം!

 പാൻഗു ഗസ്റ്റ് ഹൗസിൽ നിന്ന് ദൂദിഘാർ ഗ്രാമത്തിലേക്ക് നല്ല ഇറക്കമാണ്. പാൻഗുവിൽ നിന്ന് പൊതിഞ്ഞ് തന്ന പൂരിയും സബ്ജിയും പാറകളിൽ തട്ടി ഒഴുകി വരുന്ന ഒരു അരുവിയുടെ കരയിൽ വച്ച് കഴിച്ചു. 

സോസാ ഗ്രാമത്തിലേയ്ക്കുള്ള കയറ്റം കയറാനുള്ള തയ്യാറെടുപ്പായിരുന്നു ആ അരുവി കരയിലെ വിശ്രമവും വെടിപറച്ചിലും. 

കടന്ന് വന്ന വഴികൾ ദൂരെ താഴ്വാരത്തിൽ ദൃശ്യമാണ്! ഇളം വെയിൽ വെളിച്ചവും നിഴലും സൃഷ്ടിക്കുന്നു. വെള്ളിമേഘങ്ങൾക്കിടയിലെ നീലാകാശം!  മഴയ്ക്ക് സാധ്യതയുണ്ടെന്ന് ബൽവന്തിന്റെ പ്രവചനം ! 

തെളിഞ്ഞ കാലാവസ്ഥയിൽ മഴയോ? ഹിമാലയത്തിന് "ബാലിപ്പെണ്ണിന്റെ മനസ്സോ "?  ബൽവന്തിന് ഞാൻ പറഞ്ഞത് മനസ്സിലായില്ല ! ചെറു പുഞ്ചിരിയോടെ 'ക്യാ ' എന്ന ചോദ്യം! നമ്മുടെ അഭിമാനമായ പ്രിയപ്പെട്ട സഞ്ചാരി എസ്.കെ.പൊറ്റെക്കാടിന്റെ ബാലിദ്വീപ് യാത്രാവിവരണത്തിലെ പരാമർശമാണ് അപ്പോൾ ഓർമയിൽ വന്നതും ആ ചോദ്യത്തിന് ആധാരമായതും. 

സോസായിലേയ്ക്കുള്ള കയറ്റം കുറച്ച് പ്രയാസമുള്ളതായിരുന്നു. 8000 അടി ഉയരത്തിലാണ് സോസാ ഗ്രാമം.  മലംചരിവിൽ ചെറിയ തട്ടുതട്ടായി കൃഷിയിടങ്ങൾ ! കടന്ന് പോകുന്ന യാത്രാ സംഘത്തിനെ കൗതുകത്തോടെ നോക്കുന്ന ഗ്രാമവാസികൾ!

 "ഓം നമ:ശിവായ " എന്ന് അഭിവാദ്യം ചെയ്യുന്ന കുട്ടികൾ ! കരുതിയിരുന്ന മിഠായികൾ അവർക്ക് നൽകി. തെളിഞ്ഞ പുഞ്ചിരി അവർ തിരിച്ച് നൽകി.  തുടുത്ത മുഖമായിരുന്നു കുട്ടികൾക്ക്. ദാരിദ്രത്തിന്റെ ലക്ഷണങ്ങളില്ല. ശൈത്യവും അതിശൈത്യവും കാർഷിക രീതിയുടെ പ്രത്യേകയും പരിമിതമായ ബാഹ്യലോക ബന്ധവും സമ്മാനിച്ച സ്വയം പര്യാപ്തത നൽകുന്ന  സംതൃപ്തിയായിരിക്കും ആ മുഖങ്ങളിൽ! വിശാലമായ ലോകത്തെ സുഖസൗകര്യങ്ങൾ അറിയുന്നവർ ഒറ്റപ്പെടുമ്പോഴാണ് സംതൃപ്തിയില്ലായ്മ അനുഭവപ്പെടുക ! 

സോസ ഗ്രാമത്തിൽ നിന്ന് നാരായണാശ്രമത്തിലേക്ക്. കർണാടകക്കാരനായ നാരായണസ്വാമി എന്ന സന്യാസി 1935-ൽ സ്ഥാപിച്ചതാണ് ഈ ആശ്രമം! തികഞ്ഞ നിശ്ശബ്ദതയിലായിരുന്നു ആശ്രമ പരിസരം! പൈൻ മരങ്ങളുടെയും ദേവതാരു വൃക്ഷങ്ങളുടേയും ഇടയിൽ പ്രകൃതിയുമായി ഇണങ്ങി നിൽക്കുന്ന ചില നിർമിതികൾ. വിശാലമായ പുൽത്തകിടി (Meadow). ലോഭമില്ലാത്ത പച്ചപ്പ്! ഇങ്ങനെയും പച്ചയോ! 

പുൽത്തകിടിയിലെ വിശ്രമം യാത്രാ ക്ഷീണത്തെ പമ്പകടത്തി! ആകാശ നീലിമയെ നോക്കി മലർന്ന് കിടന്നത് എത്ര നേരമെന്നറിഞ്ഞില്ല! ഇതൊക്കെ ഓരോ യാത്രയിലേയും വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയാത്ത അനുഭവമാണ്! ഇത്തരം അനുഭവങ്ങളുടേയും ആകെ തുകയാണ് ഓരോ യാത്രയുടേയും പൂർണത !

ആശ്രമത്തിലെ ചുമതലയുള്ളവർ വിശാലമായ ഹാളിലേക്ക് കൂട്ടികൊണ്ട് പോയി. ഇപ്പോഴത്തെ ആശ്രമാധിപൻ ഗുജറാത്തിയായ ഒരു സന്യാസി. അദ്ദേഹം ദക്ഷിണാഫ്രിക്കയിലേയ്ക്ക് പോയിരിക്കുന്നു. ആശ്രമത്തിന് ഭാഗേശ്വരിലും ദീദിഹാറ്റിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്! ആശ്രമത്തിലെ സ്വച്ഛന്ദമയായ അന്തരീക്ഷം ഏറെ ഇഷ്ടപ്പെട്ടു. പ്രകൃതിയോട് ഇണങ്ങി നിൽക്കാൻ ആരാണ് താല്പര്യപ്പെടാത്തത്. 

നാരായണ ആശ്രമത്തിൽ നിന്ന് 4 കി.മി നടന്ന് സിർക്കയിലെത്തി!  യാത്ര പ്രയാസമുള്ളതായിരുന്നില്ല. 7450 അടി ഉയരത്തിലാണ് സിർക്ക ഗ്രാമം. ഉച്ചയ്ക്ക് 1.30 ന് ഇവിടെ എത്തിചേർന്നതും ബൽവന്തിന്റെ പ്രവചനം യാഥാർത്ഥ്യമായി! തെളിഞ്ഞ അന്തരീക്ഷം പെട്ടെന്ന് മാറി. കോരിച്ചൊരിയുന്ന മഴ!

ഉച്ചഭക്ഷണത്തിന് ശേഷം മിക്കവാറും യാത്രക്കാർ മയക്കത്തിലാണ്. ഹിമാലയത്തിലെ തരുനിരയിലെ മഴയുടെ സൗന്ദര്യം ആസ്വദിച്ച് കൊണ്ട് ഞങ്ങൾ കുറച്ച് പേർ വരാന്തയിൽ. രാജ്യാന്തര കാര്യങ്ങൾ ചർച്ച ചെയ്യുന്നു. റഷ്യയും ചൈനയും എല്ലാം കടന്ന് വരുന്നു. ജഗദീഷ് എ. പാണ്ഡ്യ, ഗിരിരാജസിംങ് എസ്. ജഡേജ, ഡി.ആർ. മിസ്രി എന്നിവർ ഗുജറാത്തിൽ നിന്ന്. എ.എസ്. ദേവൽ രാജസ്ഥാനിൽ നിന്ന്. 

ഗഹനമായ ചർച്ചകളൊന്നുമല്ല! ജർ, ജോരു, ജമീൻ (ധനം, പെണ്ണ്, ഭൂമി) ഇതാണ് രാജ്യങ്ങൾ തമ്മിലുള്ള യുദ്ധത്തിന് കാരണമെന്നതിൽ  ഗുജറാത്തിൽ നിന്നുള്ളവരും രാജസ്ഥാനിൽ നിന്നുള്ള ദേവലും യോജിപ്പിലെത്തി!  എസ്.കെ.പൊറ്റെക്കാടിന്റെ 'ബാലിപ്പെണ്ണ്' ഉപമ ഹിമാലയത്തിലെ ഞൊടിയിടെ മാറുന്ന കാലവസ്ഥയ്ക്കും യോജിക്കുമെല്ലോ എന്ന് വിചാരത്തോടെ ഞാൻ മഴയെ നോക്കിയിരുന്നു.

മഴയൊന്ന് ശമിച്ചു. വളരെ പെട്ടെന്ന് തന്നെ തെളിഞ്ഞ അന്തരീക്ഷം!  നനഞ്ഞ പാതയിലൂടെ സിർക്കാ ഗ്രാമത്തിലും പരിസരത്തിലും ഏകനായി ചുറ്റിയടിച്ചു. ഗ്രാമവാസികളുടെ ഓരോ നോട്ടത്തിലും ആദരവ് പ്രകടമായിരുന്നു. കുശലങ്ങൾ ചോദിക്കാനും ഞാൻ മറന്നില്ല. അത് എന്താണെന്നും മറുപടി എന്തായിരുന്നുവെന്നും വിസ്താര ഭയത്താൽ കുറിക്കുന്നില്ല. അതൊക്കെ യാത്രയിലെ സുന്ദര നിമിഷങ്ങളാണ്! മുമ്പ് കണ്ടിട്ടില്ലാത്തവർ, ഇനി ഒരിക്കലും കണ്ട്മുട്ടാനിടയില്ലാത്തവർ ! ഹിമാലയ ഗ്രാമവാസികളുമായി നടത്തിയ സ്വാർത്ഥരഹിതമായ സംഭാഷണങ്ങളുടെ മാധുര്യം!

മുകളിൽ നിന്ന് കുത്തിയൊലിച്ച് വരുന്ന ഒരു അരുവി. അരുവിയിലെ ചെറുവെള്ളച്ചാട്ടത്തിന് അഭിമുഖമായി ഉറപ്പിച്ചിരിക്കുന്ന പല ഇതളുകളുള്ള ചക്രം. ചക്രം ഒരു തുകൽ ബൽറ്റിന്റെ സഹായത്താൽ കരയിൽ സ്ഥാപിച്ചിരിക്കുന്ന ധാന്യങ്ങൾ പൊടിക്കുന്ന ചെറിയ സംവിധാനവുമായി ബന്ധിച്ചിരിക്കുന്നു. ജലമൊഴുക്ക് ചക്രത്തിന്റെ  ഇതളുകളിൽ പതിച്ച് ചക്രം കറങ്ങുന്നതോടെ ധാന്യം പൊടിക്കുന്ന സംവിധാനം (ചക്കി) പ്രവർത്തനക്ഷമമാകുന്നു. നയാ പൈസ ചെലവില്ലാതെ ആട്ട റെഡി! വ്യത്യസ്തമായ കാഴ്ചകൾ ആസ്വദിച്ച് കൊണ്ട് ക്യാമ്പിലേക്ക് മടങ്ങി.

രാത്രിയുള്ള ഒത്തുചേരലിൽ ലയിസൺ ഓഫീസർ അടുത്ത ദിവസത്തെ യാത്രയിൽ സ്വീകരിക്കേണ്ട കാര്യങ്ങൾ വിശദീകരിച്ചു. ഇനി അങ്ങോട്ടുള്ള യാത്രയിൽ ഒറ്റതിരിഞ്ഞ് പോകരുതെന്ന് നിർദ്ദേശിച്ചു. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശത്ത് കൂടെ കടന്ന് പോകേണ്ടി വരും! 

ഗാലായിലേക്ക് രാവിലെ 6 മണിക്ക് തന്നെ തിരിക്കണം!  രാത്രി പുറത്ത് കാറ്റിന്റെ ഹുങ്കാരശബ്ദം! ഇടയ്ക്ക് ടിൻ മേൽക്കൂരയിൽ വീഴുന്ന മഴയുടെ വിരാമമില്ലാത്ത ചിങ്കിയടി, മനസ്സിലും ചിങ്കി! ഗാലയിലേക്കുള്ള യാത്ര വ്യത്യസ്ത അനുഭവമായിരിക്കുമോ......?



(9) അപകട സാധ്യതകളെ നിർവീര്യമാക്കുന്ന കരുതൽ!

കന്യാകുമാരി മുതൽ കൈലാസം വരെ!

                                       (9)

1997 സെപ്തംബർ 4 വ്യാഴാഴ്ച. സിർക്കായിൽ നിന്ന് രാവിലെ 6.30 ന് തിരിച്ചു. നല്ലൊരു ഇറക്കമാണ് സാമറി ഗ്രാമത്തിലേക്ക്. സമറിയിൽ നിന്ന്  റൺക്ലിംഗ് ‌(Rungling pass) വരെ കയറ്റമാണ്. പാറകൾ അടർത്തിമാറ്റി നിർമിച്ച ഇടുങ്ങിയ നടപ്പാതയിലൂടെയാണ് യാത്ര! ചില സ്ഥലങ്ങളിൽ കാളി നദിയുടെ വിദൂര ദൃശ്യം മനോഹരം! കാളി നദിയുടെ കൈവഴിയായ സിംഘലയിൽ നിർമിച്ച ചെറിയ പാലം കടന്ന് വേണം ഗാലയിലെത്താൻ. മലവെള്ളപാച്ചിലിൽ നശിക്കുന്ന പാലം എല്ലാ വർഷവും പുന:ർനിർമിക്കുമെന്ന് പറയപ്പെടുന്നു.

കയറ്റത്തിലും ഇറക്കത്തിലും അതീവ ശ്രദ്ധ വേണമെന്ന നിർദ്ദേശമുണ്ടായിരുന്നു. മലമുകളിൽ നിന്ന് ചെറുകല്ലുകൾ അടർന്ന് വീഴാം എന്ന മുന്നറിയിപ്പ്. ചെറിയ കല്ലുകളാണെങ്കിൽ പോലും അപകട സാധ്യത കൂടുതലാണ്. മലമുകളിൽ നിന്ന് വേഗതയാർജിച്ച് വരുന്ന കല്ലുകൾ ശരീരത്തിൽ തട്ടാതിരിക്കാൻ അതീവശ്രദ്ധയോടെ വേഗത്തിൽ നടന്ന് നീങ്ങണം. അത്തരം സ്ഥലങ്ങളിൽ നിന്ന്  'കൊച്ചുവർത്തമാനം' പറയരുത്! കഴിഞ്ഞ ദിവസം രാത്രിയിൽ ലയിസൺ ഓഫീസറുടെ വിവരം നൽകലിൽ (Briefing) ഈ മുന്നറിയിപ്പുകളെല്ലാം ഉണ്ടായിരുന്നു.

ദേവതാരു, പൈൻ, പേരറിയാത്ത പലതരം മരങ്ങൾക്കിടയിലൂടെ നീങ്ങുന്ന ഒറ്റയടിപ്പാത. ചിലയിടങ്ങളിൽ യാത്രാ സംഘത്തെയാകെ ഒന്നിച്ച് കാണാനാകും. വരിവരിയായി നീങ്ങുന്ന കാൽനടയാത്രക്കാർ, പോണിയിലേറി യാത്ര ചെയ്യുന്നവർ, ലഗേജ് ചുമക്കുന്ന പോണികൾ, 'പോണിവാലകൾ'. 

സാർത്ഥവാഹകസംഘത്തിന്റെ (Caravan) മുൻനിരയും പിൻനിരയും ഒരേ സമയം കാണുമ്പോൾ യുദ്ധ സന്നാഹവുമായി പോകുന്ന സൈനിക വ്യൂഹത്തെ പോലെ തോന്നും. "ഹലോ....! ഹെഡ് ബോൽരഹാ ...... " ,  "ഹലോ.....! ടെയിൽ ബോൽരഹാ....... " എന്നുള്ള വിളികൾ മാത്രമാണ് നിശ്ശബ്ദത ഭേദിക്കുന്ന മനുഷ്യ ശബ്ദം!  അനുഗമിക്കുന്ന വയർലെസ്സ് സെറ്റ് നിയന്ത്രിക്കുന്നവരുടെ ശബ്ദമാണ് ഈ head tail വിളി! ഒന്ന് യാത്രാ സംഘത്തിന്റെ മുൻഭാഗത്തും മറ്റൊന്ന് പിന്നിലും.  ബാഹ്യലോകവുമായുള്ള  ബന്ധം തീരെ വിഛേദിക്കപ്പെട്ടിട്ടില്ല എന്നറിയുന്നതിലുള്ള ആശ്വാസവും! 

റൺക്ലിംഗ്‌ പാസ്സിലേക്കുള്ള  കയറ്റം കയറുന്നതിനിടയ്ക്ക് ജംഗിൽ ഛട്ടി എന്ന സ്ഥലത്ത് ഒരു ചെറിയ ചായക്കട. മുന്നേ എത്തുന്നവർ ചയ കുടിച്ച് വിശ്രമിച്ച് ഏറെ കഴിഞ്ഞാൽ മാത്രമേ പിൻനിര എത്തി ചേരുകയുള്ളൂ!  റൺക്ലിംഗ്‌ പാസ്സ് 10050 അടി ഉയരത്തിലാണ്. അവിടെ നിന്ന് ഇറക്കമാണ് ഗാലയിലേക്ക്. ഗാല ഗ്രാമം സമുദ്രനിരപ്പിൽ നിന്ന് 8050 ഉയരത്തിലാണ്. ഹിമാലയത്തിന് തെക്ക് ഏറ്റവും ഉയർന്ന കൊടുമുടിയായ ആനമുടിയുടെ ഉയരം 8842 അടി!  ഉയരത്തെക്കുറിച്ച് ഒരു ധാരണയായില്ലേ?

ഗാല (കഴുത്ത് ) യിൽ ഉച്ചയ്ക്ക് 12 മണിക്ക് എത്തിചേർന്നു. ഉയർന്ന സ്ഥലത്താണ് ക്യാമ്പ്. സൗകര്യങ്ങൾ തരക്കേടില്ല. തെളിഞ്ഞ കാലാവസ്ഥ. തലേ ദിവസം പെയ്ത മഴ നടന്ന് വന്ന ഒറ്റയടിപ്പാതയെ ചെളിമയമാക്കിയിരുന്നു.

വളരെ അടുത്ത് തന്നെ ചെറിയൊരു നീർച്ചാൽ ഒഴുകുന്നുണ്ട്. നാം തീരുമാനിച്ചു; നീരാട്ട് ആ അരുവിയിൽ തന്നെ. ഡോ :അരവിന്ദ് പരാസിനിസും കൂടെ കൂടി. ഇത് കണ്ട് തമിഴ്നാട് സ്വദേശികളായ ലക്ഷമണൻ, രാജഗോപാൽ, രാധ എന്നിവരും വന്നു ചേർന്നു. പ്രായം മറന്നുള്ള സംസാരങ്ങളും ചേഷ്ടകളും തെളിഞ്ഞ ജലത്തിലെ ആ നീരാട്ട് കൂടുതൽ ആസ്വാദ്യകരമാക്കി!

ഭക്ഷണം കഴിഞ്ഞ് യാത്രികരെല്ലാം മയക്കത്തിലാണ്. റൺക്ലിംഗ്‌ പാസ്സ് കയറിയിറങ്ങിയ ക്ഷീണമായിരിക്കാം. ഇന്ത്യയുടെ തെക്കേ അറ്റത്ത് നിന്ന് ഹിമാലയം കാണാൻ വന്നത് ഉച്ചയുറക്കത്തിനല്ലല്ലോ? അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക അത്ര തന്നെ. 

ബൽവന്ത് വീട്ടിലേക്ക് കൂട്ടികൊണ്ട് പോകാൻ വന്നു. ഞാൻ സർക്കീട്ടിനിറങ്ങി. പോണി പുറത്താണ് യാത്ര! ഗ്രാമ തെരുവുകളിലൂടെ കുതിര (പോണി ) പുറത്ത്! ഗമയിലുള്ള ആ സവാരി ഒരു ഗ്രാമവാസിയുടെ സഹായത്താൽ 'ഫോട്ടോം' പിടിച്ചു.

അവിടവിടെ ചെറിയ വീടുകൾ. കല്ലുകൾ അടുക്കി കെട്ടി പുല്ല് മേഞ്ഞവ. കുറച്ച് വലിയ ഭവനങ്ങളും. പുല്ലുമേഞ്ഞ വീടിന് മുന്നിലെ ഉയർന്ന മുറ്റത്ത് - അതോ മേൽക്കൂരയോ - ഒരു വൃദ്ധ വെയിൽ കൊള്ളുന്നു. തു വെള്ള തലമുടി. ഏറെ പ്രായം കാണും. എന്നെ നോക്കി ചിരിച്ചു കൈകൂപ്പി. ഞാൻ നമസ്തേ പറഞ്ഞു. ബൽവന്ത് എന്തെക്കൊയൊ അവരോട് പറഞ്ഞു. ആ വയോധിക തിളങ്ങുന്ന കണ്ണുകളോടെ എന്നെ നോക്കി വീണ്ടും ഒരു നിറപുഞ്ചിരി.    കൈലാസത്തിലേക്ക് പോകുന്ന എന്നോട് അവർ കാണിക്കുന്ന വാത്സല്യം, ആദരവ് തിരിച്ചറിയാൻ ഭാഷ തടസ്സമായില്ല. 

ബൽവന്ത് വീട്ടിലേക്ക് കൂട്ടികൊണ്ട് പോയി.ചെറിയൊരു വീട്. ഭാര്യയും രണ്ട് കുട്ടികളും. 10 വയസ്സ് തോന്നിക്കുന്ന പെൺകുട്ടി. മറ്റൊരാൾ 6 വയസ്സ്കാരൻ. അതിഥിയായ എന്നോട് കാണിച്ച സ്നേഹവും ആദരവും പറഞ്ഞറിയിക്കാൻ കഴിയില്ല. ആട്ടിൻ പാലിൽ ചൂട് ചായ, നമക്കിൻ ( ഒരു തരം മിക്ചചർ), ഘീർ (പായസം) ! സൽക്കാരത്തോടൊപ്പം സന്തോഷം തുടിക്കുന്ന മുഖങ്ങളും. കരുതിയിരുന്ന മിഠായിയും അണ്ടിപ്പരിപ്പും, ശർക്കരവരട്ടിയും അവർക്ക് നൽകി. ഹിമാലയത്തിൽ ഒരു സാധാരണ കുടുംബത്തിന്റെ അതിഥിയാകാൻ കഴിഞ്ഞതിലുള്ള സംതൃപ്തിയോടെ മടങ്ങി. 

പോണി പുറത്ത് ഞാനും, കടിഞ്ഞാൻ പിടിച്ച് ബൽവന്ത് അരികിലും. പ്രകൃതി സൗന്ദര്യം തുടിക്കുന്ന പ്രദേശങ്ങളിലൂടെ, കുതിര (പോണി )ലയങ്ങളുടെ ഗന്ധം ശ്വസിച്ച്, ചെമ്മരിയാടിൻ പറ്റങ്ങളുടെ മേച്ചിൽ സ്ഥലങ്ങളിലൂടെയുള്ള സവാരി വ്യത്യസ്ത അനുഭവമായിരുന്നു.

രാത്രി അത്താഴത്തിന് ശേഷം എല്ലാ ദിവസവും  ലയിസൺ ഓഫീസറുടെ ബ്രീഫിംങിന് വേണ്ടി ഒത്ത് ചേരും. പരസ്പരമുള്ള ആശയ വിനിമയവും കൂടുതൽ പരിചയപ്പെടുന്നതും അപ്പോഴാണ്.

40 വർഷമായി ഇലക്ട്രിക് ഷേവ് ചെയ്യുന്ന ഹൈദ്രാബാദ് സ്വദേശിയായ  K K കേശവൻ വല്ലാത്ത പ്രയാസത്തിലാണ്. ഇനിയങ്ങോട്ടുള്ള യാത്രയിൽ ശൈത്യത്തിൽ താടി നല്ലതാണെന്ന് എന്റെ കൗണ്ടർ!  ഓഫീസിലും  വീട്ടിലും മ്യൂസിക് സിസ്റ്റം ഉണ്ട്.
ചാർട്ടേഡ് അക്കൗണ്ടന്റ് ആയ ആദ്ദേഹത്തിന് ജോലി ചെയ്യുന്നതിനും ഉറങ്ങുന്നതിനും സംഗീതം ആവശ്യമാണ്. രാത്രി കാതോർത്ത് കിടന്നാൽ നിശാ പക്ഷികളുടെ സ്വരരാഗവും, കാറ്റിന്റെ ചൂളം വിളിയും, ഇലകളുടെ മർമരങ്ങളും കേൾക്കാമെന്നും അത് സംഗീതം പോലെ ആസ്വദിക്കാമെന്നും പറഞ്ഞത് അനവസരത്തിലുള്ള രണ്ടാം കൗണ്ടറടിയായിപ്പോയോ...?

"ധനം കൂടുതൽ ചേർത്ത് വച്ചാൽ വല്ല ദാവൂദ്മാരോ രാഷ്ട്രീയക്കാരോ ഫോൺ ചെയ്ത് വലിയ തുക ആവശ്യപ്പെട്ടാൽ നൽകാതിരിക്കാനാകുമോ? അത് കൊണ്ട് ഇതുപോലുള്ള യാത്രകൾ ചെയ്യാം." വാരണസിയിൽ നിന്ന് വന്ന അനിൽ ദുബേ മനസ്സ് തുറന്നു. യാത്രയ്ക്ക് അങ്ങനെ മറ്റൊരു കാരണം കൂടി!കുടുംബത്തിന്റെ ബിസിനസ്സ് നോക്കി നടത്തുന്ന അദ്ദേഹം താരതമ്യേന പ്രായം കുറഞ്ഞ സംഘാംഗമാണ്.

മാൽപയിലേക്കാണ് നാളത്തെ യാത്ര. മണ്ണിടിച്ചിൽ ഉണ്ടാകുന്ന പ്രദേശത്ത് കൂടിയാണ് കടന്ന് പോകുന്നത്. ഷോൾഡർ ബാഗിൽ രണ്ട് ജോഡി വസ്ത്രങ്ങളെങ്കിലും കരുതണം.  പോണിയിൽ യാത്ര ചെയ്യുന്നവർ കഴിയുന്നതും  പേണി ഉപേക്ഷിച്ച് നടന്ന് യാത്ര ചെയ്യുന്നതാണ് നല്ലത്. കാളി നദിയുടെ തീരത്തിലെ ഇടുങ്ങിയ പാതയിലൂടെ പോണികൾ ആയാസപ്പെട്ട് കയറുമ്പോൾ തെന്നി വീഴാനും നദിയിൽ പതിക്കാനും സാധ്യതയുണ്ട്. അങ്ങനെ ലഗേജുകൾ നഷ്ടപ്പെട്ടേക്കാം.  അപ്പോഴും യാത്ര തുടരാനാകണം. അതാണ് ആവശ്യത്തിനുള്ള വസ്ത്രങ്ങൾ ഷോൾഡർ ബാഗിൽ കരുതണമെന്ന് പറയുന്നത്. റെയിൻകോട്ട് ധരിക്കണം. ജലം ഒലിച്ചിറങ്ങുന്ന അർദ്ധതുരംഗങ്ങൾ കടന്ന് പോകേണ്ടി വരും. ലയിസൺ ഓഫീസർ വിശദീകരിച്ചു.

രാത്രി നിദ്രയിൽ ജന്മനാടായ പാച്ചൂല്ലൂരിലെ ബാല്യകാലം സ്വപ്നത്തിലേക്ക് കടന്നു വന്നു! അർദ്ധനിദ്രയിൽ ഭാര്യയും കുട്ടികളും! വഴക്കും വക്കാണവും ഇണക്കപിണക്കങ്ങളും!  പിന്നെ ഉറക്കം നഷ്ടപ്പെട്ട മണിക്കൂറുകൾ! അടുത്ത ദിവസത്തെ യാത്രയിലെ സംഭവസാധ്യതകളെക്കുറിച്ച്  കാട്കയറിയ ചിന്ത! 

ലയിസൺ ഓഫീസറുടെ വിശദീകരണത്തിൽ അല്പം പരിഭ്രമം തോന്നാതിരുന്നില്ല. സാധ്യതകളുടെ ഓർമപ്പെടുത്തൽ! സംഭവിക്കണമെന്നില്ലല്ലോ! എല്ലാ യാത്രകളും അങ്ങനെയാണല്ലോ! അപകട സാധ്യതകളെ കരുതലിന്റെ സാധ്യതകൾ നിർവീര്യമാക്കും! 

JP


(10) നിരങ്ങി നീങ്ങാൻ തയ്യാറായി നിൽക്കുന്ന മലനിരകൾ !

കന്യാകുമാരി മുതൽ കൈലാസം വരെ!
            
                                (10)

1997 സെപ്തംബർ 5.
രാവിലെ 6 മണിക്ക് തന്നെ പോണികളും പോണിവാലാകളും യാത്രാ സംഘവും റെഡി! ഗാലായിൽ നിന്ന്  മാൽപയിലേക്ക്. മാൽപ എന്ന പദത്തിനർത്ഥം Stomach എന്നാണെന്ന് വയർലസ്സ് സെറ്റിന്റെ ഹെഡ് പ്രവർത്തിപ്പിക്കുന്ന 'മംഗൽപാണ്ഡേ' പറഞ്ഞു, ടെയിൽ 'സുഖ്ദേവ്' അത് ശരിവച്ചു. 

ചരിത്ര പുസ്തതാളുകളിൽ കണ്ട ആ ഇതിഹാസപുരുഷന്മാരുടെ രൂപരേഖ! ആ സാദൃശ്യം തമാശയായി അവരോട് സൂചിപ്പിക്കാതിരുന്നില്ല. ആ ചരിത്ര സന്ദർഭങ്ങളെക്കുറിച്ചുള്ള ബോധം അവർക്കുണ്ടെന്നുള്ളത് തുടർന്നുള്ള ആശയ വിനിമയത്തിൽ നിന്ന് മനസ്സിലായി!

മംഗൽപാണ്ഡേയും സുഖ്ദേവും ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഐതിഹാസിക കഥാപാത്രങ്ങളാണല്ലോ എന്ന എന്റെ ചോദ്യം! "Yes Sir" എന്ന് അഭിമാന ബോധത്തോടെ പുഞ്ചിരിച്ചു കൊണ്ട് അവർ ഒന്നിച്ച് പറഞ്ഞത് ഇന്നും കൺമുമ്പിലുണ്ട്! 

ഇടയ്ക്ക് വിശ്രമവേളകളിൽ 1857ലെ മംഗൽപാണ്ഡേയുടെ കഥ പറയാൻ 1997-ലെ 'മംഗൽപാണ്ഡേയും ', ഭഗത് സിംങിനോടൊപ്പം ബ്രിട്ടീഷ്കാർ തൂക്കിലേറ്റിയ സുഖ്ദേവിന്റെ രക്തസാക്ഷിത്വത്തെ അവേശത്തോടെ സ്മരിക്കാൻ ഇന്നത്തെ 'സുഖദേവും' കാണിച്ച ദേശാഭിമാനബോധം ഹിമാലയത്തോളം ഉയർന്നതാണ്! 

കൃത്യം 6 മണിക്ക് തന്നെ യാത്ര പുറപ്പെടാനുള്ള നിർദ്ദേശം ലയിസൺ ഓഫീസർ നൽകി, തലേ ദിവസം പറഞ്ഞ കാര്യങ്ങൾ ഒന്നുകൂടി ഓർമിപ്പിച്ച് കൊണ്ട്.  ജിപ്തി വഴിയായിരുന്നു യാത്ര. ബൽവന്തിന്റെ ഭവനം അവിടെയാണ്. ബൽവന്തിന്റെ ഭാര്യയും മക്കളും വീടിന് മുന്നിലുണ്ടായിരുന്നു.  കടന്ന് പോകുന്ന യാത്രികർക്ക് ഗ്രാമവാസികൾ കൈവീശി അഭിവാദ്യമർപ്പിച്ചു, 

ബിന്ദകോട്ടി എന്ന സ്ഥലം വരെ നിമോന്നതങ്ങളോട് കൂടിയ ഇടുങ്ങിയ വഴി. അവിടെ നിന്ന് ലഖൻപുർ വരെ സാമാന്യം നല്ല ഇറക്കമാണ്.  മലയുടെ വശത്ത് കുടെ പാറയിൽ കൊത്തിയുണ്ടാക്കിയ 4400 പടികൾ! പതഞ്ഞൊഴുകുന്ന കാളിനദി! മലയടിവാരത്തുള്ള ചെറിയ വഴിയിലൂടെയാണ് യാത്ര! ലഗേജ് ചുമന്ന് കൊണ്ട് പോണികൾ വഴിയില്ലാ വഴിയിലൂടെ സഞ്ചരിക്കുന്നു. വശങ്ങളിൽ നിന്ന് പോണികളുടെ കാലൊന്ന് മാറിയാൽ കാളിനദിയുടെ കുത്തൊഴുക്കിൽ പതിച്ചത് തന്നെ! മലമുകളിൽ നിന്നു ഒലിച്ചിറങ്ങുന്ന ജലത്തിൽ നിന്നുള്ള സംരക്ഷണത്തിന് എല്ലാവരും റെയിൻകോട്ട് ധരിച്ചിരുന്നു! മഴയില്ലെങ്കിലും റെയിൻകോട്ട്!  ഏത് സമയവും മലയിടിച്ചിലുണ്ടാകാമെന്ന്  ലയിസൺ ഓഫീസർ തലേ ദിവസം രാത്രി നൽകിയ മുന്നറിയിപ്പ് ഓർത്തു.

ITBP ക്യാമ്പുകളിലേക്ക് സാധനങ്ങൾ കൊണ്ട് പോകുന്ന പോണികൾക്ക് കടന്ന് പോകാൻ, എതിരെ വരുന്ന ചെമ്മരിയാടിൻ കൂട്ടങ്ങൾക്ക് വഴി നൽകാൻ, മലയുടെ ഓരം ചേർന്ന് മാത്രമേ നിൽക്കാനാകൂ! മറുവശത്ത് കാളിനദി ഒഴുകുന്ന  ഗർത്തമാണ്. 

വളഞ്ഞ് പുളഞ്ഞ് പോകുന്ന വഴിയുടെ കടന്ന് വന്ന ഭാഗങ്ങൾ മലമുകളിലോട്ട് നോക്കിയാൽ ചിലയിടങ്ങളിൽ കാണാം! മുകളിൽ നിന്ന് ഒരു പോണി കാൽ തെറ്റി പല തട്ടുകൾ കടന്ന് ഞങ്ങളുടെ മുന്നിലുടെ കാളിനദിയിൽ
പതിച്ച് ഒലിച്ച് പോയി! ഭയന്ന് പോയി. ഞങ്ങളുടെ മുകളിലൂടെ ആയിരുന്നെങ്കിലോ!

കടന്ന് പോയ ചെമ്മരിയാടിൻ കൂട്ടത്തിലൊന്ന് കാൽ വഴുതി വീണ് ഗർത്തത്തിലെ ചെറിയ പാറയിൽ നിൽക്കുന്നു. രക്ഷപ്പെടുത്താൻ ഒരു വഴിയുമില്ലാത്തത് കൊണ്ട് ഉപേക്ഷിക്കപ്പെട്ട ആ ജീവൻ ക്ഷീണിച്ച് അവശയായി കാളിനദിയിൽ പതിക്കുന്നത് എപ്പോഴാണ്! തുടർന്നുള്ള യാത്രയിലെ ചിന്ത അതായിരുന്നു. അനാർക്കലിയുടെ മരണം പോലെ, മരണം മുന്നിൽ കണ്ട്! ഒരു രാജകുമാരനും വരാനില്ല ഈ അനാർക്കലിയെ രക്ഷിക്കാൻ!

ജലമൊഴുകുന്ന അർദ്ധ തുരംഗങ്ങളിലൂടെ കടന്ന് പോകുമ്പോൾ നദിയുടെ മറുകരയിൽ നേപ്പാൾ ഭാഗത്ത് ഒരു വെള്ളച്ചാട്ടം! അതുപോലെ മറ്റൊരു വെള്ളച്ചാട്ടം ഇന്ത്യൻ ഭാഗത്തും! 

തെളിഞ്ഞ കാലാവസ്ഥ! സൂര്യന്റെ ചൂട് ഏറി വരുന്നു! മരങ്ങളുടെ ശീതളഛായയില്ല. മലമുകളിലെ പാറകളുടെ ഗാംഭീര്യവും. മാനത്ത് തൂവെള്ള മേഘകെട്ടുകൾ!  താഴെ പതഞ്ഞൊഴുകുന്ന നദിയുടെ ഹുങ്കാര ശബ്ദവും! വിശ്രമിക്കാനുള്ള ഇടങ്ങളില്ല! കരുതലോടെ നടക്കുക തന്നെ ലഖൻപൂർ വരെ!

ലഖൻപൂരിൽ ഒരു PWD ഗസ്റ്റ് ഹൗസുണ്ട്. ITBP യുടെ ചായ സൽക്കാരം അവിടെയായിരുന്നു. കടന്നു വന്ന വഴിയിലെ ഭയാനക ദൃശ്യങ്ങളായിരുന്നു വിശ്രമത്തിനിടയിലെ ചർച്ചാ വിഷയം! അപകട സാധ്യതകളെ കരുതൽ കൊണ്ട് മറികടന്ന ആവേശവും!

ക്യാപ്റ്റൻ വെള്ളച്ചാട്ടത്തിനടിയിലെ (Captain Falls) അർദ്ധ തുരംഗത്തിലെ ജലധാര മുറിച്ച് കടന്ന് യാത്ര തുടർന്നു. റെയിൽ കോട്ട് ധരിച്ച് മുങ്ങി കുളിച്ച പ്രതീതി! ആകെ നനഞ്ഞു കുതിർന്നു!

കാളി നദിയുടെ തീരത്താണ് മാൽപയിലെ ക്യാമ്പ്.  ഫൈബർ ഗ്ലാസ്സ്  കൊണ്ടുള്ള താല്ക്കാലിക നിർമിതി. ഭിത്തിയും മേൽക്കൂരയും ഫൈബർ ഗ്ലാസ്സ് തന്നെ. മറുവശത്ത് മലനിരകൾ! നിരങ്ങി നീങ്ങാൻ തയ്യാറായി നിൽക്കുന്ന പോലെ!

തലേ ദിവസം പെയ്ത ശക്തമായ മഴയിൽ രണ്ട് ഷെഡ്ഡുകൾ കരയിടിഞ്ഞ് കാളി നദിയിൽ ഒലിച്ച് പോയി. ഒരു ഷെഡ്ഡിന്റെ ശുചി മുറിയിലെ യൂറോപ്യൻ ക്ലോസറ്റ് മാത്രം അവശേഷിച്ചു. ഭംഗിയുള്ള ആ ക്ലോസറ്റ് മലമുകളിലേക്ക് നോക്കിയിരിക്കുന്ന സുന്ദര കാഴ്ച! കുത്തിയൊഴുകുന്ന കാളിനദി മറുവശത്ത്!

ഗ്രാമത്തിലെ ഒരു ഭവനത്തിലെ തട്ടിൻപുറത്താണ് എനിക്കും തമിഴ്നാട് സ്വദേശികൾക്കും കേശവനും തങ്ങാൻ സ്ഥലം കണ്ടെത്തിയത്.

ക്യാമ്പ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്ന് അധികദൂരമില്ല. ഉച്ചഭക്ഷണം കഴിഞ്ഞയുടൻ (3 മണിയായി) അന്തരീക്ഷത്തിന് മാറ്റം! മലമുകളിൽ വെടിക്കെട്ട് തുടങ്ങി! മഴയില്ല! തട്ടിൻപുറത്തെ കിളിവാതിലൂടെ ഒരു കുതിരലായം കാണാം! പോണികളുടെ ഇതിനകം പരിചിതമായ ഗന്ധം. പോണി വാലകളുടെ കളിതമാശകൾ. 

മലനിരകളിൽ മൂടൽമഞ്ഞ് പാറി നടക്കാൻ തുടങ്ങി. മിന്നൽ പിണറുകൾ ചീറി പായുന്ന കാഴ്ച! ശബ്ദം വളരെ വൈകിയാണ് കേട്ടത്! അകലങ്ങളിലാണ് പ്രകൃതിയുടെ വെടികെട്ടെന്ന് മനസ്സിലായി!

കാർമേഘശകലങ്ങൾ മലമുകളിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങി! ഒരു മിന്നൽ, ഉടനെ ശക്തമായ ഇടിവെട്ട് ശബ്ദം! സമീപത്തെത്തി വെടികെട്ട്! നടുങ്ങിപ്പോയി! ഹിമാലയത്തിലെ മിന്നലും ഇടിയും തുടരെ തുടരെ! മഴയും ശക്തമായി തുടങ്ങി! രണ്ട് മണിക്കൂർ മഴയുടെ സംഹാര താണ്ഡവം! 

മഴ ശമിച്ചു. അല്ല പെട്ടെന്ന് നിന്നു. മിന്നലും ഇടിയും അകന്നകന്ന് പോയി. 

താഴെ ചില ശബ്ദങ്ങൾ ! കാളാനദിയിലെ വെള്ളപാച്ചിൽ കാണാൻ ഒത്ത് കൂടിയ പോണി വാലകളും ഗ്രാമവാസികളായ ചെറുപ്പക്കാരും. ക്യാമ്പ് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് ഞങ്ങളും പോയി. രണ്ട് ക്യാമ്പ് ഷെഡ്ഡുകൾ ഒലിച്ച് പോകാൻ തയ്യാറായി നിൽക്കുന്നു. ലയിസൺ ഓഫീസർ ആ ഷെഡ്ഡിലുള്ളവരെ മാറ്റി പാർപ്പിക്കാൻ തീരുമാനിച്ചു. ഞങ്ങൾ തങ്ങുന്ന തട്ടിൻപുറത്തിന് താഴെ. ഗുജറാത്ത് സ്വദേശികളേയും മഹാരാഷ്ട്രയിൽ നിന്ന് വന്നവരേയും! 

മലനിരകളിലേക്ക് നോക്കി. അടർന്ന് വീണ വശങ്ങൾ വെളുത്തിരിക്കുന്നു! തുഞ്ചത്ത് പാറകളുടെ കറുപ്പ് നിറം! "മധ്യം കറുത്ത് ബാക്കി മുഴുവൻ വെളുത്തിരിക്കുന്ന ഭൂമിയുടെ സ്തനമെന്ന പോലെ*"! 

മേൽ പറഞ്ഞ ആസ്വാദന ഉപമ എന്റേതല്ല ! കൈലാസ യാത്രയ്ക്ക് മുമ്പ് കാളിദാസ കൃതികൾ വായിച്ച് സംസ്കൃതം വശമില്ലെങ്കിലും വിവർത്തനങ്ങളിലൂടെ സംസ്കൃതചിത്തനായതിന്റെ പരിണിത ഫലം!
(*കാളിദാസ കൃതി മേഘദൂതം - വിവർത്തനം ഡോ.സുധാംശു ചതുർവേദി)

രാത്രി ടോർച്ചുകൾ മിന്നിച്ച് കാളിതീരത്തേക്ക്! അത്താഴത്തിന്. വീശിയടിക്കുന്ന കാറ്റിന് മരങ്ങളുടെ സാന്നിധ്യ കുറവ് കാരണം ചൂളം വിളിയുടെ ശബ്ദം! നക്ഷത്രാങ്കിതമായ മാനത്ത് മേഘങ്ങളില്ല!

അടുത്ത ദിവസത്തെ യാത്രയ്ക്കുള്ള നിർദേശങ്ങൾ നൽകുന്നത് രാവിലെ പുറപ്പെടുന്നതിന് മുമ്പാകാമെന്ന് ലയിസൺ ഓഫീസർ. രാത്രിയിലെ ഒന്നിച്ച് ചേരൽ നടന്നില്ല! ഒന്നിച്ച് വന്നവരെ പല സ്ഥലത്താക്കിയ പ്രകൃതിയുടെ വികൃതി!

തട്ടിൻപുറത്തിരുന്ന് മെഴുകുതിരി വെളിച്ചത്തിൽ പതിവ് ഡയറി എഴുത്ത് ആരംഭിച്ചു. ഓരോ ദിവസത്തേയും യാത്രക്ക് ശേഷം കുത്തിക്കുറിച്ച കുറിപ്പുകൾ! (ആ കുറിപ്പുകളിലൂടെ 24 വർഷത്തിന് മുമ്പുള്ള യാത്ര സ്മൃതിപഥത്തിൽ! ഇന്ന് ഈ വിവരണങ്ങൾക്കാധാരവും അത് തന്നെ !)

" ദുനിയാ കെ രഖ് വാലേ സുൻ ദർദ് ഭരെ മേരേ നാലേ..... " മുഹമ്മദ് റാഫി പാടിയ "ബൈജു ബാബറ " എന്ന സിനിമയിലെ ഗാനം ആരോ പാടുന്നു. പോണിവാലകളാരെങ്കിലുംമാകാം. റാഫിയുടെ മാസ്റ്റർപീസായ ആ ഗാനം സാമാന്യം ഭംഗിയായി പാടുന്നു. നിശ്ശബ്ദമായി ഞാനും ആ ഗാനത്തിന്റെ വരികൾ മൂളി! "മഹല് ഉദാസ് ഗലിയാ സൂനി ...."!

ഇടിവെട്ടുന ശബ്ദം കേട്ടാണ് ഉണർന്നത്. സമയം 4 മണി. പത്ത് മിനിട്ടോളം  തുടരെ കാതടപ്പിക്കുന്ന ശബ്ദം. പിന്നെ ശാന്തത ! 

6 മണിക്ക് മുമ്പ് തന്നെ യാത്രയ്ക്ക് തയ്യാർ! ബുധിയിലേക്ക് .....!

************************************

1998 ആഗസ്റ്റ് 18. 

കൈലാസ് മാനസസരസ്സ് യാത്രാ സംഘം മാൽപാ ക്യാമ്പിൽ വിശ്രമിക്കുകയായിരുന്നു. യാത്രക്കാരും പോണിവാലകളുമടങ്ങുന്ന ഇരുന്നൂറിലധികം പേർ ഗാഢനിദ്രയിലായിരുന്നു! നിരങ്ങി നീങ്ങിയ മലപതിച്ചത് ഇവരുടെ മേൽ ! സംഭവിക്കുന്നത് എന്താണന്നറിയാതെ അവർ മണ്ണിനടിയിലായി. 

ലോക പ്രസിദ്ധ ഓഡീസി നർത്തകി പ്രോമിത ബേദിയും അക്കൂട്ടത്തിലുണ്ടായിരുന്നു. 

സമീപ ഗ്രാമങ്ങളിലെല്ലാം സമാനമായ മലയിടിച്ചിൽ സംഭവിച്ചത് കാരണം രക്ഷാപ്രവർത്തകർക്ക് 4 ദിവസം കഴിഞ്ഞ് മാത്രമേ അപകടസ്ഥലങ്ങളിൽ എത്തി ചേരാനായുള്ളൂ എന്നാണ് അന്ന് പത്രങ്ങൾ റിപ്പോർട്ട് ചെയ്തത്. ഹിമവാന്റെ സംഹാര താണ്ഡവം! കൈലാസ-മാനസസരസ്സ് യാത്രയിൽ സംഭവിച്ച ഏറ്റവും വലിയ ദുരന്തം !

(11) "കണ്ടത് സ്വർണമെങ്കിൽ കാണാനിരിക്കുന്നത് തങ്കമല്ലേ?"

കന്യാകുമാരി മുതൽ കൈലാസം വരെ!
            
                                (11)

1997 ആഗസ്റ്റ് 6, ശനിയാഴ്ച .

എല്ലാ ദിവസത്തേയും പോലെ രാവിലെ ആറ് മണിക്ക് തന്നെ ഞങ്ങൾ തയ്യാർ! യാത്രാസംഘവും പോണികളും, പോണി വാലകളും! 

തലേ ദിവസം രാത്രിയിൽ മാൽപയിൽ ഒത്തുചേരൽ നടന്നില്ല. പുറപ്പെടുന്നതിന് മുമ്പ് ലയിസൺ ഓഫീസർ നിർദ്ദേശങ്ങൾ നൽകി. ആദ്യത്തെ 3 കി.മീ. പ്രയാസമേറിയ പാതയാണ്. മാൽപ ക്യാമ്പ് സമുദ്രനിരപ്പിൽ നിന്ന് 6750 അടി ഉയരത്തിലാണ്. ഇനി 1500 അടി കയറണം. അപ്പോൾ അവിടെ വിശ്രമിക്കണം. യാത്രക്കാരെല്ലാം വന്നു ചേർന്നെന്ന് ഉറപ്പ് വരുത്തിയിട്ടാകണം തുടർന്നുള്ള യാത്ര.  മലനിരകളിൽ നിന്ന് കല്ലുകൾ അടർന്ന് വീഴാനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. മലമുകളിൽ നിന്ന് ഒലിച്ചിറങ്ങുന്ന വെള്ളത്തെ പ്രതിരോധിക്കാൻ റെയിൻകോട്ട് ധരിക്കണം. ചെളി നിറഞ്ഞ പാതയിലൂടെ സഞ്ചരിക്കേണ്ടി വരും. അതിനുതകുന്ന ഷൂ കരുതണം. അടുത്ത ക്യാമ്പായ ബുധി 9000 അടി ഉയരത്തിലാണ്.

ലയിസൺ ഓഫീസറുടെ നിർദ്ദേശങ്ങൾ പോണികളും ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നി! ദിവസങ്ങളായി ഞങ്ങൾ ഒന്നിച്ചാണല്ലോ യാത്ര? കഴുതയുടെയും കുതിരയുടേയും സങ്കര സന്തതികളാണല്ലോ പോണികൾ. 'കഴുത ബുദ്ധി'യും 'കുതിരശക്തി'യും മനുഷ്യരിലും ഉണ്ടല്ലോ!

ലയിസൺ ഓഫീസറുടെ വിശദീകരണം എന്നിലുളവാക്കിയ  ഭയം ലഘൂകരിക്കാൻ മനസ്സ് സ്വീകരിച്ച വഴിയായിരിക്കാം എന്റെ ഈ കുരുട്ടു ചിന്ത! ഭയക്കുമ്പോൾ ധൈര്യം അവലംബിക്കും! സങ്കടം വരുമ്പോൾ ചിരിക്കും! വല്ലാതെ ആഹ്ളാദിക്കുന്ന സന്ദർഭങ്ങളിൽ കരയും; ആനന്ദ കണ്ണീർ! അങ്ങനെയല്ലേ?

ലെയിസൺ ഓഫീസറുടെ വിശദീകരണത്തിൽ ഒട്ടും അതിശയോക്തി ഇല്ലെന്ന് യാത്രയിൽ മനസ്സിലായി. കല്ലുകൾ വീഴുന്ന സ്ഥലങ്ങൾ യാത്രക്കാർ ഓരോരുത്തരായി കരുതലോടെ മറികടന്നു. മലനിരകളിലെ ഉയരങ്ങളിൽ നിന്ന് ഒലിച്ചിറങ്ങുന്ന ജലധാരകൾ !  പായലിന്റെ സാന്നിധ്യം! ശ്രദ്ധിച്ചില്ലെങ്കിൽ തെന്നി വീഴാം. താഴെ കുത്തിയൊഴുകുന്ന കാളിനദി. 1500 അടി കയറി കഴിഞ്ഞു. ആശ്വാസവും സന്തോഷവും യാത്രക്കാർ പരസ്പരം പങ്കുവച്ചു.

പാറകളുടെ മുകളിൽ വിശ്രമസ്ഥലം. അടുത്ത് ചെറിയൊരു ധാബ, തട്ടുകട തന്നെ! മാൽപയിൽ നിന്ന് പൊതിഞ്ഞ് തന്ന പൂരിയും സബ്ജിയും അവിടെ വച്ച് കഴിച്ചു. KMVN ജീവനക്കാർ സ്റ്റീൽ ഫ്ലാസ്ക്കിൽ കൊണ്ടുവന്ന ചൂട് ചായയും. ആ തട്ടുകടയിൽ നിന്ന് 'ഗരാമാഗരം' ആലു മട്ടറും ഞാൻ അധികം അകത്താക്കി. ആഹാ....! ഇതൊക്കെ തന്നെയാണ് എന്നെ സംബന്ധിച്ചിടത്തോളം കൈലാസ-മാനസസരസ്സ് യാത്രയുടെ ആസ്വാദ്യത വർദ്ധിപ്പിച്ചത്!

ശിവലിംഗപ്പ, 69 വയസ്സ്. അദ്ദേഹത്തിന്റെ മൂന്നാമത്തെ കൈലാസ - മാനസസരസ്സ് യാത്രയാണ്. ബാംഗ്ലൂർ സ്വദേശിയായ അദ്ദേഹം മൂന്ന് കല്യാണമണ്ഡപങ്ങളുടെ ഉടമയാണ്! 3 പ്രാവശ്യം കൈലാസ പരിക്രമണം നടത്തിയാൽ ലഭിക്കുന്ന പുണ്യത്തെക്കുറിച്ച് ആ പാറമേലിരുന്ന് വാചാലനായി. പാപപുണ്യ സങ്കല്പങ്ങളുടെ ആ വാഗ്ധാര മലനിരകളിൽ നിന്നൊഴുകുന്ന ജലധാരയെ നോക്കി ഞാൻ 
കേട്ടിരുന്നു!

പൂനയിൽ നിന്ന് വന്ന പ്രൊഫസർ തഡ് വൽക്കർ അസുഖം കാരണം മാൽപയിൽ നിന്ന് മടങ്ങി പോയി. ഡോ. അരവിന്ദ് പരാസിനിസിന്റെ സ്നേഹിതനാണദ്ദേഹം. ഡോ. പരാസിനിസ് ഏകനായി. രണ്ടും മൂന്നും അതിലധികം പരിചയക്കാരടങ്ങിയ ഗ്രൂപ്പുകളാണ് യാത്രാ സംഘം. ഇപ്പോൾ  ഒറ്റയാന്മാർ, ഞാനും ഡോ: അരവിന്ദ് പരാസിനിസും! "ഒന്നും ഒന്നും ഇമ്മിണി വലിയ ഒന്ന് "!

യാത്ര തുടർന്നു. ലാമാഹ്റി ഗ്രാമം വരെ ചെളി നിറഞ്ഞ പ്രദേശത്ത് കൂടെ കടന്ന് പോകേണ്ടി വന്നു. കാറ്റും വീശിയടിക്കുന്നു. ഇനിയങ്ങോട്ട് കാറ്റിന്റെ ശക്തി വർദ്ധിക്കും. ഷോൾഡർ ബാഗിൽ കരുതിയിരുന്ന Wind Shield ധരിച്ചു.

ലാമാഹ്റിയിൽ നിന്ന് ബുധിയിലേക്ക് രണ്ട് വഴികളുണ്ടെന്ന് ലെയിസൺ ഓഫീസർ പറഞ്ഞു. ഒന്ന് കാളിനദിയുടെ തീരം ചേർന്ന്. മറ്റൊന്ന് 150 അടി ഉയരത്തിലൂടെ. 2 കി.മി. അധികം നടക്കണം. കാലാവസ്ഥ അനുകൂലമെങ്കിൽ മാത്രമേ കാളിനദിയുടെ തീരം ചേർന്നുള്ള വഴി ഉപയോഗിക്കൂ. തലേ ദിവസം മാൽപയിൽ പ്രകൃതിയുടെ മനംമാറ്റം 150 അടി ഉയരത്തിലൂടെയുള്ള വഴി തിരഞ്ഞെടുക്കാൻ നിർബ്ബന്ധിതമായി.

ഗംഗു നള്ള (അരുവി) യുടെ കുറുകെയുള്ള തൂക്ക് പാലം കടന്നാൽ ദൂരത്ത് ബുധിഗ്രാമം കാണാം. പുനർനിർമാണ പ്രക്രിയയിലൂടെ കടന്ന് വന്നപാലം!

രാവിലെ 10 മണിക്ക് തന്നെ ബുധി ക്യാമ്പിലെത്തി.  മാൽപയിൽ നിന്ന് ബുധിയിലേക്ക് 11 കി.മി. ദൂരം മാത്രം. കടന്ന് വന്ന വഴി പ്രയാസമേറിയതായിരുന്നു.

ക്യാമ്പിൽ ആദ്യം എത്തിചേർന്നു. കേരളത്തിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ ക്യാമ്പിലെ ഉദ്യോഗസ്ഥർ (KMVN, ITBP) കേരളീയർ എല്ലാ കാര്യത്തിലും പ്രഥമസ്ഥാനത്താണല്ലോ എന്ന് പറഞ്ഞ് അഭിനന്ദിച്ചു. സെക്രട്ടേറിയേറ്റിലെ സഹപ്രവർത്തകരേയും, സ്വന്തം നാട്ടുകാരെയും (ആനാട് ), വിനോദയാത്രയെന്നാൽ പതിവ് മൈസൂർ, മധുര, ഊട്ടി മാത്രമല്ലെന്നും അല്പം സാഹസികത നിറഞ്ഞതാണെന്നും പറഞ്ഞ് 'പിരിയിളക്കി' അവരോടൊപ്പം ആനമുടിയും, അഗസ്ത്യകൂടവും, പക്ഷിപാതാളവും, കാടും മേടും കയറിയറിങ്ങി നടന്നതിന്റെ ഫലം കണ്ടോ? ചില സന്ദർഭങ്ങളിൽ ചിലരുടെയെല്ലാം വാമഭാഗങ്ങളുടെ ചെറു കോപവും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്! അല്പം അപകടം പിടിച്ച സ്ഥലങ്ങളിലൂടെയായിരുന്നല്ലോ യാത്രകൾ ! ദാ... ഇപ്പോൾ കേരളത്തിനൊരഭിനന്ദനം ഹിമാലയത്തിൽ!

അര മണിക്കൂറിനകം തന്നെ മറ്റ് യാത്രക്കാരെല്ലാം ക്യാമ്പിൽ എത്തിചേർന്നു. അനിൽ ദുബേയ്ക്ക് വയറ്റിൽ കലശലായ വേദന! ഡോക്ടർ മരുന്ന് നൽകി പൂർണ വിശ്രമത്തിനുപദേശിച്ചു.

പോണി പുറത്ത് നിന്നിറക്കിയ ലഗേജുകളുമായി യാത്രക്കാരെല്ലാം അവരവർക്ക് നൽകിയ ഷെഡ്ഡുകളിലേക്ക് പോയി. എന്റെ കൂടെ തമിഴ്നാട് സ്വദേശികൾ ! "മദ്രാസികൾ " എന്ന് ദക്ഷിണേന്ത്യക്കാരെ വേർതിരിക്കുന്ന ഉത്തരേന്ത്യൻ മനോഭാവം! ചിന്തകളുടെ സമാനത കാരണം മഹാരാഷ്ട്രക്കാരനായ ഡോ: അരവിന്ദ് പരാസിനിസിനെ ഞങ്ങളുടെ കൂടെ എത്തിക്കുന്നതിൽ വിജയിച്ചു! 

ബുധിയിലെ ക്യാമ്പ് അതി മനോഹരമായ സ്ഥലത്താണ്. മഞ്ഞണിഞ്ഞതും അല്ലാത്തതുമായ മലനിരകളുടെ പശ്ചാത്തല സൗന്ദര്യം! പുൽത്തകിടിയും, പൂക്കളുടെ നിരയും ക്യാമ്പ് പരിസരത്ത്!

ഉച്ചഭക്ഷണം കഴിഞ്ഞ് ഗ്രാമം കാണാനിറങ്ങി. ബുധിഗ്രാമം ട്രെക്കിംങ് പാതയുടെ ഇരുവശത്താണ്. വീടുകളുടെ ചുമരുകളെല്ലാം കരിങ്കല്ല് കൊണ്ട് നിർമിച്ചിരിക്കുന്നു. മേൽക്കൂര സ്ലേറ്റ് ചേലുള്ള കല്ല് പാളികൾ. അകത്തെ ചുമരുകളും തറയും മണ്ണ് കൊണ്ട് മെഴുകിയിരിക്കുന്നു. വാതായനങ്ങൾ കുറവ്. അതി ശൈത്യത്തെ പ്രതിരോധിക്കാനാകാം. ജനസംഖ്യ 500-ൽ താഴെ എന്നാണ് KMVN ഉദ്യോഗസ്ഥർ പറഞ്ഞത്. 

രാത്രിയിലെ ഒത്തു ചേരലിൽ സംഭാഷണ വിഷയങ്ങളിലൊന്ന് ഓരോരുത്തരും കൈലാസ-മാനസസരസ്സ് യാത്രയിൽ എങ്ങനെ കടന്നു കൂടി എന്നതിനെക്കുറിച്ചായിരുന്നു. ഡൽഹി ൽ രാഷ്ട്രീയ ഉദ്യോഗസ്ഥ വൃന്ദങ്ങളിൽ ഓരോരുത്തർക്കുള്ള സ്വാധീനത്തെക്കുറിച്ച് പലരും വാചാലരായി. ഡൽഹിയിൽ നിന്ന് വന്ന KN ശർമ തിവാരി കോൺഗ്രസ്സ് ടിക്കറ്റിൽ ഹരിയാനയിൽ നിന്ന് ലോകസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ട വ്യക്തിയാണ്! അദ്ദേഹത്തിന്റെ ജേഷ്ഠൻ 23 വർഷമായി രാജസ്ഥാനിൽ നിന്നുള്ള ലോകസഭാംഗമാണ്. തങ്ങൾ ധനവാന്മാർ ആണെന്ന് സ്ഥാപിക്കാനുള്ള തന്ത്രപരമായ സംഭാഷണ ചാതുര്യവും ചിലർ പ്രകടിപ്പിച്ചു.

ഞാനെങ്ങനെയാണ് കൈലാസ-മാനസസരസ്സ് യാത്രയിൽ ഇടം നേടിയതെന്ന ചോദ്യവുമുണ്ടായി! ഞാനും വച്ച് കാച്ചി. ഞാൻ കേരള സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന്റെ പ്രസിഡന്റ് ആണെന്നും ഞങ്ങളുടെ ഒരു യൂണിറ്റ് ഡൽഹിയിലെ കേരള ഹൗസിലുണ്ടെന്നും അടിക്കടി ഡൽഹി സന്ദർശിക്കാറുണ്ടെന്നും!

ഇത് തള്ളല്ല. യഥാർത്ഥത്തിൽ അന്ന് ഞാൻ കേരള സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന്റെ പ്രസിഡന്റ് ആയിരുന്നു. കുറച്ച് വർഷം മുമ്പ്  All India State Government Employees' Federation - ന്റെ ആഗ്ര സമ്മേളനത്തിൽ പങ്കെടുക്കാൻ പോയപ്പോൾ അന്ന് കേരള സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന്റെ ജനറൽ സെക്രട്ടറിയായിരുന്ന ബാബു ശ്രീകുമാറും  സെക്രട്ടറിമാരിലൊരാളായ  ഞാനും കേരള ഹൗസിലെ  കേരള സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷൻ അംഗങ്ങളുടെ യോഗം വിളിച്ച് ചേർത്തിരുന്നു. 

എന്റെ അപേക്ഷ വിദേശകാര്യ മന്ത്രാലയത്തിലെത്തിക്കുന്നതിനും കേരളത്തിൽ നിന്നുള്ള ഏക അപേക്ഷ എന്ന നിലയിൽ 1997-ലെ അവസാന യാത്രാ സംഘത്തിൽ ഉൾകൊള്ളിക്കാൻ ഇടയായത് കേരള ഹൗസിൽ അന്നുണ്ടായിരുന്ന സിംജി ജോസഫിനെ പരിശ്രമങ്ങളാണെന്ന എന്റെ ഡൽഹി സ്വാധീനം അല്പം പൊടിപ്പും തൊങ്ങലും വച്ച് ഞാനും അവതരപ്പിച്ചു. നിന്ന് പിഴയ്ക്കണമെല്ലോ!

(അന്ന്, 24 വർഷം മുമ്പ് ഇന്നത്തെ പോലെ കേരളത്തിൽ കൈലാസ-മാനസസരസ്സ് യാത്രയ്ക്കുള്ള താല്പര്യം ഉണ്ടായിരുന്നില്ല.. ഇന്ന് ട്രാവൽ ഏജൻസികളും ആത്മീയ ആചാര്യന്മാരും നേപ്പാൾ വഴി Land cruiser-ലും, ഹെലികോപ്ടറിലും, ചെറുവിമാനങ്ങളിലും കൈലാസ-മാനസസരസ്സ് യാത്ര സംഘടിപ്പിക്കുന്നുണ്ട്. ചൈന സ്വകാര്യ ഏജൻസികൾക്കും ആ മേഖലയിൽ വിനോദസഞ്ചാരം അനുവദിക്കുന്നുണ്ട്)

രാത്രിയിലെ ഒത്ത് ചേർന്നപ്പോൾ  ദുഖകരമായ ഒരു വയലസ്സ് മെസേജ് വന്നത് ലെയിസൺ ഓഫീസർ അറിയിച്ചു. മദർ തെരേസ അന്തരിച്ച വിവരം! ആദരസൂചകമായി ഒരു നിമിഷം മൗനമാചരിച്ചു. 

ലെയിസൺ ഓഫീസർ അടുത്ത ദിവസത്തെ യാത്രയ്ക്കുള്ള നിർദ്ദേശങ്ങൾ നൽകി. ഗുഞ്ചിയിലാണ് അടുത്ത ക്യാമ്പ്. അവിടെ ITBP ഡോക്ടേഴ്സ് ഉണ്ടാകും. വിശദമായ മെഡിക്കൽ പരിശോധനയും. തുടർന്നുള്ള യാത്രയ്ക്ക് യോഗ്യത നേടാത്തവരെ തിരിച്ചയയ്ക്കും! 

ഗുഞ്ചിയിൽ നിന്ന് അടുത്ത ദിവസം കാലാപാനി. കാലാപാനിയിൽ നിന്ന് ഇന്ത്യൻ വശത്തെ അവസാന ക്യാമ്പായ നവീഡാങ് ! പിന്നീട് ലിപുലേഖ് പാസ്സ് വഴി അതിർത്തി കടന്ന് ചൈനയിലേക്ക്! 

ഇനി മൂന്നാം ദിവസം അതിർത്തി കടക്കും. ഗുഞ്ചിയിലെ മെഡിക്കൽ പരിശോധനയിൽ അയോഗ്യനാകുമോ? രാത്രി മുഴുവൻ വല്ലാത്തൊരു പിരിമുറുക്കം ! "കണ്ടത് സ്വർണമെങ്കിൽ കാണാനിരിക്കുന്നത് തങ്കമല്ലേ?"

(12) "ലാമകളുടെ നാട്ടിൽ ഗാമ ചമഞ്ഞാൽ നിങ്ങൾ പൈജാമയായി മാറും"

കന്യാകുമാരി മുതൽ കൈലാസം വരെ!
            
                                (12)

ബുധിയിൽ നിന്ന്  ഗുഞ്ചിയിലേക്കുള്ള യാത്ര രാവിലെ 6 മണിക്ക് തന്നെ ആരംഭിച്ചു. ബുധി  സമുദ്രനിരപ്പിൽ നിന്ന് 9000 അടി ഉയരത്തിലാണ്. ഇനി മുതൽ High Altitude Trekking! 10000 അടിക്ക് മേൽ ഉയരം High Altitude ആയി കണക്കാക്കുന്നു.

11050 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഛിയലേക്ക് പാസ്സിലേക്കാണ് യാത്ര!  തണുപ്പനുഭവപ്പെടുന്നുണ്ട്. ഭൂപ്രകൃതിയുടെ സ്വഭാവവും മാറുന്നു. മലനിരകൾ മഞ്ഞണിയുന്നു. ശാഖകളോട് കൂടിയ വൃക്ഷങ്ങൾ സൂചികാഗ്ര മരങ്ങൾക്ക് വഴിമാറുന്നു. ഛിയാലേക്ക് പാസ്സിലേക്കുള്ള കയറ്റം പാംഗുവിലെ ധാനേദാർ കയറ്റം പോലെ അത്ര കഠിനമല്ല. 

മലയിറങ്ങി വരുന്നു 12 - പേർ അടങ്ങിയ ഒരു യാത്രാ സംഘം. ആദി കൈലാസം സന്ദർശിച്ച് മടങ്ങുന്നവരാണ്. ആദി കൈലാസം ഇന്ത്യൻ ഭാഗത്താണ്. ഗുഞ്ചിയിലെത്തി വേണം ആദി കൈലാസത്തിലേക്കും പോകാൻ. ഉത്തരപ്രദേശിലെ സമതലങ്ങളിൽ നിന്ന് വന്ന ചെറുപ്പക്കാർ. ഓരോ വർഷവും മഞ്ഞ്കാലത്തിന് മുമ്പ് ആദി കൈലാസ ദർശനത്തിനും, സാഹസിക ട്രെക്കിംങിനും നിരവധി പേർ എത്തിചേരാറുണ്ട്. അഗസ്ത്യകൂട യാത്ര പോലെ. ഹിമാലയത്തിലെ ഗ്രാമങ്ങളെല്ലാം സജീവമാകുന്നത് അപ്പോഴാണ്. ട്രക്കിംങിന് വരുന്നവരെ സഹായിക്കുന്നത് വഴി ഗ്രാമവാസികൾക്ക് ചെറിയൊരു വരുമാനവും.

നിമോന്നതങ്ങളായ ട്രെക്കിംങ് പാത കുറച്ച് ആയാസരഹിതമായി തോന്നി. എന്നാൽ ഛിയാലേക്ക് പാസ്സ് മുതൽ  ഗർബിയാംങ് ഗ്രാമം വരെയുള്ള യാത്ര അക്ഷരാർത്ഥത്തിൽ ഞാണിൽമേൽ കളി തന്നെ. മഴയേറ്റ് കുതിർന്ന കളിമണ്ണ്.  കയറ്റം ചെറുതെങ്കിലും മുകളിൽ ചെല്ലുമ്പോൾ പലരും വഴുതി താഴേക്ക്. പതഞ്ഞൊഴുകുന്ന കാളി നദി സമീപത്ത്! ചിരിക്ക് വക നൽകുന്നതാണെങ്കിലും ചിരിച്ചില്ല. 10 രൂപ നൽകിയാൽ കയറ്റം കയറാൻ ഗ്രാമവസികളുടെ സഹായം !

ഗർബിയാങ് ഒരു sinking village ആണ്. ഇപ്പോഴും താഴ്ന്ന് കൊണ്ടിരിക്കുന്നു. മഞ്ഞണിഞ്ഞ പർവ്വതനിര അകലെ കാണാം. മലനിരകളിൽ ഉരുകിയെത്തുന്ന ജലത്തിന് നിർഗ്ഗമിക്കാനുള്ള മാർഗ്ഗങ്ങളില്ലാത്തത് കൊണ്ടാകാം ഈ ഗ്രാമം താഴ്ന്ന് കൊണ്ടിരിക്കുന്നത്. അടിക്കടിയുണ്ടാകുന്ന ചെറു ഭൂചലനങ്ങളും കാരണമാകാം. വീടുകളിലെ ഭിത്തികൾ വിണ്ട് കീറിയിരിക്കുന്നു. ജനസംഖ്യ ആയിരത്തിൽ താഴെ. മഞ്ഞ് കാലത്ത് ഗ്രാമവാസികൾ താഴെ ധർചൂളയിൽ അഭയം തേടും.  ഹിമാലയത്തിലെ വേനൽക്കാലമെന്ന് പറയപ്പെടുന്ന ജൂൺ മുതൽ സെപ്തംബർ വരെ മാത്രമേ ഗ്രാമങ്ങൾ സജീവമാകൂ.

ഗർബിയാങ് കഴിഞ്ഞാൽ കാളി നദിയുടെ ഇടത് കരയിലുള്ള വില്ലേജാണ് ഛാൻഗ്രു. ധർചൂളയിൽ നിന്ന് കാളി നദിക്ക് സമാന്തരമാണ് ട്രെക്കിംങ് പാത. ഛാൻഗ്രുവിൽ കാളിനദിക്ക് നേപ്പാളുമായി ബന്ധിപ്പിക്കുന്ന പാലം. ഇരു രാജ്യങ്ങളിലേയും പോലീസ് ഈ പാലത്തിലൂടെയുള്ള യാത്ര നിയന്ത്രിക്കുന്നു.

പച്ചപ്പണിഞ്ഞ മേച്ചിൽ സ്ഥലങ്ങൾ! അവിടെവിടെ ചെമ്മരിയാടിൻ കൂട്ടങ്ങൾ.മഞ്ഞണിഞ്ഞ മലനിരകളിൽ മേഘ പിള്ളേർ ഒളിച്ച് കളിക്കുന്നു. വീണ്ടും വീണ്ടും പ്രത്യക്ഷമാകുന്ന മലകളുടെ പരമപദത്തിൽ സൂര്യപ്രകാശം ഏല്പിക്കുന്ന വെളിച്ചവും നിഴലും! പുൽത്തകിടിയിലെ മനോഹാരിത കണ്ണെത്താ ദൂരം വരെ! 

ബുധിയിൽ നിന്ന് ഗുഞ്ചിയിലേക്കുള്ള യാത്രയിൽ സാമാന്യം വീതി കുടിയ പാത കാണാം. 1962 ലെ ആക്രമണക്കാലത്ത് ചൈനയുടെ അധീനതയിലായിരുന്നപ്പോൾ ചൈനക്കാർ നിർമിച്ചതാണ്. പിന്നീടാണ് നയതന്ത്രതല ചർച്ചകൾക്ക് ശേഷം ചൈന ലിപുലേഖ് പാസ്സിനപ്പുറത്തേക്ക് പിന്മാറുകയുണ്ടായി. ബൽവന്ത് വളരെ വിശദമായി പറഞ്ഞ് തന്നു.

അകലെ ഗുഞ്ചി ക്യാമ്പ് കാണാം. ഗുഞ്ചിയിൽ ഉച്ചയ്ക്ക് 12.30-ന് എത്തിചേർന്നു.  ക്യാമ്പ് സമതല പ്രദേശത്താണ്.  മനില ഗ്രൗണ്ട്. മൂന്ന് വശത്തും മലനിരകൾ ! സാമാന്യം മെച്ചപ്പെട്ട സൗകര്യങ്ങൾ. ആദി കൈലാസ യാത്രയ്ക്ക് പോകുന്നവരും ക്യാമ്പ് ചെയ്യുന്നത് ഇവിടെയാണ്. ITBP യുടെ സാമാന്യം വിശാലമായ ക്യാമ്പും സമീപത്തുണ്ട്.

ഗുഞ്ചിയിൽ നിന്ന് മുന്നോട്ട് യാത്ര ചെയ്യണമെങ്കിൽ Innerline permit വേണം. ധർചൂളയിൽ നിന്നാണ് പെർമിറ്റ് വാങ്ങേണ്ടത്. കൈലാസ-മാനസസരസ്സ് യാത്രക്കാർക്കുള്ള പെർമിറ്റ് KMVN സംഘടിപ്പിക്കും.

മലിന ഗ്രൗണ്ടിന് സമീപം ഒരു ക്ഷേത്രം! വ്യാസ ഗുഹ. വ്യാസമുനി മഹാഭാരതത്തിലെ ചില പർവ്വങ്ങൾ ഇവിടെ വച്ചാണ് രചിച്ചതെന്ന് ഐതീഹ്യം!

യാത്രയോടൊപ്പമുണ്ടായിരുന്ന, KMVN ഏർപ്പെടുത്തിയ വയർലസ് സെറ്റ് സേവനം ഗുഞ്ചി വരെ. തുടർന്നങ്ങോട്ട് ITBP യുടെ സേവനം. Head........Tail വിളി ഇനിയില്ല. 

ഹിമാലയ സാനുക്കളുടെ വശ്യ സൗന്ദര്യം ഗുഞ്ചിയിലെ മെഡിക്കൽ പരിശോധനയെന്ന കടമ്പ കടക്കുമോ എന്ന വ്യാകുല ചിന്തകൾക്ക് വിരാമമിട്ടിരുന്നു. 

ഉച്ചഭക്ഷണത്തിന് ശേഷം മനസ്സ് ചഞ്ചലമാകാൻ തുടങ്ങി. "Have I come all the for this to part at last without a kiss?" പ്രണയിനിയോട് ചോദിക്കുന്ന പോലൊരു മാനസികാവസ്ഥ! പ്രണയവും മിത്തും മണക്കുന്ന ഹിമാലയം തുടർന്ന് കാണാനാകുമോ?

വൈകുന്നേരം 4 മണിക്കാണ് വൈദ്യ പരിശോധന. കാട്കയറിയ ചിന്തകൾക്ക് കടിഞ്ഞാണിടാൻ സഹയാത്രികരുമായി സംഭാഷണത്തിലേർപ്പെട്ടു. ഭൂമിക്ക് താഴെയുള്ള എല്ലാം സംഭാഷണവിഷയമാക്കി! മനസ്സ് അസ്വസ്ഥമാകുമ്പോൾ " ഇന്ന് രാത്രി മഴ പെയ്യുമോ?" എന്ന് അസ്ഥാനത്തുള്ള നിരർത്ഥകമായ ക്ലീഷേ ചോദ്യശൈലി പോലെ!

ജെ.പി. ചന്ദ്രകുമാർ ആരാണെന്ന് ഹിന്ദിയിലൊരു ചോദ്യം. ഞാനാണെന്ന് ഹിന്ദിയിൽ തന്നെ പറഞ്ഞപ്പോൾ " ഞാൻ മനോജ് കുമാർ " എന്ന് മലയാളത്തിൽ പറഞ്ഞൊരു ജവാൻ കൈ നീട്ടുന്നു!  നാളുകൾക്ക് ശേഷം കേൾക്കുന്ന മലയാളശബ്ദം! കൈലാസ്-മാനസസരസ്സ് യാത്രക്കാരെ സഹായിക്കാൻ ITBP യുടെ ചാണ്ഡിഗഡിലുള്ള ആശുപത്രിയിൽ നിന്ന് വന്ന ഫാർമസിസ്റ്റാണ് കരുനാഗപ്പള്ളിക്കാരനായ മനോജ് കുമാർ. 1997ലെ അവസാന ബാച്ചാണ് ഞങ്ങളുടെ യാത്രാസംഘം. ഞങ്ങൾ മടങ്ങി വരുമ്പോൾ മനോജ് കുമാറും തിരിച്ച് ചാണ്ഡിഗഡിലേക്ക് പോകും.

മനോജ് വളരെ സഹായിയായിരുന്നു. അവശ്യമില്ലാതെ ടെൻഷനടിച്ച് BP വർദ്ധിപ്പിക്കരുതെന്ന് ഉപദ്ദേശിച്ചു. ഞാനുണ്ടല്ലോ എന്ന ഉറപ്പും. ഹിമാലയത്തിലെ ശൈത്യത്തിൽ ആ ഉറപ്പ് നൽകിയ  ഊഷ്മളത ആത്മവിശ്വാസം വർദ്ധിപ്പിച്ചു.

 ITBP ഡോക്ടർ നവീൻ! വളരെ 'കൂളായി'  ഡോക്ടർ നവീന്റെ മുന്നിലേക്ക് . ചോദിച്ചതിനെല്ലാം പുഞ്ചിരിച്ചു കൊണ്ട് മറുപടി. BP, ഓക്സിജൻ ലവൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ്, Treadmill Test, അങ്ങനെ എല്ലാം! തുടർന്നുള്ള യാത്രയ്ക്ക് യോഗ്യൻ! സന്തോഷം കൊണ്ട് തുള്ളിച്ചാടാതിരിക്കാനുള്ള സംയമനം പാലിച്ചു പുറത്തിറങ്ങി!

ഓരോരുത്തരായി മെഡിക്കൽ പരിശോധനയ്ക്ക് പോകുന്നു. മ്ലാനവദനനായി ഒരാൾ പുറത്ത് വരുന്നു. ബീഹാറിൽ നിന്നുള്ള ആസാദ്. കടുത്ത പ്രമേഹവും, BP യും വിനയായി.  High Altitude trekking - നുള്ള പരിശോധനകളിലെല്ലാം പരാജയപ്പെട്ടു. യാത്രയിലുടനീളം ശിവപുരാണത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുമായിരുന്നു. ഹിമാലയത്തിന്റെ ദൃശ്യഭംഗിയല്ല ശിവജിയെ കാണാനുള്ള താല്പര്യമാണ് ആസാദിനെ കൈലാസം - മാനസസരസ്സ് യാത്രക്ക് പ്രേരിപ്പിച്ചത്. " ശിവജി എന്റെ പ്രാർത്ഥന കേൾക്കും" എന്ന പ്രതീക്ഷയോടെ താഴ്വാരത്തിലേക്ക് മടങ്ങി. 

ആസാദ് നല്ലൊരു സ്നേഹിതനായി മാറിയിരുന്നു. മനോവിഷമത്തോടെ യാത്രയാക്കി. ഒരു യാത്രയിൽ കൂടെയുള്ളവർ യാത്ര അവസാനിപ്പിക്കുന്നത് അന്നും ഇന്നും ഇഷ്ടമല്ല. ജീവിതയാത്രയിലും!

രാത്രിയിൽ ഡോ: നവീൻ ഞങ്ങളുടെ ഒത്തുചേരലിൽ പങ്കെടുത്തു. ഡോ: ധവാന്റെ ആമുഖ സംസാരത്തിന് ശേഷം ഡോ: നവീൻ വിശദമായ ഉപദ്ദേശങ്ങൾ നൽകി. High Altitude trekking - ൽ സ്വീകരിക്കേണ്ടതും, അരുതാത്തതുമായ കാര്യങ്ങൾ. വസ്ത്രം, ആഹാരം, പെരുമാറ്റം, സാധ്യതയുള്ള അസുഖങ്ങൾ, കരുതൽ, ഇന്ത്യാ ഗവ: ചെയ്യുന്ന സഹായങ്ങൾ, ITBP - യുടെ സേവനങ്ങൾ, അതിർത്തി കടക്കുമ്പോൾ സ്വീകരിക്കേണ്ട അച്ചടക്കം, അങ്ങനെ എല്ലാം വിശദമായി.  "Don't be Gama in the land of Lama, otherwise you will be Pyjama!" എന്ന നർമോക്തിയിലാണ് അദ്ദേഹം അവസാനിപ്പിച്ചത്! ലാമകളുടെ നാട്ടിൽ ഗാമ ചമഞ്ഞാൽ നിങ്ങൾ പൈജാമയാകുമെന്ന്!

ഡയാനാ രാജകുമാരി അപകടത്തിൽ മരിച്ച വിവരം അവിടെ വച്ചറിയുന്നു. ഒരു പുറം ലോകവൃത്താന്തം!

തുടർന്നുള്ള യാത്രയ്ക്ക് യോഗ്യത നേടിയ സന്തോഷം കൊണ്ടാകാം; സുഖനിദ്ര! സ്വപ്നത്തിൽ വീണ്ടും വീടും വീട്ടുകാരും, കുട്ടികളും! ഞെട്ടിയുണർന്നു! പുറത്ത് പോണിവാലകളുടെ സംസാരങ്ങൾ! അവർ തയ്യാറുടുക്കുകയാണ്. ലെഗേജുകൾ വീണ്ടും പാക്ക് ചെയ്ത് ഞങ്ങൾ യാത്രക്കാരും.  കാലാപാനിയിലേക്ക്..... 

(13) ഹിമാലയിത്തിലൊരു ഗാനമേള!

കന്യാകുമാരി മുതൽ കൈലാസം വരെ!
            
                                (13)

രാവിലെ ഗുഞ്ചിയിലെ വ്യാസ ഗുഹ സന്ദർശനം. വേദവ്യാസൻ മഹാഭാരതത്തിന്റെ ചില പർവ്വങ്ങൾ ഇവിടെ വച്ച് രചിച്ചുവെന്ന് ഐതീഹ്യം!

പ്രഭാത ഭക്ഷണത്തിന് ശേഷം (പൂരി, സബ്ജി, കേസരി) 8 മണി കഴിഞ്ഞു യാത്ര തിരിക്കാൻ! ഇന്നത്തെ യാത്ര 9 കി.മി. അത്ര കഠിനമല്ലെന്ന് പറഞ്ഞിരുന്നു. ഗുഞ്ചി സമുദ്രനിരപ്പിൽ നിന്ന് 10500 അടി ഉയരത്തിൽ! കാലാപാനി ക്യാമ്പ് സ്ഥിതി ചെയ്യുന്നത് 11880 അടി ഉയരത്തിൽ! 

യാത്ര ആയാസരഹിതം തന്നെ. പക്ഷേ വീശിയടിക്കുന്ന കാറ്റ്. മേഘങ്ങളില്ലാത്ത ആകാശം. സൂര്യനെ നേരിട്ട് നോക്കരുതെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. Sun glasses കരുതണമെന്ന് നിർദേശം ഡൽഹിയിൽ വച്ച് തന്നെ ലഭിച്ചിരുന്നു. Sun screen lotion -ഉം! സൂര്യാഘാതത്തെ പ്രതിരോധിക്കാൻ!

2 മണിക്കൂർ ട്രെക്കിംങ് കഴിഞ്ഞപ്പോൾ വിശാലമായൊരു മൈതാനത്തിൽ വിശ്രമം! ഒരു വശത്ത് കാളിനദിയുടെ പതഞ്ഞൊഴുക്കിന്റെ സമീപ  ദൂര കാഴ്ചകൾ! മറുവശത്ത് മലനിരകളുടെ ഗാംഭീര്യം! മിക്കവാറും എല്ലാ യാത്രക്കാരും ഉന്നതങ്ങളിലെ കാലാവസ്ഥയുമായി പെരുത്തപ്പെട്ടു കഴിഞ്ഞു.  ഉന്നതരുമായി ഞാനും!

കാലാപാനി ക്യാമ്പിലേക്ക് പ്രവേശിക്കുന്നതിന് 800 മീറ്റർ മുമ്പ് ഒരു ചൂടുവെള്ള നീരുറവ (hot water spring)യിലേക്കുള്ള ചെറുവഴി. ക്യാമ്പിലെത്തി ശരീരമൊന്ന് തണുത്തതിന് ശേഷം നീരുറവയിലെത്തി കുളിക്കാമെന്ന് ലയിസൺ ഓഫീസർ ഡോ. ധവാൻ ഉപദേശിച്ചു.

കാലാപാനി കാളിനദിയുടെ ഉത്ഭവസ്ഥാനത്താണ് ചെറുതെങ്കിലും മനോഹരമായ ദുർഗ്ഗാക്ഷേത്രം! 'ശിവകുണ്ഡിൽ' നിന്ന് ഉത്ഭവിക്കുന്ന ജലം വീതിയുള്ള ചാലിലൂടെ ഒഴുക്കുന്നു. ചാലിന് ഇരുവശത്തും നടപ്പാത. ക്ഷേത്രത്തിന്റെ പ്രതിബിംബം ജലത്തിൽ! ക്ഷേത്രവും പ്രതിബിംബവും! പശ്ചാത്തലത്തിൽ മകുടത്തിൽ മഞ്ഞണിഞ്ഞ മലനിരകൾ ! കാഴ്ചയുടെ മനോഹാരിത വാക്കുകൾക്കതീതം!

ഉച്ചയ്ക്ക് 12.30ന് ക്ഷേത്രത്തിന് സമീപത്തെ ക്യാമ്പിലെത്തി. ലഗേജുകൾ പോണി പുറത്ത് നിന്ന് അഴിച്ച് വാങ്ങി മുറിയിൽ വച്ച ശേഷം അല്പം വിശ്രമം. 

പുളിയിലക്കര മുണ്ടുടുത്ത് വെളുത്ത സാന്റോ ബനിയനു മുകളിൽ ചുട്ടിക്കലതോർത്തും പുതച്ച് ഹിമാലയപാതയിലൂടെ മടക്കി കുത്തി നീരുറവയിലേക്ക്. പാച്ചല്ലൂർ മുടിപ്പുര (ഭദ്രകാളി ക്ഷേത്രം)  കുളത്തിൽ കൗമാരകാലത്ത് ഇടവഴിയിലൂടെ കുളിക്കാൻ പോയത് ഓർത്തു. എന്റെ മലയാളത്തനിമ പ്രദർശനം കൗതുകത്തോടെ നിരീക്ഷിച്ച സഹയാത്രികരുടെ കമന്റുകളും! 

"ഹലോ... എന്നായിത്"! ഒരു മലയാളതമിഴ് ശബ്ദം! കന്യാകുമാരി സ്വദേശി SVB പ്രഭാകരൻ പിള്ള. ITBP യിലെ ജവാൻ! ഞങ്ങളെ കണ്ടപ്പോൾ അദ്ദേഹത്തിന് വളരെ സന്തോഷമായി. വീശിയടിക്കുന്ന കാറ്റിനെ പ്രതിരോധിക്കാൻ wind shield ധരിക്കണമെന്ന് ഉപദേശിച്ചു! സാരമില്ലെന്ന് തോന്നുമെങ്കിലും  ശീതക്കാറ്റ് നെഞ്ചിൽ കഫകെട്ടുണ്ടാക്കുമെന്ന് മുന്നറിയിപ്പ് നൽകി! "ഗാമാ " ചമഞ്ഞ് "പൈജാമ" ആകണ്ടെന്ന് കരുതി വേഗം മുറിയിൽ പോയി ഷർട്ടും കാറ്റിനെ പ്രതിരോധിക്കാനുള്ള മേലുടുപ്പും ധരിച്ചു ! (വൈകുന്നേരം ഈ മുണ്ടുടുത്തവനും തമിഴ്നാട്ടിൽ നിന്ന് വന്നവർക്കും അദ്ദേഹത്തിന്റെ ബാരക്കിൽ ചായയും ബിസ്ക്കറ്റും നൽകി സൽക്കാരം!)

നീരുറവയിൽ നിന്ന് നിർഗ്ഗമിക്കുന്ന ജലം തങ്ങിനിൽക്കുന്ന ചെറിയൊരു കുളം. മുങ്ങി കുളിക്കാനുള്ള വെള്ളമില്ല. അത്ര വലിയ ചൂടില്ലെങ്കിലും ഹിമാലയത്തിലെ ശൈത്യകാറ്റിൽ നിന്ന് തെല്ലൊരു ശമനം! സോപ്പ് ഉപയോഗിക്കാൻ പാടില്ല. ഇവിടെ നിന്ന് കുറച്ചകലെ തിളയ്ക്കുന്ന ജലം നിർഗ്ഗമിക്കുന്ന ഉറവയുണ്ടെന്ന് പറഞ്ഞു. അങ്ങോട്ടേക്ക് പോകാൻ അനുവാദമില്ല. ഏതായാലും ഔഷധ ഗുണമുണ്ടെന്ന് പറയപ്പെടുന്ന ആ നീരുറവയിലെ നീരാട്ട് യാത്രയിലെ മറ്റൊരു വ്യത്യസ്തനുഭവം!

ഉച്ചഭക്ഷണത്തിന് ശേഷം വേണ്ടുവോളം സമയം. ഇന്നത്തെ യാത്ര ആയാസരഹിതമായിരുന്നതിനാൽ ആരും തന്നെ ഉച്ചയുറക്കത്തിന് താല്പര്യം കാണിച്ചില്ല. കടന്ന് വന്ന വഴികളിലെ യാത്രാനുഭവങ്ങൾ പരസ്പരം പങ്കുവച്ചു.

യാത്ര കഠിനമല്ലാതായപ്പോൾ ആസ്വാദനക്ഷമതയും ഭക്തിയും വർദ്ധിച്ചു. ശിവഭക്തി, സൂക്ഷ്മ പ്രകൃതി നിരീക്ഷണ പാടവം, അങ്ങനെ പല മനോഭാവമായിരുന്നു യാത്രാസംഘത്തിലുള്ളവർക്ക്. പുരാണ കഥകൾ ഭയഭക്തി ബഹുമാനത്തോടെ, മിത്തുകളെ ചരിത്ര ലേബൽ നൽകി ചിലർ അവതരിപ്പിച്ചു. 'വേദവ്യാസൻ മാഹാഭാരതം രചിച്ച സ്ഥലം' സന്ദർശിക്കാൻ കഴിഞ്ഞതിലുള്ള സംതൃപ്തി ഗീതാശ്ലോകങ്ങളുടെ അകമ്പടിയോ മഹാരാഷ്ട്രാ സ്വദേശി ദശരഥ് പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ പുത്രി ശില്പ ഒരു ശിവസ്തുതി അതി മനോഹരമായി ആലപിച്ചു!  

ഡോ: അരവിന്ദ് പരാസിനിസ് അല്പം ധൈഷ്ണിക നാട്യത്തോടെ ഇതെല്ലാം കേട്ടിരുന്നു. സമീപത്ത് ഞാനും! കുമാരസംഭവം എന്ന കൃതിയിലെ കാളിദാസ ഭാവനയായിരുന്നു എന്റെ മനസ്സിൽ ! 

വൈകുന്നേരം ITBP ജവന്മാർ ഞങ്ങൾക്ക് വേണ്ടി ഒരു 'ഗാനമേള' തന്നെ അവതരപ്പിച്ചു. പരിമിതമായ പക്കമേളത്തോടെ ശിവഭക്ത്തി ഗാനങ്ങളും, പഴയ കാല ഹിന്ദി സിനിമാ ഗാനങ്ങളും! അതിശയിപ്പിക്കുന്ന ശബ്ദമാധുരി അതിർത്തി കാക്കുന്ന ജവന്മാർക്ക് ! "രഘുപതി രാഘവ രാജാറാം........ ശില്പ അതി മധുരമായി ആലപിച്ചു.   ‘സീതാറാം സീതാറാം ഭജ് പ്യാരേ തൂ സീതാറാം ഈശ്വര് അള്ളാ തേരേ നാം സബ് കോ സന്മതി ദേ ഭഗ്‌വാൻ’ ഗാന്ധിജി മതേതര ഗാനമാക്കി മാറ്റിയ ആ രാമഭക്തിഗാനം!

സംഗീതത്തിന്റെ ശബ്ദവീചികൾ മഞ്ഞ്മലകളിൽ തട്ടി അകന്ന് പോയി!

ലയിസൺ ഓഫീസർ പതിവ് വിവരം നൽകലിലേക്ക് കടന്നു. കാലാപാനിയിൽ നിന്ന് തിരിക്കുന്നതിന് മുമ്പ് എക്സ്പോസ് ചെയ്ത ഫിലിം റോളുകൾ പാക്ക് ചെയ്ത് ഏല്പിക്കണം. കൈവശമുള്ള ഇന്ത്യൻ കറൻസിയും ഒരോരുത്തരും കവറുകളിലാക്കി നൽകണം.  ഇതെല്ലാം മടക്കയാത്രയിൽ തിരിച്ച് നൽകും.

കൈലാസ-മാനസസരസ്സ്  പരിക്രമണ സമയത്ത് ആവശ്യമുള്ള,  ധർചൂളയിൽ നിന്ന് സംഭരിച്ച റേഷൻ എത്തി കഴിഞ്ഞു. രണ്ട് പാചകക്കാരും. ഈ പാചകക്കാരും അതിർത്തി കടന്ന് യാത്രാ സംഘത്തെ അനുഗമിക്കും. മടക്കയാത്രയിൽ ഇവരുടെ വേതനം 1000O രൂപാ വീതം യാത്രാ സംഘം നൽകണം.

ഇനി ഇന്ത്യൻ വശത്തെ അവസാനത്തെ ക്യാമ്പിലേക്ക് .... നവിഡാങ് ! 11880 അടി ഉയരത്തിൽ നിന്ന് 14200 അടി ഉയരത്തിലേക്ക്!
(14) കാളിദാസ ഭാവനയിലൂടെ കടന്ന് പോകാതെ എന്ത് ഹിമാലയ ദർശനം?

കന്യാകുമാരി മുതൽ കൈലാസം വരെ!
            
                                (14)

സെപ്തംബർ 9, 1997. കാലാപാനിയിൽ നിന്ന് രാവിലെ 7 മണിക്ക് തിരിച്ചു.

ഹിമാലയത്തിലെ തരുരേഖയിലൂടെ (Treeline) സഞ്ചരിച്ച്  തൃണരേഖയിലെത്തി (Grassline). ഹിമരേഖ (Snowline) യുടെ ലക്ഷണങ്ങളും കണ്ട് തുടങ്ങി! 

ഏകദേശം ഒരു കി.മി. ചെല്ലുമ്പോൾ പൻഖാ നീരൊഴുക്കിന് കുറുകെ ആ പേരിൽ തന്നെയുള്ള ചെറിയ പാലം. പാലം കടന്ന് കുറച്ച് കൂടി ഉയരങ്ങളിലേക്ക് ചെല്ലുമ്പോൾ ലിപുഗാഡ് അരുവിക്ക് കുറുകെ മറ്റൊരു പാലം! ലിപുഗാഡ് ലിപുലേഖ് പാസ്സിൽ നിന്നുത്ഭവിക്കുന്നു. കുറച്ച് കൂടി ഉയരത്തിൽ ലിപു, റിപു അരുവികളുടെ സംഗമ സ്ഥലം! ഛോട്ടാ കൈലാസത്തിന് (ആദി കൈലാസ് ) സമീപത്തെ കുട്ടി എന്ന തടാകത്തിൽ നിന്നുത്ഭവിക്കുന്ന നീർച്ചാലാണ് റിപു. ലിപു, ലിപുലേഖ പാസ്സിലെ മഞ്ഞ് പാളികളിൽ നിന്നും. 

പുൽത്തകിടിയിലൂടെയുള്ള കയറ്റം അല്പം പ്രയാസമുള്ളതായിരുന്നു, മുൾചെടികൾ, മേയുന്ന ചെമ്മരിയാടിന്റെ കൂട്ടങ്ങൾ ! കൈയ്യിലൊരു വടിയുമായി കമ്പിളി പുതച്ച് നിൽക്കുന്ന അജപാലകൻ! ഹിമാലയത്തിലെ ജീവിത താളങ്ങൾ! 

ചെറു സസ്യങ്ങളും മുൾചെടികളും ഔഷധ ഗുണമുള്ളതാണെന്ന് പോർട്ടർ ബൽവന്ത് പറഞ്ഞു. പോർട്ടർമാരും പോണിവാലകളും ഔഷധ സസ്യങ്ങൾ ശേഖരിക്കുന്നുണ്ടായിരുന്നു. മണ്ണിലെ ചെറു ദ്വാരങ്ങളിൽ ഓടി കളിക്കുന്ന വാലില്ലാത്ത എലികൾ! 

പുൽത്തകിടിയിൽ അവിടെവിടെ ഉയർന്ന് നിൽക്കുന്ന കല്ലുകൾ ശിവലിംഗമാണെന്ന് അനുഗമിക്കുന്ന ITBP ജവന്മാർ പറഞ്ഞു. ശിവലിംഗാകൃതി തന്നെ. ITBP യുടെ ചായയും നമക്കിനും നൽകിയുള്ള ഒരു സ്വീകരണം ഈ പുൽത്തകടിയിൽ വച്ചായിരുന്നു. Customary Hospitality!

തെളിഞ്ഞ ആകാശത്ത് സൂര്യന്റെ പ്രഭയേറി വരുന്നു. വെള്ളി മേഘങ്ങൾ പ്രത്യക്ഷപ്പെടുന്നു. ചില മേഘകെട്ടുകൾക്ക് നടുവിൽ ശ്യാമ നിറം! 

" പൂഞ്ചേല ചെന്നിഹ മണാളരഴിച്ചീടുമ്പോൾ
നാണംകുണുങ്ങുമൊരു കിന്നരനാരിമാർക്ക്
ദിഷ്ട്യാ ഗുഹാമുഖവഴിക്ക് വിലങ്ങിടുന്ന 
കളാംബുദം വെളിയടത്തുണിയായിടുന്നു.
(എ. ആർ. രാജരാജവർമ - കുമാരസംഭവം)

".. വസ്ത്രം വലിച്ചിഴയ്ക്കുമ്പോൾ ലജ്ജിതരാകുന്ന കിന്നര സ്ത്രീകൾക്കു ഗുഹാഗൃഹങ്ങളുടെ മുമ്പിൽ യാദൃച്ഛികമായി വന്നു തങ്ങുന്ന മേഘങ്ങൾ മറകളായി തീരുന്നു" (ഗദ്യ വിവർത്തനം - ഡോ: സുധാംശു ചതുർവേദി)

കാളിദാസ കൃതികളിലൂടെ കടന്ന് പോകാതെ, ആ ഭാവനയുടെ സൗന്ദര്യം ആസ്വദിക്കാതെ എന്ത് ഹിമാലയ ദർശനം!

കടന്ന് പോകുന്ന വഴികളിൽ  മൂടൽ മഞ്ഞിന്റെ പുതപ്പ്. പുതപ്പ് വലിച്ചെടുത്തോടുന്ന കാറ്റ്! തെളിയുന്ന സൂര്യരശ്മി ശരീരത്തിലേൽക്കുമ്പോഴുള്ള സുഖം!  തലയുയർത്തി നിൽക്കുന്ന ഹിമനിരകളെ നോക്കി വടികളൂന്നി നിരനിരയായി കടന്ന് പോകുന്ന ഞങ്ങളുടെ യാത്രാസംഘം ഹിമവാനും ഒരസുലഭ കാഴ്ചതന്നെയല്ലേ! "തൂലികയാൽ മിഴവു വരുത്തിയ ചിത്രമെന്ന പോലെ" ! ഇതിലപ്പുറമുള്ള ' തിരകഥ' രചന അറിയില്ല!

രാവിലെ 11 മണിക്ക് തന്നെ നവീഡാങിൽ എത്തിചേർന്നു. ക്യാമ്പിന് മുന്നിലെ പുൽത്തകിടിൽ നിന്ന് നോക്കിയാൽ പർവ്വതനിരകൾ അടുത്തും അകലേയും കാണാം. അതിലൊന്നിൽ സംസ്കൃതത്തിൽ "ഓം" എന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ മഞ്ഞ് വീണിരിക്കുന്നു! "ഓം പർവ്വതം "! വിശ്വാസികൾക്ക് 'മകരവിളക്ക് പോലെ പുണ്യം നൽകുന്ന ദർശനം'. 

തണുപ്പനുഭവപ്പെടുന്നുണ്ട്. ശീതകാറ്റിന്റെ വേഗത വർദ്ധിക്കുകയും കുറയുകയും ചെയ്യുന്ന പ്രതിഭാസം! ക്യാമ്പിന് വെളിയിൽ കൂട്ടം കൂടി നിന്ന് വെയിലേൽക്കാനുള്ള ശ്രമം! മേഘങ്ങൾ പർവ്വതനിരകളെ മറയ്ക്കുന്നു! വീണ്ടും തെളിയുന്നു. 

അതിർത്തി കടക്കുമ്പോൾ എത് ഭാഷ ഉപയോഗിക്കണം! വിദേശകാര്യ വകുപ്പിൽ നിന്ന് ലഭിച്ച കൈപുസ്തതകത്തോടൊപ്പം ചില ടിബറ്റൻ പദങ്ങളുടെ ഇംഗ്ലീഷ് പരിഭാഷ നൽകിയിരുന്നു. അത് പരസ്പരം പറഞ്ഞ് പഠിച്ചു!

What is your name? - kayreng give mingla karesa?
How are you - kuzak deep yinpe
Where is the....? - ......kaba do?
Thank you - thuk ji chhe

ഇതൊക്കെ പ്രത്യേകം പഠിച്ച് വച്ചു! അവസാന 'പൂഴിക്കടകൻ' എന്ന നിലയിൽ I am sorry - gawan-da! എന്നും! നാക്ക് പിഴ വന്നാൽ രക്ഷപ്പെടണമെല്ലോ?

ലയിസൺ ഓഫീസറുടെ നിർദ്ദേശങ്ങൾ നൽകൽ ഉച്ചഭക്ഷണത്തിന് ശേഷമാക്കി. അതിരാവിലെ 3 മണിക്ക് ട്രെക്കിംങ് ആരംഭിക്കണം. ഏഴ് മണിയോട് കൂടി ഞങ്ങൾക്ക് മുമ്പേ പോയ സംഘം കൈലാസ-മാനസസരസ്സ് പരിക്രമണം  പൂർത്തിയാക്കി ചൈനീസ് ഉദ്യോഗസ്ഥരോടൊപ്പം ലിപുലേഖ് പാസ്സിലെത്തും. 

ഹിമാലയം ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമാണ്. സൂര്യതാപമേറ്റ് മഞ്ഞ് പാളികളുരുകുന്നതിന് മുമ്പ് അതിർത്തി കടക്കണം. പോണികളും പോർട്ടർമാരും ലിപുലേഖ് പാസ്സ് വരെ മാത്രമേ യാത്രാ സംഘത്തെ അനുഗമിക്കുകയുള്ളൂ! തുടർന്നുള്ള യാത്രയ്ക്ക് ടിബറ്റൻ പോണികളും പോർട്ടർമാരും. ലഗേജുകൾ ഇന്ത്യൻ പോണികളുടെ പുറത്ത് നിന്നിറക്കി ടിബറ്റൻ പോണികളുടെ പുറത്ത് കയറ്റണം. 

ചൈനീസ് മിലിട്ടറി ഉദ്യോഗസ്ഥർ പാസ്സ്പോർട്ടും വിസയും പരിശോധിക്കും. ഗ്രൂപ്പ് വിസയാണ്. അതൊക്കെ ലയിസൺ ഓഫീസുടെ കൈവശമുണ്ട്! ലയിസൺ ഓഫീസർ മാത്രമേ ചൈനീസ് മിലിട്ടറി ഉദ്യോഗസ്ഥരുമായി സംസാരിക്കാവൂ!

അതിശൈത്യമായിരിക്കുമെന്ന മുന്നറിയിപ്പ്! ശൈത്യത്തേയും കാറ്റിനേയും പ്രതിരോധിക്കാനുള്ള വസ്ത്രധാരണ രീതിയും ലയിസൺ ഓഫീസർ വിശദമാക്കി. High altitude ആണ്. കയറ്റത്തും  ഇറക്കത്തും ഒരേ രീതിയിൽ, ഒരേ വേഗതയിൽ നടക്കണം. കാൽ നീട്ടിവയ്ക്കരുത്, ചെറിയ സ്റ്റെപ്പുകൾ!  ഇരുന്ന് വിശ്രമം അരുത്. കൈകാലുകൾ ചലിപ്പിച്ചു കൊണ്ടിരുന്നാൽ അതിശൈത്യത്തെ പ്രതിരോധിക്കാനാകും.

നേരത്തെ ഉറങ്ങാനും ഒരു മണിയോട് കൂടി എണിറ്റ് തയ്യാറാകാനും നിർദ്ദേശം നൽകി ലയിസൺ ഓഫീസർ നിർദ്ദേശം നൽകി അവസാനിപ്പിച്ചു.

ശില്പയും രാജസ്ഥാനിൽ നിന്ന് വന്ന അവർദൻ ചരണും ചേർന്ന് ശിവഭക്തി ഗാനങ്ങൾ ആലപിച്ചു. പതിവ് വെടി പറയൽ ഭക്തിമയമായ ചർച്ചകൾക്ക് വഴിമാറി! 
ശിവജിയെ കാണാൻ കഴിയുന്ന ജന്മസാഫല്യം! ആഹ്ളാദം പ്രകടിപ്പിച്ച് കൊണ്ട് ശിവപുരാണ കഥകളുടെ കെട്ടഴിച്ച് വിട്ടു. പാർവ്വതീപരിണയവും താരകാസുരവധവും, ശിവപാർവ്വതിനടനം  ശിവപാർവ്വതിമാരുടെ വാസസ്ഥലമായ കൈലാസം,    കൈലാസം ലങ്കയിലേക്ക് കൊണ്ട് പോകാൻ രാവണൻ നടത്തിയ ഉഗ്രതപസ്സ്, സ്വർഗ്ഗത്തിലേക്കുള്ള പ്രവേശന കവാടം, ചന്ദ്രക്കല, ഗംഗാനദിയുടെ പവിത്രത, അങ്ങനെ എല്ലാം എല്ലാം! മിത്തുകളുടെയും യാഥാർത്ഥ്യങ്ങളുടേയും അതിർവരമ്പുകൾ ഇല്ലാതായി!'

കെ.ദാമോദരൻ "ഭാരതീയ ചിന്ത " എന്ന പുസ്തകത്തിൽ തത്വചിന്തയുടെ തുടക്കം വിശകലനം ചെയ്യുമ്പോൾ അഭിപ്രായപ്പെട്ടത് പോലെ: 
"അങ്ങനെ ജീവനില്ലാത്ത വസ്തുക്കൾ ജീവനുള്ള വസ്തുക്കളായി സങ്കല്പിക്കപ്പെട്ടു. മലയും പുഴയും കാറ്റും വെള്ളവും തീയും സൂര്യനും ആകാശവും ഭൂമിയും എല്ലാം മാനവീകരിക്കപ്പെട്ടു. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം ഒരുതരം മാനുഷിക ബന്ധമായി തീർന്നു."

ഹിമാലയമഹാഗിരി! ആ കുലപർവ്വതത്തിന്റെ അധിദേവനായ, ഇന്ത്യയുടെ വടക്കേ അതിർത്തി കാക്കുന്ന ഹാമവാൻ!.മേനാദേവിയിൽ ഹിമവാന് മൈനാകമെന്ന പുത്രനും പാർവ്വതിയെന്ന പുത്രിയും.! നന്മയെ നശിപ്പിക്കാൻ ശ്രമിക്കുന്ന തിന്മയുടെ അവതാരമായ താരകാസുരൻ!  ശിവപ്രീതിക്ക് വേണ്ടി തപസ്സ് ചെയ്യുന്ന പാർവ്വതി! ശിവന്റെ മനസ്സിളക്കാൻ ശ്രമിച്ച് ഭസ്മമാകുന്ന കാമദേവൻ!

" ആധ്യാത്മികത കർമരാഹിത്യത്തോളം പൊയ്ക്കൂടാ എന്ന ദർശനം കുമാരസംഭവ കഥയിൽ നിഹ്നൂതമാണ്...... ലോകത്തെ- സംസാരത്തെ - സാധ്യമാക്കുന്നത് അർദ്ധനാരീശ്വര പ്രണയമല്ലാതെ മറ്റൊന്നുമല്ല. പ്രണയത്തിന്റെ ആദിരൂപങ്ങളാണല്ലോ ശിവ-പാർവതിമാർ. ആ നിലയ്ക്ക്, വാസ്തവത്തിൽ, ശിവ-പാർവതി നടനം നമ്മുടെ മനസ്സിൽ തന്നെയാണ് നടക്കുന്നതെന്ന് പറയാം. ജീവിതാധാരമായ പും-സ്ത്രീ പ്രണയത്തേയാണ്, ഏതർത്ഥത്തിലായാലും, കുമാരസംഭവം സാക്ഷാത്കരിച്ച്തരുന്നത്. "
(കുമാരസംഭവം വിവർത്തനത്തിൽ എ.ആർ.രാജരാജവർമ്മ )

"ആധ്യാത്മികത കർമരാഹിത്യ ത്തോളംപൊയ് ക്കൂടാ" എന്ന കാളിദാസ ദർശനം സംഭാഷണത്തിലേക്ക് കൊണ്ടുവരാൻ എനിക്കും കഴിഞ്ഞു! ആധ്യാത്മികതയിലെ കർമ്മരാഹിത്യം മതത്തിന്റെ ധാർമ്മികത കൈവെടിയുന്നതിലേക്കും വെറും ആചാരത്തിലധിഷ്ഠതമായ വിദ്വേഷങ്ങളിലേക്കും മാറുന്നത് വർത്തമാനകാല യാഥാർത്ഥ്യം!

പുരാണ കഥകളും കഥകളിലെ കഥാപാത്രങ്ങളുടെയും ചമൽക്കാരഭംഗി ഒന്നു വേറെ തന്നെയാണ്!

പണ്ഡിറ്റ് ജവഹർലാൽ നെഹ്റു അഭിപ്രായപ്പെട്ടത് പോലെ; ".... ജനങ്ങൾ ഈ കഥകളിലെ വസ്തുതാ സംബന്ധിയായ ഉള്ളടക്കം വിശ്വസിക്കുന്ന പക്ഷം, അതപ്പടി അസംബന്ധവും പരിഹാസ്യവുമായിത്തീരുന്നു. എന്നാൽ നാം അവ വിശ്വസിക്കാതാവുന്നതോടുകൂടി ഒരു പുതിയ വെളിച്ചത്തിൽ, പുതിയൊരു സൗന്ദര്യത്തോടും സമൃദ്ധവും സമ്പന്നവുമായ ഒരു ഭാവനയുടെ അത്ഭുതകരമായ വികാസത്തോടും കൂടി മനുഷ്യന് വേണ്ട പാഠങ്ങൾ നിറഞ്ഞവയായി അവ പ്രത്യക്ഷപ്പെടുന്നു........ ഇന്ത്യൻ പുരാണ കഥകൾ കൂടുതൽ സമൃദ്ധവും വിശാലവുമാണ്. അതി മനോഹരങ്ങൾ, അർത്ഥപൂർണങ്ങൾ; ഞാൻ പലപ്പോഴും അമ്പരന്നിട്ടുണ്ട്! എന്തൊരു കൂട്ടം പുരുഷന്മാരും സ്ത്രീകളുമായിരിക്കണം ഈ പ്രസന്നങ്ങളായ സ്വപ്നങ്ങൾക്കും മനോഹരമായ സങ്കല്പങ്ങൾക്കും രൂപം കല്പിച്ചവർ!  അവർ വിചാരത്തിന്റെയും ഭാവനയുടെയും എന്തൊരു സ്വർണഖനിയിൽ നിന്നാവണം അവ കുഴിച്ചെടുത്തത് " (ഇന്ത്യയെ കണ്ടെത്തൽ)

ശാസ്ത്രബോധമുള്ള, ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയുടെ ഈ ആശയങ്ങൾ ഹിമാലയ മലനിരകളെ സാക്ഷിനിർത്തി അവതരിപ്പിക്കാൻ കഴിഞ്ഞത് യാദൃശ്ചികതയാണോ?

കൈലാസ മാനസസരസ്സ് യാത്രയ്ക്കൊരുങ്ങുമ്പോൾ തന്നെ എ.ആർ.രാജരാജവർമയുടെ കുമാരസംഭവം വിവർത്തനത്തിൽ നിന്നും, കെ.ദാമോദരന്റെ ഭാരതീയ ചിന്ത, ജവഹർലാൽ നെഹ്റുവിന്റെ "ഇന്ത്യയെ കണ്ടെത്തൽ", സുകുമാർ അഴിക്കോടിന്റെ "തത്ത്വമസി", DD കോസാംബിയുടെ "മിത്തും യാഥാർത്ഥ്യവും" എന്നീ പുസ്തകങ്ങളിൽ നിന്ന് കുറിപ്പുകളെടുത്ത് സൂക്ഷിക്കുമായിരുന്നു! ആ കുറിപ്പുകളടങ്ങിയ ഡയറിയുമായാണ് എന്റെ യാത്ര; ഡോ: സുധാംശു ചതുർവേദിയുടെ കാളിദാസ സർവസ്വം എന്ന പുസ്തകവും! ഹിമാലയസാനുക്കളിൽ ആ കുറിപ്പുകളിലൂടെ കടന്ന് പോകുന്നത് വേറിട്ടൊരനുഭവം തന്നെ! സന്ദർശിക്കുന്ന പ്രദേശങ്ങളുടെ മിത്തും ചരിത്രവും തിരിച്ചറിഞ്ഞ്, ഭൂപ്രകൃതിയുടെ സവിശേഷതകൾ മനസ്സിലാക്കിയുള്ള യാത്രകൾക്ക് ആസ്വാദ്യത വർദ്ധിക്കും! 

അതിരാവിലെ മൂന്ന് മണിക്ക് തന്നെ യാത്രയ്ക്ക് തയ്യാർ! നല്ല തണുപ്പനുഭവപ്പെടുന്നു.കൂരിരുട്ട്!  ഓം പാർവ്വതം കാണാൻ കഴിയുന്നില്ല!   അതിർത്തിയിലേക്ക്..... ലിപുലേഖ് പാസ്സിലേക്ക്, 17600 അടി ഉയരത്തിലേക്ക്..... അവിടെ നിന്ന് ചൈനയിലെ, ടിബറ്റിലെ, തക്ലാകോട്ടിലേക്ക്......

(15) 

കന്യാകുമാരി മുതൽ കൈലാസം വരെ!
            
                                (15)

1997 സെപ്തംബർ 10

സമയം അതിരാവിലെ 3 മണിയോട് അടുക്കുന്നു.  പോണിവാലകളും യാത്രാ സംഘവും അണിനിരന്നു. ടോർച്ച് ലൈറ്റുകളുടെ മിന്നിമറയുന്ന വെളിച്ചം!  വീശിയടിക്കുന്ന തണുത്ത കാറ്റ്!  

ആകാശത്ത് വാരിവിതറിയ നക്ഷത്രങ്ങൾ മാത്രം. കോടാനുകോടി നക്ഷത്രങ്ങൾ! അവയെ ചുറ്റുന്ന ഗ്രഹങ്ങൾ ! അവിയിലൊന്ന് മാത്രം ഭൂമി. ഭൂമിയിലെ ഈ ഭാഗത്ത് കൂടി ആദ്യം കടന്ന് പോയത് ആരായിരിക്കും!  ആഫ്രിക്കയിൽ ഉത്ഭവിച്ച homosapians - ന്റെ ഏത് തായ് വഴിയിലുള്ളവരായിരിക്കും ഇതിലേ ആദ്യം കടന്ന് പോയത്! ഗ്രഹങ്ങളിൽ നിന്ന് ഗൃഹത്തിലേക്ക് ചിന്തകൾ വഴി മാറി! വീട്ടിലുള്ളവരെല്ലാം ഇപ്പോൾ എന്ത് ചെയ്യുകയായിരിക്കും? വീട് വിട്ടിട്ട് 15 ദിവസമായി!

ലയിസൺ ഓഫീസറുടെ വിസിൽ മുഴങ്ങി. വിചാരങ്ങൾക്ക് വിരാമമിട്ട് കൊണ്ട് യാത്ര ആരംഭിക്കുകയായി. ITBP ജവന്മാരും അനുഗമിക്കുന്നുണ്ട്.

തണുപ്പ് തടയാൻ അഞ്ച് പാളി വസ്ത്രങ്ങൾ അപര്യാപ്തമെന്ന് തോന്നി. കൈലാസ മാനസസരസ്സ് യാത്ര കാൽനടയായി പൂർത്തീകരണമെന്നാണ് ആഗ്രഹം! 14200 അടി ഉയരത്തിലുള്ള നവീഡാങിൽ നിന്ന് 17600 ഉയരത്തിലേക്ക്, ലിപുലേഖ് പാസ്സിലേക്ക്! കുതിരക്കാരുടേയും ചുമട്ടുകാരുടേയും ആരവങ്ങൾ. "ഓം നമഃശിവായ " ഹിമാലയ സാനുക്കളിൽ മുഖരിതമായി. 

ടോർച്ച് ലൈറ്റുകളുടെ അരണ്ട വെളിച്ചത്തിൽ യാത്രാ സംഘം മുന്നോട്ട് പോകുകയാണ്. പലരും വളരെ ആയാസപ്പെട്ടാണ് മലകയറുന്നത്! മുന്നേ പോകുന്നവരെ പിന്തുടർന്ന്, ടോർച്ച് ലൈറ്റിന്റെ പ്രകാശത്തിൽ! മുന്നിലെത്തിയ ഞാൻ തിരിഞ്ഞ് നോക്കി. താഴെ മിന്നാംമിനുങ്ങുകൾ പോലെ ടോർച്ചുകൾ മിന്നുന്നു. കുതിരകളുടെ കണ്ണുകൾ ഇടയ്ക്കിടെ മുത്തുകൾ പോലെ പ്രകാശിക്കുന്നു. കുളമ്പടികളിൽ തട്ടി ഉരുണ്ട് പോകുന്ന ഉരുളൻ കല്ലുകൾ വശങ്ങളിലെ അഗാധതയിലേക്ക് തുള്ളിക്കളിച്ച് പോകുന്നു!

കടലാസ് കഷണങ്ങൾ പോലെ മഞ്ഞിൻ 'ശലഭ'ങ്ങൾ കമ്പിളി വസ്ത്രത്തിന് പുറത്ത്. തട്ടിക്കളയുമ്പോൾ കയ്യുറകൾക്ക് വെള്ളിവരകളുടെ ചിത്രപ്പണി. കാറ്റിന്റെ ശക്തി കൂടി വരുന്നു. അരിച്ചുകയറുന്ന തണുപ്പിൽ നിന്ന് രക്ഷനേടാൻ വേഗം നടന്നു. കൈവിരലുകൾ അനങ്ങുന്നുണ്ടോ എന്ന് പരിശോധിച്ചു. മഞ്ഞുകടി സംഭവിക്കാതെ ശ്രദ്ധിക്കണമല്ലോ? 

നേരം പരപരാ വെളുത്തു തുടങ്ങി. കാക്കളുടെ കരച്ചിലില്ലാതെ കുക്കുടങ്ങളുടെ കൂകലില്ലാതെ ഹിമാലയത്തിലെ ഒരു പ്രഭാതം. ദൂരെ മലനിരകളുടെ രൂപം വ്യക്തമായി വരുന്നു. വീശിയിടിക്കുന്ന കാറ്റ് തണുപ്പിന്റെ കാഠിന്യം വർദ്ധിപ്പിച്ചു. ആകാശം ചുവന്നു തുടങ്ങി. തൂവെള്ള മഞ്ഞുനിരകൾക്കു താഴെ ഒലിച്ചിറങ്ങിയ നീർച്ചാലുകൾ! അതിനിടയിലൂടെ ഹിമാലയത്തിന്റെ നിറം തെളിഞ്ഞ് വരുന്നു. കറുപ്പോ ?ചുവപ്പ് കലർന്ന കറുപ്പോ ? രണ്ട് മല നിരകൾക്കിടയിലായി പ്രകൃതിയുടെ വാതിൽ! ലിപുലേഖ് പാസ്സ്! ചൈനയിലേക്ക്, തിബറ്റിലേക്കുള്ള കവാടം!

ചൈനീസ് ഉദ്യോഗസ്ഥന്മാർ വന്ന് സ്വീകരിച്ചാലെ ലിപുലേഖ് പാസ്സ് കടക്കാനാകൂ! ഞങ്ങൾക്ക് മുമ്പേ പോയ കൈലാസ്-മാനസസരസ്സ് യാത്രാ സംഘവുമായി അവർ എത്തിച്ചേരാൻ അല്പം വൈകി.

തണുപ്പ് അനുഭവപ്പെടുന്നു. കൈകാലുകൾ വ്യായാമമുറപോലെ അനക്കുന്നുണ്ടായിരുന്നു. നിന്നു കൊണ്ടുള്ള ഓട്ടം!  

അപ്പുറത്ത് കുതിരകളുടെ കുളമ്പടി ശബ്ദം. ഞങ്ങൾക്ക് മുമ്പേ കൈലാസ-മാനസസരസ്സ് പരിക്രമണത്തിന് പോയ സംഘം അതിർത്തിക്ക് ഇപ്പുറത്ത് കാല് കുത്തി! ആ സമാഗമ സംഗമത്തിന് മാധുര്യം ഏറെ. പരസ്പരം കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ചൂടാറാത്ത നേരനുഭവങ്ങളുടെ കൈമാറ്റത്തിന്റെ ഊഷ്മളത ! ഹിമാലയത്തിലെ ശൈത്യത്തിന് അല്പം കുറവ് സംഭവിച്ചോ ? 

ഡോ: ധവാൻ ചൈനീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് വിസാ സംബന്ധിച്ച കാര്യങ്ങളെല്ലാം നീക്കി. ഇന്ത്യൻ കുതിരപ്പുറത്തുള്ള ഭാണ്ഡങ്ങൾ ചൈനീസ് കുതിരപ്പുറത്ത് കയറ്റി. 

"ദേവാനുഭാവധരനുത്തരദിക്കിലുണ്ടു
മേവുന്നു മാമല ഹിമാലയനാമധേയന്‍
ആഴിക്കു രണ്ടിനുമിടയ്ക്കു കിടക്കയാലീ-
യൂഴിക്കരയ്ക്കളവു ചങ്ങലയെന്നപോലെ"
(കുമാരസംഭവം)

'ആഴിക്കരയിൽ നിന്ന്  'അളവു ചങ്ങല'യിലൂടെ 'ദേവാനുഭാവ' നടുത്തേക്കുള്ള യാത്ര!

ITBP ജവാന്മാരോടും, ഇന്ത്യൻ പോണിവാലകളോടും ചുമട്ട്കാരോടും യാത്ര പറഞ്ഞ് ഞങ്ങൾ തിബത്തിൽ കാല് കുത്തി.  Roof of the World "ലോകത്തിന്റെ മുകൾതട്ടിൽ "! ഉയരങ്ങളിൽ ഞങ്ങൾ. താഴെ, മുന്നിൽ പ്രകൃതിയുടെ ദൃശ്യാവിഷ്ക്കാരം! ലക്ഷക്കണക്കിന് വർഷങ്ങൾ കൊണ്ട് സജീകരിച്ച രംഗപടം! മഞ്ഞുപാളികൾ ഉദയ രശ്മിയിൽ തിളങ്ങുന്നു! അങ്ങ് ദൂരെ ഉരുകിയൊലിക്കുന്ന മഞ്ഞിന്റെ പ്രവാഹത്തിന് (?) ഭീതിജനകമായ ഗാംഭീര്യം! ഫോട്ടോഗ്രാഫി നിരോധിച്ചിരിക്കുന്നു. അകതാരിലെ ലെൻസിൽ പതിഞ്ഞ ചിത്രങ്ങൾക്ക് ഇന്നും മങ്ങലേറ്റിട്ടില്ല!

"മഞ്ജുത്വമാർന്ന മണിരാശി പെറും മലയ്ക്കു
മഞ്ഞിന്റെ ബാധയഴകിന്നൊരു ഹാനിയല്ല 
മുങ്ങുന്നപോൽ ഗുണഗണത്തിലൊരൊറ്റ ദോഷ-
മങ്കം ശശാങ്കകിരണങ്ങളിലെന്നപോലെ!"
(കുമാരസംഭവം)

"അനവധി വിശിഷ്ടരന്തങ്ങളുടെ ഉദ്ഭവസ്ഥാനമായ ഹിമാലയത്തിലെ ഹിമം സൗഭാഗ്യഭംഗം വരുത്തുന്നില്ല. ഗുണങ്ങൾ ഒത്തുചേർന്നുള്ളിടത്തു ഒന്നിച്ച് ചേർന്നു നില്ക്കുന്ന ദോഷം ചന്ദ്രന്റെ കിരണങ്ങളിൽ കളങ്കമെന്നപോലെ മാഞ്ഞു പോകുന്നു"
(കാളിദാസ സാഹിത്യ സർവ്വസ്വം)

വ്യക്തികൾക്കും ഇത് ബാധകമാകാം! 

"നിങ്ങളാരാണെന്ന് ആരോടും വിശദീകരിച്ചു കൊടുക്കേണ്ട കാര്യമില്ല. കാരണം നിങ്ങളെ ഇടപ്പെടുന്നവർ അത് ആവശ്യപ്പെടുന്നില്ല; നിങ്ങളെ ഇഷ്ടപ്പെടാത്തവർ അതൊട്ട് വിശ്വസിക്കുകയുമില്ല".

സംഘർഷഭരിതമായ  ദിവസങ്ങളിലായിരുന്നു - വ്യക്തിപരമായി - കൈലാസ്-മാനസസരസ് യാത്ര എന്നത് കൊണ്ടാകാം ഇത്തരം ചിന്തകളും മനസ്സിലേക്ക് കടന്ന് വന്നത്!

നവീഡാങിൽ നിന്ന് ലിപുലേഖ് പാസ്സ് വരെ 7 കി.മി. . ആ 7 കി.മീ കഠിനമായിരുന്നു. അവസാനത്തെ ഒരു കിലോമീറ്റർ ഒച്ച് ഇഴയുന്ന വേഗതയും. 

തക്ലാകോട്ടിലേക്കുള്ള ബസ്സ് ഏർപ്പെടുത്തിയിരിക്കുന്ന സ്ഥലത്ത് എത്താൻ ലിപുലേഖ് പാസ്സ് കടന്ന് 5 കിലോമീറ്റർ താഴേക്ക് നടക്കണം. ഇനിയങ്ങോട്ട് തിബറ്റിലെ Ali District Tourist Agency -യാണ് യാത്രയുടെ ചുമതല വഹിക്കുന്നത്. അവർ ഏർപ്പെടുത്തിയ ഗൈഡുകൾ കൂടെയുണ്ടാകും! കുതിര ഏർപ്പാട് ചെയ്തവർ കുതിരപ്പുറത്ത് യാത്ര ചെയ്യുന്നു. 

പെട്ടെന്നാണ് അത് സംഭവിച്ചത്. ഡോ.അരവിന്ദ് പരാസിനിസ് കയറിയ കുതിര ഇടഞ്ഞു.  വലതുവശം കിഴക്കാംതൂക്കായ മലഞ്ചെരിവിലൂടെ കുതിരപ്പട്ടയിൽ കാൽ കുടുങ്ങിയ അദ്ദേഹത്തേയുംകൊണ്ട് കുതിര പാഞ്ഞു. സഹയാത്രികൻ, ഉത്തരപ്രദേശ്കാരനായ അനിൽ ദുബേയും ഗൈഡുകളും കുതിരക്കാരും ചേർന്ന്  കുതിരയെ തടഞ്ഞു നിർത്തി. ഡോ : പരാസിനിസിന്റെ വലത് ചുമൽ സന്ധിക്ക് സ്ഥാനഭൃംശം സംഭവിച്ചു.

ഞങ്ങൾ അദ്ദേഹത്തിന് ചുറ്റും കുടി. ഭക്തി പാരവശ്യത്തോടെ കൈലാസ-മാനസസരസ് യാത്രയ്ക്ക് പോകുന്ന യാത്രക്കാരിൽ രണ്ട് തരം സ്വഭാവം കാണാൻ കഴിഞ്ഞു. ഡോ : പരാസിനിസിനെ സഹായിക്കാതെ ചുരുക്കം ചിലർ നിസ്സാംഗതയോടെ കടന്ന് പോയി. വിശ്വാസങ്ങൾ വ്യക്തിനിഷ്ഠമാണെന്നും, വിശ്വാസങ്ങൾ മനുഷ്യന്റെ വിജ്ഞാന തൃഷ്ണയാണെന്നും, സമസൃഷ്ടി സ്നേഹമാണ് പരമമായ കർത്തവ്യമെന്നും പറഞ്ഞുകൊണ്ട്  അനിലിന്റെ നേതൃത്വത്തിൽ "ഓം നമഃശിവായ " ഉരുവിട്ടു കൊണ്ട് ചിലർ ഡോക്ടർ പരാസിനിസിന് വേണ്ട സഹായങ്ങൾ ചെയ്തു. മതത്തിന്റെ മൗലികതയിൽ വിശ്വസിക്കുന്നവരുടെ രണ്ട് മുഖങ്ങൾ !

ബസ്സ് നിൽക്കുന്ന സ്ഥലത്തെത്തി ലഗേജുകൾ പ്രത്യേകം ഏർപ്പെടുത്തിയിരുന്ന ട്രക്കിൽ കയറ്റി! ബസ്സിൽ ഞങ്ങളും കയറി.  ബാഗുകളെല്ലാം ലോക്ക് ചെയ്യണമെന്ന നിർദ്ദേശമുണ്ടായിരുന്നു. മോഷണങ്ങൾക്ക് സാധ്യതയുണ്ട്. ഞാനും ബാഗ് ലോക്ക് ചെയ്താണ് ഏല്പിച്ചത്! മധുരമനോജ്ഞ ചൈനയെ വിശ്വാസമില്ലാത്തത് കൊണ്ടല്ല!

ഇടുങ്ങിയ മൺപാതയിലൂടെയുള്ള ബസ്സ് യാത്ര ഭയപ്പെടുത്തുന്നതായിരുന്നെങ്കിലും ആസ്വദിച്ചു. വഴിയില്ലാവഴിയിലൂടെ ഒരുളൻ കല്ലുകൾക്ക് മുകളിലൂടെ, നീർച്ചാലുകൾക്ക് കുറുകെ, ആടിയുലഞ്ഞുള്ള യാത്ര! ഇടയ്ക്ക് കാണുന്ന  Mani Wall ജനവാസ മേഖലയ്ക്ക് തെളിവ്. ബുദ്ധമത ആരാധനയുടെ പ്രതീകം. 

ഉച്ചകഴിഞ്ഞ് 3 മണിക്ക് തക്ലാകോട്ട് ഗസ്റ്റ് ഹൗസിൽ എത്തിച്ചേർന്നു. വെണ്ണ ചേർത്ത ചായ തന്ന് സ്വാഗതം. ഉച്ചഭക്ഷണം ഇല്ല. നവീഡാങിൽ നിന്ന് KMVN  കനത്ത പ്രഭാത ഭക്ഷണപ്പൊതി നൽകിയിരുന്നു. വിശപ്പടക്കാൻ അത് ധാരാളം !

സാമാന്യം തരക്കേടില്ലാത്ത മുറികൾ. പക്ഷേ കക്കൂസ് സംവിധാനം വളരെ മോശം! ഗസ്റ്റ് ഹൗസ് പരിസരത്ത് ദൂരെ മാറി ഏകദേശം 10 മീറ്റർ നീളത്തിൽ, രണ്ട് മീറ്റർ ആഴത്തിൽ ഒരു കുഴി ! കുഴിക്ക് കുറുകെ തടി കഷണങ്ങൾ! അതിലിരുന്ന് താഴേക്ക് സാധിക്കണം! ഒരു തരം open defecation! നിരനിരയായാണ് ഇരിക്കുന്നതെങ്കിലും ക്യാബിനുകൾ പോലെ മറയുണ്ടെന്നത് ആശ്വാസം! 

അതിരാവിലെ മുതലുള്ള യാത്ര! എല്ലാവരും വല്ലാതെ ക്ഷീണിതരായിരുന്നു. ഇരുൾ വീണതിന് ശേഷമാണ് ഒത്തുകൂടിയതത്.

ഡോ.പരാസിനിസിന് പറ്റിയ അപകടം ചർച്ചാ വിഷയമായി. സഹായഹസ്തം നീട്ടാൻ തയ്യാറാകാത്തവരിൽ തെളിഞ്ഞ് നിന്നത് സ്വന്തം മതബോധത്തിലുപരി അന്യമത ഭത്സനമാണ്. മുഹമ്മദ് ഗസ്നി മുതൽ ബാബർ വരെ സംഭാഷണ വിഷയമായെങ്കിലും ചരിത്രബോധത്തെക്കാളേറെ തെളിഞ്ഞു നിന്നത് സമകാലീന ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രചരണ തന്ത്രങ്ങളുടെ ആവർത്തനമായിരുന്നു! അന്യമത സഹിഷ്ണുത നിലനിർത്തിയിരുന്ന ഭൂരിപക്ഷത്ത് അനിൽ ദുബേയും. മതം, വിശ്വാസം, ശാസ്ത്ര ചിന്ത എന്നിവ വ്യക്തി നിഷ്ഠമാണെന്നും, സത്യാന്വേഷണത്തിന്റെ ഉപാധികളാണെന്നും, മനുഷ്യത്വം നശിച്ച മതബോധംകൊണ്ടൊരു കാര്യമില്ലെന്നും അവർ വീറോടെ വാദിച്ചു.

ഹിമാലയ പാർശ്വത്തിൽ, കൈലാസ മാനസസരസ്സിനരികെ 'സ്വർഗ്ഗത്തിലേക്കുള്ള വഴിയിലെ അവസാന സ്റ്റോപ്പിൽ' തണുത്തുറഞ്ഞ അന്തരീക്ഷത്തിൽ, ചെറു ചൂട് പകർന്ന ചർച്ച ഇന്നും കൗതുകത്തോടെ ഓർക്കുന്നു! മതത്തിന്റെ ആചാരാനുഷ്ഠാനങ്ങളിൽ വിശ്വസിക്കുന്നവരുടെ രണ്ട് മുഖങ്ങൾ! മഞ്ഞുരുകേണ്ടത് അനിൽ ദുബേയും കൂട്ടരും നൽകുന്ന ചെറുചൂടുകെണ്ടല്ലേ?

********************************************

അതിർത്തി കടന്ന് ചൈനയിലെ, തിബറ്റിലെ, താക്ലാക്കോട്ടയിലേക്കുള്ള ഈ ദിവസത്തെ യാത്രാനുഭവങ്ങൾ 'സ്വർഗ്ഗത്തിലേക്കുള്ള വഴിയിലെ അവസാന സ്റ്റോപ്പിൽ ഒരു സംവാദം ' എന്ന ശീർഷകത്തിൽ 2003 ജൂൺ 22-ലെ ദേശാഭിമാനി വാരാന്തപ്പതിപ്പിൽ എഴുതിയിരുന്നു! 

JP