കൈലാസത്തിൽ ഓണം ആഘോഷിക്കാനുള്ള ഭാഗ്യം എന്തായാലും 'വാമനജയന്തി'ക്കാർക്ക് ലഭിച്ചിരിക്കാൻ ഇടയില്ല !!! ഓണാശംസകൾ!
2016 - സെപ്തംബർ 14. തിരുവോണം. 1997 സെപ്തംബർ 14 തിരുവോണ ദിവസമായിരുന്നു. അന്ന് 19500 അടി ഉയരത്തിൽ, കൈലാസയാത്രയ്ക്കിടയിലെ ഡോൾമാ പാസ്സിൽ ഓണം ആഘോഷിച്ചത് ഓർമ വരുന്നു. ഒരു വശത്ത് കൈലാസ ശൃംഗം മറുവശത്ത് "Axe of Karma" എന്ന മലനിരകൾ.
അച്ഛൻ തന്ന് വിട്ട ശർക്കരവരട്ടി, മലയാളികളുടെ ദേശീയ ഉത്സവമായ തിരുവോണ ദിവസം അന്നാണെന്ന് അറിയിക്കുകയും, "sweet-coated banana fry" എന്ന് പറഞ്ഞ് വിതരണം ചെയ്യുകയും, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന സഹയാത്രക്കാരിൽ നിന്ന് "Happy ONAM" ആശംസകൾ ഏറ്റ് വാങ്ങി, ഓണാഘോഷം വ്യത്യസ്ത അനുഭവമാക്കി!
കൈലാസ് പരിക്രമണത്തിന്റെ ബേസ് ക്യാമ്പായ ദർച്ചനിൽ നിന്ന് ഡോൾമാ പാസ്സിലേയ്ക്കുള്ള യാത്രയുടെ കാഠിന്യം ലെയ്സൺ ഓഫീസറായ ഡോ: ധവാൻ വിശദീകരിച്ചിരുന്നു. മാത്രമല്ല ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ ധർച്ചൂളയിൽ വച്ച് സമഗ്രമായ നിർദ്ദേശങ്ങൾ നൽകിയ ഇന്ത്യോ-ടിബറ്റൻ ബോർഡർ പോലീസിലെ ഓഫീസറുടെ മുന്നറിയിപ്പ് ഓർമിച്ച് കൊണ്ടാണ് ഹിമാലയത്തിലെ തരുനിരകളിലൂടെയും, ഹിമനിരകളിലൂടെയും കാൽനടയായി യാത്ര ചെയ്തത്. "Don't be Gama in the land of Lama, otherwise you'll be Paijama"! ആ മുന്നറിയിപ്പിന്റെ അർത്ഥവ്യാപ്തി യാത്രയിലുടനീളം അനുഭവിച്ചറിഞ്ഞിരുന്നു.
1997-ലെ ഉത്രാടരാത്രി അവിസ്മരണീയവും നടുക്കുന്നതുമായിരുന്നു. തലേ ദിവസം രാത്രി ദർച്ചനിൽ വച്ച് ഹൃദയസ്തംഭനം മൂലം മൃതിയടഞ്ഞ ജർമൻകാരന്റെ മുഖം പ്രസന്നമായിരുന്നു. ജീവനില്ലാത്തതിന്റെ ലക്ഷണമൊന്നുമില്ല. അതിശൈത്യത്തിൽ മരണത്തിലായിരിക്കുമോ നാം സുസ്മേരവദനരാകുക!
ഡെർബ്യൂലെ ക്യാമ്പിൽ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ തെക്കേ അറ്റത്തെ 'ഉത്രാടപ്പാച്ചിൽ' വിശേഷങ്ങളറിയാതെ സൂര്യൻ ചക്രവാളസീമയിൽ അന്തിച്ചുവപ്പ് വിതറിയപ്പോൾ, ഞങ്ങൾ 15 പേർ വിവിധ ഭാഷ സംസാരിക്കുന്നവരും മലയാളിയായ ഞാനും എത്തിചേർന്നു. യാക്കുകളുടെ പുറത്ത് ഞങ്ങളുടെ ലഗേജുമായി ആരോഗ്യദൃഢഗാത്രരായ ടിബറ്റൻ നാടോടികളും. രാത്രി അടുത്ത ദിവസം ഡോൾമാ പാസ്സിലേയ്ക്കുള്ള തായ്യാറെടുപ്പുകളെക്കുറിച്ചുള്ള ചർച്ചയായിരുന്നു. കടന്ന് പേകേണ്ട വഴികളെക്കുറിച്ച് ഡോ : ധവാൻ വിശദീകരിച്ചു. പ്രാണവായുവിന്റെ കുറവ് ശ്വാസതടസ്സമുണ്ടാക്കിയേക്കാം. അത്യാവശ്യ ഘട്ടത്തിൽ കൈയ്യിൽ കരുതിയിരിക്കുന്ന ചെറിയ ഓക്സിജൻ സിലിണ്ടർ (ബോഡി സ്പ്രേയുടെ വലിപ്പത്തിലുള്ളത്) ഉപയോഗിക്കണം. സ്വയം ഉപയോഗിക്കാൻ കഴിയാതെ വന്നാൽ മറ്റൊരാളുടെ സഹായം തേടണം. മൗത്ത് -ടു- മൗത്ത് പ്രാണവായു നൽകേണ്ടി വന്നാൽ അങ്ങനെയും ജീവൻ രക്ഷിക്കണം. അത് കൊണ്ട് എല്ലാവരും ഒന്നിച്ച് തന്നെ യാത്ര ചെയ്യണം. കയറ്റം കയറുന്ന അതെ വേഗത്തിലെ ഇറക്കവും ഇറങ്ങാവു. വളരെ സാവധാനം, അടിവച്ചടിവച്ച്. അതെ "Don't be Gama in the land of Lama, otherwise you'll be Paijama"!
Hill of Death - മരണത്തിന്റെ കുന്ന് കടന്ന് വേണം പോകാൻ. താഴ്വാരങ്ങളിൽ മരിക്കുന്നവരെ സംസ്ക്കരിക്കുന്ന (?) സ്ഥലമാണത്. ( ശവശരീരങ്ങൾ കഷണങ്ങളാക്കി മരണത്തിന്റെ കുന്നിൽ എത്തിക്കും, ഹിമാലയത്തിലെ പട്ടികൾക്കും, പക്ഷികൾക്കും അത് ഭക്ഷണമാകും! ധനികരുടെ പരിപാവനമായ ശവസംസ്ക്കാര രീതിയാണത്. വൃക്ഷകളുടെ അഭാവം വിറകിന്റെ ലഭ്യത ഇല്ലാതാക്കുന്നു. അതിശൈത്യം മൃതദേഹം മണ്ണിൽ ചേരുന്നതിന് തടസ്സമാകുന്നു. ഓരോ പ്രദേശത്തേയും കാലവസ്ഥയും മറ്റും കണക്കിലെടുത്താണ് സ്വർഗയാത്ര (?) !
പുറത്ത് പൂനിലാവിന്റെ പശ്ചാത്തലത്തിൽ കൈലാസ ശൃംഗത്തിന്റെ മനോഹരകാഴ്ച! മരംകോച്ചുന്ന - അതിന് മരം എവിടെ - അല്ല കോച്ചുന്ന തണുപ്പിൽ ഞാൻ ടിൻ ഷീറ്റ് കൊണ്ട് മറച്ച ക്യാമ്പ് ഷെഡ്ഡിൽ നിന്ന് പുറത്തിറങ്ങി! സഹയാത്രക്കാരെല്ലാം ഗാഢനിദ്രയിൽ. എവിടെ നിന്നോ സംഭരിച്ച വിറക് കൊള്ളികൾ കത്തുന്നു. ആളി കത്തുന്നില്ല. ചുറ്റും വളഞ്ഞിരുന്ന് വെടി പറയുന്ന നാടോടികളുടെ അടുത്തേയ്ക്ക് ഞാൻ നീങ്ങി. എന്നിലെ 'പ്രൊലറ്റേറിയൻ ചിന്ത' (?) അവരെക്കുറിച്ചറിയാനുള്ള കൗതുകം ഉണർത്തി! എവിടെ? അവരുടെ ഭാഷയുടെ ഒരക്ഷരം പോലും മനസ്സിലായില്ല. നാടൻ വാറ്റിന്റെ ലഹരിയിൽ അവരുടെ തുറിച്ച് നോട്ടം അത്ര പന്തിയല്ലെന്ന് കണ്ടപ്പോൾ, പൂനിലാവിൽ കുളിച്ച് നില്ക്കുന്ന കൈലാസത്തെ ഒന്ന് കൂടി നോക്കിയ ശേഷം, കൂടുതൽ ആസ്വദിക്കാൻ നിൽക്കാതെ ക്യാമ്പ് ഷെഡ്ഡിലേയ്ക്ക് വലിഞ്ഞു.
തിരുവോണ ദിവസം ഉണർന്നത് ഡോ: ധവാന്റെ അമ്പരപ്പിക്കുന്ന ചോദ്യം നേരിട്ട് കൊണ്ടാണ്. "You want cremation"? തലേ ദിവസം ഉറക്കത്തിൽ 'I want cremation' എന്ന് ഇടയ്ക്കിടയ്ക്ക് ഞാൻ വിളിച്ച് പറയുന്നുണ്ടായിരുന്നു എന്നാണ് സഹയാത്രക്കാർ പറഞ്ഞത്. ജർമൻകാരന്റെ മരണവും മരണക്കുന്നിനെക്കുറിച്ചുള്ള വിവരങ്ങളും, എന്റെ ഉപബോധമനസ്സിൽ ഉറച്ച് പോയ 'സ്വർഗയാത്ര'(?)യ്ക്ക് വിഘാതമാകുമോ എന്ന ഭയമാകാം ഞാൻ 'cremation' ആവശ്യപ്പെട്ടത് !!
ഡോൾമാ പാസ്സിലേയ്ക്കുള്ള യാത്ര കഠിനമായിരുന്നു. ചുരുക്കം ചിലർ യാക്കിന്റെ പുറത്തായിരുന്നു യാത്ര. ആരും ആരെയും ശ്രദ്ധിക്കാതെ, തിരിഞ്ഞ് നോക്കാതെയുള്ള യാത്ര! തമിഴ്നാട്കാരനായ ശ്രീ രാധ തളർന്ന് വീണു. ഗൈഡ് ഡേവിഡ് ഓടിച്ചെന്ന് ഓക്സിജൻ നല്കി. ഇതെല്ലാം കാണുമ്പോഴും ആരും തന്നെ താഴോട്ട് ഇറങ്ങി വന്ന് രാധയുടെ കാര്യം തിരക്കാൻ തയ്യാറായില്ല. മഹാഭാരതത്തിൽ പാണ്ഡവർ സ്വർഗാരോഹണത്തിന് പോകുമ്പോൾ ആരും തിരിഞ്ഞ് നോക്കരുത് എന്ന് പറഞ്ഞതിന്റെ സാരം അപ്പോഴാണ് മനസ്സിലായത് !!
'മരണത്തിന്റെ കുന്ന്' കടക്കുമ്പോൾ ശവശരീരങ്ങൾ കൊണ്ട് വയ്ക്കുന്ന സ്ഥലം കാണാൻ താല്പര്യം തോന്നി. പോകുന്ന വഴിയിൽ നിന്ന് അല്പം വ്യതിചലിച്ച് നടന്നു. അങ്ങ് ദൂരെ രോമാവൃതമായ ശരീരത്തോട് കൂടിയ ഹിമാലയത്തിലെ പട്ടികൾ! മനുഷ്യമാംസം തിന്ന് വളരുന്ന അവറ്റകളുടെ നോട്ടം ഭയുളവാക്കി. മുമ്പ് പല യാത്രക്കാരെയും ഈ നായ്ക്കൾ ആക്രമിച്ചിട്ടുണ്ട്. പതുക്കെ തിരിച്ച് നടന്നു. അവർ എന്തായാലും പിന്നാലെ വന്ന് ആക്രമിച്ചില്ല. (കേരളത്തിലെ തെരുവ് നായ്ക്കളുടെ സ്വഭാവം അവർക്കില്ലെന്ന് തോന്നുന്നു!)
ഡോൾമാ പാസ്സിലെ അനുഭവം. തൊട്ടടുത്ത് കൈലാസം! എതിർവശത്ത് axe of Karma എന്ന മലനിരകൾ. വെള്ളിമേഘ ശകലങ്ങളോട് കൂടിയ നീലാകാശം തലയ്ക്ക് തൊട്ട് മുകളിൽ. ഋഗ്വേദ സൂക്തങ്ങൾ ഉരുവിട്ട് കൊണ്ടുള്ള ഹോമം! മറ്റ് പതിമൂന്ന് പേരുടെയും ക്യാമറകൾ എന്റെയും കാൺപൂർ ഐ.ഐ.റ്റി. യിൽ നിന്ന് വിരമിച്ച തികഞ്ഞ നിരീശ്വരവാദിയായ പ്രൊ: അരവിന്ദ് പരാസിനിസിന്റെയും (ഇദ്ദേഹം ശ്രീ എൽ.കെ അഡ്വാനിയുടെ ബന്ധുവാണ്) കൈയ്യിലും കഴുത്തിലും. ദൃശ്യങ്ങൾ പകർത്തുന്നതിന്റെ തിരക്കിലായിരുന്നു ഞങ്ങൾ. മറ്റുള്ളവർ ഭക്തിപുരസരം പൂജകളിൽ മുഴുകി.
പൂജകൾ അവസാനിച്ചപ്പോഴാണ് എന്റെ ഓണാഘോഷം ആരംഭിച്ചത്. കൈലാസത്തിൽ ഓണം ആഘോഷിക്കാനുള്ള ഭാഗ്യം എന്തായാലും 'വാമനജയന്തി'ക്കാർക്ക് ലഭിച്ചിരിക്കാൻ ഇടയില്ല !!!
അങ്ങനെ തിരുവോണ ദിവസം ഗൗരീകുണ്ഡിലെ തീർത്ഥജലവും സംഭരിച്ച് കൈലാസ പരിക്രമണം പൂർത്തിയാക്കി ദർച്ചനിലെ ക്യാമ്പിൽ വീണ്ടും എത്തിചേർന്നു. അടുത്ത ദിവസം, മൂന്നാംഓണ ദിവസം മാനസ്സസരസ് പരിക്രമണത്തിനായി ഹോറെയിലേയ്ക്ക് തിരിച്ചു.
ഓണാശംസകൾ !!
No comments:
Post a Comment