Wednesday, August 31, 2016

കോട്ടിയമ്പലം - കഥ

'കൊട്ടിയമ്പലം'* - കഥ

ആ യുവാവ് ഓടുകയായിരുന്നു. കാപാലികർ അയാളുടെ രക്തത്തിന് വേണ്ടി പുറകേ പായുന്നുണ്ടായിരുന്നു.

രാജവീഥിയിൽ ആബാലവൃദ്ധം ജനങ്ങൾ അയാളുടെ രക്ഷയ്ക്കായി തടിച്ചുകൂടി. അവർക്ക് അറിയാമായിരുന്നു ആ യുവാവ് ഭാവിയുടെ വാഗ്ദാനമാണെന്ന്.

വ്യാജ തെളിവുകളുമായാണ് കാപാലികർ ആ യുവാവിന്റെ പുറകേ പായുന്നത്!

ജനസഹസ്രങ്ങൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. “ആ ഉദ്യാനത്തിലേക്ക് കയറൂ! ഉദ്യാന ഉടമസ്ഥൻ നീതിമാനാണ്! താങ്കളെ രക്ഷിക്കും!

യുവാവ് വേഗത്തിൽ ഉദ്യാന കവാടത്തിലൂടെ വൃക്ഷത്തണലിൽ ഉപവിഷ്ടനായിരുന്ന നീതിമാന്റെ മുന്നിലെത്തി!

ഉദ്യാനപാലകന്മാർ ആ യുവാവിന്റെ നേരെ ആക്രോശിച്ചു. “നീ കുറ്റവാളിയാണെന്ന് ഞങ്ങൾ തീരുമാനിച്ചു കഴിഞ്ഞു. 1948 ജനുവരി 30-ന് ഞങ്ങൾ ശിക്ഷ വിധിച്ച ഒരാളെ ഞങ്ങൾ തന്നെ യമപുരിക്കയച്ചിട്ടുണ്ട്”.

ഉദ്യാനപാലകർ ആ യുവാവിനെ വളഞ്ഞിട്ട് മർദ്ദിച്ചു! കുതറിയോടിയ യുവാവ് വീണ്ടു രാജവീഥിയിലെത്തി!

ജനസഹസ്രങ്ങൾ ഒരേ സ്വരത്തിൽ പറഞ്ഞു “ആ കൊട്ടാരത്തിലേയ്ക്ക് കയറു! അവിടെ നിനക്ക് നീതി ലഭിക്കും”.

പാഞ്ഞടുക്കുന്ന കാപാലികരെ പിന്തള്ളി ആ യുവാവ് കൊട്ടാരകാരണവന്മാരുടെ മുന്നിലെത്തി!

“എന്നെ രക്ഷിക്കണം ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല! ശരി മാത്രമേ ചെയ്തിട്ടുള്ളൂ” “എന്നെ വധിക്കാൻ കാപാലികർ പുറത്ത് കാത്ത് നിൽക്കുന്നു”

“നീ ആരാ?” കാരണവന്മാർ ചോദിച്ചു.

“സർ ഞാൻ ഗ്രാമവാസിയാണ്. നഗരത്തിൽ പഠിക്കാൻ വന്നതാണ്” യുവാവ് ബഹുമാനപൂർവ്വം പറഞ്ഞു.

“ഓ! നീ ധിക്കാരിയാണല്ലേ? പഠനം നിന്നെ വഷളാക്കിയല്ലേ?”

“എന്താ സർ, അങ്ങനെ പറയാൻ” യുവാവ് ആരാഞ്ഞു

“ യജമാൻ എന്ന് വിളിക്കാതെ നീ എന്തിനാ ഞങ്ങളെ സർ എന്ന് വിളിക്കുന്നത്” കാരണവർ കോധത്തോടെ ചോദിച്ചു

“എന്നെ രക്ഷിക്കണം. അവർ എന്നെ കൊല്ലും” യുവാവ് അപേക്ഷിച്ചു.

“ആട്ടെ. നീ പ്രധാന വാതിലുടെ അല്ലേ ഇവിടെ പ്രവേശിച്ചത്.  ‘ കൊട്ടിയമ്പലം’ വഴി പ്രവേശിക്കൂ! അപ്പോൾ മാത്രമേ നിന്റെ അപേക്ഷ പരിഗണിയ്ക്കാനാകൂ” കാരണവന്മാർ  കല്പിച്ചു.

കിങ്കരന്മാർ ആ യുവാവിനെ കാരാഗ്രഹത്തിലേയ്ക്ക് കൊണ്ടുപോയി. രാജവീഥിയിൽ അണിനിരന്ന ജനസാമാന്യം ആ യുവാവിന്റെ ജീവന് വേണ്ടി പ്രാർത്ഥിച്ചു.
----------------------------------------

* കൊട്ടിയമ്പലം - പഴയ നാല് കെട്ടുകളിൽ പുറകുവശത്തുള്ള പ്രവേശന കവാടം. അധസ്ഥിതർക്ക് പ്രവേശിക്കാനുള്ളത്.

No comments:

Post a Comment