വിനോദസഞ്ചാരത്തിന്റെ
രാഷ്ട്രീയം
ജെ.പി. ചന്ദ്രകുമാർ
പശു പാൽ തരും പോലെ ഓണം നമുക്ക് അവധി തരുന്നു. അവധികളെ നമ്മൾ
ആഘോഷമാക്കുന്നു. ആഘോഷങ്ങൾ സർക്കാരിനും മുതലാളിവർഗത്തിനും ലാഭം തരുന്നു. ലാഭവും കാണംവിൽക്കലും ഒത്ത്
ചേർന്നപ്പോൾ ഓണം ടൂറിസം വരാഘോഷമായി.
ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്നും മടങ്ങിവന്ന സന്ദർഭത്തെ പ്രവാസിഭാരതീയ
ദിനമായി ആചരിക്കുമ്പോൾ നമ്മിൽ ഉണർത്തുന്നത് ചരിത്രബോധം. ഓണദിനങ്ങൾ വിനോദസഞ്ചാരമായി
ആഘോഷിക്കുമ്പോൾ എന്ത് ബോധമാണ് നമ്മിൽ ഉളവാക്കുന്നത്? അവധി ദിനങ്ങളിലെ ആലസ്യമായ ഒത്ത്ചേരലാണ്
വിനോദസഞ്ചാരമെന്ന് വിവക്ഷിക്കാനാകുമോ? ഓണത്തിന്റെ
ഐതീഹ്യപരിസരത്ത് നിന്ന് പരിശോധിക്കുമ്പോൾ പ്രജാക്ഷേമതല്പരനായ ഭരണാധികാരിയുടെ
പാതാളത്തിൽ നിന്നുള്ള മടങ്ങിവരവ് വിനോദസഞ്ചാരം! പ്രജക്ഷേമം തിരഞ്ഞെടുക്കപ്പെട്ട
അവസരങ്ങളിൽ മതി എന്ന സന്ദേശമാണോ ഇത് നമ്മിലേക്ക് സന്നിവേശിപ്പിക്കാൻ
ശ്രമിക്കുന്നത്. ജനങ്ങൾക്ക് നൈമിഷിക സന്തോഷം മതിയെന്ന്! നിമിഷങ്ങളെല്ലാം നമ്മിൽ
നിന്നകറ്റി നമ്മൾ എന്ത് കാണണമെന്ന് നമ്മൾ എവിടെ ഉറങ്ങണമെന്ന് നിശ്ചയിക്കുന്നത്
വേറെ പലരുമാണ്. ഇവിടെയാണ് വിനോദസഞ്ചാരത്തിന്റെ രാഷ്ട്രീയം
മനസിലാക്കേണ്ടത്.വ്യക്തികളുടെ അല്പനേര സന്തോഷമല്ല വിനോദസഞ്ചാരം.
ടൂറിസത്തിന് - വിനോദസഞ്ചാരത്തിന്
രാഷ്ട്രീയമുണ്ട്. കക്ഷിരാഷ്ട്രീയമെന്ന സങ്കുചിത അർത്ഥത്തിലല്ല 'രാഷ്ട്രീയം' എന്ന പദം പ്രയോഗിച്ചത്. 'സുന്ദരമായ ഈ ഭൂമി'യിൽ വൈവിധ്യമായ ജനവിഭാഗങ്ങൾ
വസിക്കുന്ന രാജ്യങ്ങളുടെ നിലനില്പ്പിനെ ബാധിക്കുന്ന ആശയങ്ങൾ എന്ന വിവക്ഷയിലാണ് 'രാഷ്ട്രീയം' എന്ന വാക്കുപയോഗിച്ചത്.
നമ്മുടെ സഹജമായ പരിസരത്ത് നിന്ന്
വ്യത്യസ്തമായ മറ്റ് ചുറ്റുപാടുകളിലേയ്ക്കുള്ള
വ്യക്തിഗതതാല്പര്യമനുസരിച്ചുള്ള യാത്രകളെയാണ്
വിനോദസഞ്ചാരം - Tourism എന്ന് പൊതുവെ വിശേഷിപ്പിക്കുന്നത്. പുതിയ പരിസരങ്ങളെ അടുത്തറിയാനുള്ള
ആഗ്രഹമാണ് അത്തരം യാത്രകൾക്ക് നമ്മെ പ്രേരിപ്പിക്കുന്നത്. ഉമ്മറപടിയിൽ
നിന്ന് ഇഴഞ്ഞ് മുറ്റത്തിറങ്ങുന്ന കുട്ടിയേയും വിനോദസഞ്ചാരിയായി കണക്കാക്കാം. പുതിയ
പരിസരത്തിന്റെ ആശ്ചര്യത്തിലേയ്ക്കാണ് കുട്ടി ഇഴഞ്ഞ് നീങ്ങുന്നത്. നിഷ്കളങ്കമായ ജിജ്ഞാസ വിനോദത്തിനും
വിജ്ഞാനത്തിനും വേണ്ടിയുള്ള തുടർന്നുള്ള
മനുഷ്യന്റെ യാത്രകളിൽ സ്വീകരിക്കുന്നുണ്ടോ?
Responsible Tourist - ഉത്തരവാദിത്വമുള്ള
വിനോദ സഞ്ചാരിയായി നാം മാറുന്നുണ്ടോ?
അന്വേഷണാത്മക ത്വരയോട്കൂടി വിവിധ
ഭൂഖണ്ഡങ്ങളിലൂടെ കൊളംബസും മാർക്കോപോളയും മറ്റ് സഞ്ചാരികളും നടത്തിയ യാത്രകൾ വിനോദോപാധിയോ പര്യവേക്ഷണമോ മാത്രമായിരുന്നില്ല.
പുതിയ ഭൂവിഭാഗങ്ങളുടെ കണ്ടെത്തുലുകളിലേയ്ക്കും, കണ്ടെത്തിയ പ്രദേശങ്ങളിലേക്കുള്ള
കുടിയേറ്റങ്ങളിലേയ്ക്കും, ആ കുടിയേറ്റങ്ങൾ അധിനിവേശ ഭരണക്രമത്തിലേയ്ക്കും നയിച്ചു എന്നത്
ചരിത്ര യാഥാർത്ഥ്യം. മാനവരാശിയുടെ പുരോഗതിയ്ക്കും സംസ്ക്കാരിക വിനിമയത്തിനും
സഹജമായ ചുറ്റുപാടുകളിൽ നിന്നും പുതിയ പരിസ്ഥിതികൾ തേടിയുള്ള മനുഷ്യന്റെ യാത്രകൾ
കാരണമായി.
സ്പെയിനിലെ മാഡ്രിഡ് ആസ്ഥാനമായി
പ്രവർത്തിക്കുന്ന യുണൈറ്റഡ് നേഷൻ വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ ആഹ്വാനപ്രകാരം
എല്ലാവർഷവും സെപ്തംബർ 27-ന് ലോക
വിനോദസഞ്ചാര ദിനമായി ആചരിക്കുന്നു.
സാമൂഹ്യ - സാംസകാരിക - രാഷ്ട്രീയ - സാമ്പത്തിക മേഖലകളിൽ
വിനോദസഞ്ചാരം ചെലുത്തുന്ന സ്വാധീനം തിരിച്ചറിയുന്നതായിരുന്നു 1980 മുതലുള്ള ലോക ടൂറിസം ദിനാചരണം. "Tourism is a social, cultural and
economic phenomenon which entails the movement of people to countries or places
outside their usual environment for personal or business/professional
purposes." അതെ സഹജമായ ചുറ്റുപാടുകളിൽ നിന്നും പുതിയ
പരിസ്ഥിതികൾ തേടിയുള്ള യാത്ര എന്നാണ് ഐക്യരാഷ്ട്ര സഭയുടെ ഏജന്സിയായ World Tourism Organization (UNWTO) ട്യൂറിസത്തെ - വിനോദസഞ്ചാരത്തെ വിവക്ഷിക്കുന്നത്. ഓരോ വർഷവും
ഓരോ പ്രമേയങ്ങൾ ചിന്താവിഷയമായി
തിരഞ്ഞെടുക്കുന്നു. 2014-ലെ ട്യൂറിസം ദിനാചരണത്തിന്
കേന്ദ്രസ്ഥാനമായി തിരഞ്ഞെടുത്തത്
മെക്സിക്കോയിലെ ഗൌഡലജര (Guadalajara)
നഗരമായിരുന്നു. 'വിനോദസഞ്ചാരവും
സാമൂഹ്യവികസനവും (Tourism and Community Development )' എന്നതായിരുന്നു
പ്രമേയം. 2015-ലെ ട്യൂറിസം ദിനാചരണം പടിഞ്ഞാറേ ആഫ്രിക്കയിലെ
കരയാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു രാജ്യമായ ബർക്കിനാ ഫാസോയിലാണ്. ‘ലക്ഷോപലക്ഷം വിനോദസഞ്ചാരികൾ, ലക്ഷോപലക്ഷം അവസരങ്ങൾ
(Millions of tourists, millions of opportunities)’ പ്രബലവിഷയം.
വിനോദ സഞ്ചാരത്തിന് കൈവന്ന അംഗീകാരത്തേയും പ്രധാന്യത്തേയുമാണ് ഇതെല്ലാം
സൂചിപ്പിക്കുന്നത്. വിനോദസഞ്ചാര രംഗത്ത് പ്രവർത്തിക്കുന്നവരും വിനോദസഞ്ചാരികളും സ്വീകരിക്കേണ്ട
10 ഇന 'കോഡ് ഓഫ് എത്തിക്സിനും'
UNWTO രൂപം നല്കിയിട്ടുണ്ട്. ഉത്തരവാദിത്വമുളള സ്ഥായിയായ
വിനോദസഞ്ചാരത്തിനുള്ള അടിസ്ഥാന മാർഗരേഖയായി ഈ 10 ഇന 'കോഡ് ഓഫ് എത്തിക്സിനെ
കണക്കാക്കുന്നു.
വ്യക്തിപരമായ
ഉല്ലാസത്തിനും വിജ്ഞാനത്തിനും വേണ്ടിയാണ് നാം വിനോദയാത്രകളിൽ ഏർപ്പടാറുള്ളത്.
അത്തരം യാത്രകൾ നമ്മുടെ ആർജ്ജിത സംസ്ക്കാരത്തേയും പുഷ്ടിപ്പെടുത്തും എന്നതിലും
സംശയമില്ല. അറിയപ്പെടാത്ത സ്ഥലങ്ങളിലൂടെയുള്ള യാത്രകൾ
പുത്തൻ അറിവുകൾ സ്വായത്തമാക്കാനും, ഭാഷാപരമായും ആചാരപരവുമായ
സാംസ്ക്കാരിക വൈവിധ്യങ്ങളെ അടുത്തറിയാനും
നമുക്ക് കഴിയുന്നു. അങ്ങനെ നേരിട്ടറിയുന്ന
ഭൗതിക പ്രപഞ്ചം ആശയപ്രപഞ്ചത്തിലും സ്വാധീനം ചെലുത്തും. ചരിത്രപരമായ
ഉൾക്കാഴ്ചയോടുകൂടി താജ്മഹൽ
സന്ദർശിക്കുന്നവർക്ക് ആ
സൗധത്തിന്റെ മനോഹരശില്പഭംഗി ആസ്വദ്യകരമാകുന്നതോടൊപ്പം നിർമാണത്തിലെ
മനുഷ്യദ്ധ്വാനത്തിന്റെ വൈപുല്യവും സഹനതയും നമ്മേ ആശ്ചര്യപ്പെടുത്തും. എന്നാൽ
പ്രതിലോമചിന്തയിൽ അധിഷ്ടിതമായ മനസ്സുമായി തജ്മഹലിനെ വീക്ഷിക്കുന്നവർ മതപരമായ
അസഹിഷ്ണത പ്രകടിപ്പിക്കും. തന്റെ
ഹൈന്ദവവികാരം (?) ഉണർന്നുവെന്നും
താജിലെ കബറുകളെല്ലാം നീക്കി ആ മനോഹരസൗധം ഇടിച്ചു നിരത്തണമെന്നും ആവശ്യപ്പെടുന്നവർ
മാനവരാശിയുടെ നൈതികതയേയും സഹിഷ്ണതയേയും ആണ് ചോദ്യം ചെയ്യുന്നത്. വിവിധ മതങ്ങളുടെ
ദാർശനികവും സച്ചരിതവുമായ വിശ്വാസങ്ങളെ ആക്ഷേപിക്കുന്നതും അവഹേളിക്കുന്നതും മനുഷ്യ
സംസ്ക്കാരത്തിന്റെ ആധാരശില ഇളക്കുന്ന പ്രവർത്തിയാണ്. മെക്കയിലേയ്ക്കുള്ള തീർത്ഥാടനം പ്രവാചാക
നന്മയുടെ ഓർമകളാണ് ഉണർത്തേണ്ടത്. ഇതര വിശ്വാസങ്ങളെ അസഹിഷ്ണതയോടെ കാണുന്ന
മാനസികാവസ്ഥയല്ല നമ്മിലുണ്ടാക്കേണ്ടത്.
പുരാണകഥകളിലൂടെ വായിച്ചറിഞ്ഞ ഹിമാലയത്തിലൂടെ, വിവിധ സംസ്ഥാനങ്ങളില്
നിന്നുള്ള ഭക്തിപരവശരായ യാത്രാ സംഘത്തിനോടൊപ്പം, പ്രകൃതിയുടെ
ഭാവങ്ങൾ അനുഭവിച്ചറിഞ്ഞുകൊണ്ടുള്ള 1997-ൽ
ഈ ലേഖകൻ നടത്തിയ കൈലാസ്-മാനസസരസ്സ് യാത്ര മറക്കാനാവാത്ത ഒരനുഭവമാണ്. അന്ന് ഭാരത-ചൈനാ സർക്കാരുകൾ തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിൽ വിദേശകാര്യ വകുപ്പ്
മാത്രമായിരുന്നു കൈലാസ്-മാനസസരസ്സ് യാത്ര സംഘടിപ്പിച്ചിരുന്നത്. ഇന്ന്
വിനോദസഞ്ചാര പ്രോത്സാഹനമെന്ന നിലയിൽ ചൈന സ്വകാര്യ ടൂർ നടത്തിപ്പുകാരെയും
കൈലാസ്-മാനസസരസ്സ് സന്ദർശനത്തിനു അനുവദിക്കാറുണ്ട്.
"അസ്ത്യുത്തരസ്യാം ദിശി ദേവതാത്മാ
ഹിമാലയോ നമ നഗാധിരാജഃ
പൂര്വ്വാപരൗ വാരിധീ വഗാഹ്യ
സ്ഥിതഃ പൃഥിവ്യാ ഇവ മാനദണ്ഡഃ "
(കാളിദാസന്റെ കുമാരസംഭവം)
"ദേവാനുഭാവധരനുത്തരദിക്കിലുണ്ടു
മേവുന്നു മാമല ഹിമാലയനാമാധേയന്
ആഴിക്കു രണ്ടിനുമിടയ്ക്കു കിടക്കയാലീ-
യൂഴിക്കരയ്ക്കളവു ചങ്ങലയെന്നപോലെ" (കുമാരസംഭവം വിവർത്തനം - എ. ആർ.)
'ഊഴിക്കരയ്ക്കളവു ചങ്ങല' യി ലൂടെ ഒരു സംഘം തീർത്ഥാടകർക്കൊപ്പം നടത്തിയ യാത്രയിൽ 'മഞ്ജുത്വമാർന്ന മണിരാശി പെറും മലയ്ക്ക് മഞ്ഞിന്റെ ബാധയഴകിന്നൊരു ഹാനിയല്ല' എന്ന് ബോധ്യപ്പെടുന്നതോടൊപ്പം തന്നെ സഹയാത്രികരുടെ മതമൗലികതയുടെ രണ്ട്
വശങ്ങൾ മനസ്സിലാക്കാനും കഴിഞ്ഞിട്ടുണ്ട്. ഈ അവസരത്തിൽ 'മതമൗലികതാവാദം
രണ്ടുതരം' എന്ന് EMS ഉയർത്തിവിട്ട
വിവാദം ഓർമവരുന്നു. സ്വന്തം മതത്തിന്റെ
മൗലികതയിൽ വിശ്വസിക്കുന്നതോടൊപ്പം തന്നെ അന്യമതവിശ്വാസികളുടെ ആചാരങ്ങളെയും
അനുഷ്ടാനങ്ങളെയും സഹിഷ്ണതയോടെ കാണുന്നവരും, മതമൗലികതയുടെ പേരിൽ ഇതര വിശ്വാസികളെ പുശ്ചിക്കുന്നവരും ആ
യാത്രാസംഘത്തിൽ ഉണ്ടായിരുന്നു. മിത്തും യഥാർഥ്യവും കെട്ടുപിണഞ്ഞുകിടക്കുന്ന
പ്രദേശങ്ങളിലൂടെ കാൽനടയായുള്ള ആ യാത്ര വെറിട്ടൊരനുഭവമായിരുന്നു. പണ്ഡിറ്റ് ജവഹര്ലാൽ
നെഹ്രുവിനെ ഉദ്ധരിക്കട്ടെ: "ജനങ്ങൾ ഈ കഥകളിലെ (പുരാണ) വസ്തുതാസംബന്ധിയായ ഉള്ളടക്കം
വിശ്വസിക്കുന്ന പക്ഷം, അതപ്പടി അസംബന്ധവും
പരിഹാസ്യവുമായിതീരുന്നു. എന്നാൽ നാം അവ വിശ്വസിക്കാതാവുന്നതോടുകൂടി ഒരു പുതിയ
വെളിച്ചത്തിൽ, പുതിയൊരു സൗന്ദര്യത്തോടും, സമൃദ്ധവും സമ്പന്നവുമായ ഒരു ഭാവനയുടെ അത്ഭുതകരമായ വികസത്തോടുംകൂടി
മനുഷ്യന് വേണ്ട പാഠങ്ങൾ നിറഞ്ഞവയായി അവ പ്രത്യക്ഷപ്പെടുന്നു................നേരെമറിച്ച്
അവയെ നാം വിശ്വസിക്കേണ്ടിയിരുന്നുവെങ്കിൽ, അതെന്തൊരു കനത്ത
ഭാരമാകും. ആ ഭാരവും ഭേസി ഞെരുങ്ങുന്ന നമ്മൾ, അവയുടെ
സൗന്ദര്യം എത്രയേറെ കാണാതെ പോകുമായിരുന്നു......"
'പ്രണയത്തിനും തപസ്സിനും ഒരുപോലെ
ഉചിതമായ സ്ഥലരാശിയായ ഹിമവത്പ്രദേശ'ത്തിലൂടെ വിശ്വാസത്തിന്റെ
ഭാരം പേറാതെ നടത്തിയ ആ കൈലാസ്-മാനസസരസ്സ്
യാത്ര വ്യത്യസ്തമായ യാത്രാനുഭവമായിരുന്നു. രാക്ഷസ് തൽ (രാക്ഷസ തടാകം) എന്ന
സ്ഥലത്ത് വച്ചാണ് ഞങ്ങളുടെ യാത്രയിൽ കൈലാസ ശൃംഗം ആദ്യമായി കാണുന്നത്. തങ്ങളുടെ
ചിരകാലസ്വപ്നം യഥാര്ത്ഥ്യമായതിന്റെ ആഹ്ലാദം പ്രകടമായിരുന്നു. 'ശിവജിയെ കണ്ടേ' എന്ന് ആർത്ത് വിളിച്ച്കൊണ്ട് നൃത്തം
ചെയ്തും മണ്ണിൽ കിടന്നുരുണ്ടും അവർ അനുഭവിച്ച മാനസികസ്വാസ്ത്യം ആശ്ചര്യത്തോടെ
നോക്കി നിന്നിട്ടുണ്ട്. മാനസികസ്വാസ്ത്യം
നേടുന്നതിനുള്ള മനുഷ്യന്റെ വഴികളിലൊന്നാണല്ലോ മതവിശ്വാസം.
വിശ്രമവേളകളിലെ വെടിവട്ടങ്ങളിലായിരുന്നു
യാത്രനുഭവങ്ങളുടെ പങ്കുവയ്ക്കലും സമകാലീന സാമൂഹ്യ-രാഷ്ട്രീയ
സംഭവങ്ങളെക്കുറിച്ചുള്ള ചർച്ചകളും നടന്നത്. അതിലൂടെയാണ് സഹ യാത്രികരുടെ ചിന്താ
വൈഭവവും ചിന്താ ദാരിദ്ര്യവും പുറത്ത് വന്നത്. ഉത്കൃഷ്ടമായ ദേശസ്നേഹവും മതസഹിഷ്ണതയും പ്രകടമാക്കിയവരായിരുന്നു യാത്ര
സംഘത്തിലെ ഭൂരിപക്ഷവും. അന്യമതനിന്ദയാണ് സ്വന്തം മതബോധം
ഉയർത്തിപിടിക്കുന്നതിനുള്ള പ്രാഥമിക
കടമയെന്ന് ധരിക്കുന്നവരും ഉണ്ടായിരുന്നു. ഗാന്ധിജിയുടെ മഹത്വത്തെ
നിസ്സാരവൽക്കരിക്കാനും, ഗോഡ്സേയുടെ മതബോധത്തെ (?) പ്രകീർത്തിക്കാനുമുള്ള
ശ്രമത്തിനെതിരെ തീഷ്ണമായി പ്രതികരിക്കേണ്ടി വന്നിട്ടുണ്ട്. ഒരേ പ്രദേശത്തുകൂടെ
നടത്തിയ യാത്രയിൽ ഒരേ സംഘത്തിലെ
വ്യക്തികൾക്ക് വ്യതസ്തമായ തരത്തിലായിരുന്നു യാത്രാനുഭവങ്ങൾ. യാത്രകളെ, വിനോദയാത്രകളാകാം തീർത്ഥാടനങ്ങളാകാം അവയെല്ലാംതന്നെ പ്രതിലോമ ചിന്തകൾക്ക്
വിരാമമിടാണ് ഉപകരിക്കേണ്ടത്.
World Tourism Organization
(UNWTO) ന്റെ ലോക ടൂറിസം സംബന്ധിച്ച 'കോഡ്
ഓഫ് എത്തിക്സിൽ നിന്ന് ….
".......The understanding and promotion
of the ethical values common to humanity, with an attitude of tolerance and
respect for the diversity of religious, philosophical and moral beliefs, are
both the foundation and the consequence of responsible tourism; stakeholders in
tourism development and tourists themselves should observe the social and
cultural traditions and practices of all peoples, including those of minorities
and indigenous peoples and to recognize their worth..." അപ്പോൾ
വിനോദസഞ്ചാരങ്ങൾക്കും രാഷ്ട്രീയമുണ്ട്. അതിൽ പ്രതിലോമ ചിന്തകളുണ്ട് മാനവരാശിയുടെ
മുന്നോട്ടുള്ള പ്രയാണത്തിനുതകുന്ന പുരോഗമന ആശയങ്ങളുണ്ട്. ഇന്ത്യയിലെ ആൾദൈവങ്ങളുടെ
അരമനകളിലേയ്ക്ക് തൊലിവെളുത്തവരുടെ തള്ളികയറ്റം സൂചിപ്പിക്കുന്നതും മറ്റൊന്നല്ല. പൗരസ്ത്യ
ചിന്താധാരകളെ അടുത്തറിയാൻ വരുന്ന പാശ്ചാത്യരെ മറയാക്കി നടക്കുന്ന ആത്മീയ
വ്യാപാരത്തിന്റെ ആശ്വാസ്യമല്ലാത്ത കാര്യങ്ങൾ വർത്തമാനകാല യഥാർത്ഥ്യമാണ്. മര്യാദാപുരുഷനായ
ശ്രീരാമനെ ഭക്തിപൂർവ്വം ആരാധിക്കുന്ന ഭാരതത്തിലെ സാധാരണ ജനവിഭാഗങ്ങൾക്ക് അയോദ്ധ്യ
സന്ദർശനം എന്നത് സച്ചരിതമായ ആത്മീയ സംതൃപ്തിയാണ് നല്കുന്നത്. അല്ലാതെ
വിനോദസഞ്ചാരമെന്നപോലെ ദേശത്തിന്റെ നാനാഭാഗത്തുനിന്നും കൂട്ടംകൂട്ടംമായെത്തി 'കർസേവ' നടത്തി
തർക്കമന്ദിരം പൊളിക്കുന്ന പ്രതിലോമ രാഷ്ട്രീയപ്രവർത്തനമല്ല. 2001-ൽ താലിബാൻ
തീവ്രവാദികളുടെ ഭരണകൂടം നശിപ്പിക്കുന്നതു വരെ പതിനാറു നൂറ്റാണ്ടുകളോളം നിലനിന്നിരുന്ന ബാമിയാൻ ബുദ്ധപ്രതിമകൾ.
ലോകപൈതൃകകേന്ദ്രങ്ങളുടെ ആ നശീകരണം ചരിത്ര കുതുകികളായ വിനോദസഞ്ചാരികളെ മാത്രമല്ല
വേദനിപ്പിച്ചത്. വരും തലമുറകൾക്കു വേണ്ടി
ലോക സാംസ്ക്കാരിക പൈതൃകങ്ങളെ സംരക്ഷിക്കേണ്ട കടമ
എല്ലാ രാജ്യങ്ങളിലെയും ഭരണക്രമങ്ങൾക്കുണ്ട്.
ചരിത്രത്തിന്റെ അറിയപ്പെടാത്ത പരിസരങ്ങൾ
അന്വേഷിച്ചുള്ള യാത്രകളും മനുഷ്യന്റെ വിജ്ഞാനവികാസത്തിന് ചെറുതല്ലാത്ത സംഭാവനകളാണ്
നല്കുന്നത്. ഉണ്ണിയാർച്ചയുടെ മൈസൂർ ബന്ധം അന്വേഷിച്ച് 'കിളിപ്പാട്ട്' സംഘം ഈയിടെ നടത്തിയ യാത്രയും
അത്തരത്തിലുള്ളതാണ്. എന്നാൽ
പ്രതിലോമ രാഷ്ട്രീയ പ്രചാരണത്തിന് കരുക്കൾ
ശേഖരിക്കുന്നതിനുവേണ്ടിയുള്ള,
വ്യാജ ചരിത്ര നിർമിതിക്കുതകുന്ന
'വിനോദയാത്രകൾ'(?) സംഘടിപ്പിക്കുന്ന
പ്രവണതയും ഈ അടുത്തകാലത്ത് കണ്ടുവരുന്നു.
ഇക്കോ ട്യൂറിസത്തിന്റെ കാലഘട്ടമാണ്. ഇക്കോ
ട്യൂറിസത്തിന്റെ പേരിൽ നടക്കുന്ന പ്രകൃതി നശീകരണം ഗൗരവത്തോടെ കാണേണ്ടതാണ്.
പ്രകൃതിയുടെ വിസ്മയങ്ങളും രമണീയതയും ആസ്വദിക്കാൻ
എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നതാണ്. ആ ആഗ്രഹത്തെ പരമാവധി ചൂഷണം ചെയ്യുന്ന
പ്രവർത്തനങ്ങളും നടക്കുന്നു. പരിസ്ഥിതി
ദുർബ്ബല പ്രദേശങ്ങളിൽ, വനപ്രദേശങ്ങളിൽ, രാഷ്ട്രീയ-സാമുദായിക ശക്തികളുടെ
സഹായത്തോടെ ഉയർന്നു വരുന്ന റിസോർട്ടുകൾ 'ഇനിവരുന്ന
തലമുറയ്ക്ക് ഇവിടെ വാസം സാധ്യ'മല്ലാത്ത ആഘാതമാണ്
പരിസ്ഥിതിയിൽ ഏല്പിക്കുന്നത്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ പശ്ചിമഘട്ട
മലനിരകളിലൂടെ കാൽനടയായി സഞ്ചരിക്കാൻ ഭാഗ്യം ലഭിച്ച വ്യക്തിയെന്ന നിലയിൽ കാടിന്റെ
സൗന്ദര്യം, ആദിവാസികളുടെ ജീവിതരീതി, വനമേഖലയുടെ നിലനില്പിന്റെ
പ്രസക്തി, വന നശീകരണത്തിന്റെ ആപത്ത് എന്നിവ വളരെ ആഴത്തിൽ മനസ്സിലാക്കാൻ
കഴിഞ്ഞിട്ടുണ്ട്. കുടിയേറ്റ കർഷകന്റെ അദ്ധ്വാനമഹിമ നേരിട്ടറിയാൻ
അവസരമുണ്ടായിട്ടുണ്ട്. ഗാഡ്ഗിൽ കമ്മറ്റിയുടെയും കസ്തൂരി രംഗൻ കമ്മിറ്റിയുടെയും
പേരിൽ പകിടകളിക്കുന്നവർ കർഷകരെ സഹായിക്കുകയല്ല
മറിച്ച് സ്ഥാപിതതാല്പര്യ
സംരക്ഷണത്തിലാണ് ഏർപ്പെട്ടിരിക്കുന്നത്. സിംഹവാലനും
ആതിരപ്പള്ളിയുടെ മനോഹാരിതയുക്കുമാണോ മനുഷ്യനാണോ പ്രാധാന്യം എന്ന 'വൈകാരിക' ചോദ്യമുന്നയിക്കുന്നവർ മാനവരാശിയുടെ
നിലനില്പിനെയാണ് അപകടപ്പെടുത്തുന്നത്.
ഈ പ്രപഞ്ചത്തിൽ ഭൂമിയിൽ മാത്രമാണ് ജീവൻ
നിലനില്ക്കാനുള്ള സാഹചര്യമുള്ളത്. സൗരയുഥത്തിലോ ആകാശഗംഗയ്ക്കപ്പുറത്തുള്ള
താരാഗണങ്ങളിലോ ജീവന്റെ തുടിപ്പുകൾ കണ്ടെത്തിയിട്ടില്ല. ഭൂമിയിൽ നിന്ന് 1400 പ്രകാശവർഷമകലെ സൈഗ്നസ് നക്ഷത്രഗണത്തിൽ .സ്ഥിതിചെയ്യുന്ന കെപ്ലർ-452ബി എന്ന ഭൂമിക്ക് സമാനമായ ഗ്രഹത്തിൽ ജീവൻ തുടിക്കുന്നുണ്ടോ? ശാസ്ത്രം ഉത്തരം നല്കിയിട്ടില്ല. വിനോദ-വിജ്ഞാന-സാഹസിക യാത്രകളും, തീർത്ഥാടനങ്ങളും 'സുന്ദരമായ ഈ ഭൂമി'യുടെ ചുറ്റുവട്ടങ്ങളിലെ മനഷ്യന് നടത്താനാകൂ. 'മനുഷ്യൻ
എത്ര സുന്ദരമായ പദം'. നമുക്ക് യാത്ര തുടരാം. ശുഭയാത്ര……………
('കിളിപ്പാട്ട്', സെപ്തംബര് ലക്കം മാസികയില് പ്രസിദ്ധീകരിച്ച ലേഖനം)
വിഷയം നന്നായിട്ടുണ്ട്, എന്നാല് വായിക്കാന് പ്രയാസം. വരികള് തമ്മിലുള്ള അകലം പോര, നിറത്തിനും എന്തോ കുഴപ്പം.
ReplyDeleteനന്ദി
Deleteകൊള്ളാം സാര്,,,നമുക്ക് യാത്ര തുടരിം,,,,
ReplyDeleteനന്ദി
Deleteഞാൻ കിളിപ്പാട്ടിൽ വായിച്ചിരുന്നു
ReplyDeleteവായിച്ചിരുന്നു, പുതിയത് ഒന്നുമില്ലേ?
ReplyDeleteവായിച്ചിരുന്നു, പുതിയത് ഒന്നുമില്ലേ?
ReplyDelete